ഖജനാവില്‍ കാര്യമായൊന്നുമില്ല; അപകടരേഖ കടന്ന് പൊതുകടം, മോഹിപ്പിക്കുന്ന യുഡിഎഫ് വാഗ്ദാനങ്ങള്‍ നടപ്പാകുമോ? വി ഡി സതീശന്റെ മുന്നിലെ വെല്ലുവിളികള്‍

യുഡിഎഫ് വാഗ്ദാന പ്രകാരം ക്ഷേമ പെന്‍ഷന്‍ 1,000 രൂപ കൂടി വര്‍ധിപ്പിച്ചാല്‍ 1,860 കോടി രൂപയായി പ്രതിമാസം കണ്ടെത്തേണ്ട തുക ഉയരുമെന്ന് കണക്കാക്കുന്നു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ അധികാരമേല്‍ക്കുന്നതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അകത്തള ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 102 സീറ്റുകള്‍ നേടി, എല്ലാ പ്രതീക്ഷകളെയും മറികടക്കുന്ന വമ്പന്‍ വിജയമാണ് യുഡിഎഫ് ഇത്തവണ കൈപ്പിടിയിലാക്കിയത്. 10 വര്‍ഷം ഭരിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ജനരോക്ഷം ഈ വിജയത്തിന് ആക്കമേറ്റിയിട്ടുണ്ട്. അതിനൊപ്പം പ്രകടനപത്രികയില്‍ യുഡിഎഫ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളും ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ ഈ വാഗ്ദാനങ്ങള്‍ എങ്ങനെ നടപ്പാക്കും എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. വാഗ്ദാനങ്ങളും അത് നടപ്പാക്കുന്നതിന് വി ഡി സതീശന് മുന്നിലുള്ള വെല്ലുവിളികളും പരിശോധിക്കാം…

മുന്നില്‍ കടുത്ത സാമ്പത്തിക വെല്ലുവിളി

മുഖ്യമന്ത്രിപദത്തിലെത്തുന്ന വി ഡി സതീശനെ കാത്തിരിക്കുന്നത് അതീവ സങ്കീര്‍ണമായ ഭരണ സാഹചര്യമാണ്. കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ സര്‍ക്കാരിന്റെ ആദ്യ പരീക്ഷണം. സംസ്ഥാനത്തിന്റെ കടബാധ്യത ഉയരുകയും വരുമാന-ചെലവ് അന്തരം വലുതാകുകയും ചെയ്ത സാഹചര്യത്തില്‍ പുതിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ ആവശ്യമായ സാമ്പത്തിക ഉറവിടം കണ്ടെത്തുക സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. 2025 ല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വളര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. 6.19% ജിഎസ്ഡിപി വളര്‍ച്ചയാണ് കേരളം നേടിയിരുന്നത്. തമിഴ്‌നാടിന്റെ ജിഎസ്ഡിപി വളര്‍ച്ച ഇതിന്റെ ഇരട്ടിയോളമായിരുന്നു. ആകെ വാര്‍ഷിക ജിഎസ്ഡിപിയുടെ 33.4% വരും സംസ്ഥാനത്തിന്റെ കടബാധ്യത.

ശമ്പള-പെന്‍ഷന്‍ ചെലവുകള്‍, ക്ഷേമപദ്ധതികളുടെ ബാധ്യത, കേന്ദ്രസര്‍ക്കാരുമായുള്ള സാമ്പത്തിക തര്‍ക്കങ്ങള്‍, ജിഎസ്ടി നഷ്ടപരിഹാരത്തിലെ അനിശ്ചിതത്വം എന്നിവ സംസ്ഥാന ധനകാര്യ മേഖലയെ ഇതിനകം സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് പ്രകടനപത്രികയിലെ വമ്പന്‍ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിന് മുന്നിലുള്ളത്. .

‘ഇന്ദിര ഗ്യാരന്റി’ വാഗ്ദാനങ്ങള്‍

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ‘ഇന്ദിര ഗ്യാരന്റി’ പദ്ധതികള്‍. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3,000 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനം മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമ പെന്‍ഷനെ ആശ്രയിക്കുന്നവരുടെയും വലിയ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കല്‍ എന്നിവയും പ്രധാന വാഗ്ദാനങ്ങളിലുണ്ട്.

നിലവില്‍ 62 ലക്ഷത്തോളം ആളുകള്‍ക്ക് പ്രതിമാസം 2,000 രൂപയാണ് ക്ഷേമപെന്‍ഷനായി നല്‍കുന്നത്. 1,240 കോടി രൂപ ഇതിനായി പ്രതിമാസം കണ്ടെത്തണം. യുഡിഎഫ് വാഗ്ദാന പ്രകാരം ക്ഷേമ പെന്‍ഷന്‍ 1,000 രൂപ കൂടി വര്‍ധിപ്പിച്ചാല്‍ 1,860 കോടി രൂപയായി പ്രതിമാസം കണ്ടെത്തേണ്ട തുക ഉയരുമെന്ന് കണക്കാക്കുന്നു. ഒരു വര്‍ഷം ക്ഷേമ പെന്‍ഷനുകള്‍ക്കായി മാറ്റിവെക്കേണ്ട തുക ഏകദേശം 22,000 കോടി രൂപയിലേറെ വരും. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതി പ്രതിമാസം 3 കോടി രൂപയുടെ അധിക ആഘാതം പുതിയ സര്‍ക്കാരിന് മേല്‍ ഏല്‍പ്പിക്കുമെന്നാണ് കണക്കാക്കുന്നത്. ക്ഷേമ പെന്‍ഷന് കണ്ടെത്തേണ്ട തുകയുമായി തട്ടിക്കുമ്പോള്‍ ഇത് നിസാരമാണ്.

യുവ സംരംഭകര്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പയായി നല്‍കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വാഗ്ദാനം. കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് 1,000 രൂപ പ്രതിമാസം സ്റ്റൈപ്പന്‍ഡും നല്‍കുമെന്ന് യുഡിഎഫ് പ്രകടനപത്രിക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതും വലിയ തുക കണ്ടെത്തേണ്ട പദ്ധതിയാവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വലിയൊരു പങ്ക് ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. വിലക്കയറ്റത്തിന്റെ കാലത്ത് 5.5 ലക്ഷത്തോളം എണ്ണത്തില്‍ വരുന്ന അവരുടെ പ്രതീക്ഷ ശമ്പളത്തിന്റെയും മറ്റ് അലവന്‍സുകളുടെയും വര്‍ധനയാണ്. പെന്‍ഷനും ശമ്പളത്തിനുമായി വരുമാനത്തിന്റെ പാതിയിലേറെ ചെലവഴിക്കുന്ന സംസ്ഥാനത്ത് ഈ അമിത പ്രതീക്ഷയെ തൃപ്തിപ്പെടുത്താന്‍ വി ഡി സതീശന്‍ സര്‍ക്കാരിന് ആവുമോയെന്നത് വലിയ ചോദ്യം തന്നെയാണ്.

ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വലിയ പ്രഖ്യാപനങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ആശുപത്രികള്‍ ആരംഭിക്കുമെന്നും ബിപിഎല്‍ കുടുംബങ്ങളിലെ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ബെഡ് അവകാശമാക്കി മാറ്റും. ആശ വര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. നിലവില്‍ പ്രതിദിനം ഏകദേശം 300 രൂപയാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത്. സംസ്ഥാനത്തെ 30,000 ല്‍ അധികം വരുന്ന ആശ വര്‍ക്കര്‍മാരുടെ വേതനം പ്രതിദിനം 700 രൂപയാക്കിയാല്‍ സര്‍ക്കാരിന് ഓരോ മാസവും ഏകദേശം 1.25 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാവും.

വിദ്യാഭ്യാസ മേഖലയിലും നിരവധി വാഗ്ദാനങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി കെ ആര്‍ നാരായണന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി, കോളേജുകളിലെ റാഗിംഗ് തടയാന്‍ ‘സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിംഗ് ആക്ട്’, വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സഹായകരമായ ‘സ്റ്റുഡന്റ്‌സ് ഡിസ്ട്രസ് ആപ്പ്’ എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്.

കൃഷി ബജറ്റ്

കാര്‍ഷിക മേഖലയ്ക്കായി പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുകയും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് മുന്നണി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ബജറ്റ് സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് മേല്‍ അധിക ആഘാതം ഏല്‍പ്പിക്കുന്നതാവും. റബറിന് സബ്‌സിഡി നല്‍കി വില കിലോയ്ക്ക് 300 രൂപയിലേക്ക് എത്തിക്കുമെന്നും നെല്ലിന്റെ താങ്ങുവില 35 രൂപയിലേക്ക് ഉയര്‍ത്തുമെന്നും വാഗ്ദാനമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡിയും വള്ളങ്ങള്‍ക്കുള്ള ഇന്ധന സബ്‌സിഡിയും നല്‍കുമെന്ന വാഗ്ദാനവും തീരദേശ മേഖലകളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇന്ധനത്തിന് തീപിടിച്ചു നില്‍ക്കുന്ന കാലത്ത് ഈ പദ്ധതിയും സര്‍ക്കാരിന്റെ കീശ കാര്യമായി ചോര്‍ത്തിയേക്കും.

പ്രതീക്ഷയും യാഥാര്‍ഥ്യവും

തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി യുഡിഎഫിനെ അധികാരത്തിലെത്തിച്ച ജനങ്ങള്‍ ഇപ്പോള്‍ ഈ വാഗ്ദാനങ്ങളുടെ നടപ്പാക്കലാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുക്കുമ്പോള്‍ എല്ലാ പദ്ധതികളും എത്ര വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നത് വലിയ ചോദ്യചിഹ്നമാണ്. കടം പെരുകി 4.8 ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ കുറഞ്ഞു വരികയാണ്. ഇതിനിടെയാണ് പുതിയ സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ കടന്നുവരുന്നത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന് 37,000 കോടി രൂപയുടെ സ്‌പെഷല്‍ ഗ്രാന്റ് ലഭിച്ചിരുന്നു. ഇത്തവണ ധനകാര്യ കമ്മീഷന്‍ ഇത്തരത്തില്‍ ഒരു സഹായത്തിന്റെയും സൂചന നല്‍കിയിട്ടില്ല. ഈ വര്‍ഷം ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6,500 കോടി രൂപ കുറവാണ് ഈ തുക. സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണിത്. പിണറായി സര്‍ക്കാര്‍, ഈ വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് 4,700 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു. ഇനി പുതിയ സര്‍ക്കാരിന് ഡിസംബര്‍ വരെ ശേഷിക്കുന്നത് 18,300 കോടി രൂപ മാത്രം.

ജനങ്ങളുടെ പ്രതീക്ഷ, പാര്‍ട്ടിക്കുള്ളിലെ ഐക്യം, സാമ്പത്തിക നിയന്ത്രണങ്ങള്‍, വികസന വാഗ്ദാനങ്ങള്‍ എന്നീ നാല് ഘടകങ്ങള്‍ക്കിടയിലെ സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് പുതിയ മുഖ്യമന്ത്രി വി ഡി സതീശന്റെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണം. കേരള രാഷ്ട്രീയത്തില്‍ പുതിയ അധ്യായം ആരംഭിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ സര്‍ക്കാരിന് എത്രത്തോളം സാധിക്കുമെന്നതാണ് ഇനി സംസ്ഥാനം ഉറ്റുനോക്കുന്നത്.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version