പ്ലാസ്റ്റിക് കറന്‍സികള്‍ എപ്പോള്‍ മുതല്‍? വലിയ സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍, കുട്ടികളുടെ ലൈംഗിക ചൂഷണ വീഡിയോകള്‍ക്ക് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

10, 20 രൂപ നോട്ടുകളാവും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. പദ്ധതി വിജയിച്ചാല്‍ 100, 500 രൂപയുടെ പോളിമര്‍ നോട്ടുകളും പ്രതീക്ഷിക്കാം

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Wikipedia / AI-generated

പോളിമര്‍ കറന്‍സികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍

പ്ലാസ്റ്റിക് കറന്‍സികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആര്‍ബിഐ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇന്ന് ആര്‍ബിഐ ധന നയ സമിതി യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഇത് സംബന്ധിച്ച് വ്യക്തത നല്‍കി. ഇന്ത്യയില്‍ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷം ചെറിയ മൂല്യമുള്ള പോളിമര്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 10, 20 രൂപ നോട്ടുകളാവും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. പദ്ധതി വിജയിച്ചാല്‍ 100, 500 രൂപയുടെ പോളിമര്‍ നോട്ടുകളും പ്രതീക്ഷിക്കാം. കൂടുതല്‍ കാലം ഉപയോഗിക്കാനാകുമെന്നതും വ്യാജനോട്ടുകള്‍ തടയാന്‍ സഹായിക്കുമെന്നതുമാണ് പോളിമര്‍ നോട്ടുകളുടെ പ്രധാന സവിശേഷത.

ധന നയ സമിതി യോഗം, റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് മൂന്നു ദിവസത്തെ വിശദമായ സാമ്പത്തിക അവലോകനത്തിന് ശേഷം നിരക്ക് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്. നിലവില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യപരിധിക്കുള്ളിലാണെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പ അനുമാനം 5.1% ല്‍ നിന്ന് 5 ശതമാനത്തിലേക്ക് ആര്‍ബിഐ താഴ്ത്തി. 2027 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 6.7% വളരുമെന്ന് ആര്‍ബിഐ പ്രതീക്ഷിക്കുന്നു. നേരത്തെ പ്രതീക്ഷിച്ചിരുന്ന 6.6% ല്‍ 10 ബേസിസ് പോയന്റ് കൂടുതലാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 30.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. മുന്‍ വര്‍ഷത്തെ ആദ്യ പാദത്തില്‍ 26.7 ബില്യണ്‍ ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം.

കുട്ടികളുടെ വീഡിയോ: ക്ഷമാപണം നടത്തി സക്കര്‍ബര്‍ഗ്

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രവര്‍ത്തനപരമായ പിഴവുകള്‍ സംഭവിച്ചതിന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞു. പാര്‍ലമെന്റ് സമിതി നല്‍കിയ കര്‍ശനമായ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്ഷമാപണം. ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങളിലെ പിഴവുകള്‍ പരിഹരിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും കമ്പനി നടപടികള്‍ സ്വീകരിക്കുന്നതായി അദ്ദേഹം അറിയിച്ചു. സിജെപി സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേജിലെ വീഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റ ചീഫ് ഗ്ലോബല്‍ അഫയേഴ്്‌സ് ഓഫീസര്‍ ജോയല്‍ കെപ്ലാനും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയ സെക്രട്ടറി എസ് കൃഷ്ണന്റെ ഓഫീസിലെത്തി വിശദീകരണം നല്‍കി. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെയും സംഘം കണ്ടു.

ഇറാന്‍-ഒമാന്‍ ചര്‍ച്ചകള്‍ക്കിടെ ട്രംപിന്റെ ഭീഷണി

പശ്ചിമേഷ്യന്‍ സംഘര്‍ഷം കുറയ്ക്കുന്നതിനായുള്ള ഇറാന്‍-ഒമാന്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചര്‍ച്ചകള്‍ വിജയിച്ചാലും യുഎസിന്റെ പെരുമാറ്റത്തില്‍ മാറ്റം വരാതെ ഹോര്‍മുസ് തുറക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്ക് എത്രയും വേഗം ഗതാഗതത്തിനായി തുറന്നില്ലെങ്കില്‍ ഇറാന്‍ കനത്ത പ്രഹരം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.

ചെങ്കടലില്‍ സൗദി എണ്ണ കപ്പലിന് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും, സമുദ്ര വ്യാപാര പാതകളിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

വിപണിയില്‍ ഇന്നും ഡൈവേര്‍ജന്‍സ്

ഓഹരി വിപണിയില്‍ ഇന്ന് ഗ്യാപ്പ് അപ്പ് ഓപ്പണിംഗിന് ശേഷം തുടക്കത്തില്‍ മികച്ച മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും പിന്നീട് ലാഭമെടുപ്പും സമ്മര്‍ദ്ദവും മൂലം നേട്ടം കുറഞ്ഞു. സെന്‍സെക്‌സ് 626 പോയന്റ് ഉയര്‍ന്ന് ദിവസത്തെ ഉയര്‍ന്ന നിലയായ 79,055 ല്‍ എത്തിയെങ്കിലും ദിനാന്ത്യത്തില്‍ 152 പോയന്റ് മാത്രം നേട്ടത്തോടെ 78,581 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 9 പോയന്റ് മാത്രം നേട്ടത്തോടെ 24,624 ലാണ് ക്ലോസ് ചെയ്തത്. ലാഭമെടുപ്പ്, ആഗോള വിപണികളിലെ സമ്മര്‍ദ്ദം, നിക്ഷേപകരുടെ ജാഗ്രത എന്നിവയാണ് വിപണിയുടെ നേട്ടം കുറയാന്‍ പ്രധാന കാരണങ്ങളെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്‍ കനത്ത പ്രഹരം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ ഭീഷണിയും വിപണിക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ നിഫ്റ്റി-സെന്‍സെക്‌സ് ഡൈവേര്‍ജന്‍സ് ദൃശ്യമായി. ഇരു സൂചികകളും ഇന്നും വ്യത്യസ്ത ദിശയില്‍ ട്രേഡ് ചെയ്തു. സെന്‍സെക്‌സിലെ കുതിപ്പ് നിഫ്റ്റിയില്‍ ദൃശ്യമായില്ല. ക്‌ളോസിംഗ് ഓക്ഷന്‍ സെഷന്‍ മൂലം വന്ന ആശയക്കുഴപ്പമാണ് സൂചികകളെയും ബാധിച്ചിരിക്കുന്നത്. ടെക്‌നിക്കല്‍ അനാലിസിസ് നടത്തി ട്രേഡ് ചെയ്യുന്നവരെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version