നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്പോണ്‍സര്‍മാര്‍

ബിജെപി ഖജനാവ് നിറച്ച് കോര്‍പ്പറേറ്റുകള്‍; പാതിയായി കോണ്‍ഗ്രസ് ഫണ്ട്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Photo credit: AI-generated
Highlights
  • അധികാരവും ഫണ്ടുമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നോട്ടു പോവുക അസാധ്യം. പിരിവ് തന്നെ മാര്‍ഗം. അണികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. പിന്നെ വഴി ബിസിനസുകാര്‍ തന്നെയാണ്. കാലാകാലങ്ങളായി ഇന്ത്യയില്‍ രാഷ്ട്രീയത്തെ താങ്ങി നിര്‍ത്തുന്നത് വ്യവസായികളാണ്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഓടുന്നത് കോര്‍പ്പറേറ്റ് ഫണ്ടിംഗിലൂടെയാണ്. രാഷ്ട്രീയം ഹിന്ദുത്വയായാലും കമ്യൂണിസമായാലും ഇടതായാലും വലതായാലും നടുവായാലും കാര്യങ്ങള്‍ നേരെചൊവ്വേ നടക്കണമെങ്കില്‍ കോര്‍പ്പറേറ്റ് ഫണ്ട് കൂടിയേ തീരൂ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 20,000 രൂപക്ക് മുകളിലുള്ള സംഭാവനകളുടെ വിവരങ്ങള്‍ പാര്‍ട്ടികള്‍ സമര്‍പ്പിച്ചത് അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തു വിട്ടു. ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലാതായ ശേഷം പുറത്തു വന്ന ഒരു സമ്പൂര്‍ണ സാമ്പത്തിക വര്‍ഷ കണക്കെന്ന നിലയില്‍ ഇതിന് പ്രാധാന്യമുണ്ട്.

ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന ആരോപണം അംബാനി-അദാനി ബന്ധമാണ്. ഈ വ്യവസായ പ്രമുഖന്‍മാരില്‍ നിന്നും പണം വാങ്ങുകയും അതിന് നന്ദിസൂചകമായി അവര്‍ക്ക് അനുകൂലമായ പല തീരുമാനങ്ങളും എടുക്കുന്നു എന്നുമാണ് ആരോപണം. വ്യവസായികളോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അടുപ്പത്തെ ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്നാണ് പറയുന്നത്. സ്വാഭാവികമായും ഫണ്ട് നല്‍കുന്നവരുടെ, കോര്‍പ്പറേറ്റുകളുടെയായാലും വ്യക്തികളുടെയായാലും താല്‍പ്പര്യങ്ങള്‍ ഒരു പരിധി വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംരക്ഷിക്കേണ്ടതായും വരും.

എന്നാല്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് മമത പുലര്‍ത്തുന്ന സംരംഭങ്ങള്‍ തുലോം കുറവാണ്. അധികാരമനുസരിച്ച് ബിസിനസുകളുടെയും രാഷ്ട്രീയം മാറാം. അതനുസരിച്ച് ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഫണ്ടുകളുടെ സിംഹഭാഗവും ലഭിക്കും. പ്രതിപക്ഷത്തിരിക്കുന്നവര്‍ അതുകണ്ട് മുറുമുറുക്കും. നാളെ ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ കാണിച്ചു തരുന്നുണ്ട്! സ്വാഭാവികമായും ആ പെട്ടിയിലും ഇടണം തുട്ട്. സഹായിക്കാന്‍ ഒരു കൂട്ടര്‍ക്ക്, കഞ്ഞിയില്‍ മണ്ണ് വാരിയിടാതിരിക്കാന്‍ മറ്റൊരു കൂട്ടര്‍ക്ക്. ഒരു വിധത്തില്‍ ഒരു കപ്പം കൊടുക്കലാണ് ഈ പൊളിറ്റിക്കല്‍ ഫണ്ടിംഗ്.

ഉദാഹരണത്തിന് പരമ്പരാഗതമായി തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയോട് ചേര്‍ന്നു നിന്ന വമ്പന്‍ കോര്‍പ്പറേറ്റുകളായിരുന്നു ബിര്‍ള ഗ്രൂപ്പും ടാറ്റ ഗ്രൂപ്പും. ഡാല്‍മിയ, സിംഘാനിയ, ജിന്‍ഡാല്‍ ഗ്രൂപ്പുകളും കോണ്‍ഗ്രസിനെ ധനപരമായി സഹായിച്ചു. ബിര്‍ള‍ കുടുംബത്തില്‍ നിന്നുള്ള കൃഷ്ണ കുമാര്‍ ബിര്‍ള ഏറെക്കാലം കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായിരുന്നു. ടാറ്റ-ബിര്‍ളക്കായുള്ള ഭരണം എന്നായിരുന്നു അന്ന് കോണ്‍ഗ്രസിന് നേരെ ഉയര്‍ന്ന ആരോപണം. ഇന്നത് അദാനി-അംബാനി ദ്വന്തമായി മാറിയെന്നു മാത്രം. 2014 ല്‍ ബിജെപി അധികാരം പിടിച്ച ശേഷം ഈ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ പലതും കോണ്‍ഗ്രസ് ചായ്വ് പതിയെ ഉപേക്ഷിച്ച് ബിജെപി പക്ഷത്തേക്ക് മാറിയെന്നതാണ് വാസ്തവം.

രാജ്യത്തെ വ്യവസായ പ്രമുഖരുമായി 2020 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

ഇതിനിടെ എളുപ്പത്തില്‍ പണം വാരാന്‍ പാര്‍ട്ടികള്‍ കണ്ടുപിടിച്ച ഇലക്ടറല്‍ ബോണ്ടുകള്‍ 2024 ഫെബ്രുവരിയി 15 ന് ഒരു ചരിത്ര വിധിയിലൂടെ സുപ്രീം കോടതി നിരോധിച്ചു. ഇതോടെ ബോണ്ടുകളിലൂടെ ലഭിച്ചിരുന്ന സംഭാവന ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെയായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കാന്‍ മുന്‍നിര കമ്പനികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന ട്രസ്റ്റുകളാണ് ഇലക്ടറല്‍ ട്രസ്റ്റുകള്‍. 2013 ല്‍ കമ്പനി നിയമത്തിന്റെ എട്ടാം സെക്ഷന്‍ അനുസരിച്ച് രൂപീകരിച്ച നോണ്‍ പ്രോഫിറ്റ് സ്ഥാപനങ്ങളാണ് ഇവ. ലഭിക്കുന്ന ഫണ്ടിന്റെ 95% രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യണമെന്നതാണ് നിയമം. ബോണ്ടുകളേക്കാള്‍ സ്മൂത്തായി ഇലക്ടറല്‍ ട്രസ്റ്റുകളിലൂടെ ഇപ്പോള്‍ പാര്‍ട്ടികളുടെ ഖജനാവിലേക്ക് പണമൊഴുകുകയാണ്.

മുന്നില്‍ ബിജെപി

കേന്ദ്രത്തില്‍ തുടര്‍ച്ചയായി മൂന്നാം ടേമിലും അധികാരത്തിലുള്ള ബിജെപി കോര്‍പ്പറേറ്റ് മേഖലയുടെ പ്രിയപ്പെട്ട പാര്‍ട്ടിയായി മാറിയിട്ടുണ്ട്. ബനിയമാരും മാര്‍വാഡികളും തഴച്ചുവളര്‍ന്ന മണ്ണില്‍ നിന്നു വന്ന വ്യക്തികളാണ് ബിജെപിയുടെ അധികാര സ്ഥാനങ്ങളിലുള്ളത്. അവരെ ആരും ബിസിനസ് പഠിപ്പിക്കേണ്ടതില്ല. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6,088 കോടി രൂപയാണ് സംഭാവനയായി ബിജെപിക്ക് ലഭിച്ചത്. മുന്‍ വര്‍ഷത്തെ 3,967 കോടി രൂപയില്‍ നിന്ന് 50% ല്‍ ഏറെ തുക ബിജെപിക്ക് ഈ വര്‍ഷം ലഭിച്ചു. ഇതില്‍ 3100 കോടി രൂപയോളം ഇലക്ടറല്‍ ട്രസ്റ്റുകള്‍ മുഖേനയാണ്. എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഡിഎല്‍എഫ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ അംഗമായ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ് ബിജെപിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയത്, 2180.7 കോടി രൂപ.

പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്

രാജ്യത്തെ ഏറ്റവും സമ്പന്നമായ ഇലക്ടറല്‍ ട്രസ്റ്റാണ് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ്. മുന്‍പ് സത്യ ഇലക്ടറല്‍ ട്രസ്റ്റ് എന്ന് അറിയപ്പെട്ടിരുന്ന ഈ സംവിധാനമാണ് പൊളിറ്റിക്കല്‍ ഫണ്ടിംഗിന്റെ ഭൂരിഭാഗവും നിര്‍വഹിക്കുന്നത്. എല്‍ ആന്‍ഡ് ടി ഗ്രൂപ്പിന്റെ കീഴിലുള്ള എലിവേറ്റഡ് അവന്യൂ റിയല്‍റ്റിയാണ് 500 കോടി രൂപ സംഭാവനയുമായി പ്രുഡന്റ് ട്രസ്റ്റിലേക്ക് ഏറ്റവുമധികം പണമെത്തിച്ചത്. ഹൈദരാബാദില്‍ നിന്നുള്ള മേഘ എന്‍ജിനീയറിംഗ് 175 കോടി രൂപ ഈ ട്രസ്റ്റിലേക്ക് നല്‍കി. 160 കോടി രൂപയുമായി മഹീന്ദ്ര ഗ്രൂപ്പ് മൂന്നാമതുണ്ട്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് 157 കോടി രൂപയും ഡിഎല്‍എഫും ആര്‍സലര്‍ മിത്തലും 100 കോടി രൂപയും മാരുതി സുസുക്കി 60 കോടി രൂപയും ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു. സിഇഎസ്ഇ (60 കോടി), അപ്പോളോ ടയേഴ്സ് (50 കോടി) ഹെറ്ററോ ലാബ്സ് (50 കോടി), ടിവിഎസ് മോട്ടോഴ്സ് (40 കോടി), സിപ്ല (39) തുടങ്ങിയ കമ്പനികളും ഗണ്യമായ തുക ട്രസ്റ്റിലേക്ക് നല്‍കി. ആകെ 2668.46 കോടി രൂപയാണ് കോര്‍പ്പറേറ്റ് മേഖലയില്‍ നിന്ന് സംഭാവനയായി ട്രസ്റ്റിലേക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് നഷ്ടം

പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് പാര്‍ലമെന്റ് ഇലക്ഷനിലെ തോല്‍വിക്ക് ശേഷം ബിസിനസുകാര്‍ കൈയയച്ച് സഹായം ചെയ്യുന്നത് നിര്‍ത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ ഫണ്ട് 2023-24 ലെ 1,130 കോടി രൂപയില്‍ നിന്ന് 522.13 കോടി രൂപയായി കുറയുകയാണുണ്ടായത്. കോണ്‍ഗ്രസിനെക്കാള്‍ 12 ഇരട്ടി തുക ബിജെപി സമാഹരിച്ചെന്ന് വ്യക്തം. പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് തന്നെയാണ് കോണ്‍ഗ്രസിന്റെയും വലിയ ഫണ്ടര്‍. എന്നാല്‍ നല്‍കിയത് 216.3 കോടി രൂപ മാത്രം. അധികാരത്തിന്റെ ബലം നഷ്ടപ്പെട്ടപ്പോള്‍ സഹായിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.

പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ്

ബിജെപിയുടെ രണ്ടാമത്തെ പ്രബല ഫണ്ടര്‍, ടാറ്റ സണ്‍സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ പവര്‍ തുടങ്ങി 15 ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഉള്‍പ്പെടുന്ന പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റാണ്. ഈ ട്രസ്റ്റ് ബിജെപിക്ക് 757.6 കോടി രൂപ നല്‍കി. കോണ്‍ഗ്രസിന് അതിന്റെ പത്തിലൊന്ന് തുക അഥവാ 77.3 കോടി രൂപ മാത്രമാണ് ട്രസ്റ്റില്‍ നിന്ന് ലഭിച്ചത്. 83% ഫണ്ടാണ് ടാറ്റ ഗ്രൂപ്പ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവ സേന, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ 10 കോടി രൂപ വീതവും ഈ ട്രസ്റ്റില്‍ നിന്ന് ലഭിച്ചു. 915 കോടി രൂപയാണ് ട്രസ്റ്റിലേക്ക് ആകെ സംഭാവനയായി എത്തിയത്.

എബി ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്

പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ മുഖ്യ ഫണ്ടര്‍മാരിലൊന്നായിരുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള എബി ഇലക്ടറല്‍ ട്രസ്റ്റ് 606 കോടി രൂപയാണ് ബിജെപിക്ക് നല്‍കിയത്. ബിജെപിയുടെ മൂന്നാമത്തെ വലിയ ഫണ്ടറും എബി ഗ്രൂപ്പാണ്. അതേസമയം 15 കോടി രൂപ മാത്രമാണ് കോണ്‍ഗ്രസിന്റെ പക്കലേക്കെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ട്രസ്റ്റിന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അലുമിനിയം ഉല്‍പ്പാദനത്തില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനമുള്ള ഹിന്‍ഡാല്‍കോ അടക്കമുള്ള ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനികളാണ് ഈ ട്രസ്റ്റിലേക്ക് പണം നല്‍കുന്നത്.

ന്യൂ ഡെമോക്രാറ്റിക് ഇലക്ടറല്‍ ട്രസ്റ്റ്

മഹീന്ദ്ര ഗ്രൂപ്പിന്റെ കമ്പനികള്‍ പ്രധാനമായും ഉള്‍പ്പെടുന്ന ട്രസ്റ്റാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി ഗ്രൂപ്പിലെ പ്രധാന കമ്പനികള്‍ ചേര്‍ന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 160 കോടി രൂപ സംഭാവന ചെയ്തു. ഇതില്‍ 150 കോടി രൂപയും ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസിനും ശിവസേന ഉദ്ധവ് വിഭാഗത്തിനും 5 കോടി രൂപ വീതം ലഭിച്ചു.

മറ്റ് ഫണ്ടര്‍മാര്‍

ബിജെപിയുടെ മറ്റ് പ്രധാന ഫണ്ടര്‍മാരില്‍ പ്രമുഖ വാക്സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും (100 കോടി രൂപ) ഖനന കമ്പനിയായ രുംഗ്ത ഗ്രൂപ്പും (95 കോടി രൂപ) ബജാജ് ഗ്രൂപ്പും (74 കോടി രൂപ) ഐടിസിയും (72.5 കോടി രൂപ) ഉണ്ട്. ഇരുചക്ര വാഹന വമ്പന്‍മാരായ ഹീറോ എന്റര്‍പ്രൈസ് 70 കോടി രൂപയും ഖനന മേഖലയിലെ പ്രബല കമ്പനിയായ വേദാന്ത 65 കോടി രൂപയും ബിജെപിക്ക് നല്‍കി.

അതേസമയം ട്രസ്റ്റുകള്‍ക്ക് പുറമെ കോണ്‍ഗ്രസിന്റെ പ്രധാന ഫണ്ടര്‍മാര്‍ സെഞ്ചുറി പ്ലൈവുഡ്സും ഐടിസിയും കൊട്ടാക് ഗ്രൂപ്പുമാണ്. സെഞ്ചുറി പ്ലൈവുഡ്സ് 26 കോടി രൂപയും എഫ്എംസിജി വമ്പന്‍മാരായ ഐടിസി 15.5 കോടി രൂപയും കൊട്ടാക് ഗ്രൂപ്പ് 10 കോടി രൂപയും കോണ്‍ഗ്രസിന് സംഭാവന ചെയ്തു. വേദാന്തയുടെ ഉപ കമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് 10 കോടി രൂപയും സന്തൂര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സന്തൂര്‍ മാംഗനീസ് ആന്‍ഡ് അയണ്‍ ഓര്‍സ് 9.5 കോടി രൂപയും കോണ്‍ഗ്രസിന് സംഭാവന ചെയ്തു. പ്രമുഖ ഓഹരി വിപണി നിക്ഷേപകനായ രാഷാകൃഷ്ണ ദമാനിയുടെ ഡിറൈവ് ഇന്‍വെസ്റ്റ്മെന്റ്സ് 4 കോടി രൂപയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കി.

സംസ്ഥാനങ്ങളിലെ കരുത്തര്‍

ദേശീയ തലത്തില്‍ മാത്രം രാഷ്ട്രീയ പിടിപാട് പോരല്ലോ. സംസ്ഥാനങ്ങളിലും അത് വേണം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഫണ്ട് മുന്‍ വര്‍ഷത്തേതിനേക്കാള്‍ മൂന്നിരട്ടി വളര്‍ന്ന് 184.96 കോടി രൂപയിലെത്തി. ഇതില്‍ 92 കോടി രൂപ നല്‍കിയത് പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി കമ്പനിയായ ടൈഗര്‍ അസോസിയേറ്റ്സ് 50 കോടി രൂപയും പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് 10 കോടി രൂപയും തൃണമൂലിന് നല്‍കി. ശ്രദ്ധേയമായ വസ്തുത ടാറ്റയെ സിംഗൂരില്‍ നിന്ന് ഗുജറാത്തിലേക്ക് കെട്ടുകെട്ടിച്ചാണ് മമത ബാനര്‍ജി പശ്ചിമ ബംഗാളില്‍ അധികാരമേറ്റത്. അതേ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് ട്രസ്റ്റാണ് 10 കോടി രൂപ മമതക്ക് സംഭാവന ചെയ്തിരിക്കുന്നത്. രാഷ്ട്രീയത്തില്‍ മാത്രമല്ല ബിസിനസിലും സ്ഥിരം ശത്രുക്കളില്ല, സ്ഥിരം താല്‍പ്പര്യങ്ങളേയുള്ളൂ.

തമിഴ്നാട്ടില്‍ ഡിഎംകെയുടെ ഫണ്ട് 2023 ലെ 81.56 കോടി രൂപയില്‍ നിന്ന് നാലിരട്ടിയിലേറെ വളര്‍ന്ന് 365.82 കോടി രൂപയായി. ഇതില്‍ സിംഹഭാഗവും ജനങ്ങളില്‍ നിന്ന് 2000 രൂപ കൂപ്പണുകളിലൂടെ ശേഖരിച്ചതാണ്. 50 കോടി രൂപ, സാന്റിയാഗോ മാര്‍ട്ടിന്റെ കൊല്‍ക്കത്ത ആസ്ഥാനമായ ടൈഗര്‍ അസോസിയേറ്റ്സ് സംഭാവന ചെയ്തു. 10 കോടി രൂപ ടാറ്റയുടെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റും നല്‍കി.

ഡെല്‍ഹിയിലും പഞ്ചാബിലും ഭരണമുള്ള കാലത്തെ കണക്കായതിനാല്‍ ആം ആദ്മി പാര്‍ട്ടിക്കും ഫണ്ട് പിരിവില്‍ മുന്നേറ്റം തന്നെയാണ്. 2023-24 ലെ 11.06 കോടി രൂപ ഫണ്ട് മൂന്നിരട്ടിയിലേറെ വര്‍ധിച്ച് 2024-25 ല്‍ 38.1 കോടി രൂപയിലെത്തി. ഇതില്‍ 16.4 കോടി രൂപ പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന്റെ സംഭാവനയാണ്.

ഇടത്തേക്കുള്ള ഫണ്ട്

ദേശീയ തലത്തില്‍ ക്ഷീണിച്ചെങ്കിലും കേരളത്തില്‍ ഭരണത്തിലുള്ള സിപിഐഎമ്മിന്റെ ഫണ്ട് 2023-24 ലെ 7.64 കോടി രൂപയില്‍ നിന്ന് 16.95 കോടി രൂപയിലേക്ക് -ഇരട്ടിയിലേറെ- വളര്‍ന്നു. എംപിമാരടക്കമുള്ളവരുടെ പാര്‍ട്ടി ലെവി, വര്‍ഗ ബഹുജന സംഘടനകളില്‍ നിന്നുള്ള വരുമാനം ഒക്കെയാണ് പ്രധാന വരുമാന സ്രോതസെന്നു പറയുമ്പോഴും സിപിഎമ്മിനും ലഭിച്ചിട്ടുണ്ട് കോര്‍പ്പറേറ്റ് സംഭാവനകള്‍. തൃശൂര്‍ ആസ്ഥാനമായ കല്യാണ്‍ ജ്വല്ലേഴ്സാണ് (1 കോടി രൂപ) ഏറ്റവും ഉയര്‍ന്ന തുക സിപിഎമ്മിന് നല്‍കിയത്. മുത്തൂറ്റ് ഫിനാന്‍സും ഹൈദരാബാദ് ആസ്ഥാനമായ ഫാര്‍മ കമ്പനിയായ നാറ്റ്കോ ഫാര്‍മയും 50 ലക്ഷം രൂപ വീതം സംഭാവന നല്‍കി. മറ്റു കമ്പനികളില്‍ നിന്നും ഇതേപോലെ ഫണ്ടുകള്‍ സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. വ്യക്തിഗത ഫണ്ടിംഗില്‍ 12 ലക്ഷം രൂപ നല്‍കി രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് മുന്നിലെത്തി. ബൃന്ദ കാരാട്ടും ഹനന്‍ മൊള്ളയും 3.9 ലക്ഷം രൂപ സംഭാവന ചെയ്തു. അന്തരിച്ച സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും 1.33 ലക്ഷം രൂപ നല്‍കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ക്കും അതിന് പകരം നില്‍ക്കുന്ന ഇലക്ടറല്‍ ട്രസ്റ്റുകള്‍ക്കും എതിരാണ് പാര്‍ട്ടി. മുന്‍പ് വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് പാര്‍ട്ടി പത്രത്തിന്റെ ബോണ്ടുകള്‍ നല്‍കി പണം വാങ്ങിയതിന് ശേഷം ബോണ്ടുകള്‍ പാര്‍ട്ടിക്ക് അലര്‍ജിയാണ്. എന്നാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംഭാവന വാങ്ങാതെ സിപിഎമ്മിനും മുന്നോട്ടു പോക്ക് ബുദ്ധിമുട്ടാണെന്ന് ഫണ്ട് രേഖകള്‍ സൂചിപ്പിക്കുന്നു. ഏറെക്കാലമായി പാര്‍ട്ടി, ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്ന കിറ്റെക്സ് എംഡി സാജു ജേക്കബ് 2022-23 ല്‍ 30 ലക്ഷം രൂപ നല്‍കി സിപിഎമ്മിന്റെ മുഖ്യ ഫണ്ടര്‍മാരിലൊരാളായെന്നത് വിരോധാഭാസം.

ഇടതുപക്ഷത്ത് മറ്റൊരു വിപ്ലവ പാര്‍ട്ടിയും ഫണ്ട് ഉയര്‍ത്തി വളര്‍ന്നു വരുന്നുണ്ട്. 2023-24 ലെ 94.63 ലക്ഷം രൂപ 2024-25 ല്‍ 2.98 കോടി രൂപയായി സിപിഐ(എംഎല്‍) ലിബറേഷന്‍ ഉയര്‍ത്തിയിട്ടുണ്ട്. ബിസിനസ് ഫണ്ടിംഗ് ഈ പാര്‍ട്ടിക്കും ഒഴിവാക്കാനായിട്ടില്ല. ഖനികളാല്‍ സമ്പന്നമായ ഝാര്‍ഖണ്ഡും ബിഹാറുമാണ് ഈ പാര്‍ട്ടിയുടെ കൊയ്ത്തുനിലങ്ങള്‍.

English Summary

Corporate sponsorship continues to be the backbone of Indian politics, with the BJP emerging as the primary beneficiary in the 2024-25 fiscal year. Following the Supreme Court's ban on Electoral Bonds, Electoral Trusts like Prudent and Progressive (Tata Group) have become the major conduits for funds, contributing significantly to the BJP's total collection of ₹6,088 crore. Conversely, the Congress party saw its funding plummet by nearly 50%, totaling only ₹522.13 crore. The trend extends to regional and leftist parties as well; while TMC and DMK recorded massive growth in their coffers, even the CPI(M) received corporate contributions from entities like Kalyan Jewellers and Muthoot Finance, despite their ideological stance against electoral trusts. This financial landscape underscores a "crony capitalism" where political power and corporate interests remain deeply intertwined.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version