പേഴ്‌സണല്‍ ലോണോ സ്വര്‍ണ്ണപ്പണയമോ, അത്യാവശ്യങ്ങളില്‍ ഏതാണ് നല്ലത് ?

അത്യാവശ്യ സാഹചര്യങ്ങളില്‍ ഇവയില്‍ ഏതാണ് തെരഞ്ഞെടുക്കുക – എത്ര പെട്ടെന്ന് പണം ആവശ്യമാണ്, എത്ര പെട്ടെന്ന് ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കും, സ്വര്‍ണ്ണം പണയം വെക്കാന്‍ ഉണ്ടോ എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

അവിചാരിതായി പണത്തിന് ഒരു അത്യാവശ്യം വന്നു. കയ്യില്‍ കാശില്ല. എന്തുചെയ്യും. മിക്കയാളുകളും ഒന്നുകില്‍ പേഴ്‌സണല്‍ ലോണ്‍ നോക്കും, അല്ലെങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് ലോണെടുക്കും. പേഴ്‌സണല്‍ ലോണിനെ അപേക്ഷിച്ച് സ്വര്‍ണ്ണപ്പണയത്തിലൂടെ വേഗത്തില്‍ പണം കയ്യില്‍ കിട്ടും, പലിശയും കുറവായിരിക്കും. കാരണം നമ്മള്‍ ഈടായി സ്വര്‍ണ്ണം നല്‍കുന്നുണ്ട്. എന്നാല്‍ പേഴ്‌സണല്‍ ലോണിന് ഈടായി ഒന്നും നല്‍കാത്തത് കൊണ്ടുതന്നെ പലിശ കൂടുതലായിരിക്കും.

അത്യാവശ്യ സാഹചര്യങ്ങളില്‍ ഇവയില്‍ ഏതാണ് തെരഞ്ഞെടുക്കുക എന്ന് ചോദിച്ചാല്‍ എത്ര പെട്ടെന്ന് പണം ആവശ്യമാണ്, എത്ര പെട്ടെന്ന് ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കും, സ്വര്‍ണ്ണം പണയം വെക്കാന്‍ ഉണ്ടോ എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും.

ചിലവ് കുറവ് ഏതാണ്

സ്വര്‍ണ്ണപ്പണയത്തിന് സ്വതവേ പലിശ കുറവായിരിക്കും. കാരണം സ്വര്‍ണ്ണം ഈടായി ലഭിക്കുന്നത് കൊണ്ട് ബാങ്കുകള്‍ക്ക് റിസ്‌ക് കുറവാണ്. പേഴ്‌സണല്‍ ലോണ്‍ ഒരു വ്യക്തിയുടെ പ്രൊഫൈല്‍ അനുസരിച്ച് ആണ് ലഭിക്കുക. അതായത് അയാളുടെ ക്രെഡിറ്റ് സ്‌കോര്‍, വരുമാന സ്ഥിരത, ജോലി ചെയ്യുന്ന സ്ഥാപനം ഏത് വിഭാഗത്തിലാണ്, നിലവില്‍ എത്ര ലോണ്‍ ഉണ്ട് തുടങ്ങിയ കാര്യങ്ങള്‍ അവിടെ പരിഗണിക്കപ്പെടും. പ്രൊഫൈല്‍ മികച്ചതാണെങ്കില്‍, ആകര്‍ഷണീയമായ പലിശ നിരക്കില്‍ പേഴ്‌സണല്‍ ലോണ്‍ കിട്ടും. അല്ലെങ്കില്‍ പലിശ കൂടും. അതുകൊണ്ട് സ്വര്‍ണ്ണപ്പണയമോ പേഴ്‌സണല്‍ ലോണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുമ്പോള്‍ സാമ്പത്തിക ബാധ്യത കുറവ് ഏതിനാണെന്ന് നോക്കുക. പലിശ, പ്രൊസ്സസിംഗ് ഫീസ്, ഇന്‍ഷുറന്‍സ്, നേരത്തെ അടച്ചുതീര്‍ക്കുമ്പോള്‍ ഉള്ള ചിലവ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ താരതമ്യം ചെയ്യുക.

വേഗത

പെട്ടെന്ന് വായ്പാതുക കിട്ടാന്‍ സ്വര്‍ണ്ണപ്പണയമായിരിക്കും നല്ലത്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കി, KYC നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഒറ്റദിവസത്തില്‍ തന്നെ വായ്പ ലഭിച്ചേക്കും. പേഴ്‌സണല്‍ ലോണും വേഗത്തില്‍ ലഭിക്കാറുണ്ട്, പ്രത്യേകിച്ച് നേരത്തെ തന്നെ ഓഫര്‍ ആയി ലോണ്‍ അനുവദിച്ച് കിടക്കുന്നുണ്ടെങ്കില്‍ (പ്രീ-അപ്രൂവ്ഡ് ഓഫര്‍). അല്ലാത്തപക്ഷം വരുമാനം, ക്രെഡിറ്റ് സ്‌കോര്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നടന്നശേഷമായിരിക്കും വായ്പ ലഭിക്കുക. അതിന് ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. കയ്യില്‍ സമയമൊട്ടുമില്ല, സ്വര്‍ണ്ണം കൈവശം ഉണ്ട് എന്ന സാഹചര്യത്തില്‍ വേഗത്തില്‍ പണം കിട്ടാന്‍ സ്വര്‍ണ്ണപ്പണയമായിരിക്കും നല്ലത്.

സുരക്ഷിതം

സ്വര്‍ണ്ണപ്പണയത്തില്‍ നിങ്ങളുടെ സ്വര്‍ണ്ണം അതീവ സുരക്ഷിതമായിട്ടായിരിക്കും ബാങ്കില്‍ സൂക്ഷിക്കുക. പക്ഷേ അത് കൃത്യസമയത്ത് തിരിച്ചെടുക്കാതിരിക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം അത് ലേലത്തില്‍ വിറ്റുപോകാം. ബാങ്കുകള്‍ക്ക് അത് ഗുണകരമാണെങ്കിലും ഉപഭോക്താവിന് അത് ഒരു റിസ്‌ക് തന്നെയാണ്. പേഴ്‌സണല്‍ ലോണ്‍ എടുക്കുമ്പോള്‍ ആസ്തികളൊന്നും ഈടായി നല്‍കുന്നില്ല. തിരിച്ചടവുകള്‍ മുടങ്ങിയാല്‍ പിഴയോ ബാങ്കില്‍ നിന്നുള്ള സമ്മര്‍ദ്ദമോ ക്രെഡിറ്റ് സ്‌കോറില്‍ ഇടിവോ ഉണ്ടാകും. അതുകൊണ്ട് ഏതാണ് സുരക്ഷിതം എന്ന് ചോദിച്ചാല്‍ സ്വര്‍ണ്ണത്തിനാണോ, ക്രെഡിറ്റ് സ്‌കോറിനാണോ വില കല്‍പ്പിക്കുന്നത് എന്നതിനുസരിച്ചിരിക്കും.

കാലാവധി

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണപ്പണയമായിരിക്കും ഉചിതം. പെട്ടെന്നുള്ള പണ ആവശ്യങ്ങള്‍ക്ക് അവ ഉപകാരപ്പെടും. പക്ഷേ പെട്ടെന്ന് തിരിച്ചെടുക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടായിരിക്കണം. പേഴ്‌സണല്‍ ലോണിന്റെ തിരിച്ചടവ് കാലാവധി കൂടുതലായിരിക്കും. മാസം തവണകളായി അടയ്ക്കാം. ഇഎംഐകളില്‍ മാറ്റമുണ്ടാകില്ല. ഒറ്റയടിക്ക് ലോണ്‍ തിരിച്ചടയ്‌ക്കേണ്ടി വരുന്നില്ല, കൂടുതല്‍ സമയവും ലഭിക്കും.

കണക്കിലെ കളികള്‍

കുറഞ്ഞ മാസങ്ങളില്‍ തന്നെ ലോണെടുത്ത തുക തിരിച്ചടയ്ക്കാനാണ് ആലോചിക്കുന്നതെങ്കില്‍ സ്വര്‍ണ്ണപ്പണയത്തിന്റെ കുറഞ്ഞ പലിശനിരക്കും തിരിച്ചടവ് കാലാവധിയും ഉപകാരപ്പെടും. പലിശയിനത്തില്‍ അധികം തുക കയ്യില്‍ നിന്ന് പോകില്ല. പക്ഷേ അതേ തുക കുറച്ചധികം കാലത്തേക്ക് ലോണ്‍ എടുക്കാനാണ് പദ്ധതിയെങ്കില്‍ കൂടുതല്‍ പലിശയില്‍ കൂടുതല്‍ കാലത്തേക്ക് എടുക്കാം. എത്ര പെട്ടെന്ന് തിരിച്ചടയ്ക്കാനാകുമെന്നതിലാണ് നഷ്ടസാധ്യതകള്‍ ഉള്ളത്. പെട്ടെന്ന് തിരിച്ചടയ്ക്കാന്‍ സാധിക്കുമെങ്കില്‍ സ്വര്‍ണ്ണപ്പണയത്തില്‍ പലിശ കുറയും, പക്ഷേ കൂടുതല്‍ കാലം തിരിച്ചടവിന് വേണ്ടിവരുമെങ്കില്‍ പേഴ്‌സണല്‍ ലോണില്‍ കൂടുതല്‍ പലിശ നല്‍കാന്‍ തയ്യാറാകണം.

തീരുമാനത്തിന് മുമ്പ് ഇതൊന്ന് ശ്രദ്ധിക്കണം

ഏത് വായ്പയാണ് തിരഞ്ഞെടുക്കുന്നതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് എങ്ങനെയാണ് പലിശ കണക്കാക്കുന്നതെന്ന് നോക്കുക, എത്ര തുക ഫീസായി ചിലവാകുമെന്ന് നോക്കുക, ടോപ്-അപ്പുകള്‍ (ലോണ്‍ തുക പിന്നീട് കൂട്ടിയെടുക്കല്‍) സാധ്യമാണോ എന്ന് അന്വേഷിക്കുക, മുന്‍കൂട്ടി ലോണ്‍ ക്ലോസ് ചെയ്യുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണെന്ന് നോക്കുക.

സ്വര്‍ണ്ണപ്പണയങ്ങളില്‍ സൂക്ഷിക്കുന്ന രീതി, ഇന്‍ഷുറന്‍സ്, ലേലത്തിന് മുമ്പുള്ള വിജ്ഞാപനം, പുതുക്കല്‍ വൈകുന്ന പക്ഷം ഈടാക്കുന്ന അധിക പലിശ എന്നിവ കൂടി പരിഗണിക്കുക. പേഴ്‌സണല്‍ ലോണാണെങ്കില്‍, നിലവിലെ ക്രെഡിറ്റ് ലിമിറ്റിനെ അത് എങ്ങനെ ബാധിക്കുമെന്ന് നോക്കുക, ഇഎംഐ ഒരു മാസത്തെ ചിലവിനെ താളം തെറ്റിക്കുമോ എന്ന് നോക്കുക.

വേഗത്തില്‍ പണം കിട്ടേണ്ടവര്‍ക്ക് സ്വര്‍ണ്ണം കൈവശമുണ്ടെങ്കില്‍, പെട്ടെന്ന് തിരിച്ചടവ് സാധിക്കുമെങ്കില്‍ സ്വര്‍ണ്ണപ്പണയ സാധ്യത വിനിയോഗിക്കാം. പൊതുവെ അത് ചിലവ് കുറഞ്ഞ വായ്പാരീതിയുമാണ്. എഎന്നാല്‍ ഈടായി ഒന്നും കൊടുക്കാന്‍ ആലോചിക്കുന്നില്ലെങ്കില്‍, തിരിച്ചടവ് കാലാവധി കൂടുതല്‍ വേണമെങ്കില്‍, ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ ആയിരിക്കും കൂടുതല്‍ സൗകര്യം. പക്ഷേ ചിലവ് കൂടും.

English Summary

 When financial emergencies strike, most people turn to either a personal loan or a gold loan. Both can get you quick cash — but which is better? A gold loan offers lower interest rates and faster approval, while a personal loan provides longer repayment periods and doesn’t require collateral. The right choice depends on your repayment capacity, urgency, and financial stability. Here’s a complete guide to choosing wisely between the two.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version