ലോക വ്യാപാരത്തിന്റെ കണ്ണുകള്‍ ഒരു ഇടനാഴിയിലേക്ക് ചുരുങ്ങുമ്പോള്‍

ഈ ജലപാതയിലൂടെ കടന്നുപോകുന്ന ഇന്ധന ടാങ്കറുകളുടെ ബാഹുല്യമാണ് ലോകത്ത് ഹോര്‍മുസ് കടലിടുക്കിനെ ഇത്രയേറെ പ്രസക്തമാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 15-20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ദ്രവീകൃത വാതകവും ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകള്‍. ഡോളര്‍ കണക്കില്‍ പറഞ്ഞാല്‍, ഒരു വര്‍ഷം ഏതാണ്ട് 600 ശതകോടി ഡോളറിന്റെ എണ്ണയാണ് ഈ വഴിയിലൂടെ വ്യാപാരം ചെയ്യപ്പെടുന്നത്.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Highlights
  • എണ്ണവിതരണത്തെ മാത്രമല്ല ഹോര്‍മുസ് പ്രതിസന്ധി ബാധിക്കുക. ലോകത്തിലെ മൂന്നിലൊന്ന് വളം വ്യാപാരവും നടക്കുന്നത് ഹോര്‍മുസ് വഴിയാണ്. ഊര്‍ജ, കാര്‍ഷിക വിതരണ ശൃംഖലകളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. യുക്രൈന്‍ യുദ്ധത്തില്‍ താളം തെറ്റിയ ഈ വിതരണശൃംഖലകള്‍ക്ക് ഹോര്‍മുസ് പ്രതിസന്ധിയും ആഘാതമാകും. ഈ സാഹചര്യവും വിലക്കയറ്റത്തിന് ആക്കം കൂട്ടും.
  • ഭൂമിശാസ്ത്രം എങ്ങനെയാണ് ആഗോള സമ്പദ് വ്യവസ്ഥകളെ സ്വാധീനിക്കുക എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഹോര്‍മുസ് കടലിടുക്ക്. കുറച്ച് കിലോമീറ്ററുകള്‍ മാത്രം നീണ്ടുകിടക്കുന്ന ജലപാത ആഗോള ഊര്‍ജ സുരക്ഷയുടെ ജീവനാഡി പോലെ പ്രധാനമാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുമ്പോള്‍ ഹോര്‍മുസ് വിലപേശലുകളുടെ ഇടമാകുന്നു.

പശ്ചിമേഷ്യയിലെ ഒരു ഇടുങ്ങിയ ജലപാത ഇന്ന് ലോകത്തെ മുഖ്യ ചര്‍ച്ചാവിഷയമാണ്. ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് കഷ്ടിച്ച് 33 കിലോമീറ്റര്‍ വീതിയുള്ള ഈ സഞ്ചാരപാതയിലൂടെയാണ് ലോക എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത്. ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടലെടുക്കുമ്പോള്‍ ഈ തന്ത്രപ്രധാന മേഖല കേവലം പ്രാദേശിക ആശങ്കയല്ല, ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലയ്ക്കാന്‍ പോരുന്ന ഒരിടമായി മാറും. ഹോര്‍മുസ് കടലിടുക്കെന്ന ഒരു ചെറിയ പ്രദേശം ഇരുണ്ടാല്‍ എണ്ണവിലയും പണപ്പെരുപ്പവും ഓഹരിവിപണികളും അടക്കം ആഗോള സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം ഇളകിത്തുടങ്ങും.

ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം ഒരു മാസം
പിന്നിട്ടപ്പോള്‍ ലോകം മുഴുവന്‍ നോക്കുന്നത് ഹോര്‍മുസ് കടലിടുക്കിലേക്കാണ്. കാരണം ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞിരിക്കുന്നു. നിരവധി കപ്പലുകളാണ് ഇവിടെ ആക്രമിക്കപ്പെട്ടത്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞപ്പോള്‍ ഇങ്ങിവിടെ കേരളത്തില്‍ വരെ നമ്മളതിന്റെ പ്രത്യാഘാതമറിഞ്ഞു. പാചകവാതക ക്ഷാമം നേരിട്ടു. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ കിട്ടാതെ നിരവധി ഹോട്ടലുകള്‍ ആഴ്ചകളായി അടഞ്ഞുകിടക്കുന്നു. ഹോട്ടലുകളില്‍ ഭക്ഷണം കിട്ടാതെ തൊഴിലാളികള്‍ വിഷമിക്കുന്നു. ചില സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരിക്കുന്നു. പാചകവാതകം ഉള്‍പ്പടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള വഴി ഹോര്‍മുസില്‍ തടപ്പെട്ടപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതിന്റെ പ്രത്യാഘാതം നമ്മള്‍ അറിഞ്ഞുതുടങ്ങി.

ആഗോളവിപണിയില്‍ എണ്ണയ്ക്ക് കുത്തനെ വിലയുയര്‍ന്നു. കരുതല്‍ ശേഖരത്തില്‍ നിന്ന് ദശലക്ഷം ബാരല്‍ എണ്ണ വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും നിര്‍ബന്ധിതരായി. അതാണ് ആഗോള വ്യാപാരത്തില്‍, പ്രത്യേകിച്ച് എണ്ണ വിപണിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പവര്‍.

ആഗോള വ്യാപാരത്തെ നിര്‍ണ്ണയിക്കുന്ന ഭൂപ്രദേശം

ഒമാനിലെ മുസന്ധം മുനമ്പിനും ഇറാനും ഇടയിലാണ് ഹോര്‍മുസ് കടലിടുക്ക്. എണ്ണസമ്പന്ന മേഖലയായ പേര്‍ഷ്യന്‍ ഗള്‍ഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് എന്ന ഇടനാഴി ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ ഉല്‍പ്പാദകരുടെ പ്രധാന കയറ്റുമതി പാതയാണ്. ഈ കടലിടുക്കിന്റെ വടക്ക് ഇറാനും തെക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമാണ് (UAE) . വളരെ ഇടുങ്ങിയ ജലപാതയാണെങ്കിലും ആഴം കൊണ്ട് ഭീമന്‍ എണ്ണടാങ്കറുകളെ വഹിക്കാനുള്ള ശേഷി ഈ കടലിടുക്കിനുണ്ട്.

എണ്ണയുല്‍പ്പാദക, കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളായ സൗദി അറേബ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ഇറാഖ് എന്നീ രാഷ്ട്രങ്ങള്‍ കൂടുതലും എണ്ണ കയറ്റുമതി ചെയ്യുന്നത്, പ്രത്യേകിച്ച് ഏഷ്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത് ഇതുവഴിയാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി രാഷ്ട്രമായ ഖത്തറും എല്‍എന്‍ജി കയറ്റുമതിക്ക് ആശ്രയിക്കുന്നത് ഹോര്‍മുസ് കടലിടുക്കിനെയാണ്.

ഈ രാഷ്ട്രങ്ങളെ സംബന്ധിച്ചെടുത്തോളം, ഹോര്‍മുസ് വെറുമൊരു സഞ്ചാരപാതയല്ല, അവരുടെ സാമ്പത്തിക ജീവനാഡിയാണ്. ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ പോലുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ക്കും അവരുടെ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കാന്‍ കെല്‍പ്പുള്ള ഇടനാഴിയാണ് ഹോര്‍മുസ് കടലിടുക്ക്. ചുരിക്കിപ്പറഞ്ഞാല്‍, പശ്ചിമേഷ്യയിലെ എണ്ണയുല്‍പ്പാദകര്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും ആ കടലിടുക്കിന്റെ സുഗമമായ പ്രവര്‍ത്തനം നിര്‍ണ്ണായകമാണ്.

തിരക്കേറിയ എണ്ണ ഇടനാഴി

ഈ മേഖലയിലൂടെ കടന്നുപോകുന്ന ഇന്ധന ടാങ്കറുകളുടെ ബാഹുല്യമാണ് ലോകത്ത് ഹോര്‍മുസ് കടലിടുക്കിനെ ഇത്രയേറെ പ്രസക്തമാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 15-20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ദ്രവീകൃത വാതകവും ഇതുവഴി കടന്നുപോകുന്നുവെന്നാണ് കണക്കുകള്‍. ഡോളര്‍ കണക്കില്‍ പറഞ്ഞാല്‍, ഒരു വര്‍ഷം ഏതാണ്ട് 600 ശതകോടി ഡോളറിന്റെ എണ്ണയാണ് ഈ വഴിയിലൂടെ വ്യാപാരം ചെയ്യപ്പെടുന്നത്.

സൂയസ് കനാല്‍, പനാമ കനാല്‍ പോലുള്ള മറ്റ് തന്ത്രപ്രധാന ജലപാതകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ധനത്തിന്റെ അളവ് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആഗോള എണ്ണവിതരണ ശൃംഖലയില്‍ ഈ ജലപാതയും അത്രയേറെ പ്രധാനമാണ്. വലിയ തോതില്‍ ചരക്കുഗതാഗതം ഈ വഴി നടക്കുന്നതിനാല്‍ ഒരേസമയം വളരെ കാര്യക്ഷമവും അതേസമയം അരക്ഷിതവുമായ കച്ചവട പാതയാണിത്. എണ്ണ ഉല്‍പ്പാദകര്‍ക്ക് വലിയ അളവില്‍ എണ്ണ കയറ്റിയയക്കാന്‍ സൗകര്യം ഒരുക്കുമ്പോഴും ചെറിയൊരു പ്രതിസന്ധിയോ തടസ്സമോ ഈ പാതയിലുണ്ടായാല്‍ ആഗോള തലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ അതുമൂലം ഉണ്ടാകും. എണ്ണ ഗതാഗതത്തിനപ്പുറം ആഗോള കണ്ടെയ്‌നര്‍ നീക്കത്തിലും ഹോര്‍മുസിന് വലിയ പങ്കുണ്ട്. ഈ മേഖലയിലെ തുറമുഖങ്ങളായ ജെബല്‍ അലി, ഖോര്‍ ഫക്കന്‍ എന്നീ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബുകള്‍ ആഗോള ചരക്കുഗതാഗതത്തിലെ ഇടത്താവളങ്ങളാണ്.

ചരിത്രമുറങ്ങുന്ന ഇടനാഴി

ഹോര്‍മുസ് എന്ന പേര് ഒരു തുറമുഖ നഗരത്തിന്റേതാണ്. മധ്യകാലഘട്ടത്തിലെ ഈ തുറമുഖം ഇന്നത്തെ ഇറാന്റെ തെക്കന്‍ തീരമേഖലയിലായിരുന്നു. പക്ഷേ പിന്നീട് സുരക്ഷാകാരണങ്ങള്‍ കൊണ്ട് ഈ തുറമുഖം അടുത്തുള്ള ദ്വീപിലേക്ക് മാറ്റി. ഈ ജലപാത വഴി കച്ചവടക്കാര്‍ സെറാമിക് പാത്രങ്ങളും ആനക്കൊമ്പും പട്ടും മറ്റ് തുണിത്തരങ്ങളും കൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തിലുടനീളം കച്ചവടം നടത്തി. പ്രമുഖ സഞ്ചാരിയായ മാര്‍കോ പോളോ ഹോര്‍മുസിനെ ‘jewel in the ring of world’ എന്ന് വിശേഷിപ്പിച്ചുവെന്നാണ് ചരിത്രം പറയുന്നത്.

പക്ഷേ പിന്നീട് ഹോര്‍മുസ് നിര്‍ണ്ണായക കപ്പല്‍ സഞ്ചാരപാതയായി. ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും അതിലൂടെ എണ്ണ ഒഴുകി. ആഗോള രാഷ്ട്രീയ ഭൂപടത്തില്‍ ഹോര്‍മുസിന്റെ പ്രധാന്യം പലതവണ തെളിഞ്ഞു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളിലും സൈനിക സംഘര്‍ഷങ്ങളിലും ഹോര്‍മുസ് കടലിടുക്ക് പലപ്പോഴും വിഷയമായി. 1980-കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിലാണ് ‘ടാങ്കര്‍ യുദ്ധം’ ഉണ്ടായത്. ഇരുവിഭാഗങ്ങളും എണ്ണക്കപ്പലുകള്‍ ആക്രമിച്ചു. വിതരണ പ്രതിസന്ധിയുണ്ടാകുമെന്ന ഭയം ലോകത്തുണ്ടായി. 1991-ലെ ഗള്‍ഫ് യുദ്ധം ഈ മേഖലയിലെ എണ്ണക്കപ്പലുകളുടെ സഞ്ചാരത്തിന് ഭീഷണിയായി.

ഇറാന്റെ കച്ചിത്തുരുമ്പ്

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കാരണം ഹോര്‍മുസ് വീണ്ടും ചര്‍ച്ചാവിഷയമായി. ഉപരോധങ്ങള്‍ നേരിടേണ്ടിവരുമ്പോഴും സൈനിക സമ്മര്‍ദ്ദമുണ്ടാകുമ്പോഴും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. ഹോര്‍മുസിന്റെ തന്ത്രപ്രധാന സ്ഥാനം ഇറാന് വിലപേശലുകള്‍ക്കുള്ള ആയുധമായി.

ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും യുദ്ധം ആരംഭിക്കുകയും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം ഇറാന്‍ ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കി. ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇറാനിലെ റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ആക്രമണഭീഷണിയെ തുടര്‍ന്ന് നൂറുകണക്കിന് ടാങ്കറുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയത്. ഹോര്‍മുസ് കനാല്‍ തടയുമെന്ന് തന്നെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയും പറഞ്ഞത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഹോര്‍മുസില്‍ ഇരുപതിലധികം കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. കപ്പലുകള്‍ ആക്രമിക്കുന്നതിന് പുറമേ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നാവിക കുഴിബോംബുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ഈ വസ്തുതയും ആഗോള വിപണിയിലെ എണ്ണവിലയില്‍ പ്രതിഫലിക്കുന്നു.

പ്രതീക്ഷിക്കേണ്ട പ്രത്യാഘാതങ്ങള്‍

ഹോര്‍മുസ് കടലിടുക്കിലെ തടസ്സം പല രീതിയില്‍, ആഴത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കും. ഈ ജലപാത അടഞ്ഞുകിടക്കുന്നോളം കാലം എണ്ണവില അനിശ്ചിതത്വത്തില്‍ തുടരും. വിതരണത്തിലെ തടസ്സം, കപ്പല്‍ ഗതാഗതത്തിലെ കാലതാമസം, ടാങ്കറുകളുടെ ഇന്‍ഷുറന്‍സ് തുകയിലെ വര്‍ധന അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് എണ്ണവില കൂടാം.

ഇന്ധനക്ഷാമം മറ്റ് മേഖലകളെയും ബാധിക്കും. ഇന്ധനമില്ലാതെ ഒരു വ്യവസായ മേഖലയ്ക്കും നിലനില്‍പ്പില്ല. ഇന്ധനമില്ലാതെ ചരക്കുനീക്കം നടക്കില്ല. അത് വിതരണസ്തംഭനത്തിന് കാരണമാകും. ചരക്ക് നീക്കത്തിന് ചെലവേറും. നിര്‍മ്മാണച്ചെലവ് വര്‍ധിക്കും. ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് എന്നിവയ്ക്കും ചെലവേറും. എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും, വ്യോമയാനം മുതല്‍ക്ക് കാര്‍ഷികമേഖല വരെ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരും.

എണ്ണവില കൂടുമ്പോള്‍ ഭക്ഷ്യവില വര്‍ധനയുണ്ടാകും. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ചെലവ് കൂടും. ഇത് ഗാര്‍ഹിക ബജറ്റിന്റെ താളം തെറ്റിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്കുകള്‍ ധനനയങ്ങള്‍ കര്‍ശനമാക്കും, ഇത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും.

ഇന്ത്യയെ പോലെ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളാണ് അത്തരമൊരു പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുക. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളിലൊന്ന് എന്ന നിലയ്ക്ക് ഇന്ത്യ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. അവിടെയൊരു തടസ്സമുണ്ടായാല്‍, രൂപയുടെ മൂല്യമിടിയും, വ്യാപാരക്കമ്മി കൂടും, ഇന്ധന സബ്‌സിഡി കാരണം രാജ്യത്തിന് സാമ്പത്തിക ബാധ്യതയേറും.

എണ്ണവിതരണത്തെ മാത്രമല്ല ഹോര്‍മുസ് പ്രതിസന്ധി ബാധിക്കുക. ലോകത്തിലെ മൂന്നിലൊന്ന് വളം വ്യാപാരവും നടക്കുന്നത് ഹോര്‍മുസ് വഴിയാണ്. ഊര്‍ജ, കാര്‍ഷിക വിതരണ ശൃംഖലകളും ഈ പാതയെ ആശ്രയിക്കുന്നുണ്ട്. യുക്രൈന്‍ യുദ്ധത്തില്‍ താളം തെറ്റിയ ഈ വിതരണശൃംഖലകള്‍ക്ക് ഹോര്‍മുസ് പ്രതിസന്ധിയും ആഘാതമാകും. ഈ സാഹചര്യവും വിലക്കയറ്റത്തിന് ആക്കം കൂട്ടും.

വേറെ വഴിയെന്താണ്

റിസ്‌കുകള്‍ തിരിച്ചറിഞ്ഞ് ചില ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരത്തെ തന്നെ ബദല്‍ കയറ്റുമതി പാതകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് സൗദി അറേബ്യ ചെങ്കടലിലേക്ക്‌ എണ്ണ കൊണ്ടുപോകുന്നതിന് ഹോര്‍മുസിനെ ഒഴിവാക്കിക്കൊണ്ട് ഒരു പൈപ്പ്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. യുഎഇയും ഈ വഴി ഒഴിവാക്കി, ഫുജെയ്‌റയിലേക്ക് പൈപ്പ്‌ലൈന്‍ വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും ഈ ബദല്‍ പാതകള്‍ക്ക് പരിമിതമായ ശേഷിയാണ് ഉള്ളത്. ഹോര്‍മുസിലൂടെ കൊണ്ടുപോകുന്ന ചരക്കിന്റെ വലുപ്പം പരിഗണിക്കുമ്പോള്‍ ഇവ മികച്ച ബദലുകള്‍ അല്ല. പ്രായോഗികമായി പരിഗണിക്കുമ്പോള്‍, ഹോര്‍മുസ് കടലിടുക്ക് എണ്ണ വ്യാപാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത പാതയാണ്.

ഭൂമിശാസ്ത്രം എങ്ങനെയാണ് ആഗോള സമ്പദ് വ്യവസ്ഥകളെ സ്വാധീനിക്കുക എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഹോര്‍മുസ് കടലിടുക്ക്. കുറച്ച് കിലോമീറ്ററുകള്‍ മാത്രം നീണ്ടുകിടക്കുന്ന ജലപാത ആഗോള ഊര്‍ജ സുരക്ഷയുടെ ജീവനാഡി പോലെ പ്രധാനമാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുമ്പോള്‍ ഹോര്‍മുസ് വിലപേശലുകളുടെ ഇടമാകുന്നു. ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം അത് നല്‍കുന്ന സന്ദേശം വ്യക്തമാണ്, ഹോര്‍മുസിന്റെ സ്ഥിരത ആഗോളവിപണികളുടെ സ്ഥിരതയ്ക്ക് അനിവാര്യമാണ്. എണ്ണവില മുതല്‍ പണപ്പെരുപ്പവും ആഗോള ചരക്കുവ്യാപാരവും വരെ ഹോര്‍മുസില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അതിന്റെ തീരങ്ങള്‍ക്കപ്പുറത്തേക്ക് അലയടിക്കും. അത് ബിസിനസുകളെയും ഭരണകൂടങ്ങളെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും ബാധിക്കും.

English Summary

The Strait of Hormuz, a narrow yet highly strategic waterway in the Middle East, handles nearly one-fifth of the world’s oil trade and about 15–20 million barrels of crude oil and LNG daily. As geopolitical tensions escalate—marked by regional conflicts, military blockades, and ship attacks—the closure of this vital choke point is triggering a massive surge in global oil prices, localized fuel shortages (including in states like Kerala, India), and supply chain disruptions. While countries like Saudi Arabia and the UAE possess limited alternative pipelines, the world economy remains heavily dependent on the stability of the Strait of Hormuz to prevent global inflation, currency depreciation, and energy insecurity.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version