ഇന്ത്യയിൽ പാക്കറ്റ് ഭക്ഷണങ്ങളിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ലേബലുകൾ പതിക്കാനുള്ള കേന്ദ്രഭക്ഷണ സുരക്ഷാ അതോറിറ്റിയുടെ നീക്കത്തെത്തുടർന്ന് രാജ്യം ഒട്ടാകെ വലിയ ചർച്ചകൾ നടക്കുകയാണ്. നെസ്‌ലെ കമ്പനിയുടെ മാഗി നൂഡിൽസ്, കോക്കകോളയുടെ തംസ് അപ്പ് തുടങ്ങിയ വിലകുറഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളെയും പാനീയങ്ങളെയും ഇന്ത്യക്കാർ എത്രത്തോളം ആശ്രയിക്കുന്നുവെന്നും, വിദേശ കമ്പനികൾ മറ്റ് വികസിത രാജ്യങ്ങളിൽ നൽകുന്ന അതേ ഗുണനിലവാരം ഇന്ത്യയിൽ നൽകുന്നില്ലെന്നുമുള്ള വസ്തുതയാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്നത്. ഉയർന്ന ജീവിതച്ചെലവും കുറഞ്ഞ വരുമാനവുമുള്ള ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ട്, പാാം ഓയിൽ പോലെയുള്ള വിലകുറഞ്ഞ ചേരുവകൾ ഉപയോഗിച്ചാണ് അന്താരാഷ്ട്ര കമ്പനികൾ ഇവിടെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. ഉദാഹരണത്തിന്, ബ്രിട്ടനിൽ വിൽക്കുന്ന മാഗിയിൽ വിലകൂടിയ സൂര്യകാന്തി എണ്ണ ഉപയോഗിക്കുമ്പോൾ ഇന്ത്യയിൽ വില കുറഞ്ഞ പാാം ഓയിലാണ് ഉപയോഗിക്കുന്നത്.
അമിത ഉപയോഗം
വർഷങ്ങളായി ഇന്ത്യയിലെ ഉപഭോക്താക്കളുടെ ബജറ്റിന് അനുയോജ്യമായ രീതിയിൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാൻ വിദേശ കമ്പനികൾ ശ്രദ്ധിച്ചിരുന്നുവെങ്കിലും, ഗുണനിലവാരത്തിന്റെ കാര്യത്തിൽ വലിയ വിട്ടുവീഴ്ചകളാണ് വരുത്തിയിട്ടുള്ളത്. കിറ്റ്കാറ്റിലെ കൊക്കോയുടെ അളവു മുതൽ പാക്കറ്റ് ഭക്ഷണങ്ങളിലെ ഉയർന്ന ഉപ്പിന്റെയും പഞ്ചസാരയുടെയും അളവു വരെ ഇതിന് ഉദാഹരണമാണ്. ഇന്ത്യയിൽ ഇപ്പോൾ 10 കോടിയിലധികം ആളുകൾ പ്രമേഹബാധിതരാണെന്നും മറ്റ് 13 കോടിയോളം ആളുകൾ പ്രമേഹത്തിന് തൊട്ടടുത്ത അവസ്ഥയിലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പാക്കറ്റ് ഭക്ഷണങ്ങളുടെ അമിത ഉപയോഗമാണ് ഇതിനൊരു പ്രധാന കാരണം. എന്നാൽ ഇത്തരം ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ പാക്കറ്റുകൾക്ക് മുന്നിൽ നൽകുന്നത് തങ്ങളുടെ ബിസിനസ്സിനെ ബാധിക്കുമെന്ന ഭയത്താൽ വൻകിട കമ്പനികൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
പോഷകമില്ല
റോഡരികിലെ കടകൾ മുതൽ വീടുകൾ വരെ പ്രതിവർഷം 600 കോടിയോളം മാഗി നൂഡിൽസ് ഭക്ഷണങ്ങളാണ് ഇന്ത്യക്കാർ കഴിക്കുന്നത്. ഇതിനൊപ്പം തംസ് അപ്പ് പോലുള്ള ബ്രാൻഡുകൾ ഇന്ത്യയിലെ ഉപഭോക്താക്കളുടെ രുചിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ 80 ശതമാനത്തോളം വരുന്ന പാക്കറ്റ് ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ കൊഴുപ്പോ പഞ്ചസാരയോ അടങ്ങിയിട്ടുണ്ടെന്ന് ലേബൽ ചെയ്യേണ്ടി വരുമെന്നാണ് കമ്പനികളുടെ കൂട്ടായ്മ പറയുന്നത്. മറ്റ് രാജ്യങ്ങളിൽ കൂടുതൽ പോഷകഗുണമുള്ള ചേരുവകൾ നൽകുന്ന കമ്പനികൾ എന്തുകൊണ്ട് ഇന്ത്യക്കാരെ കുറഞ്ഞ നിലവാരമുള്ള ചേരുവകൾ നൽകി വഞ്ചിക്കുന്നു എന്ന ചോദ്യം സോഷ്യൽ മീഡിയയിലും ആരോഗ്യ വിദഗ്ധർക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
രുചിക്കു പിന്നിൽ നഷ്ടപ്പെടുന്ന ആരോഗ്യം
രുചി കൂട്ടാനും കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനും വേണ്ടി വൻതോതിൽ ഉപ്പും, പഞ്ചസാരയും, പാം ഓയിൽ പോലെയുള്ള മോശം കൊഴുപ്പുകളും, കൃത്രിമ രാസവസ്തുക്കളും ചേർത്താണ് ഭൂരിഭാഗം പാക്കറ്റ് ഭക്ഷണങ്ങളും തയ്യാറാക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ‘അൾട്രാ പ്രൊസസ്ഡ്’ ചേരുവകൾ ശരീരത്തിന് ആവശ്യമായ ജീവകങ്ങളും നാരുകളും നൽകാതെ കാലറി മാത്രം നൽകുന്നു. ഇവ നിരന്തരം കഴിക്കുന്നത് ചെറുപ്പക്കാരിൽ പോലും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഹൃദ്രോഗം, ദഹനക്കേട് തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു.
