അമേരിക്കക്കും ആയുധക്ഷാമം!
ഇറാനെതിരായ യുദ്ധത്തില്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉപയോഗിച്ചതോടെ അമേരിക്കയുടെ പ്രതിരോധ ശേഖരത്തില്‍ ‘തന്ത്രപ്രധാനമായ ക്ഷാമം’ നേരിടുന്നതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. അഡ്വാന്‍സ്ഡ് മിസൈലുകളുടെയും പ്രതിരോധ ഇന്റര്‍സെപ്റ്ററുകളുടെയും ശേഖരത്തിലാണ് കൂടുതല്‍ സമ്മര്‍ദ്ദം. ആയുധങ്ങള്‍ വേഗത്തില്‍ പുനര്‍നിര്‍മിക്കുന്നതില്‍ വ്യാവസായിക അടിസ്ഥാനസൗകര്യങ്ങളിലെ തടസ്സങ്ങളും വെല്ലുവിളിയാകുന്നു. ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്; ഇതില്‍ 22.3 ബില്യണ്‍ ഡോളര്‍ ആയുധങ്ങള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി ചെലവായി. ഏകദേശം 30 എംക്യു-9 ഡ്രോണുകള്‍ യുഎസിന് നഷ്ടപ്പെട്ടു. ചില മിസൈലുകളും ഇന്റര്‍സെപ്റ്ററുകളും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ മൂന്ന് വര്‍ഷത്തോളം വേണ്ടിവരുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
വിപണി സമ്മര്‍ദ്ദത്തില്‍
ആഗോള ആശങ്കകളും ഉയര്‍ന്ന എണ്ണവിലയും ബോണ്ട് യീല്‍ഡും സമ്മര്‍ദം സൃഷ്ടിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത വില്‍പ്പന. ദിവസത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സെന്‍സെക്‌സ് 1,400 പോയിന്റ് വരെ ഇടിഞ്ഞു. ദിനാന്ത്യത്തില്‍ സെന്‍സെക്‌സ് 777.94 പോയിന്റ് താഴ്ന്ന് 74,003.82ലും നിഫ്റ്റി 279.50 പോയിന്റ് ഇടിഞ്ഞ് 23,118.60ലും ക്ലോസ് ചെയ്തു. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്. ഐടി ഓഹരികള്‍ നേട്ടത്തിലായിരുന്നു. HCL Tech ഏകദേശം 5% ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 108 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതോടെ വിപണി കനത്ത സമ്മര്‍ദ്ദത്തിലാണ്. നാളെ പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് ഫെഡ് റേറ്റും വിപണി ജാഗ്രതയോടെയാണ് കാണുന്നത്.
പണപ്പെരുപ്പം ഉയരുമെന്ന് ആര്‍ബിഐ
ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം വരും മാസങ്ങളില്‍ 6.5% കടന്നേക്കുമെന്ന് എസ്ബിഐ റിസര്‍ച്ച്. 2027ന്റെ തുടക്കത്തില്‍ ഇത് വീണ്ടും 6%ല്‍ താഴേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ RBI ഒക്ടോബറിലും ഡിസംബറിലും 25 ബേസിസ് പോയിന്റ് വീതം റിപ്പോ നിരക്ക് ഉയര്‍ത്തി, പിന്നീട് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഓഗസ്റ്റിലെ റീട്ടെയില്‍ പണപ്പെരുപ്പം ജൂലൈയിലെ 4.45%ല്‍ നിന്ന് 4.82% ആയി ഉയര്‍ന്നു. ഭക്ഷ്യപ്പണപ്പെരുപ്പം 5.66%, കോര്‍ ഇന്‍ഫ്‌ലേഷന്‍ 4.16% ആയി ഗ്രാമീണ പണപ്പെരുപ്പം 5.23% എന്നിങ്ങനെയാണ് സാഹചര്യം.
ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉയരുന്നു
2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 65.49 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51.56 ബില്യണ്‍ ഡോളറായിരുന്നു ഇറക്കുമതി. അഞ്ച് മാസക്കാലയളവ് നോക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി ഉറവിടം ചൈനയാണ്. റഷ്യയില്‍ നിന്ന് 41.44 ബില്യണ്‍ ഡോളര്‍, യുഎസില്‍ നിന്ന് 28.09 ബില്യണ്‍ ഡോളര്‍, യുഎഇയില്‍ നിന്ന് 24.36 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ഇറക്കുമതി മൂല്യം. അതേസമയം ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണി യുഎസാണ്; യുഎസിലേക്കുള്ള കയറ്റുമതി 42.79 ബില്യണ്‍ ഡോളര്‍ ആയി. ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 399.27 ബില്യണും ഇറക്കുമതി 459.65 ബില്യണ്‍ ഡോളറും ആയതോടെ വ്യാപാരക്കമ്മി 60.38 ബില്യണായി.
എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളില്‍ കുതിപ്പ്
സിഇഒയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലായതോടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ചൊവ്വാഴ്ച 3.2% വരെ ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഏറ്റവും വലിയ ഇന്‍ട്രാഡേ നേട്ടമാണിത്. CEO സ്ഥാനത്തേക്ക് രണ്ട് പേരുടെ പേരുകള്‍ ബാങ്ക് ആര്‍ബിഐക്ക് സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലെ സിഇഒ ശശിധര്‍ ജഗദീശന്റെ കാലാവധി ഒക്ടോബറില്‍ അവസാനിക്കും. ഈ വര്‍ഷം എച്ച്ഡിഎഫ്‌സി ഓഹരി ഇതുവരെ 27.2% ഇടിഞ്ഞിട്ടുണ്ട്. എന്നാല്‍ ബ്രോക്കറേജുകള്‍് ഇപ്പോഴും ഓഹരിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. ജെഫറീസ് 880 രൂപയും നോമുറ 950 രൂപയുമാണ് ലക്ഷ്യവിലയായി നിശ്ചയിച്ചിരിക്കുന്നത്.
