ഗൂഗിളിന്റെ പതന കഥ ഗംഭീരമായി കെട്ടിച്ചമച്ചതോ, എഐ മത്സരത്തിലേക്കുള്ള തിരിച്ചുവരവില്‍ തെളിയുന്ന 3 വസ്തുതകള്‍

എഐയില്‍ ഗൂഗിളിനെ എഴുതിതള്ളിയവര്‍ക്ക് മുമ്പില്‍ കരുത്തുകാട്ടിയുള്ള ഗൂഗിളിന്റെ തിരിച്ചുവരവില്‍ ശ്രദ്ധിക്കേണ്ട, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത കുറച്ചുകാര്യങ്ങള്‍ നോക്കാം.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: Wikimedia commons

കുറച്ചു വര്‍ഷങ്ങളായി ടെക് ലോകത്ത് ഒരു കിംവദന്തി കനം വെച്ചുവരികയാണ് : ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് മത്സരത്തില്‍ ഗൂഗിള്‍ പിന്നിലായിപ്പോയെന്ന്, ചാറ്റ് ജിപിടിയുടെ വരവോടെ നിലംപരിശായെന്ന്. പക്ഷേ കിവംദന്തികള്‍ സത്യത്തിന് മുന്നില്‍ വഴിമാറുമെന്ന് കാലം ഒരിക്കല്‍ കൂടി തെളിയിച്ചു. ജെമിനി 3 മോഡലിന്റെ വരവോടെ ഗൂഗിളിനെ വിലകുറച്ച് കണ്ടതില്‍ പരിതപിക്കുകയാണ് ടെക് ലോകം. ഓഹരിവിപണികളില്‍ ഗൂഗിള്‍ ഷെയറുകള്‍ കത്തിക്കയറുമ്പോള്‍ മറനീക്കിയെത്തുന്ന സത്യം ഒന്നുമാത്രമാണ്, ഗൂഗിളിന്റെ തകര്‍ച്ച വെറും മുന്‍വിധിയും മനോകാമനയും മാത്രമാണ്. എല്ലാ കിംവദന്തികളെയും കാറ്റില്‍ പറത്തി, ഗൂഗിള്‍ അതിഗംഭീര തിരിച്ചുവരാണ് നടത്തിയിരിക്കുന്നത്.

എഐയില്‍ ഗൂഗിളിനെ എഴുതിതള്ളിയവര്‍ക്ക് മുമ്പില്‍ കരുത്തുകാട്ടിയുള്ള ഗൂഗിളിന്റെ തിരിച്ചുവരവില്‍ ശ്രദ്ധിക്കേണ്ട, എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത കുറച്ചുകാര്യങ്ങള്‍ നോക്കാം.

ഉറങ്ങുന്ന രാക്ഷസന്‍ ഉണര്‍ന്നിരിക്കുന്നു

ചാറ്റ് ജിപിടിയും മെറ്റ എഐയും പെര്‍പ്ലെക്‌സിറ്റിയുമെല്ലാം അരങ്ങില്‍ മാജിക് കാണിച്ചുകൊണ്ടിരിക്കുമ്പോള്‍ അനലിസ്റ്റുകളും ടെക്‌നോളജിസ്റ്റുകളും ആ മത്സരത്തില്‍ ഗൂഗിളിനെ പരാജിതനായി മുദ്രകുത്തിയപ്പോള്‍ കമ്പനിയപ്പോള്‍ അണിയറയില്‍ ഗംഭീരമായൊരു മറുപടി നല്‍കാനുള്ള പണികളിലായിരുന്നു. ആ മറുപടിയില്‍ വിപണിയും ഗൂഗിളിനൊപ്പം നിന്നു. മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഒക്ടോബര്‍ പകുതിക്ക് ശേഷം ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യമായി 4 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യമെന്ന നേട്ടത്തിലേക്കും കമ്പനിയെത്തി. പെട്ടെന്നുള്ള ഒരു ചാഞ്ചാട്ടമൊന്നും ആയിരുന്നില്ല അത്. ജെമിനി 3 സോഫ്റ്റ്‌വെയര്‍ പുറത്തിറങ്ങിയതിനുള്ള, തന്ത്രപ്രധാന ഹാര്‍ഡ് വെയര്‍ പങ്കാളിത്തങ്ങളോടുള്ള വ്യക്തമായ, കൃത്യമായ പ്രതികരണമായിരുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിലെ അനലിസ്റ്റ് ആയ നീല്‍ ഷായെ പോലെ ചിലര്‍ കരുതിയത് പോലെ ഗൂഗിള്‍ ഉറങ്ങുന്ന രാക്ഷസനായിരുന്നു. എഐ മത്സരത്തില്‍ എപ്പോഴും ഒരു കറുത്ത കുതിരയായിരുന്നു. ഇപ്പോള്‍ ആ രാക്ഷസന്‍ ശരിക്കും ഉണര്‍ന്നിരിക്കുന്നു.

ഒരു സോഫ്റ്റ്‌വെയര്‍ നല്‍കിയ കുതിപ്പല്ല

ഗൂഗിളിന്റെ പുനരുജ്ജീവനത്തിന് നിദാനമായത് സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞത് പോലെ ഒരു ഫുള്‍-സ്റ്റാക്ക് സമീപനമായിരുന്നു. വെര്‍ട്ടിക്കല്‍ ഇന്റെഗ്രേഷന്‍ എന്ന ഈ തന്ത്രം ലക്ഷ്യമിടുന്നത് മൊത്തത്തിലുള്ള വിതരണ ശൃംഖലയുടെ നിയന്ത്രണമായിരുന്നു. പുതിയ നാനോ ബനാന ഇമേജ് ജനറേറ്റര്‍ പോലുള്ള ഉപയോക്തക്കളിലെത്തുന്ന ആപ്പുകള്‍ മുതല്‍, ഗൂഗിള്‍ സെര്‍ച്ച്, യുട്യൂബ് പോലുള്ളവയില്‍ നിന്നുമുള്ള ഡാറ്റസെറ്റുകള്‍ മുതല്‍ ക്ലൗഡ് ഇന്‍ഫ്രാസ്‌ട്രെക്ചറും സ്വന്തമായി ഡിസൈന്‍ ചെയ്ക സിലിക്കണ്‍ ചിപ്പുകളും വരെ എല്ലാ മേഖലകളെയും നിയന്ത്രണത്തിലാക്കുകയെന്നതായിരുന്നു ഗൂഗിളിന്റെ സമീപനം. ഓപ്പണ്‍ എഐ പോലുള്ള എതിരാളികളില്‍ നിന്നും ഗൂഗിളിനെ വേറിട്ടുനിര്‍ത്തിയത് ഈ സമീപനമാണ്. കംപ്യൂട്ടിംഗ് പവറിനായി ഓപ്പണ്‍ എഐ പോലുള്ള മറ്റ് കമ്പനികള്‍ ബാഹ്യ വിതരണ കമ്പനികളെയാണ് ആശ്രയിക്കുന്നത്.

ഇത്തരത്തിലുള്ള പൂര്‍ണ്ണമായ നിയന്ത്രണം ഗൂഗിളിന് തന്ത്രപ്രധാനമായ മുന്നേറ്റത്തിന് അവസരമേകി. ആഭ്യന്തര ആവശ്യങ്ങള്‍ക്കായി സ്വന്തമായി ടെന്‍സര്‍ പ്രൊസസ്സിംഗ് യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി ഒരു ദശാബ്ദത്തിലധികം നീണ്ട നിക്ഷേപങ്ങളാണ് ഗൂഗിള്‍ നടത്തിയത്. ഇന്നത് കമ്പനിക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങളേകുന്നു. അതിനുവേണ്ടി ഏറെക്കാലങ്ങളായി നടന്ന ഗവേഷണങ്ങള്‍ എഐ മത്സരത്തില്‍ ഗൂഗിളിനെ വേറിട്ടുനിര്‍ത്താന്‍ സഹായകമായി.

ഗൂഗിള്‍ ഓഹരികള്‍ക്ക് പിന്നാലെ ലോകം

ഗൂഗിളിന്റെ എഐ സ്ട്രാറ്റെജിയില്‍ നിക്ഷേപകര്‍ ആകൃഷ്ടരാണ് എന്നതിന് രണ്ട് പ്രധാന തെളിവുകളാണ് ഉള്ളത്. ഒന്നാമതായി, വാള്‍സ്ട്രീറ്റിലെ ഏറ്റവും സ്വാധീനമുള്ള നിക്ഷേപകര്‍ വരെ ഗൂഗിളില്‍ സാമ്പത്തികമായി വിശ്വാസം പ്രകടിപ്പിക്കുന്നു. മൂന്നാംപാദത്തില്‍ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ ആല്‍ഫബെറ്റിന്റെ 4.9 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് വാങ്ങിയിരിക്കുന്നത്.

രണ്ടാമതായി, ഹാര്‍ഡ് വെയര്‍ രംഗത്തുള്ള മുന്‍തൂക്കം ഗൂഗിള്‍ ബിസിനസാക്കി എതിരാളികള്‍ക്ക് പോലും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് എന്നതാണ്. ഗൂഗിളിന്റെ 1 മില്യണ്‍ ടെന്‍സര്‍ പ്രൊസസ്സിംഗ് യൂണിറ്റുകള്‍ ഉപയോഗിക്കുന്നതിന് കരാര്‍ ഒപ്പിട്ടതായി ആന്ത്രോപിക് പിബിസി പ്രഖ്യാപിച്ചിരുന്നു. 2027 ഓടെ തങ്ങളുടെ ഡാറ്റ സെന്ററുകളില്‍ ഗൂഗിളിന്റെ ചിപ്പുകള്‍ ഉപയോഗിക്കാന്‍ മെറ്റയും ഗൂഗിളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്ത വിപണിയെ ഞെട്ടിച്ചിട്ടുണ്ട്. ഇതെത്തുടര്‍ന്ന് എന്‍വിഡയുടെ ഓഹരിവില കുത്തനെ താഴുകയും വിപണിമൂല്യത്തില്‍ 243 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാകുകയും ചെയ്തു. ഓപ്പണ്‍ എഐയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ഓഹരിവില രണ്ട് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഗൂഗിളിന്റെ തിരിച്ചുവരവ് താത്കാലിക പ്രതിഭാസമായി കരുതാനാകില്ല. സാങ്കേതികരംഗത്ത് ഒന്നാകെ കമ്പനി നടത്തിയിട്ടുള്ള ദീര്‍ഘകാല ഗവേഷണത്തിന്റെയും ആഴത്തിലുള്ള, തന്ത്രപ്രധാന നിക്ഷേപങ്ങളുടെയും ഫലമാണത്. എഐ മത്സരത്തില്‍ അതിജീവനത്തിനുള്ള ശ്രമമല്ല അത്, ആ മത്സരത്തിന്റെ കേന്ദ്രമായി ഗൂഗിള്‍ മാറുകയാണ്. എഐ മത്സരത്തിന്റെ ചിത്രം മാറുമ്പോള്‍, ഗൂഗിളിന് പിടിച്ചിനില്‍ക്കാനാകുമോ എന്നതല്ല ചോദ്യം, ഗൂഗിളിനൊപ്പം നില്‍ക്കാന്‍ ആര്‍ക്ക് കഴിയും എന്നതാണ്.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version