എണ്ണവില കുതിക്കുന്നു; തിളക്കം മങ്ങി സ്വര്‍ണം, ഫെഡ് നിരക്കുയര്‍ത്തുമെന്ന് വിപണിക്ക് ആശങ്ക

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്ക ഓഹരി വിപണിയില്‍ സജീവമാണ്

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image:AI-generated

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില 107.3 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,300 ഡോളറിന് താഴേക്ക് വീണു. തിങ്കളാഴ്ച സ്‌പോട്ട് ഗോള്‍ഡ് ഏകദേശം 4,290 ഡോളര്‍ നിലവാരത്തിലെത്തി. എന്നിരുന്നാലും കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ സ്വര്‍ണം ഇപ്പോഴും 16.6% നേട്ടത്തില്‍ തന്നെയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,125 രൂപയിലാണ്. പവന് 360 രൂപ താഴ്ന്ന് 1,13,000 രൂപയാണ് ഇന്നത്തെ വില. 

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്ക ഓഹരി വിപണിയില്‍ സജീവമാണ്. പലിശ നിരക്കില്‍ 25 ബേസിസ് പോയന്റിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 

റഷ്യയുടെ 70% എണ്ണ ഉല്‍പ്പന്ന ഇറക്കുമതി ഇന്ത്യയില്‍ നിന്ന്

യുക്രൈന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യയുടെ ആഭ്യന്തര ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെ ബാധിച്ചതോടെ റഷ്യയുടെ എണ്ണ ഉല്‍പ്പന്ന ഇറക്കുമതിയില്‍ ഇന്ത്യയുടെ പങ്ക് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റില്‍ റഷ്യ ഇറക്കുമതി ചെയ്ത ഓയില്‍ പ്രൊഡക്ടുകളുടെ 70% ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യ 1.20 ലക്ഷം ടണ്‍ പെട്രോളാണ് റഷ്യക്ക് വിറ്റത്. പെട്രോളടക്കം ആകെ 1.72 ലക്ഷം ടണ്‍ ഓയില്‍ പ്രോഡക്ടുകള്‍ റഷ്യ ഇറക്കുമതി ചെയ്തു. 114 ദശലക്ഷം പൗണ്ടാണ് ഇതിനായി റഷ്യ ഇന്ത്യക്ക് നല്‍കിയത്. അതേസമയം ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ഓഗസ്റ്റില്‍ 25% കുറഞ്ഞു. 

വൈറ്റ് ഹൗസിലേക്ക് ഷി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സെപ്റ്റംബര്‍ 24ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. ചൈനീസ് കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ 150% വരെ യുഎസ് തീരുവ, ബോയിങ് വിമാനങ്ങളുടെ വില്‍പ്പന, തായ്വാന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഉക്രൈന്‍-ഗാസ യുദ്ധങ്ങള്‍, ഇറാന്‍ സംഘര്‍ഷം എന്നിവ ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളാകും. ഏകദേശം ഒരു ദശാബ്ദത്തിനിടെ ഷിയുടെ ആദ്യ വൈറ്റ് ഹൗസ് സന്ദര്‍ശനമായിരിക്കും ഇത്. 

റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആഭ്യന്തര നിര്‍മാതാക്കളുടെ തേരോട്ടം

ഇന്ത്യയിലെ വ്യാവസായിക റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ആഭ്യന്തര നിര്‍മാതാക്കളുടെ ആവശ്യം വിദേശ കമ്പനികളേക്കാള്‍ വേഗത്തില്‍ വളരുന്നു. 2020-25 കാലയളവില്‍ ആഭ്യന്തര കമ്പനികളുടെ മാനുഫാക്ചറിംഗ് സ്‌പേസ് ലീസിങ് 34% വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ മുന്നേറിയപ്പോള്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടേത് 23% ആയിരുന്നു. ആകെ മാനുഫാക്ചറിംഗ് ലീസിങ് 2020ലെ 5.8 ദശലക്ഷം ചതുരശ്ര അടിയില്‍ നിന്ന 2025ല്‍ 21.3 ദശലക്ഷം ചതുരശ്ര അടിയായി. 2030ല്‍ ഇത് 32 ദശലക്ഷം ചതുരശ്ര അടിയിലെത്തുമെന്നാണ് കണക്ക്. ആഭ്യന്തര കമ്പനികളുടെ ലീസിങ്ങില്‍ ഓട്ടോമൊബൈല്‍-ഓട്ടോ ഘടകങ്ങള്‍ 31%, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക്‌സ് 12%, റിന്യൂവബിള്‍ എനര്‍ജി 10% എന്നിങ്ങനെ പങ്കുവഹിച്ചു. 

സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ആഫ്രിക്കന്‍ പദ്ധതി

വ്യാവസായിക സ്ഫോടകവസ്തുക്കളുടെ നിര്‍മാതാക്കളായ സോളാര്‍ ഇന്‍ഡസ്ട്രീസ്, ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഒമ്‌നിയ ഹോള്‍ഡിംഗ്‌സിനെ 1.36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഏറ്റെടുക്കുന്നു. സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ പരോക്ഷമായി പൂര്‍ണ ഉടമസ്ഥതയിലുള്ള സോളാര്‍ എസ്എ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആണ് ജോഹന്നാസ്ബര്‍ഗ് ലിസ്റ്റഡ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വാങ്ങുക. ആഫ്രിക്കയിലെ ഖനന ബിസിനസ് വിപുലീകരിക്കുകയാണ് ലക്ഷ്യം. 23 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്‌നിയ, മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1.41 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. സോളാര്‍ ഇന്‍ഡസ്ട്രീസിന് ലോകമെമ്പാടും 40ലേറെ നിര്‍മാണശാലകളുണ്ട്.

English Summary

Crude oil prices surged amid West Asia conflict, depressing gold as rate-hike fears grew. Meanwhile, Russia relied heavily on Indian oil products, Trump-Xi set talks, and Indian industrial leasing expanded significantly.
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version