രണ്ട് കേന്ദ്രമന്ത്രിമാര്‍ അമേരിക്കയില്‍; താരിഫ്, H-1B വിസ ഫീസ് വിഷയങ്ങളില്‍ ആശ്വാസമുണ്ടാകുമോ?

എസ് ജയ്ശങ്കര്‍ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം പീയൂഷ് ഗോയല്‍ യുഎസ് വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രിയറുമായും കൂടിക്കാഴ്ച നടത്തി.

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr / Wikimedia Commons / AI-generated

ഇന്ത്യ-അമേരിക്ക ബന്ധം അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്നതിനിടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ അമേരിക്കയില്‍. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലുമാണ് വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലുള്ളത്. എസ് ജയ്ശങ്കര്‍ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം പീയൂഷ് ഗോയല്‍ യുഎസ് വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രിയറുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫും H-1B വിസയ്ക്ക് 100,000 ഡോളര്‍ ഫീസും ഏര്‍പ്പടുത്തിയ അമേരിക്കന്‍ നടപടികളില്‍ മാറ്റമുണ്ടാകുമോ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ മെച്ചപ്പെടുന്ന തീരുമാനങ്ങള്‍ക്ക് കേന്ദ്രമന്ത്രിമാരുടെ അമേരിക്ക സന്ദര്‍ശനം വഴിവെക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഈ സന്ദര്‍ശനത്തില്‍ ഇന്ത്യക്കാര്‍ ഉറ്റുനോക്കുന്നത്.

ജയ്ശങ്കര്‍- റൂബിയോ കൂടിക്കാഴ്ച

എസ് ജയ്ശങ്കര്‍- മാര്‍കോ റൂബിയോ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലുള്ളതും അന്താരാഷ്ട്രതലത്തിലുള്ളതുമായ പല വിഷയങ്ങളും ചര്‍ച്ചയായതായാണ് വിവരം. 80ാമത് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി യോഗത്തോട് അനുബന്ധിച്ചായിരുന്നു ലോട്ടെ ന്യൂയോര്‍ക്ക് പാലസില്‍ നടന്ന ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോളള്‍ഡ് ട്രംപ് 25 ശതമാനം പകരച്ചുങ്കവും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലെ പ്രതിഷേധമെന്നോണം ഏര്‍പ്പെടുത്തിയ 25 ശതമാനം പിഴച്ചുങ്കവും ഉള്‍പ്പടെ 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ജയ്ശങ്കറും റൂബിയോയും മുഖാമുഖം ചര്‍ച്ച നടത്തുന്നത്. ജൂലൈയില്‍ വാഷിംഗ്ടണില്‍ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അവസാനമായി ഇരുവരും കണ്ടത്.

അമേരിക്കയ്ക്ക് വേണ്ടപ്പെട്ട ബന്ധമാണ് ഇന്ത്യയുമായുള്ളതെന്ന് സെക്രട്ടറി റൂബിയോ അറിയിച്ചെന്നും വ്യാപാരം, പ്രതിരോധം, ഊര്‍ജം, ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍ണ്ണായക ധാതുക്കള്‍, ഉഭയകക്ഷി വ്യാപാരവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ റൂബിയോ അംഗീകരിച്ചതായും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രസ്താവന പുറത്തിറക്കി.

പീയൂഷ് ഗോയല്‍ – ജെയ്മിസണ്‍ കൂടിക്കാഴ്ച

വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പടെയുള്ള പ്രതിനിധി സംഘവും നിലവില്‍ അമേരിക്കയിലുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പീയുഷ് ഗോയല്‍ യുഎസ് വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രിയറുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം പീയൂഷ് ഗോയലും ഗ്രിയറുമായി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. നേരത്തെ മാര്‍ച്ചിലും മേയിലും ഇരുവരും തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ ഉഭയകക്ഷി വ്യാപാര കരാറില്‍ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ ലക്ഷ്യമിട്ടാണ് ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 16ന് ഇന്ത്യയിലെത്തിയ അമേരിക്കന്‍ വ്യാപാര പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച പോസിറ്റീവായ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ സംഘം അമേരിക്കയിലെത്തിയതെന്നും മന്ത്രാലയം സൂചിപ്പിച്ചു.

പ്രതീക്ഷകള്‍

മോദി സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ അമേരിക്കയില്‍ എത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് കാണേണ്ടത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ട്രംപ് ഭരണകൂടം രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയും പ്രതികാര നടപടികള്‍ കൈക്കൊള്ളുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കുറച്ചുനാളുകളായി ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധികളില്‍ അയവുവരുമെന്ന സൂചനയാണ് ഇപ്പോള്‍ പല കോണുകളില്‍ നിന്നും ഉണ്ടാകുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ വിജയകരമായി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയും വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ പരിമിതികളില്ലാത്ത സാധ്യതകള്‍ തുറക്കുമെന്ന മോദിയുടെ മറുപടിയും അതുതന്നെയാണ് സൂചിപ്പിക്കുന്നത്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version