പ്രതിസന്ധിക്കിടെ ലോട്ടറിയടിക്കുമോ കേന്ദ്രത്തിന്? 3 ലക്ഷം കോടി കവിയുന്ന ലാഭവിഹിതം ആര്‍ബിഐ ഈയാഴ്ച കൈമാറിയേക്കും, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ക്രൂഡ് വിലക്കയറ്റവും രൂപയുടെ മൂല്യമിടിവും ഏല്‍പ്പിച്ച ആഘാതത്തിനിടെ ഈ വമ്പന്‍ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് ഏറെ ആശ്വാസകരമാവും

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

കേന്ദ്ര സര്‍ക്കാരിന് ഈയാഴ്ച ബമ്പര്‍ ലോട്ടറിയടിച്ചേക്കും. 3 ലക്ഷം കോടി രൂപയിലേറെ ലാഭവിഹിതം റിസര്‍വ് ബാങ്ക് ഈയാഴ്ച സര്‍ക്കാരിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.7 ലക്ഷം കോടി രൂപയാണ് ലാഭവിഹിതമായി ആര്‍ബിഐ കേന്ദ്രത്തിന് നല്‍കിയിരുന്നത്. ഇതിനേക്കാള്‍ ഏറ്റവും കുറഞ്ഞത് 12% ല്‍ ഏറെയായിരിക്കും ഇത്തവണത്തെ ലാഭവിഹിതം എന്നാണ് അനുമാനിക്കുന്നത്. 3.4 ലക്ഷം കോടി രൂപ വരെ ഈ തുക ഉയരാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്രൂഡ് വിലക്കയറ്റവും രൂപയുടെ മൂല്യമിടിവും ഏല്‍പ്പിച്ച ആഘാതത്തിനിടെ ഈ വമ്പന്‍ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് ഏറെ ആശ്വാസകരമാവും.

മേയ് 22 വെള്ളിയാഴ്ചയാണ് ആര്‍ബിഐ ബോര്‍ഡ് യോഗം ചേരുക. ലാഭവിഹിതം സര്‍ക്കാരിന് കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക ഈ യോഗത്തിലാവും. വിദേശ കറന്‍സി നിക്ഷേപങ്ങള്‍, ബോണ്ടുകളിലെ നിക്ഷേപങ്ങള്‍, ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകള്‍, കറന്‍സി ലഭ്യമാക്കല്‍, പലിശ നിരക്ക് നിയന്ത്രണം തുടങ്ങി വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെയാണ് ആര്‍ബിഐ ലാഭമുണ്ടാക്കുന്നത്. ഉയര്‍ന്ന സ്വര്‍ണ വിലയും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന പലിശയുമെല്ലാം റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം റെക്കോഡ് ഉയരത്തിലെത്തിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.

നികുതി വര്‍ധിപ്പിക്കുകയോ കടമെടുക്കുകയോ ചെയ്യാതെ അധിക ഫണ്ട് ലഭിക്കുന്നെന്നതാണ് ഈ ഡിവിഡന്റിലൂടെ സര്‍ക്കാരിനുള്ള നേട്ടം. ഇറാന്‍ സംഘര്‍ഷം ഇന്ത്യയെയും സാമ്പത്തികമായി ഞെരുക്കാനാരംഭിച്ച സമയത്താണ് ഇത്തരമൊരു വമ്പന്‍ ഫണ്ട് ലഭിക്കുന്നതെന്നത് നിര്‍ണായകമാണ്. ക്ഷേമ, വികസന പദ്ധതികള്‍ക്കുവേണ്ടി സര്‍ക്കാരിന് ഈ പണം ചെലവാക്കാനാകും. ബജറ്റ് കമ്മി കുറയ്ക്കാനും സര്‍ക്കാരിന് ഈ പണം ഉപകരിക്കും.

അധിക പണം സര്‍ക്കാരിന് കൈമാറുന്നതിന് മുന്‍പ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കണ്ടിന്‍ജന്‍സി ബഫറായി ഒരു തുക ആര്‍ബിഐ നീക്കിവെക്കാറുണ്ട്. ആകെ ആസ്തിയുടെ 4.5 മുതല്‍ 7.5% വരെ ഇത്തരത്തില്‍ നീക്കിവെക്കാം. കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന തുകയാണ് കരുതലായി മാറ്റിവെച്ചത്.

എണ്ണവില വീണ്ടും കൂട്ടി

അന്താരാഷ്ട്ര എണ്ണവില ഉയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വീണ്ടും എണ്ണവില വര്‍ധിപ്പിച്ചു. ഒരു രൂപയോളം വര്‍ധനയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.73 രൂപയായും ഡീസലിന് 98.63 രൂപയായും വില ഉയര്‍ന്നു. ഏതാനും ദിവസം മുന്‍പ് ഇന്ധനവില 3 രൂപ വര്‍ധിപ്പിച്ചിരുന്നു. സൗദിയുടേയും യുഎഇയുടേയും ഖത്തറിന്റെയും അഭ്യര്‍ത്ഥന മാനിച്ച് ഇറാനെ ആക്രമിക്കുന്നത് നീട്ടിവെച്ചതായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനക്ക് ശേഷവും അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നു തന്നെയാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളിലാണ് ട്രേഡ് ചെയ്യുന്നത്.

രൂപ വീണ്ടും റെക്കോഡിട്ട് താഴേക്ക്, സ്വര്‍ണത്തില്‍ കയറ്റം

പുതിയ താഴ്ചകള്‍ സൃഷ്ടിക്കുകയാണ് രൂപ. ബുധനാഴ്ച ദിനവ്യാപാരത്തിനിടെ 96.6 എന്ന സര്‍വകാല റെക്കോഡിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. 96.53 ലാണ് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇതും ക്ലോസിംഗിലെ പുതിയ റെക്കോഡാണ്. 2026 ല്‍ ഇതുവരെ 7% മൂല്യ നഷ്ടമാണ് രൂപക്കുണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് വില ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 14,395 രൂപയായി. പവന് 600 രൂപ ഉയര്‍ന്ന് 1,15,160 രൂപയിലെത്തി. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില താഴുകയാണ്. 1.6% താഴ്ന്ന് ഔണ്‍സിന് 4,492 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം.

വിപണിയില്‍ കുതിപ്പ്; പിന്നെ കിതപ്പ്

ഓഹരി വിപണിയില്‍ ഇന്നും കനത്ത ചാഞ്ചാട്ടം ദൃശ്യമായി. 75,746 വരെ മുന്നേറിയ സെന്‍സെക്‌സ് പിന്നീട് 550 പോയന്റ് നഷ്ടപ്പെട്ട് 75,200 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 23,782 വരെ മുന്നേറിയ നിഫ്റ്റി 23,618 ലേക്ക് താഴ്ന്നാണ് ക്ലോസ് ചെയ്തത്. വിപണിയില്‍ ഉയര്‍ന്ന ലെവലില്‍ നിന്ന് ലാഭമെടുപ്പ് ദൃശ്യമായിരുന്നു. ഇറാന്‍ സമ്മര്‍ദ്ദവും രൂപയുടെ മൂല്യമിടിവും 110 ഡോളര്‍ കടന്ന ക്രൂഡ് വിലയും വിപണിക്ക് ക്ഷീണമായി. ഐടി ഓഹരികളില്‍ ഇന്നും വന്‍ വാങ്ങല്‍ നടന്നു. നിഫ്റ്റി ഐടി സൂചിക 3.23% കുതിച്ചു. ഇന്‍ഫോസിസ് 4.76 ശതമാനവും കോഫോര്‍ജ് 4.74 ശതമാനവും മുന്നേറി.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version