നഷ്ടം സഹിച്ച് ടെക് ഭീമന്മാര്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രീമിയം എഐ ടൂളുകള്‍ സൗജന്യമായി നല്‍കുന്നത് എന്തുകൊണ്ട്?

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി ഗോ മുതല്‍, ഗൂഗിളിന്റെ ജെമിനി എഐ പ്രോ, ഭാരതി എയര്‍ടെല്‍ വഴി പെര്‍പ്ലെക്‌സിറ്റി പ്രോ അടക്കം മുന്‍നിര എഐ സേവനങ്ങള്‍ ഇന്ത്യക്കാരിലേക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ എത്തുന്നു എന്നതിലൂടെ ഒരു കാര്യം വ്യക്തമാണ് – ലോകത്തിലെ മുന്‍നിര കമ്പനികളുടെ ആഗോള എഐ സ്ട്രാറ്റജിയുടെ സുപ്രധാന വിളനിലമായി ഇന്ത്യ മാറുകയാണ്.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: AI-generated

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ ആഴ്ചയുടെ തുടക്കം തൊട്ട് ചാറ്റ്ജിപിടിയുടെ പുതിയ, ‘ഗോ’ AI ചാറ്റ്‌ബോട്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയുടെ താരതമ്യേന ചിലവ് കുറഞ്ഞ പ്ലാന്‍ ആണത്. പക്ഷേ ഒരുവര്‍ഷത്തേക്ക് ഇത് ഇന്ത്യക്കാര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ചാറ്റ്ജിപിടി ഗോ പരീക്ഷിക്കാന്‍ തുടങ്ങിയത്. ഓപ്പണ്‍എഐ മാത്രമല്ല, ഗൂഗിളും പെര്‍പ്ലെക്‌സിറ്റി എഐയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പ്രാദേശിക ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുമായി ചേര്‍ന്ന് ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഉപയോക്താക്കള്‍ക്ക് സൗജന്യമായി എഐ ടൂളുകള്‍ നല്‍കാനാണ് അവരെല്ലാം പദ്ധതിയിടുന്നത്.

പ്രീമിയം വിഭാഗത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ടൂളുകള്‍ സൗജന്യമായോ അല്ലെങ്കില്‍ വളരെയധികം വിലക്കുറവിലോ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ ആഗോള ടെക് ഭീമന്മാര്‍ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്താണ്. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി ഗോ മുതല്‍, ഗൂഗിളിന്റെ ജെമിനി എഐ പ്രോ, ഭാരതി എയര്‍ടെല്‍ വഴി പെര്‍പ്ലെക്‌സിറ്റി പ്രോ അടക്കം മുന്‍നിര എഐ സേവനങ്ങള്‍ ഇന്ത്യക്കാരിലേക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ എത്തുന്നു എന്നതിലൂടെ ഒരു കാര്യം വ്യക്തമാണ് – ലോകത്തിലെ മുന്‍നിര കമ്പനികളുടെ ആഗോള എഐ സ്ട്രാറ്റജിയുടെ സുപ്രധാന വിളനിലമായി ഇന്ത്യ മാറുകയാണ്.

എന്തിനാണ് ഈ കമ്പനികളെല്ലാം ഇന്ത്യക്കാര്‍ക്ക് അവരുടെ ഏറ്റവും മികച്ച എഐ ടൂളുകള്‍ വലിയ വിലക്കുറവില്‍ നല്‍കുന്നത്, അവരുടെ ഉദാരമനസായി ആരും അതിനെ തെറ്റിദ്ധരിക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവര്‍ വളരെ കണക്കുകൂട്ടി, ഭാവി മുന്നില്‍ക്കണ്ട് നടത്തുന്ന നിക്ഷേപമാണിത്. ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയില്‍ അവര്‍ക്കുള്ള പ്രതീക്ഷയാണ് ഈ നിക്ഷേപങ്ങള്‍.

ജനറേറ്റീവ് എഐയുടെ മാന്ത്രികതയില്‍ ഇന്ത്യക്കാരെ കുടുക്കുകയാണ് അവരുടെ ആദ്യ തന്ത്രം. തുടക്കത്തില്‍ സൗജന്യമായി ലഭിക്കുന്ന എഐ ടൂളുകളില്‍ ഇന്ത്യക്കാര്‍ മയങ്ങും. പിന്നീട് അത് പണം നല്‍കി ഉപയോഗിക്കാന്‍ അവര്‍ തയ്യാറാകും. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പ്രയോഗിച്ച അതേ തന്ത്രം. ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ തങ്ങളുടെ എഐ ടൂളുകള്‍ വിജയിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് വിപണി സ്വന്തമാക്കാമെന്ന് മിക്ക കമ്പനികള്‍ക്കും അറിയാം.

വലിയ വിപണി

ഏറ്റവും വലിയ വിപണി, വൈവിധ്യാത്മകത, അതിവേഗം ഉയരുന്ന ഡിജിറ്റല്‍ സാക്ഷരത എന്നിങ്ങനെ പല ഘടകങ്ങളും മുന്‍നിര ടെക് കമ്പനികളെ ഇന്ത്യയിലേക്ക് അടുപ്പിക്കുന്നു. നൂറുകോടിയില്‍ പരം ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ള, പലതരം ഭാഷകള്‍ സംസാരിക്കുന്ന, മൊബീല്‍ ഉപയോഗത്തില്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ എഐ മോഡലുകള്‍ പരീക്ഷിക്കാന്‍ അവര്‍ക്ക് ഇതിലും മികച്ച ഒരിടം കിട്ടാനില്ല. ഉപയോക്താക്കള്‍ക്ക് സൗജന്യമായി എഐ ടൂളുകളും സേവനങ്ങളും നല്‍കുമ്പോള്‍ അവരുടെ പരീക്ഷണത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നു. കൂടുതല്‍ ഉപയോക്താക്കള്‍ അവ ഉപയോഗിക്കും, കൂടുതല്‍ ഇടപെടലുകള്‍ നടക്കും, കൂടുതല്‍ ഡാറ്റ ലഭിക്കും. ഇതിലൂടെ എഐ മാതൃതകകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനും പ്രാദേശികവല്‍ക്കരിക്കാനും കമ്പനികള്‍ക്ക് സാധിക്കും.

ശീലമുണ്ടാക്കി ഭാവിയില്‍ പണമുണ്ടാക്കുക

പ്രീമിയം ടൂളുകള്‍ സൗജന്യമായി നല്‍കുന്നതിലൂടെ ഒരു വിപണി ഉറപ്പാക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. സൗജന്യമായി ലഭിക്കുന്ന എഐ ടൂളുകള്‍ ഉപയോഗിക്കുന്നത് ഒരു ശീലമായി മാറും. ഉദാഹരണത്തിന് ഇപ്പോള്‍ തന്നെ നമ്മളില്‍ പലരും ഒരു നല്ല സന്ദേശം എഴുതുന്നതിനോ കുട്ടികളുടെ പഠനാവശ്യത്തിനുള്ള അസൈന്‍മെന്റുകള്‍ എഴുതുന്നതിനോ വരെ ചാറ്റ്ജിപിടി പോലുള്ള ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ ഈ ടൂളുകള്‍ സൗജന്യമായി നല്‍കുന്നത് അവര്‍ക്ക് ഒരു നഷ്ടമേ അല്ല. കാരണം ദീര്‍ഘകാല ഉപഭോക്താക്കളെ സ്വന്തമാക്കുകയാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്നത്. പതുക്കെ ഈ സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുമ്പോള്‍ ആളുകള്‍ അവ പണം കൊടുത്ത് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകും. കാരണം അപ്പോഴേക്കും ആ ടൂളുകള്‍ അവരുടെ ശീലമായി മാറും.

പങ്കാളിത്തങ്ങള്‍

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികളുമായി ചേര്‍ന്നാണ് ആഗോള ടെക് ഭീമന്മാര്‍ അവരുടെ എഐ ടൂളുകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഗൂഗിള്‍, റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് 18 മാസത്തേക്ക് ജെമിനി എഐ പ്രോ ജിയോ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനിരിക്കുകയാണ്. പെര്‍പ്ലെക്‌സിറ്റി എയര്‍ടെല്ലുമായി ചേര്‍ന്ന് അവരുടെ 360 ദശലക്ഷം ഉപയോക്താക്കള്‍ക്ക് പെര്‍പ്ലെക്‌സിറ്റി പ്രോ സൗജന്യമായി നല്‍കും.

ഇത്തരം കൂട്ടുകെട്ടുകളിലൂടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ആളുകളിലെല്ലാം എഐ ടൂളുകള്‍ എത്തിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നു.

പ്രാദേശികവല്‍ക്കരണം

എഐ മത്സരം കടുക്കുകയാണ്. അതുകൊണ്ടുതന്നെ എതിരാളികള്‍ ശക്തിയാര്‍ജ്ജിക്കുന്നതിന് മുമ്പ് ഇന്ത്യ പോലൊരു വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനാണ് ടെക് കമ്പനികളുടെ പദ്ധതി. അതിനായി സൗജന്യമായി അവരുടെ ടൂളുകള്‍ നല്‍കാന്‍ കമ്പനികള്‍ തയ്യാറാകുന്നു. മാത്രമല്ല അതിലൂടെ പല ഭാഷകളിലും ടൂളുകള്‍ ലഭ്യമാക്കുക എളുപ്പമാകുന്നു.

ഇന്ത്യയ്ക്കുള്ള നേട്ടം

ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ടൂളുകള്‍ നല്‍കുകയെന്നത് കമ്പനികളുടെ ഒരു തന്ത്രമാണെങ്കിലും ‘ഉര്‍വ്വശീശാപം’ ഒരുതരത്തില്‍ ഇന്ത്യയ്ക്ക് ഉപകാരമാണ്. വിദ്യാര്‍ത്ഥികള്‍, ഫ്രീന്‍ലാന്‍സ് ആയി ജോലി ചെയ്യുന്നവര്‍, പ്രൊഫഷണലുകള്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മികച്ച എഐ ടൂളുകള്‍ ഉപയോഗിക്കാനുള്ള അവസരം കൈവരുന്നു. മുമ്പ് പ്രീമിയം വിപണികളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഉദാഹരണത്തിന് പ്രതിവര്‍ഷം 19,500 രൂപയ്ക്ക് ഗൂഗിള്‍ നല്‍കുന്ന എഐ പ്രോ പ്ലാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമാക്കിയിട്ടുണ്ട്.

ദശലക്ഷമക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എഐ ടൂളുകള്‍ സൗജന്യമായി ലഭിക്കുമ്പോള്‍, അത് മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരാന്‍ അവസരമൊരുക്കുന്നു. വര്‍ക്ക്ഫ്‌ളോ സൃഷ്ടിക്കാനും ഡാറ്റസെറ്റുകള്‍ ഉണ്ടാക്കാനും ഉല്‍പ്പന്ന ആശയങ്ങള്‍ സൃഷ്ടിക്കാനും പ്രോട്ടോടൈപ്പുകള്‍ ഉണ്ടാക്കാനും എളുപ്പമാകുന്നു. ഇത് സംരംഭകത്വത്തിന് നൂതന ആശയങ്ങള്‍ക്കും വഴിതെളിക്കുന്നു. എഡ്-ടെക്, ഭാഷാടൂളുകള്‍, പല ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കല്‍ എന്നിങ്ങനെ പല മേഖലകളിലായി പുതിയ സംരംഭങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.

ഇന്ത്യയില്‍ എഐ ടൂളുകളുടെ ഉപയോഗം വ്യാപകമാകുന്നതിലൂടെ പ്രാദേശികമായ അടിസ്ഥാന സൗകര്യങ്ങളിലും കംപ്യൂട്ടിംഗ്, ക്ലൗഡ് മേഖലകളിലും, പരിശീലന കേന്ദ്രങ്ങളിലും, പ്രാദേശിക മോഡലുകളിലും നിക്ഷേപം നടത്തുന്നത് വെറുതെയാകില്ലെന്ന് വന്‍കിട കമ്പനികള്‍ക്ക് മനസ്സിലാകും. എഐ വിതരണശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

അപകടസാധ്യതകള്‍

ഉപയോക്താക്കള്‍ക്ക് ഗുണകരമാണെങ്കിലും സൗജന്യമായി ലഭിക്കുന്ന എഐ ടൂളുകള്‍ ബിസിനസ് തന്ത്രത്തിന്റെ ഭാഗമാണ്. അവര്‍ ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കും, ഉപയോക്താക്കളെ ടൂളുകളിലേക്ക് ആകര്‍ഷിക്ക് അതിന്റെ അടിമകളാക്കും, പിന്നീട് ഉപയോഗത്തിന് പണം ഈടാക്കും. കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുള്ള, ഭാവിയിലെ ആധിപത്യം ലക്ഷ്യമിട്ടുള്ള ബിസിനസ് തന്ത്രമാണിത്.

വന്‍കിട ആഗോള കമ്പനികള്‍ അവരുടെ ടൂളുകള്‍ സൗജന്യമായി നല്‍കുമ്പോള്‍, പ്രാദേശിക ഇന്ത്യന്‍ എഐ കമ്പനികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും.

വലിയ രീതിയില്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നുവെന്നാല്‍, വലിയ രീതിയില്‍ യൂസര്‍ ഡാറ്റ ആഗോള പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തും എന്നുകൂടിയാണ് മനസ്സിലാക്കേണ്ടത്. ഡാറ്റ ലോക്കലൈസേഷന്‍, മേല്‍നോട്ടം, സ്വകാര്യത നയങ്ങള്‍, എഐ എത്തിക്‌സ് എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

പ്രീമിയം ടൂളുകള്‍ സൗജന്യമായി നല്‍കുന്നത് കമ്പനികള്‍ക്ക് വലിയ സാമ്പത്തികബാധ്യതയാണ്. പിന്നീട് നിരക്ക് ഈടാക്കി തുടങ്ങുമ്പോള്‍ ആ നഷ്ടം നികത്തുന്ന രീതിയിലുള്ള നിരക്കുകള്‍ കമ്പനികള്‍ മുന്നോട്ടുവെച്ചേക്കാം.

ഉദാരതയല്ല, നല്ല തന്ത്രം

പ്രീമിയം എഐ ടൂളുകള്‍ ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നത് വന്‍കിട കമ്പനികളുടെ നന്മയായും ഉദാരമനസ്ഥിതിയായും കരുതേണ്ടതില്ല. വലിയൊരു വിപണി പിടിച്ചെടുക്കാനും വിവരശേഖരണം നടത്താനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും അവര്‍ നടപ്പിലാക്കുന്ന മികച്ചൊരു തന്ത്രമാണത്. ഇന്ത്യ അവരുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഏറ്റവും മികച്ച ഇടമാണ്. അതേസമയം ഇന്ത്യയ്ക്കും ഇത് നല്ലൊരു അവസരമാണ്. ഒരു ചിലവും ഇല്ലാതെ പ്രീമിയം ടൂളുകള്‍ നേടാനും വലിയൊരു വിഭാഗം ആളുകള്‍ക്ക് ഉപയോഗിക്കാനും അത് ഉപയോഗിച്ച് കഴിവുകള്‍ മെച്ചപ്പെടുത്താനും കണ്ടുപിടിത്തങ്ങള്‍ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. സൗജന്യമായി എഐ ടൂളുകള്‍ നല്‍കുന്നുവെന്നത് മാത്രമല്ല, അതിന് അനുയോജ്യമായ ആവാസവ്യവസ്ഥ ഇന്ത്യയിലുണ്ട് എന്നതുകൊണ്ടുമാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ നേട്ടങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഉണ്ടാകുന്നത്.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version