ബെംഗളുരുവിലെ ഗതാഗത കുരുക്കഴിച്ച ‘ബൗണ്‍സ്’

എന്‍ജിനീയറിംഗ് പഠനശേഷം വൈറ്റ് കോളര്‍ ജോലി തേടി അലയാതെ സംരംഭകത്വത്തില്‍ ഒരു കൈ നോക്കാനാണ് ഈ കൂട്ടുകാര്‍ തീരുമാനിച്ചത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ഒരേ മനസ്സുള്ള, ഒരേ ദിശയില്‍ ചിന്തിക്കുന്ന, ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും ആവോളമുള്ള സുഹൃത്തുക്കള്‍ തമ്മില്‍ ചേര്‍ന്നാല്‍ വിനോദത്തിനും നേരമ്പോക്കുകള്‍ക്കുമപ്പുറം പലതും നേടാനാകും എന്ന് തെളിയിക്കുന്നു മൈസൂര്‍ സ്വദേശികളായ വിവേകാനന്ദ, വരുണ്‍, അനില്‍ എന്നീ സുഹൃത്തുക്കളുടെ ജീവിതം. എന്‍ജിനീയറിംഗ് പഠനശേഷം വൈറ്റ് കോളര്‍ ജോലി തേടി അലയാതെ സംരംഭകത്വത്തില്‍ ഒരു കൈ നോക്കാനാണ് ഈ കൂട്ടുകാര്‍ തീരുമാനിച്ചത്.

അതിന്റെ ഫലമാണ്, ബെംഗളൂരു നഗരത്തിന്റെ ഗതാഗതക്കുരുക്കഴിച്ച ബൗണ്‍സ് എന്ന ബൈക്ക് ടാക്‌സി സ്റ്റാര്‍ട്ടപ്പ്. 2016 ല്‍ നാല് ബൈക്കുകളുമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം ഇന്ന് 8000 ലേറെ ഇരുചക്ര വാഹനങ്ങളും 5.5 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുമായി ബെംഗളുരുവിന്റെ ബിസിനസ് ഭൂപടത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിലൂടെ സംരംഭകത്വത്തിലെ വേറിട്ട വഴികളില്‍ വിജയം നേടിയിരിക്കുകയാണ് ഈ സുഹൃത്തുക്കള്‍.

ബെംഗളൂരു, ഏറ്റവും തിരക്കേറിയ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്ന്. പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് ഈ നഗരത്തില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ വിനിയോഗിച്ച് സഞ്ചരിക്കുന്നത്. അനുദിനം എന്നവണ്ണം ബെംഗളുരുവില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. രാവിലെ ഏഴു മണിയോടെ നിരക്കേറുന്ന ബെംഗളുരുവിലെ റോഡുകള്‍ ശൂന്യമാകണമെങ്കില്‍ രാത്രി പന്ത്രണ്ട് മണി കഴിയണം. ഈ അവസ്ഥയില്‍ വിചാരിച്ച സമയത്ത് ഒരിടത്ത് എത്തിച്ചേരണമെങ്കില്‍ മണിക്കൂറുകള്‍ മുന്‍പ് വീട്ടില്‍ നിന്നും പുറപ്പെടേണ്ട അവസ്ഥയാണ്.

തിരക്കുകളില്‍പ്പെട്ട് മണിക്കൂറുകള്‍ റോഡില്‍ തങ്ങിനില്‍ക്കുന്നവര്‍ ഈ നഗരത്തിലെ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെയുള്ള ബെംഗളൂരു നഗരത്തിന് അല്‍പം ആശ്വാസം നല്‍കണമെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. തിരക്കില്‍പെടാതെ, ചെറിയ വഴികളിലൂടെ കടന്ന് ചെന്ന് വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് കഴിയുമെന്നതിനാല്‍ ബെംഗളൂരുവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പ്രീതി വര്‍ധിച്ചു വരികയാണ്.

ഈ അവസരമാണ് മൈസൂര്‍ സ്വദേശികളായ മൂന്നു കൂട്ടുകാര്‍ ചേര്‍ന്ന് സംരംഭമാക്കി മാറ്റിയത്. ഇന്ന് ബെംഗളൂരു നഗരത്തിലെത്തുന്ന ഏതൊരു വ്യക്തിക്കും ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ നഗരത്തിലൂടെ ചീറിപ്പായുന്ന സ്‌കൂട്ടറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങളെ കാണാന്‍ കഴിയും. ബൗണ്‍സ് എന്ന പേരിലുള്ള ഈ ഇരുചക്രവാഹന സമൂഹമാണ് ഇന്ന് ബെംഗളുരുവിന്റെ ഗതാഗതക്കുരുക്ക് അഴിക്കുന്നത്.

ബൈക്ക് ടാക്‌സിയെന്നോ, റെന്റഡ് ബൈക്ക് എന്നോ ഒക്കെ വിളിക്കാന്‍ കഴിയുന്ന ബൗണ്‍സ് സുഹൃത്തുക്കളായ വിവേകാനന്ദ എച്ച് ആര്‍, വരുണ്‍ അഗ്‌നി, അനില്‍ ജി എന്നിവരുടെ തലയില്‍ ജനിച്ച ആശയമാണ്. നമുക്ക് ഇഷ്ടമുള്ള ഉല്‍പ്പന്നമുണ്ടാക്കി ഉപഭോക്താക്കളെ കണ്ടെത്തുക എന്നതിലല്ല ഒരു സംരംഭകന്റെ വിജയമെന്നും മറിച്ച് ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞു ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലാണ് സംരംഭകന്റെ വിജയമെന്നും മനസിലാക്കിയ ഈ സുഹൃത്തുക്കള്‍ ബെംഗളുരുവിന്റെ തിരക്കിന് ഒരു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.

വിക്കെര്‍ റൈഡില്‍ നിന്നും ബൗണ്‍സിലേക്ക്

ജനിച്ചതും വളര്‍ന്നതും മൈസൂരില്‍ ആണെങ്കിലും ബെംഗളൂരിവിന്റെ ഓരോ ഹൃദയസ്പന്ദനവും അടുത്തറിഞ്ഞവരാണ് വിവേകാനന്ദയും വരുണും അനിലും. എന്നെല്ലാം പഠനാവശ്യത്തിനായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ടോ അന്നെല്ലാം, നഗരത്തിന്റെ തിരക്കില്‍ മൂവര്‍ക്കും മടുപ്പുണ്ടായിട്ടുണ്ട്. പലപ്പോഴും കൃത്യമായി ഓഫീസില്‍ എത്താന്‍ കഴിയുന്നില്ല, ഗതാഗതക്കുരുക്കില്‍ പെട്ട് മണിക്കൂറുകള്‍ നഷ്ടമാകുന്നു തുടങ്ങിയ സ്ഥിരം പരാതികള്‍ സുഹൃത്തുകകളില്‍ നിന്നും കേട്ട് മൂവര്‍ സംഘത്തിന് ഈ പ്രശനത്തിനൊരു പരിഹാരം കണ്ടെത്തണം എന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എന്ത്? എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരുന്നില്ല.

അങ്ങനെയിരിക്കെയാണ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മൂവര്‍ സംഘം സ്വന്തമായി ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നത്. വ്യത്യസ്തമായതും എന്നാല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതുമായ ഒരു സംരംഭം എന്നതായിരുന്നു മൂവരുടെയും ലക്ഷ്യം. ഇതിനായി പലവിധ ചര്‍ച്ചകള്‍ നടത്തി. ഒന്നും ഫലം കണ്ടില്ല.

അങ്ങനെയിരിക്കെയാണ് അവിചാരിതമായി ലക്ഷ്വറി ബൈക്കുകള്‍ വാടകക്ക് നല്‍കുന്ന ഒരു സ്ഥാപനം എന്ന സഹായം മൂവരുടെയും മനസിലേക്ക് വരുന്നത്. അതിനു പിന്നില്‍ ഒരു കാരണവും ഉണ്ടായിരുന്നു. ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓര്‍ഡര്‍ നല്‍കി അത് കിട്ടാനായി വരുണ്‍ അഗ്‌നി കാത്തിരുന്നത് ഒരു വര്‍ഷത്തിനടുത്താണ്. ഇത്രയും ദൈര്‍ഘ്യമേറിയ ബുക്കിംഗ് പിരീഡ് വരുണിനെ മടുപ്പിച്ചു. അങ്ങനെയാണ്, മുന്‍നിര ബൈക്കുകള്‍ ഓടിക്കാന്‍ താല്‍പര്യമുള്ള യുവാക്കള്‍ക്കായി ഒരു സ്ഥാപനം തുടങ്ങാം എന്ന ചിന്തയുണ്ടാകുന്നത്.

വിക്കെര്‍ റൈഡ് എന്നാണ് മൂവരും ചേര്‍ന്ന് സ്ഥാപനത്തിന് പേര് നല്‍കിയത്. അത്യാവശ്യം വലിയ നിക്ഷേപം തന്നെ ഈ സ്ഥാപനത്തിനായി വേണ്ടിവന്നു. ബുള്ളെറ്റ്, ഹയബൂസ, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ മുന്‍നിര ബൈക്കുകള്‍ മണിക്കൂര്‍ കണക്കിന് വാടക നിശ്ചയിച്ച് ആവശ്യക്കാര്‍ക്ക്ക് കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ബൈക്ക് ടാക്‌സികള്‍ ബെംഗളൂരു നഗരത്തില്‍ സജീവമായിരുന്നു എങ്കിലും ഇത്തരത്തില്‍ ഒരാശയം ആദ്യമായിട്ടായിരുന്നു. 2014 ലാണ് മൂവരും ചേര്‍ന്ന് വിക്കെര്‍ റൈഡിന് തുടക്കം കുറിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച അന്ന് മുതല്‍ സ്ഥാപനത്തില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചു വന്നു. കോളെജ് വിദ്യാര്‍ത്ഥികളും സ്‌പോര്‍ട്ട്‌സ് ബൈക്ക് യാത്രകള്‍ ആസ്വദിക്കുന്നവരുമായ ആളുകള്‍ വിക്കെര്‍ റൈഡിന്റെ സ്ഥിരം ഉപഭോക്താക്കളായി. ഇതില്‍ നിന്ന് മികച്ച വരുമാനവും ലഭിക്കാന്‍ തുടങ്ങി.

കാര്യം സംരംഭം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ബെംഗളൂരു നഗരത്തിലെ തിക്കും തിരക്കും ഒരു പ്രശാന്തമായി അവശേഷിച്ചു. അങ്ങനെയാണ് യാത്രകള്‍ സുഗമമാക്കുന്നതിനായി ബൈക്ക് ടാക്‌സി മോഡല്‍ പരീക്ഷിക്കാം എന്ന ചിന്തയുണ്ടാകുന്നത്. ലൈസന്‍സ് ഉള്ള ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ബൈക്കുകളും സ്‌കൂട്ടറുകളുമാണ് ഇതിനായി വേണ്ടത്. പുതിയ ആശയത്തെപ്പറ്റി പരസ്പരം ചര്‍ച്ചചെയ്തപ്പോള്‍ മൂവര്‍ക്കും പൂര്‍ണ സമ്മതം. പിന്നെ ഒട്ടും വൈകിച്ചില്ല. വിക്കെര്‍ റൈഡില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ചെലവഴിച്ച് ഒരു ഇരുചക്ര ടാക്‌സി സര്‍വീസിന് രൂപം നല്കാന്‍ തന്നെ മൂന്നു പേരും തീരുമാനിച്ചു.

ആപ്പ് മുഖാന്തിരം പ്രവര്‍ത്തനം, നിക്ഷേപം രണ്ടു ലക്ഷം രൂപ

വിക്കെര്‍ റൈഡ്‌സില്‍ നിന്നും വേറിട്ട ഒരു സ്ഥാപനം എന്ന നിലക്കാണ് ബൗണ്‍സ് എന്ന ബൈക്ക് ടാക്‌സി സര്‍വീസിന് വിവേകണ്ണടയും കൂട്ടുകാരും രൂപം നല്‍കുന്നത്. ഓല, യൂബര്‍ ടാക്‌സി സര്‍വീസുകള്‍ക്ക് സമാന്തരമായി ആപ്പ് മുഖാന്തിരം പ്രവര്‍ത്തിക്കുന്ന ഒരു ടാക്‌സി സര്‍വീസ് ആയിരുന്നു ബൗണ്‍സ്. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ബൗണ്‍സില്‍ ഉള്‍പ്പെടുത്തിയ ഇരുചക്ര വാഹനങ്ങളില്‍ 90 ശതമാനവും സ്‌കൂട്ടറുകള്‍ തന്നെയായിരുന്നു. ആപ്പ് മുഖാന്തിരമാണ് ബൗണ്‍സ് പ്രവര്‍ത്തിക്കുന്നത്. 2016 ബൗണ്‍സിന് തുടക്കം കുറിക്കുമ്പോള്‍ മൂവര്‍ സംഘത്തിന്റെ മനസ്സില്‍ പലവിധ ആശങ്കകളും ഉണ്ടായിരുന്നു. എന്നാല്‍, വിജയപരാജയ ചിന്തകള്‍ക്ക് അടിസ്ഥാനമില്ല എന്ന് തെളിയിക്കുന്നതായിരുന്നു ബൗണ്‍സിന്റെ വിജയം.

പ്രധാനമായും മൂന്ന് തരം റൈഡുകളാണ് ബൗണ്‍സില്‍ വിവേകാനന്ദയും കൂട്ടരും ഉള്‍പ്പെടുത്തിയത്.ദിവസേന ജോലിക്ക് പോകുന്ന ആളുകള്‍ക്കും മറ്റുമായുള്ള കമ്മ്യുട്ട് പാക്കേജ്, എവിടെ നിന്ന് വേണമെങ്കിലും വാഹനം എടുക്കുകയും ബെംഗളൂരു നഗരത്തില്‍ എവിടെ വേണമെങ്കിലും ഉപേക്ഷിക്കുകയും ചെയ്യാന്‍ കഴിയുന്ന ഷോര്‍ട്ട് റൈഡ് പാക്കേജ്, ദിവസ വാടകക്ക് വാഹനമെടുക്കുന്ന ലോങ്ങ് റൈഡ് പാക്കേജ് എന്നിവയായിരുന്നു അവ. ചെലവ് ചുരുങ്ങിയ ഗതാഗതസംവിധാനം ഉപയോഗിക്കുക, സമയനഷ്ടം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ബൗണ്‍സ് പ്രവര്‍ത്തിക്കുന്നത്.

പ്രവര്‍ത്തനം തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണമാണ് ബൗണ്‍സിന് ലഭിച്ചത്. ആദ്യ മൂന്ന് മാസം കൊണ്ട് 1.3 ദശലക്ഷം യാത്രകള്‍ നടത്താന്‍ ബൗണ്‍സിന് സാധിച്ചു. ബൗണ്‍സിന് വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത പൂട്ടില്ലാത്ത സ്‌കൂട്ടറുകളാണ് വിവേകണ്ണടയും സംഘവും നിറത്തില്‍ ഇറക്കിയത്.

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് വാഹനം ഉപയോഗത്തിനായി നല്‍കുന്നത്. ബെംഗളൂരു നഗരത്തില്‍ വലിയ മാറ്റം കൊണ്ട് വരന്‍ ചുരുങ്ങിയ സമയം കൊണ്ട് ബൗണ്‍സിന് സാധിച്ചു. ഒരു കിലോമീറ്ററിന് അഞ്ചുരൂപയാണ് ഈടാക്കുന്നത്. ചൈനയിലെ ഓഫോ, മൊബൈക്ക് തുടങ്ങിയ ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സമാന്തരമായാണ് ബൗണ്‍സ് പ്രവര്‍ത്തിക്കുന്നത്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സംവിധാനത്തോടെയാണ് ബൗണ്‍സ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പൂട്ടില്ല എന്ന് കരുതി സ്‌കൂട്ടറുകള്‍ മോഷണം പോകും എന്ന ഭയം വേണ്ട. നഷ്ടപ്പെട്ടാല്‍ അതെ വേഗത്തില്‍ സ്‌കൂട്ടറുകള്‍ കണ്ടെത്താനും കഴിയും. 2018 ല്‍ സെക്കോയ ഇക്വിറ്റി ഫണ്ടിംഗ് ആന്‍ഡ് ആസല്‍ പാര്‍ട്‌നെഴ്‌സില്‍ നിന്നും ഫണ്ടിംഗ് ലഭിക്കുക കൂടി ചെയ്തതോടെ ബൗണ്‍സ് എന്ന ഈ സ്ഥാപനത്തിന്റെ മുഖം മാറി. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ വര്‍ഷം 4.3 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വിറ്റു വരവ്. കഴിഞ്ഞ വര്‍ഷം അത് 5.4 കോടി രൂപയായി വര്‍ധിച്ചു. വരും വര്‍ഷങ്ങളിലും ബൗണ്‍സിലൂടെ മികച്ച നേട്ടം കൊയ്യാനാകുമെന്നാണ് ഈ യുവസംരംഭകര്‍ പ്രതീക്ഷിക്കുന്നത്.

താമസിയാതെ സ്‌കൂട്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കാനും കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല, വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലിറക്കി അതിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന വലിയ പാഠം നടപ്പിലാക്കാനും വിവേകാനന്ദയും കൂട്ടരും ഉദ്ദേശിക്കുന്നു. നിലവില്‍ ഇന്ധനം, വാടക, അറ്റകുറ്റപ്പണിചെലവ് എന്നിവ ഉള്‍പ്പെടുത്തിയാണ് കിലോമീറ്ററിന് അഞ്ച് രൂപ ഈടാക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പകരക്കാരനായി എത്തുന്നതോടെ തുക വീണ്ടും കുറയും. അങ്ങനെ യാത്ര കൂടുതല്‍ അനായാസമാകുന്നു.

വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ പരക്കം പായുന്ന നമ്മുടെ യുവാക്കള്‍ കണ്ടു പഠിക്കേണ്ട പാഠമാണ് ബൗണ്‍സിന്റെ വിജയം. ഉപഭോക്താക്കളുടെ ആവശ്യം കണ്ടറിഞ്ഞു ഉല്‍പ്പന്നം വിപണിയിലെത്തിക്കുക എന്നതാണ് പ്രധാനം, നിക്ഷേപം നടത്തും മുന്‍പ് വിപണിയുടെ സാധ്യതകള്‍ നല്ല പോലെ പഠിച്ചു മനസിലാക്കാനുള്ള സാവകാശം കണ്ടെത്തുക, ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനുമുള്ള മനസ് കണ്ടെത്തുക ഇത് മാത്രമാണ് തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനതത്വമെന്ന് ബൗണ്‍സ് സ്ഥാപകര്‍ പറയുന്നു.

ബെംഗളൂരു നഗരത്തിലെ ഏറ്റവും കൂടുതല്‍ ദൈനംദിന ഉപഭോക്താക്കള്‍ തേടുന്ന സംരംഭം, ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന്, തിരക്കേറിയ നഗരങ്ങള്‍ക്കായുള്ള മികച്ച പദ്ധതി ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളോടെ ബെംഗളുരുവിന്റെ ഗതാഗതക്കുരുക്കഴിച്ച് ബൗണ്‍സ് മുന്നേറുകയാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version