മൂല്യമെന്ന സത്ത; തുടരും സിന്തൈറ്റിന്റെ ജൈത്രയാത്ര..

ഏതൊരു മഹത്തായ സ്ഥാപനത്തിന്റെയും ചരിത്രം ആരംഭിക്കുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ ഒലിയോറെസിന്‍ വിപണിയുടെ 40% എന്ന അവിശ്വസനീയമായ വിഹിതം കൈയാളുന്ന, ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ സിന്തൈറ്റ് എന്ന സ്ഥാപനത്തിന്റെ യാത്രയും സിവി ജേക്കബ് എന്ന ധിഷണാശാലിയായ സംരംഭകന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor

ഏതൊരു മഹത്തായ സ്ഥാപനത്തിന്റെയും ചരിത്രം ആരംഭിക്കുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ദീര്‍ഘവീക്ഷണത്തില്‍ നിന്നാണ്. ആഗോളതലത്തില്‍ ഒലിയോറെസിന്‍ വിപണിയുടെ 40% എന്ന അവിശ്വസനീയമായ വിഹിതം കൈയാളുന്ന, ലോക വ്യവസായ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ സിന്തൈറ്റ് എന്ന സ്ഥാപനത്തിന്റെ യാത്രയും സിവി ജേക്കബ് എന്ന ധിഷണാശാലിയായ സംരംഭകന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമായിരുന്നു. 1970-കളിലാണ് സിന്തൈറ്റ് എന്ന ആശയം രൂപം കൊള്ളുന്നത്. നാളതുവരെ മലയാളികള്‍ക്ക് കേട്ടുപരിചയം പോലുമില്ലാത്ത ‘ഒലിയോറെസിന്‍’ എന്ന മേഖലയിലേക്ക് നിക്ഷേപം നടത്തുമ്പോള്‍ അതൊരു വന്‍വ്യവസായമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. കൃത്യമായ വിപണി പഠനം, ഇന്നവേഷന്‍, മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി, ബ്രാന്‍ഡിംഗ് എന്നിവയിലൂടെ സിവി ജേക്കബ് തുടക്കമിട്ട സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനെ അസൂയാവഹമായ തലത്തില്‍ വളര്‍ത്തിയെടുത്തതില്‍ വിജു ജേക്കബ് എന്ന സംരംഭകനുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് അരനൂറ്റാണ്ടിനിപ്പുറവും ആഗോള ബിസിനസ് ഭൂപടത്തില്‍, സമാനതകളില്ലാതെ കേരളത്തെ പ്രതിനിധീകരിച്ച് മുന്നേറുകയാണ് വിജു ജേക്കബ് എക്‌സിക്യൂറ്റീവ് ചെയര്‍മാനായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്. അദ്ദേഹത്തിന്റെ നേതൃത്വമികവിന്റെയും ദിശാബോധത്തിന്റെയും വിജയകഥയിലേക്ക്…

1970-കളിലാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം എറണാകുളം കോലഞ്ചേരിയിലെ കടയിരുപ്പ് എന്ന പ്രദേശം ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. സിന്തൈറ്റ് സ്ഥാപകനായ സിവി ജേക്കബ് ഒരിക്കല്‍ ജപ്പാനിലേക്ക് നടത്തിയ യാത്രയാണ് ഒലിയോറെസിന്‍ വ്യവസായത്തിന്റെ സാധ്യതകളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.തിരിച്ചെത്തിയ അദ്ദേഹം ഇതേപ്പറ്റി കൂടുതല്‍ പഠിക്കുകയും രാജ്യത്തിനകത്തും പുറത്തും ഇത്തരമൊരു ഉല്‍പ്പന്നത്തിന്റെ സാധ്യതകള്‍ മനസിലാക്കുകയും ചെയ്തു. സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍ എന്നിവയില്‍ നിന്നും ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വേര്‍തിരിച്ചെടുക്കുന്ന ദ്രവ്യങ്ങളാണ് ഒലിയോറെസിന്‍ എന്നറിയപ്പെടുന്നത്. ഭക്ഷ്യവ്യവസായത്തില്‍ വളരെ നിര്‍ണായകമായ സ്വാധീനമാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്കുള്ളത്. ഇന്ത്യയിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയുമായാണ് അക്കാലത്ത് അത്രയൊന്നും പരിചിതമല്ലാതിരുന്ന ‘ഒലിയോറെസിന്‍’ എന്ന മേഖലയിലേക്ക് സിവി ജേക്കബ് തിരിയുന്നത്. വരും കാലത്ത് ഒലിയോറെസിന്‍ വ്യവസായം കേരളത്തിന്റെ നട്ടെല്ലാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി മനസിലാക്കി. ആ ദീര്‍ഘവീക്ഷണം തന്നെയാണ് ഇന്നത്തെ സിന്തൈറ്റിന്റെ ശക്തമായ അടിത്തറ.

കുരുമുളകില്‍ നിന്നും തുടക്കം

സുഗന്ധവ്യഞ്ജനങ്ങളുടെ നാടെന്നറിയപ്പെടുന്ന കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ കറുത്തപൊന്നെന്നറിയപ്പെടുന്ന കുരുമുളകിന് ഏറെ നിര്‍ണായകമായ സ്ഥാനമാണുള്ളത്. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് രൂപീകരിക്കപ്പെടുമ്പോഴും ആദ്യ ഉല്‍പ്പന്നം കുരുമുളകില്‍ നിന്നുള്ള ഒലിയോറെസിന്‍ ആയിരുന്നു. ഏകദേശം പത്തോളം തൊഴിലാളികളാണ് അന്ന് സിന്തൈറ്റില്‍ ഉണ്ടായിരുന്നത്. 1972ല്‍ സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1973ല്‍ ആദ്യത്തെ വില്‍പ്പന നടത്തി.1979ല്‍ മികച്ച കയറ്റുമതി പ്രകടനത്തിന് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹിദായത്തുള്ളയില്‍ നിന്നും ദേശീയ അവാര്‍ഡ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസിനെ തേടിയെത്തി.

1980, 81 വര്‍ഷങ്ങളില്‍ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയില്‍ നിന്നും ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സിന്തൈറ്റിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂടി. ഒരു പുതിയ കമ്പനിയെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് ഒരു നൂതന ഉല്‍പ്പന്നവുമായി അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍, ആദ്യകാലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ദേശീയ തലത്തിലുള്ള പുരസ്‌കാരങ്ങള്‍ ഒരു ബിസിനസ്സ് മാതൃകയ്ക്ക് സാധുത നല്‍കുക മാത്രമല്ല, അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസ്യത കെട്ടിപ്പടുക്കുന്നതിനുള്ള മുദ്രയായി അത് വര്‍ത്തിക്കുകയും ചെയ്യുന്നു. സിന്തൈറ്റിന്റെ കാര്യത്തില്‍, തുടര്‍ച്ചയായി ലഭിച്ച ഈ അംഗീകാരങ്ങള്‍ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. 1981ല്‍ പ്രസിഡന്റ് ആര്‍. വെങ്കിട്ടരാമനില്‍ നിന്നും ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ രണ്ടാം ഘട്ട വികസനപദ്ധതികളിലേക്ക് കടക്കുകയായിരുന്നു.

‘1985-ല്‍, സിന്തൈറ്റ് ആദ്യത്തെ തന്ത്രപരമായ ചുവടുവെപ്പ് കേരളത്തിന് പുറത്തേക്ക് നടത്തി. കോയമ്പത്തൂരില്‍ പുഷ്പങ്ങളില്‍ നിന്ന് ഒലിയോറെസിന്‍ വേര്‍തിരിക്കുന്നതിനായി ഒരു ഫാക്റ്ററി സ്ഥാപിച്ചു. പ്രശസ്ത കമ്പനിയായ ഫൈസറിന്റെ (Pfizer) പെര്‍ഫ്യൂമറി വിഭാഗവുമായുള്ള സഹകരണം ഈ സംരംഭത്തിന് കൂടുതല്‍ കരുത്തേകി.കടുത്ത മത്സരങ്ങള്‍ക്കിടയിലും പ്രതിസന്ധി ഘട്ടങ്ങളിലും സിന്തൈറ്റിന്റെ അടിസ്ഥാന വിജയമന്ത്രമായി മാറുന്നത് ഗുണമേന്മ, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവ കൃത്യമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയായിരുന്നു.ഇന്ത്യക്ക് പുറത്ത് നൂറില്‍ പരം വിദേശരാജ്യങ്ങളില്‍ തങ്ങളുടെ ഉപഭോക്തൃനിര സ്ഥാപിക്കാന്‍ കഴിഞ്ഞത് സ്ഥാപനത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു,” സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വിജു ജേക്കബ് സ്ഥാപനത്തിന്റെ വളര്‍ച്ചയിലെ നാഴികകല്ലുകള്‍ പങ്കുവയ്ക്കുന്നു.

1997ല്‍ ലണ്ടനില്‍ വച്ച് സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ രജത ജൂബിലി ആഘോഷം നടന്നു. 2001ല്‍ കര്‍ണാടകയിലെ ഹരിഹറില്‍ മുളകില്‍ നിന്നും ഒലിയോറെസിന്‍ വേര്‍തിരിക്കുന്നതിനായുള്ള സ്വന്തം പ്ലാന്റ് ആരംഭിച്ചു. 2006ല്‍ സിമേഗ ഫ്‌ളേവേഴ്‌സ്, ഇന്റര്‍ഗ്രോ, ഹെര്‍ബല്‍ ടേസ്റ്റ്‌സ് എന്നീ ബ്രാന്‍ഡുകള്‍ക്ക് പ്രാമുഖ്യം നല്‍കി സിന്തൈറ്റ് ടേസ്റ്റ് പാര്‍ക്ക് സ്ഥാപിച്ചു. 2007ല്‍ റമദ റിസോര്‍ട്ട് ആരംഭിച്ച് ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് കടക്കുകയും ചെയ്തു.തുടര്‍ന്ന്, ചാരിറ്റി മേഖലയില്‍ കൂടുതല്‍ സജീവമായ സ്ഥാപനം 2008ല്‍ സി.വി. ജേക്കബ് ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്ക് തുടക്കമിട്ടു. 2010ല്‍ സിന്തൈറ്റ് അമേരിക്കയില്‍ ഓഫീസ് സ്ഥാപിച്ചു. അതേവര്‍ഷം ചൈനയിലെ ആദ്യ ഫാക്ടറി, ആഗോള വിപണിയുടെ സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള ഒരു പാഠമായി മാറി.സിന്തൈറ്റ് 2012-ല്‍ ചൈനയിലെ ദെഷൂവില്‍ വിജയകരമായി പുതിയ ഫാക്ടറി സ്ഥാപിച്ചു. പരാജയത്തില്‍ നിന്ന് പഠിക്കാനും സ്ഥിരോത്സാഹത്തോടെ മുന്നേറാനുമുള്ള കമ്പനിയുടെ കഴിവിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്. അതോടൊപ്പം ശ്രീലങ്ക, ആന്ധ്രാപ്രദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലും പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ചു.2015-2018 കാലഘട്ടത്തില്‍ സിമേഗ കളേഴ്‌സ്, അല്‍ഗാവിസ് തുടങ്ങിയ പുതിയ സംരംഭങ്ങള്‍ നെതര്‍ലന്‍ഡ്സ്, ഗുജറാത്ത്, വിയറ്റ്‌നാം എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2019-2021 ല്‍ ഉക്രെയ്‌നില്‍ സംയുക്ത സംരംഭം, ദുബായില്‍ മാര്‍ക്കറ്റിംഗ് ഓഫീസ് എന്നിവയും തുടങ്ങി.

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല

സിന്തൈറ്റിന്റെ ഏറ്റവും വലിയ ശക്തി ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. 1985-86 കാലഘട്ടം വരെ ഒലിയോറെസിന്‍ വിപണിയില്‍ കാര്യമായ മത്സരമില്ലാതിരുന്നതിനാല്‍, ആഗോള വിപണിയുടെ 70% മുതല്‍ 80% വരെ വിഹിതവുമായി സിന്തൈറ്റ് ഒരു കുത്തക തന്നെ സ്ഥാപിച്ചിരുന്നു. പിന്നീട് ഈ മേഖലയിലേക്ക് പുതിയ കമ്പനികള്‍ വരികയും വിപണി പലമടങ്ങ് വലുതാവുകയും ചെയ്തതോടെ മത്സരം കടുത്തു. എന്നാല്‍ വിപണി വിഹിതത്തിലെ ഈ മാറ്റം ഒരു തളര്‍ച്ചയുടെ കഥയല്ല, മറിച്ച് അതിജീവനത്തിന്റെ കരുത്തുറ്റ സാക്ഷ്യപത്രമാണ് കാണിച്ചു തന്നത്. കടുത്ത മത്സരങ്ങളിക്കിടയിലും ബൃഹത്തായ ആഗോള വിപണിയുടെ 40% എന്ന ശക്തമായ നിലയില്‍ സിന്തൈറ്റ് സമാനതകളില്ലാതെ മുന്നേറുകയാണ്. ഉപഭോക്താക്കള്‍ക്ക് യാതൊരു മായവും കലരാത്ത, കൃത്യമായ സ്‌പെസിഫിക്കേഷനുകളോടു കൂടിയ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതും, ഓരോ തവണയും ഒരേ ഗുണമേന്മഉറപ്പാക്കുന്നതുമാണ് ഈ നേതൃസ്ഥാനം നിലനിര്‍ത്താന്‍ കമ്പനിയെ സഹായിക്കുന്നത്.

ഗവേഷണങ്ങളും നൂതനാശയങ്ങളും ഒപ്പത്തിനൊപ്പം

സിന്തൈറ്റില്‍ ഗവേഷണത്തിനും നൂതനാശയങ്ങള്‍ക്കും തുടക്കം മുതലേ വലിയ പ്രാധാന്യം നല്‍കിയിരുന്നു. അത് തന്നെയാണ് സ്ഥാപനത്തിന്റെ ആഗോളതല വളര്‍ച്ചയില്‍ നിര്‍ണായകമായി മാറിയതും. 1993-ലാണ് സിന്തൈറ്റ് സ്ഥാപകന്‍ സിവി ജേക്കബിന്റെ പിതാവ് സി. വര്‍ക്കിയുടെ പേരില്‍ ഒരു പ്രത്യേക ഗവേഷണ-വികസന ) വിഭാഗത്തിന് ഔദ്യോഗികമായി തുടക്കമിടുന്നത്. പാരമ്പര്യത്തോടുള്ള ആദരവും നൂതനാശയങ്ങളോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെ പ്രഖ്യാപനവുമായിരുന്നു ഗവേഷണശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയതിലൂടെ ഉദേശിച്ചത്. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ആര്‍ആന്‍ഡ് ഡി യെയും ഇന്നൊവേഷനെയും രണ്ടായി കാണുന്നു. ഒരു ഉല്‍പ്പന്നത്തിലെ തന്മാത്രകളെക്കുറിച്ചും ഘടകങ്ങളെക്കുറിച്ചുമുള്ള ആഴത്തിലുള്ള പഠനമാണ് ആര്‍ ആന്‍ഡ് ഡി എങ്കില്‍, പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതാണ് ഇന്നൊവേഷന്‍ എന്ന വ്യക്തമായ കാഴ്ചപ്പാട് മുറുകെപ്പിടിച്ചു കൊണ്ടാണ് സ്ഥാപനത്തിന്റെ യാത്ര. ഈ രണ്ടു വിഭാഗങ്ങളുടെയും സംയോജിത പ്രവര്‍ത്തനം വിപണിയില്‍ പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ സിന്തൈറ്റിനെ സഹായിക്കുന്നു.ഒരു പ്രാദേശിക സ്ഥാപനത്തില്‍ നിന്ന് ആഗോള തലത്തില്‍ ശ്രദ്ധേയമായ ഒരു കോര്‍പ്പറേറ്റ് എന്ന നിലയിലേക്കുള്ള യാത്ര, കൃത്യമായി കണക്കുകൂട്ടിയുള്ള വിപുലീകരണങ്ങളുടെയും, വൈവിധ്യവല്‍ക്കരണത്തിന്റെയും, വിജയപരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന്റെയും അടയാളമാണ്. സിന്തൈറ്റിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഇത്തരത്തില്‍ വിജയം മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രപരമായ മുന്നേറ്റത്തിന്റെ തെളിവാണ്.

സിന്തൈറ്റിന്റെ വിജയഗാഥ കേവലം ഒരു ബിസിനസ്സിന്റെ വളര്‍ച്ചയുടെ കഥയല്ല, മറിച്ച് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവിന്റെയും പരാജയങ്ങളില്‍ നിന്ന് പഠിക്കാനുള്ള സന്നദ്ധതയുടെയും ഉദാഹരണമാണ്. ചൈനയിലെ ആദ്യ ഫാക്ടറിയുടെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അതേ മണ്ണില്‍ വീണ്ടും വിജയം കൊയ്തതും ഈ യാത്രയുടെ കരുത്ത് വ്യക്തമാക്കുന്നു. തങ്ങളുടെ ഫാക്ടറികള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും, ബാക്ക്വേര്‍ഡ് ഇന്റഗ്രേഷന്റെ ഭാഗമായി കര്‍ഷകര്‍ക്കും സഹായം നല്‍കിക്കൊണ്ട് സാമൂഹിക പ്രതിബദ്ധതയിലും സിന്തൈറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദീര്‍ഘവീക്ഷണം, ഗുണമേന്മയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം, നൂതനാശയങ്ങള്‍, ഒപ്പം മൂല്യങ്ങളില്‍ അധിഷ്ഠിതമായ ശക്തമായ അടിത്തറ എന്നിവ ഒത്തുചേര്‍ന്നാല്‍ എന്ത് നേടാനാകും എന്നതിന്റെ പ്രചോദനാത്മകമായ സാക്ഷ്യപത്രമാണ് കേരളത്തിലെ ഒരു ചെറിയ സംരംഭത്തില്‍ നിന്ന് ലോക വിപണിയുടെ നെറുകയിലേക്ക് സിന്തൈറ്റ് നടത്തിയ ഈ യാത്ര.

English Summary

Synthite’s global success reflects the visionary leadership of C.V. Jacob and Viju Jacob. From a little-known sector in the 1970s, the Kerala-based company grew to command 40% of the global oleoresin market, showcasing innovation, strategy, and leadership excellence.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version