ബാലെ നര്‍ത്തകിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയിലേക്ക്; കല്‍ഷിയിലൂടെ ലുവാന നേടിയ വിജയം

തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ കാലം ഹൈസ്‌കൂള്‍ കാലമായിരുന്നുവെന്നാണ് ലുവാന പറയുന്നത്. കാരണം, രാവിലെ ഏഴുമുതല്‍ ഉച്ചവരെ സ്‌കൂള്‍ പഠനം. ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ രാത്രി ഒമ്പതുമണിവരെ ബാലെ പരിശീലനം. അതുകഴിഞ്ഞ് വീട്ടിലെത്തിയാല്‍ അക്കാദമിക മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള പഠനം. കഷ്ടപ്പെടാന്‍ അവള്‍ക്ക് മടിയുണ്ടായിരുന്നില്ല.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: instagram / luanalopeslara

ലുവാന എപ്പോഴും വലിയ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെയായിരുന്നു. അടുത്ത സ്റ്റീവ് ജോബ്‌സ് ആകണമെതായിരുന്നു അവളുടെ ആഗ്രഹം. ഗണിതാധ്യാപികയായിരുന്ന അമ്മയും ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന അച്ഛനും അവള്‍ക്ക് പ്രചോദനവും സ്വാധീനവുമായിരുന്നു. പക്ഷേ അക്കാദമിക് സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായുംമുമ്പ് അവള്‍ കലാരംഗത്ത് തന്റേതായ ഇടം നേടി. അറിയപ്പെടുന്ന ബാലെ നര്‍ത്തകിയായി.

ബാലെ നര്‍ത്തകിയായി തുടക്കം

തന്റെ ജീവിതത്തിലെ ഏറ്റവും തീവ്രമായ കാലം ഹൈസ്‌കൂള്‍ കാലമായിരുന്നുവെന്നാണ് ലുവാന പറയുന്നത്. കാരണം, രാവിലെ ഏഴുമുതല്‍ ഉച്ചവരെ സ്‌കൂള്‍ പഠനം. ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ രാത്രി ഒമ്പതുമണിവരെ ബാലെ പരിശീലനം. അതുകഴിഞ്ഞ് വീട്ടിലെത്തിയാല്‍ അക്കാദമിക മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള പഠനം. കഷ്ടപ്പെടാന്‍ അവള്‍ക്ക് മടിയുണ്ടായിരുന്നില്ല. ആ കഷ്ടപ്പാടുകള്‍ക്കുള്ള അംഗീകാരങ്ങള്‍ അവളെ തേടിയെത്തി. ബ്രസീലിയന്‍ അസ്‌ട്രോണമി ഒളിമ്പ്യാഡില്‍ സ്വര്‍ണ്ണ മെഡലും സാന്റ കാതീന മാത്തമാത്തിക്‌സ് ഒളിമ്പ്യാഡില്‍ വെങ്കലമെഡലും നേടി.

ബ്രസീലിലെ പ്രശസ്തമായ ബല്‍ഷോയി തീയറ്റര്‍ സ്‌കൂളില്‍ നിന്നുമാണ് ലുവാന ബാലെ പരിശീലിച്ചത്. കത്തിച്ച സിഗരറ്റ് കാല്‍ മടക്കില്‍ വെച്ച് കാല്‍ ചെവി വരെ ഉയര്‍ത്തിപ്പിടിപ്പിച്ച അനുഭവമൊക്കെ ഇക്കാലത്ത് ലുവാനയ്ക്കുണ്ടായിട്ടുണ്ട്. ആ കഠിന പരിശീലനങ്ങളൊും വെറുതെയായില്ല,. അവളൊരു മികച്ച ബാലെ നര്‍ത്തകിയായി.

ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് പ്രൊഫഷണല്‍ ബാലെ നര്‍ത്തകിയായി ലുവാന വേദികളില്‍ തിളങ്ങി. ഒമ്പതുമാസത്തോളം ഓസ്ട്രിയയില്‍ ബാലെ അവതരിപ്പിച്ചു. പക്ഷേ അതിനുശേഷം അക്കാദമിക രംഗത്തെ തന്റെ ഭാവി സ്വപ്‌നങ്ങള്‍ക്ക് വേണ്ടി അവള്‍ തന്റെ പോയിന്റ് ഷൂ ഊരിവെച്ചു.

എംഐടിയിലെ പഠനകാലം

ലോകപ്രശസ്ത സര്‍വ്വകലാശാലയായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് (എംഐടി)ബിരുദപഠനത്തിനായി ലുവാന തിരഞ്ഞെടുത്തത്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം ചെയ്തു. അവധിക്കാലത്ത് റെ ദലിയോയുടെ ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സിലും കെന്‍ ഗ്രിഫിന്റെ സിറ്റാഡെല്‍ സെക്യൂരിറ്റീസിലും ജോലി ചെയ്തു.

എംഐടിയില്‍ വെച്ചാണ് ലുവാന താരെഫ് മന്‍സൂറിനെ പരിചയപ്പെടുത്. രണ്ടുപേരും കംപ്യട്ടര്‍ സയന്‍സാണ് വിഷയമായി തിരഞ്ഞെടുത്തിരുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗഹൃദ വലയങ്ങളിലും ക്ലാസുകളിലും അവര്‍ ഒന്നിച്ചായിരുന്നു. ലെബനനില്‍ ജനിച്ചുവളര്‍ന്ന താരെഖ് സ്വന്തമായി ഇംഗ്ലീഷ് പഠിച്ചാണ് അമേരിക്കന്‍ സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് പഠിച്ചത്. അങ്ങനെ എംഐടിയില്‍ അഡ്മിഷന്‍ കിട്ടി. ക്ലാസില്‍ മുന്‍നിരയില്‍ ഇരുന്ന് അധ്യാപകര്‍ പറയുന്നത ശ്രദ്ധിക്കുന്ന ആളായിരുന്നു ലുവാന എന്ന് താരെഖ് ഓര്‍ക്കുന്നു. പിന്നീടവര്‍ കൂടുതല്‍ അടുത്തു. താരെഖും ലുവാനയുടെ അടുത്തിരുന്ന് ക്ലാസ് ശ്രദ്ധിക്കാന്‍ തുടങ്ങി.

പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസിലേക്ക്

പഠനകാലത്ത് ഇന്റേണ്‍ഷിപ്പിന് ഇരുവരും തിരഞ്ഞെടുത്തത് ഒരേ സ്ഥാപനമായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഫൈവ് റിംഗ്‌സ് കാപ്പിറ്റല്‍. 2018ലായിരുന്നു അത്. ഒരിക്കല്‍ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അവര്‍ക്ക് പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസ് എന്ന ആശയം തലയിലുദിച്ചത്. ഭാവിയെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ ഉണ്ടാകുമ്പോഴാണ് ട്രേഡിംഗ് നടക്കുന്നത്. ആ കാഴ്ചപ്പാട് വെച്ചാണ് ആളുകള്‍ വിപണി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. തിരഞ്ഞെടുപ്പുകള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവ പോലുള്ള സംഭവങ്ങള്‍ നിക്ഷേപകരുടെ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ട്.

പരമ്പരാഗത ഓഹരി വിപണികളെ അത്തരം സംഭവങ്ങള്‍ നേരിട്ടല്ലാതെ സ്വാധീനിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കാനുള്ള സാധ്യതയില്‍ വ്യാപാരം നടത്താനുള്ള ഒരു വഴിയുണ്ടാകണമെന്ന ചിന്ത രണ്ടുപേരിലും ഉണ്ടായി. അവര്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലേറ്ററായ വൈ കോമ്പിനേറ്ററെ സമീപിച്ചു. 2019-ല്‍ വൈ കോമ്പിനേറ്ററില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായി. പക്ഷേ പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസിന്റെ നിയമസാധുത അന്ന് അവ്യക്തമായിരുന്നു. പിന്നീടങ്ങോട്ട് പല പ്രതിസന്ധികളും ലുവാനയ്ക്കും താരെഖിനും നേരിടേണ്ടിവന്നു. പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് വാതുവെപ്പിന് സമാനമാണ്. നിയമപരമായി അവ നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി ആവശ്യമായിരുന്നു. ആവശ്യവുമായി നാല്‍പ്പതോളം നിയമസ്ഥാപനങ്ങളെ സമീപിച്ചെങ്കിലും യുവസംരംഭകരുടെ ആവശ്യത്തിനൊപ്പം നില്‍ക്കാന്‍ ആരെയും ലഭിച്ചില്ല. സ്ഥാപകര്‍ക്ക് പ്രായം തീരെ കുറവാണെന്നുള്ളതും കമ്പനി തീരെ ചെറുതാണെന്നുള്ളതുമായിരുന്നു പലരുടെയും പ്രശ്‌നം.

കല്‍ഷിക്കായുള്ള കാത്തിരിപ്പ്

കല്‍ഷി എന്ന പേരായിരുന്നു ലുവാനയും താരെഖും തങ്ങളുടെ സംരംഭത്തിന് നല്‍കിയത്. കൊളെജ് കഴിഞ്ഞ് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളു രണ്ടുപേരും. പക്ഷേ ആ ചെറുപ്രായത്തില്‍ വലിയ റിസ്‌കുകള്‍ ഏറ്റെടുക്കേണ്ടിവന്നു. രണ്ടുവര്‍ഷത്തോളം ഒന്നുമില്ലാതെ വെറുതെയിരുന്നു. നിയമാനുമതി ലഭിച്ചില്ലെങ്കില്‍ കല്‍ഷി വട്ടപ്പൂജ്യമാകുമെന്നതായിരുന്നു അന്നത്തെ അവരുടെ ചിന്ത. അതിനിടെ ലുവാന ലണ്ടനില്‍ ഒരു ബിസിനസിന് ശ്രമിച്ചു. മന്‍സൂര്‍ ബെയ്‌റൂട്ടില്‍ വീട്ടിലേക്ക് തിരികെ പോയിരുന്നു. പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസ് എന്ന ആശയം പക്ഷേ അവരുടെ ഉള്ളില്‍ നിന്നും പോയില്ല.

ഒടുവില്‍ ജെഫ് ബാന്‍ഡ്മാന്‍ എന്ന അഭിഭാഷകന്‍ അവരുടെ സഹായത്തിനെത്തി. മുമ്പും സമാനമായ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുള്ള പരിചയം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ 2020 നവംബറില്‍ ലുവാനയുടെയും താരെഖിന്റെയും പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസിന് കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് കമ്മീഷന്റെ അനുമതി ലഭിച്ചു. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസ് എന്ന ലേബലായിരുന്നു എതിരാളികളില്‍ നിന്നും കല്‍ഷിയെ മാറ്റിനിര്‍ത്തിയത്. രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിച്ചതിന് ബ്ലോക്ക്‌ചെയിന്‍ ആധാരമാക്കിയുള്ള പോളിമാര്‍ക്കറ്റ് എന്ന കമ്പനി സിഎഫ്ടിസിയില്‍ നിന്ന് 1.4 മില്യണ്‍ ഡോളര്‍ പിഴ നേരിടേണ്ടിവന്നതും അക്കാലത്താണ്.

നേട്ടങ്ങളുടെ പടി കയറിക്കയറി

പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് ബിസിനസില്‍ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന വ്യത്യസ്ത കല്‍ഷിക്ക് നേട്ടമായി. പക്ഷേ പിന്നീട് പോളിമാര്‍ക്കറ്റിനും പ്രവര്‍ത്തനാനുമതി ലഭിച്ചു. ആറുവര്‍ഷം കൊണ്ട് കല്‍ഷി വലിയ മുന്നേറ്റം കാഴ്ചവെച്ചു. 11 ബില്യണ്‍ ഡോളര്‍ വിപണിമൂല്യത്തിലേക്ക് ഉയര്‍ന്നു. ജൂണില്‍ 185 മില്യണ്‍ ഫണ്ടിംഗ് സമാഹരണത്തിലൂടെ 2 ബില്യണ്‍ ഡോലര്‍ വിപണിമൂല്യത്തിലേക്കും ഒക്ടോബറില്‍ 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച് 5 ബില്യണ്‍ ഡോളര്‍ വിപണിമൂല്യത്തിലേക്കും കമ്പനിയെത്തി. പിന്നീടുള്ള ആറുമാസത്തിനിടെ വിപണിമൂല്യം അഞ്ചുമടങ്ങ് വര്‍ധിച്ചു. അതിനൊത്ത് സ്ഥാപകരുടെ ആസ്തിയും ഉയര്‍ന്നു.

ലോകത്തിലെ പ്രായം കുറഞ്ഞ ശതകോടീശ്വരിയായി ലുവാന

കല്‍ഷിയുടെ വളര്‍ച്ച ലുവാനയെ മറ്റൊരു നേട്ടത്തിനുടമയാക്കി. ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് ലുവാന. 29ാം വയസ്സിലാണ് അവര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലുവാനയ്ക്കും താരെഖിനും കല്‍ഷിയില്‍ 12 ശതമാനം ഓഹരികളാണ് ഉള്ളത്. കല്‍ഷിയുടെ വിപണിമൂല്യം വര്‍ധിച്ചപ്പോള്‍ ഇരുവരുടെയും ആസ്തി 1.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇങ്ങനെ ലുവാന പ്രായം കുറഞ്ഞ കോടീശ്വരിയായി. സ്‌കെയില്‍ എഐ സ്ഥാപകയായ ലൂസി ഗുവായെ കടത്തിവെട്ടിയാണ് ലുവാന ഈ നേട്ടം സ്വന്തമാക്കിയത്.

English Summary

From a disciplined ballet dancer to the world’s youngest self-made billionaire, Luana’s journey is a remarkable story of ambition, resilience and risk-taking. Trained at Brazil’s prestigious Bolshoi Theatre School, Luana balanced intense ballet practice with academic excellence before choosing to pivot towards technology and finance. A computer science graduate from MIT, she co-founded prediction market platform Kalshi with her classmate Tarek Mansour after identifying a gap in how markets price real-world events.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version