റിപ്പോ നിരക്കില്‍ മാറ്റമില്ല; വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കി ആര്‍ബിഐ, പണപ്പെരുപ്പം നിയന്ത്രണത്തിലെന്ന് വിലയിരുത്തല്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 6.7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ വിലയിരുത്തി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image Source:Wikimedia Commons

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ധന നയ സമിതി. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് മൂന്നു ദിവസത്തെ വിശദമായ സാമ്പത്തിക അവലോകനത്തിന് ശേഷം നിരക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആഗോള വ്യാപാര അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ആഭ്യന്തര വളര്‍ച്ചാ സാഹചര്യം എന്നിവ വിലയിരുത്തിയാണ് തീരുമാനം. ധന നയ സമിതി അംഗങ്ങള്‍ എല്ലാവരും തീരുമാനത്തോട് യോജിച്ചെന്നും സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കിലും ഉടന്‍ മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. ബാങ്കുകളുടെ നിക്ഷേപ പലിശനിരക്കുകളിലും തല്‍ക്കാലം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. 

ധനനയ നിലപാട് ‘ന്യൂട്രല്‍’ ആയി തുടരാനും സമിതി തീരുമാനിച്ചു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുക എന്നതാണ് ആര്‍ബിഐയുടെ പ്രധാന ലക്ഷ്യമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

പണപ്പെരുപ്പം നിയന്ത്രണത്തില്‍

നിലവില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യപരിധിക്കുള്ളിലാണെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ അനുമാനം 5.1% ല്‍ നിന്ന് 5 ശതമാനത്തിലേക്ക് ആര്‍ബിഐ താഴ്ത്തി. 

ഭക്ഷ്യവസ്തുക്കളുടെ ലഭ്യത മെച്ചപ്പെട്ടതും കാര്‍ഷിക ഉല്‍പ്പാദന സാഹചര്യം അനുകൂലമായതും പണപ്പെരുപ്പ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതായി വിലയിരുത്തുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം, ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ചാഞ്ചാട്ടം, അന്താരാഷ്ട്ര വ്യാപാര സംഘര്‍ഷങ്ങള്‍ എന്നിവ ഭാവിയില്‍ പണപ്പെരുപ്പത്തിന് വെല്ലുവിളിയാകാമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി.

വളര്‍ച്ച ശക്തം

അതേസമയം, ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്നും സ്വകാര്യ ഉപഭോഗം, സേവനമേഖല, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ എന്നിവ വളര്‍ച്ചയ്ക്ക് കരുത്താകുന്നുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിലെ ആവശ്യകതയും ക്രമേണ മെച്ചപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 2027 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.7% വളരുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. നേരത്തെ പ്രതീക്ഷിച്ചിരുന്ന 6.6% ല്‍ 10 ബേസിസ് പോയന്റ് കൂടുതലാണിത്. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരുത്തോടെ നിലനില്‍ക്കുന്നെന്ന് ആര്‍ബിഐ അനുമാനിക്കുന്നു.

വിദേശ നിക്ഷേപം ഉയര്‍ന്നു

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 30.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് മല്‍ഹോത്ര വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ 26.7 ബില്യണ്‍ ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. വിപണികളിലെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങളിലും (എഫ്പിഐ) ജൂണ്‍-ജൂലൈ മാസങ്ങളില്‍ വലിയ തിരിച്ചുവരവ് ദൃശ്യമായി. 7.1 ബില്യണ്‍ ഡോളറിന്റെ അറ്റ എഫ്പിഐ നിക്ഷേപമാണ് കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രാജ്യത്തേക്കെത്തിയത്. 

English Summary

RBI Keeps Repo Rate at 5.25%, Maintains Growth Focus Amid Stable Inflation Outlook
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version