ജൈവകൃഷിക്ക് ആരോഗ്യരക്ഷയുമായി അഗ്രിബ്ലോസം

അഗ്രിബ്ലോസ്സം എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെയാണ് ഈ യുവ സുഹൃത്തുക്കളുടെ സംരംഭം ജനകീയമാകുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

കീടനാശി പ്രയോഗത്തിലൂടെ എത്തുന്ന പഴങ്ങളും പച്ചക്കറികളും ശരീരകോശങ്ങളെ ആക്രമിക്കുന്നു. കീടനാശിയുടെ അംശം തുടര്‍ച്ചയായി ശരീരത്തിനുള്ളില്‍ ചെല്ലുമ്പോള്‍ കാലാന്തരത്തില്‍ ഒരു വ്യക്തി അര്‍ബുദ രോഗിയായി മാറുന്നു. ഈ അവസ്ഥ നേരില്‍കണ്ടതില്‍ നിന്നുമാണ് കോഴിക്കോട് സ്വദേശികളായ ലിബിനും രോഹിത്തും ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഗവേഷണ ഉല്‍പ്പന്നങ്ങളുമായി വിപണിയിലെത്തിയത്. കാപ്‌സ്യൂള്‍ രൂപത്തിലും ഗ്രാന്യുല്‍ രൂപത്തിലും ഇവര്‍ വിപണിയിലെത്തിക്കുന്ന മൈക്രോ ന്യൂട്രിയന്റ് സംയുക്തകള്‍ വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തി മികച്ച വിളവ് നല്‍കുന്നു. അഗ്രിബ്ലോസ്സം എന്ന പേരില്‍ ആരംഭിച്ച സ്ഥാപനത്തിലൂടെയാണ് ഈ യുവ സുഹൃത്തുക്കളുടെ സംരംഭം ജനകീയമാകുന്നത്.

പശ്ചിമഘട്ട മലനിരകളുടെ സാമിപ്യം, 44 നദികളാല്‍ സമൃദ്ധം, എക്കല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കാര്‍ഷിക സംസ്ഥാനമായി അറിയപ്പെടാനുള്ള എല്ലാ അവസരങ്ങളുമുണ്ടായിട്ടും കേരളം പ്രതിവര്‍ഷം കാര്‍ഷിക മേഖലയില്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈറ്റ് കോളര്‍ ജോലിക്ക് പുറകെ പോകുന്നതും നിലവിലെ കര്‍ഷകര്‍ക്ക് കൃഷിയിലുള്ള താല്‍പര്യം നഷ്ടപ്പെട്ടു വരുന്നതും മാത്രമല്ല ഇത്തരമൊരു അവസ്ഥക്കുള്ള കാരണം. ഇടക്കാലത്ത് ആരംഭിച്ച രാസവള പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത വളരെ ഉയര്‍ന്ന തോതില്‍ നശിച്ചിരിക്കുകയാണ്.

വിളകള്‍ വേരുപിടിക്കുന്നതും വേര് പിടിച്ച വിളകള്‍ മികച്ച വിളവ് നല്‍കാതിരിക്കുന്നതിനും ഇത് കാരണമാകുന്നു. മാത്രമല്ല അമിതമായ രാസവളപ്രയോഗം കര്‍ഷകരുടെയും കാര്‍ഷിക വിളകളുടെ ഉപഭോക്താക്കളുടെയും ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പലരും പലവിധ രോഗങ്ങള്‍ക്കും അടിമകളായി. കേരളത്തിന് പുറത്തും സ്ഥിതി തീരെ വ്യത്യസ്തമായിരുന്നില്ല.

ഇങ്ങനെയൊരു അവസ്ഥയിലാണ് മരുന്ന് കഴിച്ച് രോഗങ്ങള്‍ ഭേതമാക്കുന്നതിലല്ല, സുരക്ഷിതമായ ആഹാരരീതിയിലൂടെ രോഗങ്ങള്‍ ചെറുത്തു നില്‍ക്കുന്നതിലാണ് ഒരു രാജ്യത്തിന്റെ വിജയമെന്ന് മനസിലാക്കി കോഴിക്കോട് സ്വദേശികളായ എന്‍കെ ലിബിനും കെജി രോഹിത്തും ജൈവകൃഷിക്ക് തണലേകാന്‍ ഇറങ്ങിത്തിരിക്കുന്നത്. 2017 ല്‍ അഗ്രിബ്ലോസം എന്ന സ്ഥാപനത്തിലൂടെ ഈ കൂട്ടുകാര്‍ കാര്‍ഷിക കേരളത്തിന്റെ എല്ലാമെല്ലാമായ മാറിയിരിക്കുകയാണ്.

രാസവളപ്രയോഗത്തിന് ഗുഡ്‌ബൈ പറഞ്ഞുകൊണ്ട് കൃഷിയിടങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ജൈവ മൈക്രോ ന്യൂട്രിയന്റുകളും ബയോ കാപ്‌സ്യൂളുകളുമാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. എന്താണ് അഗ്രിബ്ലോസം എന്ന സ്ഥാപനത്തിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത് എന്നറിയണമെങ്കില്‍ ആദ്യം ഇവരുടെ കഥയറിയണം.

മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ലിബിന്‍ അച്ഛനുണ്ടായ ഒരു വാഹനാപകടത്തെത്തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെത്തുകയും, അതെ നഗരത്തിലെ അടുത്ത സുഹൃത്തായിരുന്ന റോഹിത്തുമായി ചേര്‍ന്ന് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്തതുമായിരുന്നു എല്ലാത്തിന്റെയും തുടക്കം. എം ടെക്ക് ബിരുദധാരിയായ ലിബിന്‍ പഠനശേഷം ഒരു ഇലക്ട്രോണിക്ക് പ്രോജക്റ്റ് ചെയ്തു വരികയായിരുന്നു. ആ സമയത്താണ് അച്ഛന് ഒരു അപകടം സംഭവിക്കുന്നത്.

കോഴിക്കോട് നഗരത്തില്‍ വച്ചായിരുന്നു അപകടം. അതിനാല്‍ തുടര്‍ ചികിത്സയുടെ ഭാഗമായി ലിബിന് കോഴിക്കോട് നഗരത്തിലേക്ക് വരേണ്ടി വന്നു. മലപ്പുറത്ത് ചെയ്തു വന്നിരുന്ന ഇലക്ട്രോണിക് പ്രോജക്റ്റ് അതോടെ ഉപേക്ഷിക്കേണ്ടതായി വന്നു. തുടര്‍ന്ന് ഇനിയെന്ത് ചെയ്യും എന്ന ആലോചനയിലിരിക്കുമ്പോഴാണ്, ബിടെക്ക് എന്‍ട്രന്‍സ് പഠനം മുതല്‍ സുഹൃത്തായ രോഹിത്തിന്റെ കോഴിക്കോട് നഗരത്തില്‍ കണ്ടുമുട്ടുന്നത്. ബിടെക് പഠനശേഷം ഒരു മുന്‍നിര ഫാര്‍മസി കമ്പനിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു രോഹിത്.

സുഹൃത്തുക്കള്‍ ഇരുവരും കണ്ടിമുട്ടിയതോടെ ഭാവിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി. മികച്ച വരുമാനം ലഭിക്കുന്നതും ഒപ്പം തൃപ്തി ലഭിക്കുന്നതുമായ ഒരു തൊഴില്‍ എന്നതായിരുന്നു ഇരുവരുടെയും സ്വപ്നം. ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് രോഹിത്ത്, തന്റെ വീട്ടില്‍ മദ്യപാനം പോലുള്ള ദുശീലങ്ങള്‍ ഒന്നുമില്ലാത്ത ചില വ്യക്തികള്‍ക്ക് കാന്‍സര്‍ ബാധിച്ചതിനെക്കുറിച്ച് പറയുന്നത്.എന്തുകൊണ്ടാണ് അര്‍ബുദ രോഗികളുടെ നിരക്ക് കൂടുന്നത് എന്ന ഇരുവരുടെയും പരസ്പരമുള്ള ചോദ്യം പിന്നീട് ഈ മേഖലയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണത്തിന് വഴി വച്ചു. അന്വേഷണത്തിനൊടുവില്‍ ഇരുവരും കണ്ടെത്തിയ ഉത്തരം സുരക്ഷിതമല്ലാത്ത ഭക്ഷണം എന്നതായിരുന്നു.

‘പല കാരണങ്ങള്‍ കൊണ്ടും കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാം. എന്നാല്‍ അതില്‍ എടുത്തു പറയേണ്ട ഒരു കാരണം കീടനാശിനികളും മായവും ചേര്‍ത്ത ഭക്ഷണമാണ്. ഇത് മനസിലാക്കിയ അന്ന് മുതല്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള ഒരു ബിസിനസ് തുടങ്ങണം എന്നായി ഞങ്ങളുടെ ചിന്ത. ഇതിന്റെ ഭാഗമായി ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി, ലിസ്റ്റ് ചെയ്ത് അവരില്‍ നിന്നും പൂര്‍ണമായും ജൈവരീതിയില്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങി ഓണ്‍ലൈന്‍ മുഖാന്തിരം വില്‍ക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.

എന്നാല്‍ അത് നടന്നില്ല. കാരണം ഒന്നാമതായി പൂര്‍ണമായും ജൈവിക രീതിയില്‍ നിര്‍മിക്കുന്ന കാര്‍ഷിക വിളകള്‍ വളരെ കുറവാണ്. ഇനി ലഭിച്ചാല്‍ തന്നെ അതിനുള്ള ഷെല്‍ഫ് ലൈഫും കുറവാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇവ പൂര്‍ണമായും കേടാകും. ഈ ഒരവസ്ഥയില്‍ ഓണ്‍ലൈന്‍ ഡെലിവറി സാധ്യമല്ല എന്ന് മനസിലാക്കി ഞങ്ങള്‍ ആ പദ്ധതി ഉപേക്ഷിച്ചു’ ലിബിന്‍ പറയുന്നു

ജൈവവിളകള്‍ സൃഷ്ടിക്കാന്‍ അഗ്രിബ്ലോസം

ജൈവകൃഷിയിലേക്ക് കര്‍ഷകര്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാത്തതിനുള്ള പ്രധാനകാരണം മികച്ച വിപണി ഇല്ല എന്നത് തന്നെയാണ്. കീടനാശിനിയടിച്ച വിളകളേക്കാള്‍ വില ജൈവവിളകള്‍ക്ക് ഉണ്ടാകും. എന്നാല്‍ വില കൂടുതലാണ് എന്ന കാരണത്താല്‍ ആളുകള്‍ പലപ്പോഴും ജൈവവിളകളെ അവഗണിക്കുകയാണ് ചെയ്യുന്നത്.

ജൈവക്കൃഷി വ്യാപകമായാല്‍ മാത്രമേ വിഷര ഹിത ഉല്‍പന്നങ്ങള്‍ എല്ലാവരിലും എത്തുകയുള്ളൂ എന്ന് മനസിലാക്കിയ ഈ കൂട്ടുകാര്‍ തങ്ങളുടെ എന്‍ജിനീയറിംഗ് മോഹങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് കാര്‍ഷിക മേഖലയിലെ സംരംഭകരാകാന്‍ തീരുമാനിച്ചു. ജൈവകൃഷി വ്യാപിപ്പിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാനലക്ഷ്യം. എന്നാല്‍ ഇതിനാവശ്യമായ വിത്തും മറ്റ് കാര്‍ഷിക ഉപാധികളും വേണ്ടത്ര കിട്ടാനുമില്ല.

ഇതേപ്പറ്റി കൂടുതല്‍ പഠിക്കുന്നതിനായി ഇരുവരും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ എത്തി. വിഷരഹിതമായി മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതികവിദ്യ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളില്‍ ലഭ്യമാണ് എന്ന അറിവുമായാണ് ഇരുവരും പുറത്തിറങ്ങിയത്. ലിബിനെയും രോഹിത്തിനെയും പോലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ജൈവക്കൃഷിയെ കൂടുതലായി പ്രോത്സാഹിപ്പിക്കാനാകുമെന്നു ചൂണ്ടിക്കാണിച്ചുകൊടുത്തത് ഗവേഷണകേന്ദ്രത്തിലെ സംരംഭകത്വ വികസന വിഭാഗമാണ്(ഐടിഎം? ബിപിഡി).

പരീക്ഷണശാലയിലെ കണ്ടെത്തലുകള്‍ കൃഷിയിടത്തിലേക്കെത്തിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായി അധികമാരും എത്തിയിരുന്നില്ല. എന്നാല്‍ തേടിയ വള്ളി കാലില്‍ ചുറ്റി എന്ന പോലെ ഈ അവസരത്തെ വിലയിരുത്തിയ ലിബിനും രോഹിത്തും കാര്‍ഷികസംരംഭകരാകാനുള്ള വെല്ലുവിളി സ്വീകരിച്ചു. അങ്ങനെയാണ് ആര്‍എല്‍ കോ ഇന്നവേറ്റീവ് അഗ്രി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ് സംരംഭവും അഗ്രിബ്ലോസം എന്ന ബ്രാന്‍ഡും പിറക്കുന്നത്.

ബനാന മൈക്രോ ന്യൂട്രിയന്‍സുമായി തുടക്കം

മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കാര്‍ഷിക ഗവേഷണസ്ഥാപനങ്ങള്‍ രൂപംനല്‍കിയ സൂക്ഷ്മമൂലക മിശ്രിതങ്ങളുമായായിരുന്നു തുടക്കം. കെമിക്കലുകള്‍ ചേര്‍ക്കാതെ ജൈവ രൂപത്തിലുള്ള മൈക്രോ ഓര്‍ഗാസമുകളെ മണ്ണിലേക്ക് കടത്തിവിടുക. ഇത് മണ്ണില്‍ കിടന്നു വര്‍ധിച്ച് മണ്ണിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്നത് വാഴയാണ്.

എന്നാല്‍ ഓരോ ഏഴു മാസം കൂടുംതോറും വാഴയുടെ വിളവെടുപ്പ് നടന്നിട്ടും കര്‍ഷകര്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്നും വിഷമിക്കുകയാണ്. ഇതിലുള്ള പ്രധാനകാരണം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുന്നതിനാല്‍ ഓരോ തവണ വിളവെടുക്കുമ്പോഴും വിളവ് കുറഞ്ഞു വരികയാണ് എന്നതാണ്. ഇതിനൊരു പരിഹാരം കണ്ടെത്തണം എന്ന ആഗ്രഹത്തിലാണ് ബനാന മൈക്രോ ന്യൂട്രിയന്റ്‌സ് വിപണിയിലെത്തിക്കുന്നത്.

ബെംഗളൂരു ഹെസര്‍ഘട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഈ മൈക്രോ ന്യൂട്രിയന്റിന്റെ നിര്‍മാണവിദ്യ ഇവര്‍ സ്വന്തമാക്കി. അഗ്രിബ്ലോസം എന്ന പേരില്‍ പുറത്തിറക്കിയ ഈ മിശ്രിതം കേരളത്തിലെ കൃഷിക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യമായി.കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ഇങ്കുബേറ്ററില്‍ ആയിരുന്നു ഇതിന്റെ നിര്‍മാണം. കൃഷിഭവന്‍, കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങിയവ മുഖേനയാണ് ഇവര്‍ ഉല്‍പ്പന്നം വിപണിയിലിറക്കിയത്. ബനാന മൈക്രോ ന്യൂട്രിയന്റ്‌സ് വിപണിയിലെത്തി ആദ്യ ആറു മാസത്തിനുള്ളില്‍ 1500 കൃഷിക്കാരാണ് ഇത് വാങ്ങാന്‍ തയാറായത്.

പൊടിരൂപത്തിലു ള്ള മിശ്രിതം കിലോയ്ക്ക് 190 രൂപയാണ് വില. മുപ്പതു ശതമാനം വരെ വിളകളുടെ ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ ഇതുനു സാധിക്കും, ബോറോണ്‍, മഗ്‌നീഷ്യം, ഗന്ധകം എന്നിവയടങ്ങിയ ഈ സൂക്ഷ്മ മൂലക കൂട്ടാന് ഇതിലുള്ളത്. വാഴ നട്ടശേഷം 3,4,5,6 മാസങ്ങളിലും കുല വന്ന ശേഷം ഒരു പ്രാവശ്യം കുലയിലുമായാണ് ഇതു പ്രയോഗിക്കേണ്ടത്.

പ്രയോഗിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിളകളില്‍ ഫലം കണ്ടുതുടങ്ങുമെന്ന് ലിബിന്‍ പറയുന്നു. ഈ ഉല്‍പ്പന്നത്തിന്റെ വിജയത്തിന് ശേഷം, സുഗന്ധ വ്യഞ്ജന വിളകളുടെ പരിപാലനത്തിലേക്കും അഗ്രിബ്ലോസം കടന്നു. സുഗന്ധവിളഗവേഷണകേന്ദ്രം വികസിപ്പിച്ച സൂക്ഷ്മമൂലക മിശ്രിതങ്ങളായ ജിഞ്ചര്‍സ്‌പെഷലും പെപ്പര്‍ സ്‌പെഷ്യലുമാണ് അടുത്തതായി ഇവര്‍ വിപണിയിലെത്തിച്ചത്. ഇഞ്ചിയിലും കുരുമുളകിലും 25 ശതമാനംവരെ ഉല്‍പാദന വര്‍ധന അവകാശപ്പെടുന്ന പോഷക മിശ്രിതങ്ങളാണിവ.

ബയോകാപ്‌സ്യൂള്‍ വിപണി പിടിക്കുന്നു

മനുഷ്യന് മരുന്ന് നല്‍കുന്നത് പോലെ കാര്‍ഷിക വിളകള്‍ക്കും ഒരു മരുന്ന്. അതായിരുന്നു അഗ്രിബ്ലോസം വിപണിയിലെത്തിച്ച ബയോകാപ്‌സ്യൂളുകള്‍. കേരളത്തിലാദ്യമായി ബയോക്യാപ്‌സൂള്‍ വിപണിയിലെത്തിക്കുന്നതും ലിബിന്റെയും രോഹത്തിന്റെയും ആര്‍എല്‍കോ കമ്പനിയാണ്.

കര്‍ണാടകത്തിലെ കുടക് അഗ്രോടെക് ഐഐഎസ് ആര്‍ സാങ്കേതികവിദ്യകളായ ബയോ ക്യാപ്‌സൂള്‍, ട്രൈക്കോഡെര്‍മ, ഹാര്‍സീനിയം എംടിസിസി 5176, മിത്രബാക്ടീരിയ (പിജിപിആര്‍) എന്നിവ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ ട്രൈക്കോക്യാപ്, പവര്‍ക്യാപ് എന്നീ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഛത്തീസ്ഗഡിലെ എസ്ആര്‍ടി അഗ്രോ സയന്‍സ് എന്ന സ്ഥാപനവും ബയോകാപ്‌സ്യൂളുകള്‍ നിര്‍മിച്ചു നല്‍കുന്നു. ഇതിന്റെ വിതരണാവകാശമാണ് അഗ്രിബ്ലോസം ഏറ്റെടുത്തിരിക്കുന്നത്.

മറ്റു ജൈവ വളങ്ങളെക്കാള്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ് ബയോകാപ്‌സ്യൂളുകള്‍. ട്രൈക്കോക്യാപ് പവര്‍ക്യാപ് എന്നീ കാപ്‌സ്യൂളുകള്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ എന്ന തോതില്‍ 24 മണിക്കൂര്‍ ഇട്ടുവച്ചശേഷം അതിലേക്ക് 200 ലിറ്റര്‍ വെള്ളവും കൂടി ചേര്‍ത്താണ് കൃഷിയിടങ്ങളില്‍ തളിക്കേണ്ടത്.

എന്‍പികെ ഗ്രോ ക്യാപ്‌സ് എന്ന പേരിലുള്ള ഗുളിക 24 മണിക്കൂര്‍ ഒരു ലീറ്റര്‍ വെള്ളത്തിലിട്ടുവച്ചശേഷം 100 ലീറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുപയോഗിക്കാം. ഒരേക്കര്‍ സ്ഥലത്തിന് മൂന്നു മുതല്‍ അഞ്ചു കാപ്‌സ്യൂളുകള്‍ വരെയാണ് വേണ്ടത്. ജീവാണുക്കളെ വിളകള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും നൂതനവും ചെലവു കുറഞ്ഞ തുമായ മാര്‍ഗമാണ് ബയോക്യാപ്‌സൂളെന്ന് ഇരുവരും വ്യക്തമാക്കുന്നു.

എല്ലാത്തരം വിളകളിലും ഒരേ പോലെ പ്രയോഗിക്കാവുന്ന ഈ ക്യാപ്‌സൂളുകള്‍ മണ്ണിലെ രോഗകാരികളായ കുമിളുകളില്‍നിന്നും സംരക്ഷിക്കുന്നതിനൊപ്പം വേരിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. സൂക്ഷ്മ മൂലകങ്ങളുടെ ആഗിരണം, വളര്‍ച്ച എന്നിവയെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഒരു ബയോക്യാപ്‌സൂള്‍ പൊടിരൂപത്തിലുള്ള 15?20 കിലോ ജീവാണുവളത്തിനോ പത്തു ലീറ്റര്‍ ദ്രവജീവാണുവളത്തിനോ തുല്യമാണ്. ഇതുകൊണ്ട് തന്നെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതും.

എട്ടു ലക്ഷം രൂപയില്‍ നിന്നും തുടക്കം

2017 എട്ടു ലക്ഷം രൂപയുടെ മൂലധ നിക്ഷേപവുമായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. വിളകളെക്കുറിച്ച് പഠിക്കുക, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചില്‍ നിന്ന് സാങ്കേതികവിദ്യ സ്വന്തമാക്കുക, നിര്‍മാണം ആരംഭിക്കുക, ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഈ തുക കൊണ്ടാണ് നടന്നത്. കൃഷിഭവനുകള്‍, കര്ഷകകൂട്ടായ്!മകള്‍ എന്നിവ മുഖാന്തിരമാണ് പ്രധാനമായും വില്‍പന നടക്കുന്നത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ വിപണി കണ്ടെത്താന്‍ അഗ്രിബ്ലോസത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് കഴിഞ്ഞു.

സന്തുഷ്ടരായ ഉപഭോക്താകകളെ ലഭിച്ചതോടെ ആറു മാസം കൊണ്ട് സ്ഥാപനം ബ്രേക്ക് ഈവാനായി. നിലവില്‍ പ്രതിമാസം മൂന്നു ലക്ഷം രൂപയുടെ വരുമാനം ഈ സുഹൃത്തുക്കള്‍ നേടുന്നുണ്ട്. ഏപ്രില്‍ മാസം മുതല്‍ സുഗന്ധവിളഗവേഷണകേന്ദ്രത്തിന്റെ മഞ്ഞള്‍ ഇനങ്ങളായ പ്രതിഭ, പ്രഗതി എന്നിവ കേരളത്തില്‍ എല്ലായിടത്തും കൊറിയര്‍ മുഖേന എത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനോടനുബന്ധിച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെ വിപണനവും ആരംഭിക്കും.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version