‘മദർ ഓഫ് ഓൾ ഡീൽസ്’ അഡ്വാന്റേജ് ഇന്ത്യ

രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉഭയകക്ഷി വ്യാപാര കരാറില്‍ അന്തിമധാരണയിലെത്തിയിരിക്കുന്നു. ഡെല്‍ഹിയില്‍ നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ സാന്റോസ് ഡി കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോണ്‍ ഡെര്‍ ലെയിനും ചേര്‍ന്നാണ് സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നില്‍ പോലും യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാര കരാര്‍ സ്വാധീനമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വെറുമൊരു വാണിജ്യ കരാര്‍ എന്നതിലുപരിയായി, നിര്‍ണ്ണായകമായ ഭൗമസാമ്പത്തിക സഖ്യ രൂപീകരണത്തിന്റെ പ്രഖ്യാപനമായി ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിനെ കാണാം. വ്യാപാരയുദ്ധങ്ങളും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളും ആഗോള വ്യാപാര സാഹചര്യങ്ങളെ കലുഷിതമാക്കുമ്പോള്‍ അത് മറികടക്കാന്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഈ കരാര്‍ ഒരുപോലെ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ ആഗോള വെല്ലുവിളികളെ നേരിടാനും ഇരുകൂട്ടര്‍ക്കുമിടയില്‍ ആഴത്തിലുള്ള വിപണി ഏകീകരണം സാധ്യമാക്കാനും കരാര്‍ ഉപകാരപ്പെടുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമേരിക്ക-ഇന്ത്യ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം, മദര്‍ ഓഫ് ഓള്‍ ഡീല്‍സിനെ അമേരിക്ക എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതെന്നത് വ്യക്തമാക്കുന്നു.

എന്തെല്ലാമാണ് ഈ കരാറിന്റെ പ്രത്യേകതകളെന്ന് നോക്കാം.

മുന്നില്‍ 24 ട്രില്യണ്‍ ഡോളറിന്റെ വിപണി

ഈ പങ്കാളിത്തം മുന്നോട്ടുവെക്കുന്ന സാധ്യതകളും അവസരങ്ങളും വളരെ വലുതാണ്. ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ് വ്യവസ്ഥകളെ ഒന്നിപ്പിക്കുന്ന വ്യാപാര കരാര്‍ 2 ശതകോടി ആളുകള്‍ ഉള്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണ് സൃഷ്ടിക്കുന്നത്. ആഗോള ജിഡിപിയുടെ ഏകദേശം 25 ശതമാനം വരുമിതെന്നാണ് വിലയിരുത്തല്‍. ഏതാണ്ട് 24 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാണ് (2091.6 ലക്ഷം കോടി രൂപ) ഈ വിപണിയുടെ മൂല്യം. വ്യാപാരത്തിന് പുറമേ നൂതന കണ്ടുപിടിത്തങ്ങള്‍ക്കുമുള്ള അതുല്യാവസരമാണ് മദര്‍ ഓഫ് ഓള്‍ ഡീല്‍സ് .

ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയിലെ വ്യാപാരത്തില്‍ സ്ഥിരതയുള്ള വളര്‍ച്ചയാണ് മുന്‍വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2025-26 വര്‍ഷത്തില്‍ ഏതാണ്ട് 136.54 ബില്യണ്‍ ഡോളറിന്റെ (11.5 ലക്ഷം കോടി രൂപ) വ്യാപാരം ഇരുകൂട്ടര്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്. ഇന്ത്യ ഒരു വര്‍ഷം 75.85 ബില്യണ്‍ ഡോളറിന്റെ (6.4 ലക്ഷം കോടി രൂപ) ഉല്‍പ്പന്നങ്ങളാണ് യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റി അയക്കുന്നത്. 2024-ല്‍ ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയിലെ സേവന കയറ്റുമതി 83.10 ബില്യണ്‍ ഡോളറിലും (7.2 ലക്ഷം കോടി രൂപ) എത്തിയിരുന്നു.

ഉഭയകക്ഷി വ്യാപാരത്തില്‍ മെച്ചപ്പെട്ട വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇരുകൂട്ടരുടെയും വിപണിയുടെയും വ്യാപാരത്തിന്റെയും വലുപ്പം കണക്കിലെടുക്കുമ്പോള്‍ ഇനിയുമേറെ അവസരങ്ങള്‍ മുന്നിലുണ്ടെന്ന തിരിച്ചറിവിലാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ സമീപ കാലത്തെ ഏറ്റവും വലിയ വ്യാപാര കരാറുകളിലൊന്നായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഒരുപോലെ നേട്ടമാകുന്ന, പരസ്പരം ശക്തമായ സാമ്പത്തിക പങ്കാളികളായി ഉയരാനാകുന്ന അവസരങ്ങളാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. ഇരുകൂട്ടര്‍ക്കും പല കയറ്റുമതി വിഭാഗങ്ങളിലായി താരിഫില്‍ വന്‍ ഇളവുകളാണ് കരാര്‍ മുന്നോട്ടുവെക്കുന്നത്.

പരമ്പരാഗത ഉഭയകക്ഷി ബന്ധത്തെ പലതലങ്ങളിലുള്ള, ആധുനികതയിലൂന്നിയ ബന്ധമായി വളര്‍ത്തുന്നതിലൂടെ കയറ്റുമതിക്കാര്‍ക്ക് സ്ഥിരതയും, അചഞ്ചലവുമായ വിപണി സാഹചര്യങ്ങളും MSME (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ പദ്ധതിയിടാനും യൂറോപ്യന്‍ മൂല്യശൃംഖലകളുമായി സമന്വയിച്ച് പ്രവര്‍ത്തിക്കാനും അങ്ങനെ ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും അനുകൂലമായ വിപണികള്‍ ഉറപ്പാക്കാനുമുള്ള അവസരമാണ് ഈ വ്യാപാര കരാര്‍.

കരാറിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ക്കും നിയമപരമായ പരിശോധനകള്‍ക്കും ശേഷം ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തോടെയോ മാത്രമേ കരാര്‍ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരികയുള്ളു.

ഇന്ത്യയുടെ നേട്ടങ്ങള്‍

ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലുതും സമഗ്രവുമായ വ്യാപാര കരാറുകളിലൊന്നാണ് യൂറോപ്യന്‍ യൂണിയനുമായി ഉടമ്പടിയിലെത്തിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയന്റെ പരിധിയിലുള്ള ചരക്ക്, സേവന, നിക്ഷേപ വിഭാഗങ്ങളിലുടനീളം ഈ കരാര്‍ ബാധകമാണ്. 2023-ല്‍ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയ്ക്കുള്ള മുന്‍ഗണന ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് വലിയ താരിഫ് നേരിടേണ്ടിവരികയും ചെയ്തിരുന്നു. എന്നാല്‍, പുതിയ കരാര്‍ ടെക്‌സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, യന്ത്രങ്ങള്‍, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നിടുന്നു. 97% താരിഫ് ലൈനുകളിലുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ വിപണികളില്‍ മുന്‍ഗണന ലഭിക്കും. വിപണിമൂല്യത്തില്‍ 99.5 ശതമാനം വരുന്നവയാണിവ.

ടെക്‌സ്റ്റൈല്‍സ്, ലെതര്‍, ചെരുപ്പ്, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കായിക ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, അമൂല്യരത്‌നങ്ങള്‍, ആഭരണങ്ങള്‍ ചില സമുദ്രോല്‍പ്പന്നങ്ങള്‍ അടക്കം 70.4 ശതമാനം താരിഫ് ലൈനുകളിലുള്ള 90.7 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കരാര്‍ പ്രാബല്യത്തില്‍ വരുന്നയുടന്‍ തീരുവ ഒഴിവാക്കും.

ചില സമുദ്രോല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ആയുധങ്ങള്‍, പ്രതിരോധ സാമഗ്രികള്‍ ഉള്‍പ്പടെ 20.3 ശതമാനം താരിഫ് ലൈനില്‍ ഉള്‍പ്പെടുന്ന, ഇന്ത്യന്‍ കയറ്റുമതിയുടെ 2.9 ശതമാനം വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചിത കാലത്തേക്ക് നികുതിയില്ലാതെ യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പനാനുമതി ലഭിക്കും.

പൗള്‍ട്രി, പച്ചക്കറികള്‍, പലഹാരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ കയറ്റുമതിയുടെ 6.1% താരിഫ് ലൈനില്‍ ഉള്‍പ്പെടുന്ന 6 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഇളവ് ലഭിക്കും. താരിഫ് റേറ്റ് ക്വാട്ടയിലൂടെ(TRQ) കാര്‍, സ്റ്റീല്‍, ചിലയിനം ചെമ്മീന്‍, ചെമ്മീന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും താരിഫ് ഇളവ് ലഭിക്കും.

നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ 4 ശതമാനം മുതല്‍ 26 ശതമാനം വരെ ഇറക്കുമതി തീരുവ ബാധകമായ, 2.87 ലക്ഷം കോടി രൂപ (33 ബില്യണ്‍ ഡോളര്‍) മൂല്യം വരുന്ന ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍, ചെരുപ്പ്, കെമിക്കല്‍, പ്ലാസ്റ്റിക്, റബ്ബര്‍, കായികോല്‍പ്പന്നങ്ങള്‍, അമൂല്യരത്‌നം, ആഭരണം എന്നീ വിഭാഗങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തീരുവ രഹിതമായി മാറും. രാജ്യത്ത് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന മേഖലകളാണിവ. താരിഫ് ഉദാരവല്‍ക്കരണവും മികച്ച മത്സരക്ഷമതയും ആഗോള, യൂറോപ്യന്‍ മൂല്യശൃംഖലകളിലേക്കുള്ള പ്രവേശനവും ഇന്ത്യയില്‍ ഈ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.

യൂറോപ്യന്‍ യൂണിയന്റെ നേട്ടങ്ങള്‍

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ശതമാനം ഉല്‍പ്പന്നങ്ങള്‍ താരിഫ് രഹിതമായി മാറും. ഇന്ത്യയിലേക്കുള്ള 96.6 ശതമാനം ഉല്‍പ്പന്നങ്ങളുടെ നികുതി ഒഴിവാക്കപ്പെടുകയോ ഇളവ് ലഭിക്കുകയോ ചെയ്യുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതുവഴി പ്രതിവര്‍ഷം തീരുവയിനത്തില്‍ 4 ബില്യണ്‍ യൂറോ (4.74 ബില്യണ്‍ ഡോളര്‍) ആണ് യൂറോപ്യന്‍ കയറ്റുമതിക്കാര്‍ക്ക് ലാഭിക്കാനാകുക.

49.6% താരിഫ് ലൈനുകളിലുള്ള യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ ഉടനടി താരിഫ് വിമുക്തമാകും.

39.5% താരിഫ് ലൈനിലുള്ള ഉല്‍പ്പന്നങ്ങള്‍ 5,7,10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഘട്ടം ഘട്ടമായി താരിഫ് മുക്തമാകും.

3% ഉല്‍പ്പന്നങ്ങള്‍ക്ക് ഘട്ടങ്ങളായി താരിഫില്‍ ഇളവ് നല്‍കും. ആപ്പിള്‍, പെയര്‍, പീച്ച്, കിവി തുടങ്ങിയ പഴങ്ങള്‍ ഉള്‍പ്പടെ ചില ഉല്‍പ്പന്നങ്ങള്‍ താരിഫ് റേറ്റ് ക്വാട്ടയ്ക്ക് (TRQ) കീഴിലാണ്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉന്നത സാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫിളവ് ലഭിക്കുന്നതോടെ ഇന്ത്യയുടെ ഇറക്കുമതി അവസരങ്ങള്‍ വര്‍ധിക്കും. ബിസിനസുകള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ക്കും ഘടകഭാഗങ്ങള്‍ക്കും ചിലവ് കുറയുകയും അതുവഴി ഉല്‍പ്പാദനത്തിനുള്ള ചിലവ് കുറയുകയും ചെയ്യും. ഇത് ഉപഭോക്താക്കള്‍ക്കും നേട്ടമാകും. ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ആഗോള വിതരണശൃംഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും.

കാര്‍ഷിക വളര്‍ച്ചയും സുരക്ഷയും

യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഇന്ത്യയിലെ കാര്‍ഷികമേഖലയിലും ഭക്ഷ്യ മേഖലയിലും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ചായ, കാപ്പി, സുഗന്ധവ്യഞ്ജനം, മുന്തിരി, വെള്ളരി, പച്ചക്കറികള്‍, പഴങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് യൂറോപ്പില്‍ മെച്ചപ്പെട്ട വിപണി ലഭിക്കുന്നതോടെ അഗോള വിപണിയില്‍ ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മത്സരക്ഷമത ഉയരും. ഇത് കര്‍ഷകരുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും പ്രതിഫലിക്കും.

അതേസമയം പാലുല്‍പ്പന്നങ്ങള്‍, ധാന്യം, പൗള്‍ട്രി, സോയ, ചില പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ വിഭാഗങ്ങളെ സംരക്ഷിക്കാനുള്ള നടപടിയും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇവയ്ക്ക് തദ്ദേശീയമായ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള കയറ്റുമതിയാകും നടപ്പിലാക്കുക.

സേവന മേഖല

ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സേവനമേഖല. ഭാവിയില്‍ വ്യാപാര വളര്‍ച്ചയെ മുന്‍പോട്ട് കൊണ്ടുപോകുക സേവനമേഖലയായിരിക്കും. ഉറപ്പുള്ള വിപണി, വിവേചനമില്ലാത്ത പരിഗണന, ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള മുന്‍ഗണന, ചരക്ക്‌നീക്കത്തിലെ എളുപ്പം എന്നിവയാണ് സേവനക്കയറ്റുമതിയില്‍ നിര്‍ണ്ണായകമാകുന്നത്. കരാറില്‍, IT/ITeS, പ്രൊഫഷണല്‍ സേവനങ്ങള്‍, വിദ്യാഭ്യാസം, മറ്റ് ബിസിനസ് സേവനങ്ങള്‍ ഉള്‍പ്പടെ 144 ഉപസേവന മേഖലകളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉദാരമായ ഉറപ്പുകള്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവഴി ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് യൂറോപ്യന്‍ വിപണികളില്‍ സ്ഥിരതയുള്ളതും ഗുണകരവുമായ വിപണി ലഭിക്കും. ഒരേസമയം ഇന്ത്യയുടെ സേവന കയറ്റുമതി മെച്ചപ്പെടുത്താനും യൂറോപ്യന്‍ യൂണിയന്‍ ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇന്ത്യയുടെ മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനും സഹായിക്കുന്ന നീക്കമാണിത്. അതേസമയം ഇന്ത്യയും പ്രൊഫഷണല്‍, ബിസിനസ്, ടെലികമ്മ്യൂണിക്കേഷന്‍സ്, മാരിടൈം, സാമ്പത്തികം, പരിസ്ഥിതി സേവനങ്ങള്‍ ഉള്‍പ്പടെ 102 സേവന ഉപമേഖലകള്‍ യൂറോപ്യന്‍ യൂണിയനും തുറന്നുകൊടുത്തിട്ടുണ്ട്. ഇതിലൂടെ ഇന്ത്യയില്‍ നിക്ഷേപം നടത്താനും നൂതന സേവനങ്ങള്‍ കൊണ്ടുവരാനും ഇന്ത്യന്‍ ബിസിനസുകള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാനും യൂറോപ്യന്‍ സേവന ദാതാക്കള്‍ക്കും സാധിക്കും.

പരസ്പരം ഗുണകരമായ ഈ സേവനകയറ്റുമതി ചട്ടക്കൂട് സേവനമേഖലയിലെ വ്യാപാരം വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ബിസിനസുകള്‍ക്കും പുതിയ അവസരങ്ങള്‍ നല്‍കുകയും ഉന്നത മൂല്യ ആഗോള വിപണികളില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയും കണ്ടുപിടിത്തവും വൈദഗ്ധ്യവും പ്രോത്സാഹിപ്പിച്ചുകൊണ്ട് അറിവില്‍ അധിഷ്ഠിതമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയും ചെയ്യും.

ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം

ഓട്ടോമൊബൈല്‍ മേഖലയില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരിക. വിദേശ വാഹനങ്ങള്‍ക്ക് നിലവില്‍ 70 മുതല്‍ 110 ശതമാനം വരെയാണ് ഇന്ത്യ ഇറക്കുമതി തീരുവ ഈടാക്കുന്നത്. പലപ്പോഴും ഇതില്‍ ഇളവ് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ല. എന്നാല്‍ പുതിയ കരാര്‍ അനുസരിച്ച് ഇന്ത്യ തദ്ദേശീയ ഓട്ടോമൊബൈല്‍ വിപണി യൂറോപ്യന്‍ യൂണിയന്‍ വാഹനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി 30-35 ശതമാനമായും പിന്നീട് നിരവധി വര്‍ഷങ്ങള്‍ കൊണ്ട് അതിലും താഴേക്കും കുറയ്ക്കാനാണ് ഇന്ത്യ തയ്യാറായിരിക്കുന്നത്.

അതേസമയം വിലയടിസ്ഥാനത്തില്‍ പല വിഭാഗങ്ങളായാണ് തീരുവയിളവ് നല്‍കുക. 15,000 യൂറോയില്‍ താഴെ വിലയുള്ള കാറുകളെ കരാറില്‍ നിന്നും ഒഴിവാക്കിയതായാണ് വിവരം. ഇതിന് മുകളില്‍ വിലയുള്ള കാറുകളെ മൂന്ന് വിഭാഗങ്ങളാക്കി പ്രത്യേക താരിഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. അതേസമയം ഇലക്ട്രിക് വാഹനങ്ങളെ ആദ്യ 5 വര്‍ഷത്തേക്ക് തീരുവ ഇളവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശീയ ഇലക്ട്രിക് വാഹന നിര്‍മ്മാതക്കളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഇന്ത്യന്‍ പ്രതിഭകള്‍ക്കും ‘ആയുഷിനും’ പുതിയ യുഗം

സേവനങ്ങളെയും ആളുകളുടെ മൊബിലിറ്റിയെയും പരിഗണിച്ചിരിക്കുന്ന രീതിയിലാണ് ഈ കരാര്‍ ഏറ്റവും ആധുനികമാകുന്നത്. ഇന്ത്യന്‍ സേവനദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 144 സേവന ഉപമേഖലകള്‍ തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും പ്രൊഫഷണല്‍ വിഭാഗത്തിന് കരാര്‍ കൊണ്ടുള്ള നേട്ടമെന്താണെന്ന് ചോദിച്ചാല്‍ സമഗ്രമായ മൊബിലിറ്റി ചട്ടക്കൂട് എന്നാണ് മറുപടി. അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണങ്ങളില്‍ നിന്നും അസ്ഥിരമായ H-1B പരിതസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി, ഈ കരാര്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളിലേക്കുള്ള പ്രവേശനം ലളിതമാക്കുകയും അവര്‍ക്കൊപ്പം പങ്കാളികളുടെയും ആശ്രിതരുടെയും താമസം എളുപ്പമാക്കുകയും ചെയ്യുന്നു. കുടുംബ സൗഹൃദമായ ഈ വ്യവസ്ഥ യൂറോപ്യന്‍ യൂണിയനെ ഇന്ത്യയിലെ ഐടി, ഗവേഷണ വികസന പ്രതിഭകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.

കൂടാതെ, ആയുഷിനെ അംഗീകരിക്കുന്ന കരാറിലൂടെ ഇന്ത്യന്‍ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങള്‍ക്കും സേവന ദാതാക്കള്‍ക്കും യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ അവസരങ്ങള്‍ വര്‍ധിക്കും.

ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനുമിടയില്‍ ഇത്രയും ബൃഹത്തും വിശാലവുമായ കരാര്‍ നിലവില്‍ വരുന്ന സമയം അതിപ്രധാനമാണ്. റഷ്യന്‍ എണ്ണ വാങ്ങലിനെ ചൊല്ലിയുള്ള അമേരിക്കയുടെ താരിഫ് തന്ത്രങ്ങള്‍ ഇന്ത്യയ്ക്ക് തലവേദനയാകുന്ന ഈ ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ അനിവാര്യമായ വൈവിധ്യവല്‍ക്കരണത്തിന് സഹായമാകും. പ്രായോഗിക നയതന്ത്രത്തിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍. ചില പരിമിതികള്‍ നിലനില്‍ക്കുന്നുവെങ്കിലും ഒരു മാറ്റമാണ് ഈ കരാര്‍ സൂചിപ്പിക്കുന്നത്. ടെക്‌സ്റ്റൈല്‍സ്, ലെതര്‍, അമൂല്യരത്‌നം അടക്കമുള്ള തൊഴില്‍ശക്തി കൂടിയ മേഖലകള്‍ കയറ്റുമതി നികുതിയില്‍ നിന്നും മുക്തമാകുന്നതും ഇന്ത്യന്‍ പ്രതിഭകള്‍ക്ക് വലിയ കടമ്പകള്‍ കൂടാതെ യൂറോപ്പിലേക്ക് കുടിയേറാനാകുന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ മികച്ച പങ്കാളിയായി യൂറോപ്യന്‍ യൂണിയന്‍ മാറുന്നുവെന്നതിന്റെ സൂചനയാണ്. ലോകത്തിലെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ് വ്യവസ്ഥകള്‍ തങ്ങള്‍ക്കിടയിലെ വിടവുകള്‍ നികത്തുമ്പോള്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ കേന്ദ്രം അറ്റ്‌ലാന്റിക്കില്‍ നിന്നും മാറുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

English Summary

India and the European Union have reached a landmark agreement on a bilateral free trade agreement, often hailed as the "Mother of All Deals." This strategic geo-economic alliance creates the world's largest free trade zone, encompassing 2 billion people and a market value of approximately $24 trillion, accounting for nearly 25% of the global GDP. The deal aims to provide stability amidst global trade wars and tariff threats from the US. Key highlights include zero tariffs on over 90% of Indian exports like textiles, leather, and gems, while India opens its markets to EU machinery and high-end automobiles with phased tariff reductions. The agreement also simplifies mobility for Indian professionals and recognizes traditional AYUSH medicine, marking a significant shift in global economic dynamics.
Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version