കളിക്കളത്തിലെ കണക്കുകൂട്ടല്‍ ബിസിനസിലും കിറുകൃത്യം; വിരാട് കോഹ്‌ലിയെന്ന വിജയ സംരംഭകന്റെ 5 നിക്ഷേപ മേഖലകള്‍

ക്രിക്കറ്റിനുപരി വര്‍ഷങ്ങള്‍ കൊണ്ട് കോഹ്ലി ശക്തമായ ഒരു ബിസിനസ്സ് പോര്‍ട്ട്ഫോളിയോയും നിര്‍മ്മിച്ചിട്ടുണ്ട്. ഇത് മികച്ച ഒരു വരുമാനം സൃഷ്ടിക്കാനും ആസ്തി വര്‍ധിപ്പിക്കാനും അദ്ദേഹത്തെ സഹായിച്ചു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo Credit: Flickr

രണ്ട് പതിറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറിന്റെ അവസാന ലാപ്പിലാണ് കിംഗ് കോഹ്‌ലിയെന്ന് ആരോധകര്‍ വിളിക്കുന്ന വിരാട് കോഹ്‌ലി. അന്താരാഷ്ട്ര തലത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20 യില്‍ നിന്നും വിരമിച്ചു കഴിഞ്ഞു. ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം. നവംബര്‍ അഞ്ചിന് കോഹ്‌ലി തന്റെ 37 ാം ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോഴും ഒരു ക്രിക്കറ്ററെന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹം ഇന്ത്യയിലെ യുവജനതയെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഈ ഗുണങ്ങള്‍ അദ്ദേഹത്തെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാക്കി മാറ്റുന്നു.

എതിരാളികളെ ടാര്‍ഗറ്റ് സെറ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് കൃത്യമായ പദ്ധതിയിലൂടെ അത് ചേസ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള കോഹ്‌ലിയുടെ കഴിവ് പ്രസിദ്ധമാണ്. ‘ചേസ് മാസ്റ്റര്‍’ എന്ന വിളിപ്പേരും ഇത് അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുണ്ട്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളിലൊരാളായ അദ്ദേഹം മുന്നോട്ടു പോകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് ഒരു ഗംഭീര കീരീടവിജയം.

കായിക രംഗത്ത് തന്റെ കരിയറിനെയും ഇന്നിംഗ്‌സുകളെയും ഒക്കെ ചുറ്റിപ്പറ്റി കൃത്യമായ കണക്കുകൂട്ടലുകളുള്ള കോഹ്‌ലി ജീവിതത്തിന്റെ ക്രീസിലും വ്യത്യസ്തനല്ല. പ്രത്യേകിച്ച് നിക്ഷേപങ്ങളുടെ കാര്യത്തില്‍. ക്രിക്കറ്റിനുപരി വര്‍ഷങ്ങള്‍ കൊണ്ട് കോഹ്ലി ശക്തമായ ഒരു ബിസിനസ്സ് പോര്‍ട്ട്ഫോളിയോയും നിര്‍മ്മിച്ചിട്ടുണ്ട്. ഇത് മികച്ച ഒരു വരുമാനം സൃഷ്ടിക്കാനും ആസ്തി വര്‍ധിപ്പിക്കാനും അദ്ദേഹത്തെ സഹായിച്ചു. ഭക്ഷണം, സ്‌പോര്‍ട്‌സ് മുതല്‍ ഓണ്‍ലൈന്‍ റീട്ടെയില്‍, ലൈഫ്‌സ്റ്റൈല്‍ സംരംഭങ്ങള്‍ വരെ വളരെ വികേന്ദ്രീകൃതമായ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്. ക്രിക്കറ്റ് മൈതാനത്തിലെ അതേ ശ്രദ്ധയും ദീര്‍ഘവീക്ഷണവും പ്രതിഫലിപ്പിക്കുന്നതാണ് ഈ പോര്‍ട്ട്‌ഫോളിയോ.

ഫുഡ് ബിസിനസിന് മുന്‍തൂക്കം

വിരാട് കോഹ്‌ലിയുടെ മാറുന്ന ഭക്ഷണ ശീലങ്ങള്‍ പ്രസിദ്ധമാണ്. 2018 വരെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ധാരാളമായി കഴിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ യൂറിക് ആസിഡ് ഉയര്‍ന്നതും അസിഡിറ്റിയുമടക്കം ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചതോടെ വീഗന്‍ ഭക്ഷണ ശൈലിയിലേക്ക് കോഹ്‌ലി മാറി. കുറെ കാലം കഴിഞ്ഞപ്പോള്‍ വീഗനില്‍ നിന്ന് പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്ന വെജിറ്റേറിയനായി അദ്ദേഹം. ഇപ്പോഴും ഇതേ ശൈലി തുടരുന്നു. കുരുമുളകും നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയ ഭക്ഷണമാണ് തന്റെ ഭക്ഷണത്തിന്റെ 90 ശതമാനവുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ആരോഗ്യകരമായ ഭക്ഷണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന വിരാട്, ഏറ്റവുമധികം നിക്ഷേപം നടത്തിയിരിക്കുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസിലാണ്. ഫുഡ് ബിസിനസിലുള്ള നാല് കമ്പനികളിലാണ് അദ്ദേഹത്തിന്റെ നിക്ഷേപം. 2017 ലാണ് വിരാട് തന്റെ പ്രശസ്തമായ വണ്‍8 കമ്മ്യൂണ്‍ റെസ്റ്റോബാര്‍ ശൃംഖല ആരംഭിച്ചത്. പാഷന്‍ ഹോസ്പിറ്റാലിറ്റിയാണ് ഇപ്പോള്‍ ഈ ശൃംഖല നടത്തുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭക്ഷണം വിളമ്പുന്ന ഈ റെസ്റ്റോബാറിന്റെ 16 ാം ഔട്ട്‌ലെറ്റ് അടുത്തിടെ ഗോവയില്‍ തുറന്നു.

സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍മ്മാതാക്കളായ ഓഷ്യന്‍ ഡ്രിങ്ക്‌സിലും പാക്കേജ്ഡ് ഫുഡ്‌സ് കമ്പനിയായ ബ്ലൂ ട്രൈബിലും കോഹ്ലിക്ക് നിക്ഷേപമുണ്ട്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് പകരം ആരോഗ്യ പാനീയങ്ങളാണ് ഓഷ്യന്‍ ഡ്രിങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. പാന്റ് പ്രോട്ടീനുകളാണ് ബ്ലൂ ട്രൈബിന്റെ പ്രധാന ഉല്‍പ്പന്നങ്ങള്‍. കോഹ്ലിയുടെ ഭാര്യ അനുഷ്‌ക ഷെട്ടിയും ഈ സംരംഭത്തില്‍ പങ്കാളിയാണ്. കോഹ്ലിയും സിക്സ്ത് സെന്‍സ് വെഞ്ച്വര്‍ ക്യാപിറ്റലും മറ്റ് രണ്ട് നിക്ഷേപകരും ചേര്‍ന്ന് ഇന്‍സ്റ്റന്റ് ഫ്‌ളേവര്‍ഡ് കോഫി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളും റേജ് കോഫി എന്ന ബ്രാന്‍ഡിന്റെ ഉടമകളുമായ സ്വംഭന്‍ കൊമേഴ്സില്‍ ഏകദേശം 19 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

സ്പോര്‍ട്സ് ബിസിനസില്‍ സജീവം

സ്‌പോര്‍ട്‌സ് താരം എന്ന നിലയില്‍ സ്‌പോര്‍ട്‌സ് ബിസിനസുകൡും സംരംഭങ്ങളിലും വിരാടിന് വലിയ വിശ്വാസമാണുള്ളത്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മേഖലയില്‍ നിന്നുള്ള മൂന്ന് കമ്പനികളിലാണ് അദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) എഫ്സി ഗോവയില്‍ നിക്ഷേപിച്ചാണ് 2015 ല്‍ കോഹ്ലി സ്‌പോര്‍ട്‌സിലെ ബിസിനസ് രംഗത്തേക്ക് കടന്നത്. തുടക്കത്തില്‍ കോഹ്ലി ഏകദേശം 3 കോടി രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് ഏകദേശം 35 കോടി രൂപയുടെ മറ്റൊരു നിക്ഷേപവും അദ്ദേഹവും മറ്റ് നിക്ഷേപകരും ചേര്‍ന്ന് നടത്തി.

Photo Credit: Wikimedia Commons

ബെംഗളൂരു ആസ്ഥാനമായ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ മൊബൈല്‍ പ്രീമിയര്‍ ലീഗിലും (എംപിഎല്‍) വിരാടിന് നിക്ഷേപമുണ്ട്. മാതൃകമ്പനിയായ ഗാലക്റ്റസ് ഫണ്‍വെയര്‍ ടെക്‌നോളജിയുടെ സിസിഡികള്‍ 2019 ല്‍ 33.32 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊണ്ടാണ് കോഹ്‌ലി എംപിഎലിന്റെ നിക്ഷേപകനായത്. 10 വര്‍ഷത്തിന് ശേഷം ഈ സിസിഡികള്‍ സ്വാഭാവികമായി ഓഹരികളായി പരിണമിക്കും. 2029 ല്‍ കമ്പനിയില്‍ ഏകദേശം 0.05% ഓഹരി ഉടമസ്ഥാവകാശമാകും വിരാടിനുണ്ടാവുക. എംപിഎലിന്റെ ബ്രാന്‍ഡ് അംബാസഡറുമാണ് കോഹ്‌ലി. എംപിഎല്‍ ഇപ്പോള്‍ത്തന്നെ ലാഭമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പായി വളര്‍ന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ചൂതാട്ട സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് തിരിച്ചടിയാണ്.

സ്‌പോര്‍ട്‌സ് ബിസിനസില്‍ കോഹ്ലിയുടെ ഏറ്റവും സമീപകാല നിക്ഷേപം 2025 മെയ് മാസത്തില്‍ വേള്‍ഡ് ബൗളിംഗ് ലീഗിലായിരുന്നു. 2026 ലാണ് ഡബ്ല്യുബിഎല്‍ ലോക ചാംപ്യന്‍ഷിപ്പിന് തുടക്കമാകുക. 11 ാം വയസില്‍ തന്നെ താന്‍ ബൗളിംഗ് ഗെയിമില്‍ പങ്കെടുത്തിരുന്നെന്നും ഇതിനോടുള്ള അടുപ്പമാണ് ഡബ്ല്യുബിഎലില്‍ നിക്ഷേപകനാകാന്‍ കാരണമെന്നും വിരാട് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ബിസിനസില്‍ ട്വിറ്ററിന് ബദലായെത്തിയ കൂ ആപ്പിലാണ് കോഹ്ലി നിക്ഷേപം നടത്തിയത്. 2021 സെപ്റ്റംബറില്‍ 0.01% ഓഹരികളാണ് കോഹ്ലി സ്വന്തമാക്കിയത്. ആ സമയത്ത് കമ്പനിയുടെ മൂല്യം ഏകദേശം 800-850 കോടി രൂപയായിരുന്നു. എന്നാല്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോയ കൂ ആപ്പ് 2024 ജൂലൈയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ നിക്ഷേപം കോഹ്‌ലിക്ക് ലാഭകരമായിരുന്നില്ല.

ഇന്‍ഷുറന്‍സ് മേഖല

2020 ഫെബ്രുവരിയിലാണ് ഇന്‍ഷുറന്‍സുകള്‍ ഓണ്‍ലൈനായി അതിവേഗം നല്‍കുന്ന ഗോ ഡിജിറ്റില്‍ കോഹ്‌ലി നിക്ഷേപം നടത്തിയത്. ടിവിഎസ് ക്യാപിറ്റല്‍ പോലെയുള്ള മറ്റ് വലിയ നിക്ഷേപകരും ഗോ ഡിജിറ്റില്‍ നിക്ഷേപകരാണ്. 2024 മെയ് മാസത്തില്‍ കമ്പനി ഐപിഒ കൊണ്ടുവന്നു. 33000 കോടി രൂപ വിപണി മൂലധനത്തിലേക്ക് കമ്പനി വളര്‍ന്നിട്ടുണ്ട്. ഗോ ഡിജിറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ കോഹ്ലിക്ക് ഇത് മികച്ച സാമ്പത്തിക നേട്ടം നല്‍കിയ നിക്ഷേപമാണ്.

ഓണ്‍ലൈന്‍ റീട്ടെയില്‍

Photo Credit: Flickr

റോംഗണ്‍ (WROGN) അജിലിറ്റാസ് (Agilitsa) എന്നിവ ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയില്‍ കോഹ്ലിയുടെ അറിയപ്പെടുന്ന രണ്ട് നിക്ഷേപങ്ങളാണ്. കോര്‍ണര്‍‌സ്റ്റോണ്‍ സ്പോര്‍ട്സ് എല്‍എല്‍പിയുമായി ചേര്‍ന്ന് 2020 ല്‍ റോംഗണില്‍ കോഹ്ലി ഏകദേശം 20 കോടി രൂപയാണ് നിക്ഷേപിച്ചത്. 2024 ഒക്‌റ്റോബറില്‍ സ്പോര്‍ട്സ് ഫുട്വെയര്‍ നിര്‍മ്മാണ കമ്പനിയായ അജിലിറ്റാസിലും അദ്ദേഹം നിക്ഷേപം നടത്തി. കോഹ്ലിയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് 58 കോടി രൂപയാണ് ഈ കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ വളരെ വികേന്ദ്രീകൃതവും വ്യത്യസ്തവുമായ ഒരു പോര്‍ട്ട്‌ഫോളിയോയാണ് വിരാടിന്റേത്. അദ്ദേഹത്തിലെ നിക്ഷേപകന്റെ സ്വഭാവം പരിശോധിച്ചാല്‍ വളര്‍ച്ചാ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്തുന്നതില്‍ അതീവ ശ്രദ്ധാലുവാണെന്ന് മനസിലാകും. ചില തീരുമാനങ്ങള്‍ വേണ്ടവിധം ഫലം നല്‍കിയില്ലെങ്കിലും പൊതുവെ വളരെയധികം വിജയിച്ച ഒരു നിക്ഷേപകനാണ് വിരാടെന്ന് വ്യക്തം.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version