സന്ധ്യാസ്‌ ; ഒരു അധ്യാപികയുടെ ആത്മവിശ്വാസത്തിൽ പിറന്ന ബ്രാൻഡ്

23 വർഷക്കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം സന്ധ്യ എൻ.ബി. സ്വയം തെരഞ്ഞെടുത്ത പാതയായിരുന്നു ഒരു കാർഷിക സംരംഭകയാകുക എന്നത്. തുടക്കം കൃഷിയിൽ നിന്നായിരുന്നു എങ്കിലും, ഇന്ന് സന്ധ്യാസ്‌ എന്ന ബ്രാൻഡിലൂടെ വിപണിയിലെത്തിക്കുന്നത് അനേകം ഭക്ഷ്യോൽപ്പന്നങ്ങളാണ്.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor

23 വർഷക്കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം സന്ധ്യ എൻ.ബി. സ്വയം തെരഞ്ഞെടുത്ത പാതയായിരുന്നു ഒരു കാർഷിക സംരംഭകയാകുക എന്നത്. തുടക്കം കൃഷിയിൽ നിന്നായിരുന്നു എങ്കിലും, ഇന്ന് സന്ധ്യാസ്‌ എന്ന ബ്രാൻഡിലൂടെ വിപണിയിലെത്തിക്കുന്നത് അനേകം ഭക്ഷ്യോൽപ്പന്നങ്ങളാണ്.കൃഷിയോടുള്ള താൽപര്യം അസ്ഥിക്ക് പിടിച്ചപ്പോൾ നവോദയ സ്‌കൂളിലെ അധ്യാപികയുടെ ജോലി രാജിവച്ച് കൃഷിയിടത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് തൃശൂർ പൂച്ചട്ടി സ്വദേശിനിയായ എൻ.ബി. സന്ധ്യ. ചെറുപ്പം മുതൽക്കേ സന്ധ്യയ്ക്ക് പ്രിയം പച്ചപ്പും കൃഷിയും കാർഷികവൃത്തിയുമൊക്കെത്തന്നെയാണ്. സന്ധ്യ വളരുന്നതിനൊപ്പം കൃഷിയോടുള്ള താൽപര്യവും വളർന്നു. എന്നാൽ ജോലി എന്ന നിലയിൽ അധ്യാപനത്തിലേക്ക് തിരിഞ്ഞതോടെ കൃഷിയിൽ നിന്ന് അല്പം വിട്ടുനിൽക്കേണ്ടി വന്നു. നീണ്ട 23 വർഷക്കാലം നവോദയ സ്‌കൂളിൽ വിദ്യാലയത്തിൽ അധ്യാപികയായി പ്രവർത്തിച്ച സന്ധ്യ ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിച്ചപ്പോഴാണ് ജോലി രാജിവച്ച് തനിക്കിഷ്ടമുള്ള മേഖലയിലേക്ക് തിരിയാൻ തീരുമാനിച്ചത്.

ഏറെ കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹമായിരുന്നു സ്വന്തമായി കൃഷി ചെയ്ത് ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുക എന്നത്. ജോലിയുടെ ഭാഗമായി മാറിമാറി നിന്ന ക്വാർട്ടേഴ്സുകളിലും വീടുകളിലും ചില്ലറ ചില കാർഷിക പരീക്ഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും പൂർണ അർത്ഥത്തിൽ സന്ധ്യ ടീച്ചറെ ഒരു കർഷകയാക്കിയിരുന്നില്ല.

ജോലി രാജിവച്ച ശേഷം തൃശൂർ പൂച്ചട്ടിയിലുള്ള തന്റെ തറവാട് വീട്ടിലേക്ക് മടങ്ങിയ സന്ധ്യ തന്റെ കരിയറിന്റെ രണ്ടാം ഇന്നിങ്‌സ് അവിടെ നിന്നാണ് ആരംഭിച്ചത്. വീടിനോട് ചേർന്ന് ധാരാളം സ്ഥലം ഉണ്ടായിരുന്നു. ആ ഭൂമി കൃഷിയോഗ്യമാക്കി അവിടെ കൃഷി ചെയ്യാനായിരുന്നു ടീച്ചറുടെ താൽപര്യം. എന്നാൽ ജോലി രാജിവച്ച് വീട്ടിലെത്തിയപ്പോൾ പലരും ആശങ്ക പ്രകടിപ്പിച്ചു. തീരെ പരിചയമില്ലാത്ത കൃഷി പോലൊരു മേഖലയിലേക്കാണ് കാലെടുത്തുവെക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ടീച്ചറെ സ്നേഹപൂർവ്വം എതിർത്തവർ നിരവധിയായിരുന്നു. എന്നാൽ തനിക്ക് ചുറ്റുമുള്ള കുറച്ച് ആളുകൾക്കെങ്കിലും വിഷം കലരാത്ത നല്ല പച്ചക്കറികളും പഴവർഗങ്ങളും നൽകണം എന്നത് ടീച്ചറുടെ വാശിയായിരുന്നു. വെറുതെ ഇരുന്നു തന്റെ ഭൂമിക്ക് ഭാരമാകാൻ പോകുന്നില്ല, ഏറ്റവും ഇഷ്ടപ്പെട്ട കൃഷിയിൽ താൻ പച്ചപിടിക്കും എന്ന് ടീച്ചർ ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ആ വാക്കുകളോട് രണ്ട് മക്കൾക്കും വലിയ മതിപ്പായിരുന്നു. ഭർത്താവിൽ നിന്നുള്ള പൂർണ പിന്തുണ ലഭിച്ചതോടെ സന്ധ്യ ടീച്ചർ തന്റെ കാർഷിക യാത്ര ആരംഭിച്ചു.

തന്റെ വീടിന് ചുറ്റുമുള്ള ഒരേക്കറോളം വരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റുക എന്നതാണ് സന്ധ്യ ടീച്ചർ ആദ്യം ചെയ്തത്. കളകൾ മാറ്റി, മണ്ണ് ഉഴുതുമറിച്ച്, നനക്കാനുള്ള വെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിനുള്ള വഴിയൊരുക്കി ആ ഭൂമിയിൽ ആദ്യത്തെ വിത്തിറക്കുക എന്നത് അല്പം ശ്രമകരമായ കാര്യമായിരുന്നു. കൃഷിയിൽ മുൻപരിചയമുള്ള ആളുകളിൽ നിന്ന് കൃഷിരീതികൾ മനസ്സിലാക്കി. മികച്ച വിളവ് നൽകുന്ന പച്ചക്കറി വിത്തുകൾ കണ്ടെത്തുന്നതിനും ജൈവവളങ്ങൾ ഒരുക്കുന്നതിനുമായി ഏറെ ശ്രമിച്ചു.

ജൈവവളങ്ങൾ മുറുകെപ്പിടിച്ച് തുടക്കം

രാസവളപ്രയോഗമില്ലാതെയാണ് കൃഷിയിടം ഒരുക്കിയത്. മണ്ണൊരുക്കിയതും വിത്ത് പാകിയതുമെല്ലാം തീർത്തും ജൈവരീതിയിലായിരുന്നു. വെണ്ട, കോവൽ, പാവൽ, തക്കാളി, പയർ, വഴുതന, ചീര തുടങ്ങി വിപണിയിൽ ഏറ്റവും കൂടുതൽ വിഷം കലർന്ന് എത്തുന്ന ഉൽപ്പന്നങ്ങൾ ടീച്ചർ ജൈവകൃഷിരീതിയിൽ കൃഷി ചെയ്തു. ആദ്യ വിളവെടുപ്പ് തന്നെ ഏറെ സന്തോഷം നൽകുന്നതായിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്കായി മാറ്റിവച്ച ശേഷം ബാക്കിയുള്ളവ വിപണിയിലെത്തിച്ചു. പച്ചക്കറികൾ എല്ലാം വിറ്റുപോകാൻ തുടങ്ങിയതോടെ കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കണമെന്ന് സന്ധ്യ ടീച്ചർ തീരുമാനിച്ചു.

ഫേസ്ബുക്കിനെ വിപണിയാക്കി മാറ്റി

The Profit News നവമാധ്യമങ്ങളിലെ കൂട്ടായ്മകളെ ഉപയോഗപ്പെടുത്തിയാണ് സന്ധ്യ ടീച്ചർ തൃശൂരിന്റെ കാർഷിക ഭൂപടത്തിൽ ഇടം പിടിച്ചത്. തന്റെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പച്ചക്കറികൾ എന്ത് ചെയ്യും എന്ന ചിന്തയാണ് ഫേസ്ബുക്കിനെ തന്റെ പച്ചക്കറിയുടെ വിപണിയാക്കി മാറ്റാമെന്ന തീരുമാനത്തിലേക്ക് ടീച്ചറെ നയിച്ചത്. ഇതുപ്രകാരം തന്റെ കൃഷിയിടത്തിലെ ഉൽപ്പന്നങ്ങളുടെ ചിത്രങ്ങളും വിലയും സഹിതം ടീച്ചർ ഫേസ്ബുക്കിൽ പങ്കുവച്ചു. ജൈവ ഉൽപ്പന്നങ്ങൾ എന്ന് കേട്ടതോടെ ആവശ്യക്കാർ നിരവധിയായി എത്തി. ഓർഗാനിക് അഗ്രിക്കൾച്ചർ മാർക്കറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ജൈവകൃഷി ചെയ്യുന്നവരും ഉപഭോക്താക്കളും ഒന്നിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഈ കാർഷിക കൂട്ടായ്മയുടെ ഭാഗമാണ്.

“ഞാൻ ഏറെ ആഗ്രഹിച്ചു തെരഞ്ഞെടുത്ത ഒരു പ്രൊഫഷനാണ് കൃഷി. അധ്യാപനം ഞാൻ എത്രമാത്രം ആസ്വദിച്ചിട്ടുണ്ടോ അതുപോലെ തന്നെ കൃഷിയും ഞാൻ ആസ്വദിക്കുന്നു. പച്ചക്കറികളിലും ഭക്ഷ്യവസ്തുക്കളിലും ചേർക്കുന്ന വിഷവും മായവും എല്ലാം കഴിച്ചു മടുത്തിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് ഞാൻ എത്തിയത്” — സന്ധ്യ പറയുന്നു.

വഴി തിരിച്ചു വിട്ട വെന്തവെളിച്ചെണ്ണ

The Profit News വിപണിയിൽ വെന്തവെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് 2016-ൽ വെന്തവെളിച്ചെണ്ണ നിർമ്മാണത്തിലേക്ക് തിരിയുന്നത്. ശുദ്ധമായ നാളികേരപാലിൽ നിർമ്മിക്കുന്ന, ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള വെന്തവെളിച്ചെണ്ണയ്ക്ക് വിപണിയിൽ നല്ല സ്വീകാര്യത ലഭിച്ചു. അതിലൂടെയാണ് സന്ധ്യ പൂർണമായും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. ചർമത്തിന് ഏറ്റവും മികച്ച ഫലം നൽകുന്ന വെന്തവെളിച്ചെണ്ണ നിർമ്മാണം ഏറെ സമയം എടുക്കുന്ന ഒന്നാണ്. അതിനാൽ ഇതിന് വിലയും കൂടുതലാണ്. നിർമ്മാണം ആരംഭിച്ചതോടെ നിരവധി ഓർഡറുകൾ ഫേസ്ബുക്ക് വഴിതന്നെ ലഭിച്ചു തുടങ്ങി.

10 തേങ്ങയിൽ നിന്ന് തുടങ്ങിയ വിപ്ലവം

പത്ത് തേങ്ങയുമായി തുടങ്ങിയ ഒരു സാധാരണ വീട്ടമ്മയിൽ നിന്ന്, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരെ ഉൽപ്പന്നങ്ങൾ അയക്കുന്ന ബ്രാൻഡായി സന്ധ്യാസ്‌ വളർന്നത് വളരെ വേഗത്തിലായിരുന്നു. കൃത്യമായ ഗുണനിലവാരവും ലക്ഷ്യബോധവും ചേർന്നപ്പോൾ ഇന്ന് ആഴ്ചയിൽ ശരാശരി 50 കിലോയോളം വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന നിലയിലേക്ക് ഈ സംരംഭം വളർന്നു. ഒരു ദിവസം ശരാശരി 300 തേങ്ങകളാണ് ഇപ്പോൾ ഇതിനായി ഉപയോഗിക്കുന്നത്.

വെളിച്ചെണ്ണ നിർമ്മാണം പൊടിപൊടിച്ചപ്പോഴാണ് അച്ചാറുകളെയും മസാലക്കൂട്ടുകളെയും കുറിച്ച് ടീച്ചർ ചിന്തിക്കുന്നത്. സാമ്പാർപൊടി നിർമ്മിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് വിവിധ മസാലപ്പൊടികൾ, മീൻ അച്ചാർ ഉൾപ്പെടെയുള്ള അച്ചാറുകൾ, ജാതിക്ക സ്ക്വാഷ്, ജാം, ‘റെഡി-ടു-യൂസ്’ മസാലകൾ തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ വിപണിയിലെത്തി.

തേങ്ങാപ്പാലിൽ വിരിഞ്ഞ കേശസംരക്ഷണം

സാധാരണയായി വെളിച്ചെണ്ണയെ അടിസ്ഥാനമാക്കിയാണ് ഹെയർ ഓയിലുകൾ നിർമ്മിക്കുന്നത്. എന്നാൽ സന്ധ്യാസ്‌ തേങ്ങാപ്പാലിൽ നേരിട്ട് പച്ചമരുന്നുകൾ ചേർത്ത് നിർമ്മിക്കുന്ന ഹെയർ ഓയിൽ എന്ന വ്യത്യസ്തമായ പരീക്ഷണമാണ് നടത്തിയത്. ദന്തപാല എണ്ണയ്ക്കും ആവശ്യക്കാർ ഏറെയാണ്.

സംരംഭകത്വത്തിലേക്ക് തിരിഞ്ഞ് പത്ത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സന്ധ്യാസ്‌-നുള്ളത്.

ലക്ഷ്യം: ഭക്ഷ്യ സ്വരാജ്

ഭക്ഷ്യ സ്വരാജ് എന്നതാണ് സന്ധ്യ ടീച്ചറുടെ ലക്ഷ്യം. കുറഞ്ഞപക്ഷം അവരവർക്കായുള്ള പച്ചക്കറികൾ എങ്കിലും സ്വയം ഉൽപ്പാദിപ്പിക്കണം എന്ന ചിന്തയോടെയാണ് അവർ മുന്നോട്ട് പോകുന്നത്.

2026-ൽ പുതിയൊരു പ്രൊഡക്ഷൻ യൂണിറ്റിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക. പാരമ്പര്യമായി കിട്ടിയ അറിവുകളെ കാലത്തിനനുസരിച്ച് മാറ്റിയെടുത്തതാണ് വിജയരഹസ്യം.

English Summary

The article features the inspiring journey of Sandhya N.B., a teacher who dedicated 30 years to the Kendriya Vidyalaya before transitioning into a successful agri-entrepreneur. Based in Pookkatti, Thrissur, she launched her brand "Sandhyas" driven by a passion for organic farming and toxin-free food.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version