ആപ്പിളിലെ ടിം കുക്ക് യുഗത്തിനും വിരാമമാകുന്നു, പടിയിറങ്ങുന്നത് ആദര്‍ശങ്ങളെ യാഥാര്‍ത്ഥ്യമാക്കിയയാള്‍

ലോകത്ത് ഒരു സിഇഒയും വെല്ലുവിളികള്‍ നേരിടാതിരുന്നിട്ടുണ്ടാകില്ല. കുക്കും വ്യത്യസ്തനായിരുന്നില്ല. നിര്‍മ്മാണത്തിന് ചൈനയിലുള്ള ആശ്രിതത്വം, ആപ്പ് സ്റ്റോര്‍ നയങ്ങള്‍, നിയന്ത്രണചട്ടക്കൂട് കടുപ്പിച്ചത് അടക്കം പല വിമര്‍ശങ്ങളും ആപ്പിള്‍ നേരിട്ടു. ആപ്പിളിന്റെ കണ്ടുപിടിത്തങ്ങളും ചോദ്യങ്ങള്‍ക്കിടയാക്കി. കുക്കിന് കീഴില്‍ ആപ്പിളിന് ഐതിഹാസിക ഉല്‍പ്പന്നങ്ങളൊന്നും അവതരിപ്പിക്കാനാകുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ വന്നു.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Image Credit: Flickr/Rawpixel

The Profit News പതിനഞ്ച് വര്‍ഷത്തോളം കമ്പനിയെ നയിച്ച ടിം കുക്ക് സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്ന് ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചപ്പോള്‍, ആധുനിക കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നേതൃമാറ്റത്തിന്റെ അടയാളപ്പെടുത്തലായിരുന്നു അത്. ടെക് ലോകത്തെ ഇതിഹാസമായിരുന്ന സ്റ്റീവ് ജോബ്‌സില്‍ നിന്നും 2011-ല്‍ സിഇഒ സ്ഥാനം ഏറ്റെടുക്കുക എന്നത് ടിം കുക്കിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല. ജോബ്‌സ് വെറുമൊരു സിഇഒ ആയിരുന്നില്ല. ദീര്‍ഘദര്‍ശിയും സാംസ്‌കാരിക ശക്തിയുമായിരുന്ന ജോബ്‌സിന്റെ വ്യക്തിപ്രഭാവം ആപ്പിളെന്ന കമ്പനിയുടെ സ്വഭാവത്തില്‍ അലിഞ്ഞുചേര്‍ന്നിരുന്നു. നേരെമറിച്ച് ടിം കുക്ക് വളരെ ശാന്തനും കൃത്യതയും ക്രമവും പിന്തുടരുന്നയാളും ആഴത്തിലുള്ള പ്രവര്‍ത്തനശൈലിക്ക് ഊന്നല്‍ നല്‍കുന്നയാളുമായിരുന്നു. ഈ വൈരുദ്ധ്യത്തിനിടയിലും നേതൃതലത്തില്‍ തന്റെ പാടവം തെളിയിക്കാന്‍ ടിം കുക്കിനായി. സ്റ്റീവ് ജോബ്‌സ് ആകാനല്ല ടിം കുക്ക് ശ്രമിച്ചത്. മറിച്ച്, അപ്പോള്‍ അപ്പിളിന് എന്താണോ വേണ്ടിയിരുന്നത് അത് നല്‍കാനാണ് ടിം കുക്ക് ശ്രമിച്ചത്. കാര്യങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാനും അടുത്ത ഘട്ടത്തിലേക്ക് കമ്പനിയെ ഉയര്‍ത്താനും ആത്യന്തികമായി ഒരു പരിവര്‍ത്തനത്തിലേക്ക് ആപ്പിളിനെ നയിക്കാനും ടിം കുക്കിന് സാധിച്ചു.

ആദര്‍ശങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ കുക്ക്

ടിം കുക്ക് നേതൃസ്ഥാനം ഏറ്റെടുക്കുമ്പോള്‍, ഐഫോണ്‍, ഐപാഡ് പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ ഉല്‍പ്പന്നങ്ങളിലൂടെ ടെക് രംഗത്തെ അതികായരായിരുന്നു ആപ്പിള്‍. പക്ഷേ ആ വളര്‍ച്ചാഗതി നിലനിര്‍ത്തുന്നതിനും വൈവിധ്യവല്‍ക്കരിച്ച് ദീര്‍ഘകാലത്തേക്ക് കൊണ്ടുപോകുന്നതിനും വ്യത്യസ്തമായ നേതൃശേഷിയാണ് വേണ്ടിയിരുന്നത്. ആശയങ്ങളും തീരുമാനങ്ങളും നടപ്പില്‍ വരുത്തുന്നതിലായിരുന്നു കുക്കിന്റെ കഴിവ്. ആപ്പിളിന്റെ സിഇഒ ആയിരുന്ന 15 വര്‍ഷക്കാലം വിതരണ ശൃംഖല മാനേജ്‌മെന്റിലും പ്രവര്‍ത്തന മികവിലും ആഗോളതലത്തിലുള്ള ഉയര്‍ച്ചയിലുമെല്ലാം അസാധാരണമായ പാടവാണ് കുക്ക് പ്രകടമാക്കിയത്.

ടിം കുക്കിന്റെ നേതൃത്വത്തിന് കീഴില്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാതെ, വന്‍തോതില്‍ ഉല്‍പ്പന്നം ഡെലിവറി ചെയ്യാനുള്ള ആപ്പിളിന്റെ കഴിവ് ഒന്നുകൂടി മെച്ചപ്പെട്ടു. കമ്പനിയുടെ വിതരണ ശൃംഖല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശൃംഖലകളിലൊന്നായി. അതുകൊണ്ട് ആഗോളതലത്തില്‍ ഉല്‍പ്പന്നങ്ങള്‍ കൃത്യതയോടെ പുറത്തിറക്കാന്‍ അവര്‍ക്കിന്നും സാധിക്കുന്നു. പ്രവര്‍ത്തനരംഗത്തെ ഈ മികവ് കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിലും പ്രതിഫലിച്ചു. 2011-ല്‍ 350 ബില്യണ്‍ ഡോളര്‍ കമ്പനിയായിരുന്ന ആപ്പിള്‍ 2020 പകുതിയോടെ 4 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി.

ഐഫോണിന് പുറത്തേക്കുള്ള വളര്‍ച്ച

ഐതിഹാസിക ഉല്‍പ്പന്നങ്ങളാണ് ജോബ്‌സ് ലോകത്തിന് നല്‍കിയതെങ്കില്‍, കുക്ക് അതിന് ചുറ്റുമായി ഒരു ആവാസവ്യവസ്ഥ തന്നെയുണ്ടാക്കി. ഹാര്‍ഡ്‌വെയറിന് പുറത്തേക്ക് സേവനങ്ങളിലേക്കും വെയറിബിള്‍ വിഭാഗത്തിലേക്കുമുള്ള തന്ത്രപരമായ വികാസം ആപ്പിളിലെ ടിം കുക്ക് യുഗത്തെ അടയാളപ്പെടുത്തി.

ആപ്പ് സ്‌റ്റോര്‍, ആപ്പിള്‍ മ്യൂസിക്, ഐക്ലൗഡ്, ആപ്പിള്‍ ടിവി അടക്കമുള്ളവ ഉള്‍പ്പെടുന്ന ആപ്പിളിന്റെ സേവന വിഭാഗം കമ്പനിയുടെ പ്രധാന വരുമാന എഞ്ചിനായി മാറി. ഇത് വളരെ പ്രധാനപ്പെട്ട ഒരു മാറ്റമായിരുന്നു. അത് ഐഫോണ്‍ വില്‍പ്പനയിലുള്ള കമ്പനിയുടെ ആശ്രിതത്വം കുറച്ചു. സ്ഥിരതയുള്ള മറ്റൊരു വരുമാന മേഖലയ്ക്ക് തുടക്കം കുറിച്ചു. എല്ലാത്തിലുമുപരിയായി ഉപഭോക്താക്കള്‍ക്ക് കമ്പനിയോടുള്ള വിധേയത്വം വര്‍ധിക്കാന്‍ ഈ സേവനങ്ങള്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ആപ്പിളിന്ന് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കമ്പനി മാത്രമല്ല, പരിധിയില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങള്‍ കൂടി നല്‍കുന്ന കമ്പനിയായി വളര്‍ന്നു.

വെയറബിള്‍ എന്ന വിഭാഗവും വന്‍ വിജയമായിരുന്നു. ആപ്പിള്‍ വാച്ച്, എയര്‍പോഡ് എന്നിവ വരുമാനത്തിന്റെ മറ്റൊരു മാര്‍ഗ്ഗമായി ഉയര്‍ന്നുവന്നു. എന്നുമാത്രമല്ല, സാങ്കേതികവിദ്യയെ ആരോഗ്യവുമായി ബന്ധിപ്പിച്ചുകൊണ്ട് ആപ്പിളിനെ അതിന്റെ സംഗമബിന്ദുവാക്കി. ആപ്പിള്‍ വാച്ച് പ്രത്യേകിച്ചും ആരോഗ്യ നിരീക്ഷണത്തിനുള്ള ഉപാധിയായി. ആരോഗ്യപരിചരണ മേഖലയില്‍ ആപ്പിളിനുള്ള താല്‍പ്പര്യങ്ങളുടെ സൂചനയായിരുന്നു അത്.

വ്യത്യസ്തമായ നേതൃത്വം

സ്റ്റീവ് ജോബ്‌സില്‍ നിന്നും ഏറെ വ്യത്യസ്തമായ നേതൃശൈലിയായിരുന്നു ടിം കുക്കിന്റേത്. വളരെ തീവ്രവും എതിര്‍ക്കാന്‍ മടിയില്ലാത്തതുമായ പ്രകൃതക്കാരനായിരുന്നു സ്റ്റീവ് ജോബ്‌സ്. എന്നാല്‍ ടിം കുക്ക് എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന, ഒതുക്കമുള്ള ഒരാളായിരുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തി, ടീമായി, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്‌കാരം ആപ്പിളില്‍ രൂപപ്പെടുത്തിയത് ടിം കുക്കാണ്.

ആപ്പിള്‍ നേതൃത്വത്തിന് ഒരു ധാര്‍മ്മികവശം കൂട്ടിച്ചേര്‍ത്തതും ടിം കുക്ക് മുന്‍കൈ എടുത്താണ്. സ്വകാര്യത, പാരിസ്ഥിതിക സ്ഥിരത, സാമൂഹിക നീതി എന്നീ കാര്യങ്ങളിലെല്ലാം ടിം കുക്കിന് വ്യക്തമായ നിലപാടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉപയോക്താവിന്റെ സ്വകാര്യത മൗലികാവകാശമായി കാണുന്ന ഒരു കമ്പനിയായി ആപ്പിള്‍ മാറി. ഈ നിലപാട് കാരണം പലപ്പോഴും ഭരണകൂടങ്ങളുമായും എതിരാളികളുമായും കൊമ്പുകോര്‍ക്കേണ്ടിവരികയും ചെയ്തു.

പാരിസ്ഥിതിക വിഷയങ്ങളിലെ ഇടപെടല്‍ ആപ്പിളിന്റെ മറ്റൊരു പ്രധാന മുഖമുദ്രയായിരുന്നു. വിതരണശൃംഖലകളിലുടനീളം കാര്‍ബണ്‍ ന്യൂട്രല്‍ ആകുമെന്ന് പ്രഖ്യാപിച്ച കമ്പനി പുനരുപയോഗ ഊര്‍ജത്തിലും സുസ്ഥിര ഉല്‍പ്പന്നങ്ങളിലും വലിയ തോതില്‍ നിക്ഷേപം നടത്തി. ഇത് കേവലം കോര്‍പ്പറേറ്റ് ഉത്തരവാദിത്തമായിരുന്നില്ല. ബിസിനസിന്റെ ദീര്‍ഘകാല വിജയം സമൂഹത്തില്‍ അതുണ്ടാക്കുന്ന സ്വാധീനവുമായി ഇഴപിരിഞ്ഞിരിക്കുന്നുവെന്ന കുക്കിന്റെ വിശ്വാസം കൂടിയാണ് അതിന് പിന്നില്‍.

വെല്ലുവിളികളും വിമര്‍ശനങ്ങള്‍ നേരിട്ട് മുന്നോട്ട്

ലോകത്ത് ഒരു സിഇഒയും വെല്ലുവിളികള്‍ നേരിടാതിരുന്നിട്ടുണ്ടാകില്ല. കുക്കും വ്യത്യസ്തനായിരുന്നില്ല. നിര്‍മ്മാണത്തിന് ചൈനയിലുള്ള ആശ്രിതത്വം, ആപ്പ് സ്റ്റോര്‍ നയങ്ങള്‍, നിയന്ത്രണചട്ടക്കൂട് കടുപ്പിച്ചത് അടക്കം പല വിമര്‍ശങ്ങളും ആപ്പിള്‍ നേരിട്ടു. ആപ്പിളിന്റെ കണ്ടുപിടിത്തങ്ങളും ചോദ്യങ്ങള്‍ക്കിടയാക്കി. കുക്കിന് കീഴില്‍ ആപ്പിളിന് ഐതിഹാസിക ഉല്‍പ്പന്നങ്ങളൊന്നും അവതരിപ്പിക്കാനാകുന്നില്ലെന്ന കുറ്റപ്പെടുത്തല്‍ വന്നു. കുക്കിന്റെ കാലഘട്ടത്തില്‍ ഐഫോണ്‍ പോലെ, ടെക് ലോകത്തെ അത്ഭുതപ്പെടുത്തിയ ഒറ്റ കണ്ടുപിടിത്തം പോലും ഉണ്ടായില്ല. പക്ഷേ കമ്പനിയില്‍ ഇദ്ദേഹം കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍ കണക്കിലെടുമ്പോള്‍ ആ വിമര്‍ശനത്തില്‍ കഴമ്പില്ല. യഥാര്‍ത്ഥത്തില്‍ ടിം കുക്കിന് കീഴില്‍ ആപ്പിളില്‍ കണ്ടുപിടിത്തങ്ങള്‍ വര്‍ധിക്കുക മാത്രമല്ല, അവയ്ക്ക് സ്ഥിരതയുണ്ടാകുകയും ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മികവുറ്റതാകുകയും അടുത്തുള്ള മറ്റ് വിപണികളിലേക്ക് വ്യാപിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു ഉല്‍പ്പന്നം പുറത്തിറക്കി ഓളമുണ്ടാക്കുക എന്നതിനേക്കാള്‍ സ്ഥിരതയുള്ള വളര്‍ച്ചയാണ് ഈ കാലയളവില്‍ ആപ്പിളിനുണ്ടായത്. പല രീതിയിലും ആ സമീപനം ആപ്പിളിന് ഗുണകരമായി.

സാമ്പത്തിക മുന്നേറ്റം

ആപ്പിളിന്റെ സാമ്പത്തിക കുതിപ്പിനെ നയിക്കാന്‍ സാധിച്ചുവെന്നതും ടി കുക്കിന്റെ നേട്ടമാണ്. വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കാനായെന്ന് മാത്രമല്ല, സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിലും ആപ്പിള്‍ വിജയം കണ്ടു. ലാഭവിഹിതം, ഓഹരി തിരികെ വാങ്ങല്‍ ഉള്‍പ്പടെ ഓഹരിയുടമകളിലേക്ക് നേട്ടമെത്തുന്ന വിധത്തിലുള്ള പരിപാടികള്‍ കുക്ക് മുന്‍കൈ എടുത്ത് അവതരിപ്പിക്കുകയും കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തിലൂടെ ആപ്പിള്‍ നിക്ഷേപകരുടെ പ്രിയകമ്പനിയായി.

അതോടൊപ്പം തന്നെ ഗവേഷണ, വികസനപ്രവര്‍ത്തനങ്ങളിലും ആപ്പിള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുവരുത്തി. ഈ രീതിയിലുള്ള സാമ്പത്തിക അച്ചടക്കം അനിശ്ചിതത്വങ്ങളുടെ സമയങ്ങളിലും ആപ്പിളിനെ ടെക് മേഖലയിലെ മുന്‍നിര കമ്പനിയായി നിലനിര്‍ത്താന്‍ സഹായിച്ചു.

ടിം കുക്ക് ആപ്പിള്‍ സിഇഒ സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ അദ്ദേഹം ആപ്പിളിനെ നയിച്ച പാത വളരെ വ്യക്തമാണ്. വിപ്ലവാത്മക ആശയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ, സ്ഥിരതയുള്ള കമ്പനികളിലൊന്നായാണ് കുക്ക് ആപ്പിളിനെ മാറ്റിയത്. ഇത് ചരിത്രനേട്ടമാണ്. ജോബ്‌സ് കാലഘട്ടത്തിലെ ആപ്പിളിനെ തേച്ചുമിനുക്കുന്നതിന് പകരം ആ നിലയില്‍ നിന്നും കമ്പനിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ ടിം കുക്കിന് സാധിച്ചു. ടെക് ലോകത്തെ അതിവേഗ മാറ്റങ്ങള്‍ക്കൊപ്പം മൂല്യങ്ങള്‍ കൈവിടാതെ ആപ്പിളിനെ നവീകരിക്കാനും വിപണിയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ത്താനും ടിം കുക്ക് എന്ന പ്രഗത്ഭനായ സിഇഒയ്ക്ക് സാധിച്ചു.

പുതിയ സിഇഒ ജോണ്‍ ടെര്‍നസ് സെപ്റ്റംബറില്‍ കമ്പനിയുടെ അമരത്തേക്ക് എത്തുമ്പോള്‍ ആപ്പിള്‍ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണ്. ടിം കുക്ക് പണിത പ്രവര്‍ത്തന പാരമ്പര്യത്തിന്റെയും വ്യത്യസ്ത വരുമാനസ്രോതസ്സുകളുടെയും വിധേയത്വമുള്ള ഉപഭോക്താക്കളുടെയും ശക്തമായ അടിത്തറ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് പുതിയ സിഇഒയ്ക്ക് മുതല്‍ക്കൂട്ടാകും. അതേസമയം വെല്ലുവിളികളും മുന്നിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് മുതല്‍ നിയന്ത്രണ സമ്മര്‍ദ്ദങ്ങള്‍ വരെ കണ്ടുപിടിത്തങ്ങളും പൊരുത്തപ്പെടലും ആവശ്യമുള്ള സമയമാണ് മുന്നില്‍. സ്റ്റീവ് ജോബ്‌സിന്റെ ദീര്‍ഘദര്‍ശനവും ടിം കുക്കിന്റെ പ്രവര്‍ത്തനമികവും ഉള്ള ഒരാളാണ് ആപ്പിളിനെ നയിക്കാന്‍ അനുയോജ്യന്‍.

English Summary

Tim Cook’s tenure as Apple’s CEO marks one of the most significant leadership transitions in corporate history, successfully evolving the company from Steve Jobs’ visionary foundation into a $4 trillion global powerhouse. While Jobs was known for revolutionary inventions, Cook’s legacy lies in his operational mastery, supply chain excellence, and the strategic diversification into services and wearables like the Apple Watch and AirPods. Despite criticisms regarding a perceived lack of "blockbuster" innovations and challenges concerning Chinese manufacturing dependencies, Cook fortified Apple's ecosystem, prioritized user privacy, and committed to environmental sustainability. As he prepares to hand over the reins to John Ternus, Cook leaves behind a stable, values-driven, and financially unparalleled titan ready for the next era of AI and digital transformation.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version