H-1B പ്രതിസന്ധി: അമേരിക്കയ്ക്ക് വേണ്ടെങ്കില്‍ വേണ്ട, ഇന്ത്യന്‍ പ്രതിഭകള്‍ക്ക് സ്വാഗതമോതി ജര്‍മ്മനിയും കാനഡയും യുകെയും

ജര്‍മ്മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്കും മറ്റ് വിദഗധ തൊഴിലാളികള്‍ക്കുമായി ചുവന്ന പരവതാനി വിരിച്ച് സ്വാഗതമോതുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: AI-generated

H-1B വിസ ഫീസ് കുത്തനെ ഉയര്‍ത്തി വിദഗ്ധ തൊഴിലാളികള്‍ക്ക് മുമ്പില്‍ അമേരിക്ക വാതിലുകള്‍ കൊട്ടിയടയ്ക്കുമ്പോള്‍ ഇന്ത്യന്‍ പ്രതിഭകള്‍ക്കായി വാതിലുകള്‍ തുറന്നിട്ട് മറ്റ് പാശ്ചാത്യരാജ്യങ്ങള്‍. ജര്‍മ്മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്കും മറ്റ് വിദഗധ തൊഴിലാളികള്‍ക്കുമായി ചുവന്ന പരവതാനി വിരിച്ച് സ്വാഗതമോതുന്നത്.

ജര്‍മ്മനിയിലെ സമ്പന്നമായ തൊഴില്‍ വിപണിയുടെ ഭാഗമാകാന്‍ ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡറായ ഫിലിപ്പ് ഓക്കര്‍മാന്‍ ഇന്ത്യക്കാരെ ക്ഷണിച്ചു. ബുധനാഴ്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഓക്കര്‍മാന്‍ ഇന്ത്യക്കാര്‍ക്ക് സ്വാഗതമോതിയത്. ബെര്‍ലിന്റെ കുടിയേറ്റ നയങ്ങള്‍ ജര്‍മ്മന്‍ കാറുകളോടാണ് ഓക്കര്‍മാന്‍ താരതമ്യം ചെയ്തത്. ആധുനികവും, ആശ്രയിക്കാനാകുന്നതും പ്രവചിക്കാനാകുന്നതുമാണ് അവ. ഒറ്റരാത്രി കൊണ്ട് നിയമങ്ങള്‍ മാറ്റുന്ന രാജ്യമല്ല ജര്‍മ്മനിയെന്നും മികച്ച പ്രതിഭയുള്ള ഇന്ത്യക്കാരെ ജര്‍മ്മനിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഓക്കര്‍മാന്‍ പറഞ്ഞു.

സമാനമായി കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ കാരണം അമേരിക്ക വിട്ടുപോരുന്ന പ്രതിഭകളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കാനഡയും. 200,000 കാനഡ ഡോളറും അതിന് മുകളിലും വരുമാനമുള്ള അമേരിക്കയിലെ H-1B ജോലിക്കാരില്‍ 120,000 പേരെ ആകര്‍ഷിക്കാനായാല്‍ അത് കാനഡയുടെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ 30 ബില്യണ്‍ ഡോളര്‍ അധികമായി എത്തിക്കുമെന്നും ആ ഒറ്റ നയമാറ്റത്തിലൂടെ ജിഡിപി ഒരു ശതമാനം വര്‍ധിക്കുമെന്നും ബില്‍ഡ് കാനഡ എന്ന പോളിസി ഫോറം കരുതുന്നു.

ഇപ്പോള്‍ അമേരിക്കയുടെ H-1B വിസയുള്ളവര്‍ക്കും ഇനി നേടുന്നവര്‍ക്കും അമേരിക്കയിലെ കമ്പനികള്‍ക്കായി ജോലി ചെയ്തുകൊണ്ട് കാനഡയില്‍ ജീവിക്കാന്‍ സാധിക്കുന്ന തരത്തില്‍ പ്രത്യേക തൊഴില്‍ പെര്‍മിറ്റ് നല്‍കണമെന്ന് ബില്‍ഡ് കാനഡ ഫോറം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തുകഴിഞ്ഞു. കുറഞ്ഞത് 200,000 കാനഡ ഡോളര്‍ ശമ്പളവും 3 വര്‍ഷത്തെ തൊഴില്‍ കരാറുമാണ് ഇതിനുള്ള യോഗ്യതയായി ഫോറം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

H-1B പ്രതിസന്ധി യുകെയ്ക്ക് അവസരമാക്കാമെന്ന് യുകെയിലെ സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മ നയ സമിതിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ ഡോം ഹള്ളാസ് ആഭ്യന്തര സെക്രട്ടറി ഷബ്‌ന മഹ്‌മൂദിനെ തുറന്ന കത്തിലൂടെ അറിയിച്ചു. അമേരിക്കന്‍ നയം കാരണം ജോലി നഷ്ടപ്പെടുന്നവര്‍ക്കും അമേരിക്ക വിടേണ്ടി വരുന്നവര്‍ക്കും മറ്റൊരിടത്തേക്ക് താമസം മാറ്റാന്‍ ആലോചിക്കുന്നവര്‍ക്കും ആഗോള ടാലന്റ് ഫണ്ട് തുടങ്ങണമെന്ന് ആഭ്യന്തര ഓഫീസിനോട് ഹള്ളാസ് ആവശ്യപ്പെട്ടു. ഇങ്ങനെ യുകെയില്‍ എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച തത്തുല്യ പാക്കേജുകള്‍ നേടുന്നതിനായി എന്റര്‍പ്രൈസ് മാനേജ്‌മെന്റ് ഇന്‍സെന്റീവ് (ഇഎംഐ) ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) മേഖലകളിലുള്ള പ്രതിഭകള്‍ക്കായി ചൈനയും K-വിസ പദ്ധതി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഈ പദ്ധതിയും ഇന്ത്യന്‍ പ്രതിഭകള്‍ക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്.

കാനഡ, ജര്‍മ്മനി എന്നിവ പോലുള്ള രാജ്യങ്ങള്‍ H-1B വിസ പ്രതിസന്ധിയെ തുടര്‍ന്നുള്ള സാഹചര്യം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അമേരിക്ക വിടേണ്ടിവരുന്ന മികച്ച പ്രതിഭയുള്ള ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ അവര്‍ കുടിയേറ്റ നയങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നു. പല ആഗോള കമ്പനികളും ഈ അവസരം മുതലാക്കി ഇന്ത്യന്‍ പ്രതിഭകളെ അവരിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായ എഐ സ്റ്റാര്‍ട്ടപ്പ് ക്ലിയോ 100ഓളം തൊഴിലവസരങ്ങള്‍ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിലൂടെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണ്ണ വിസ സ്‌പോണസര്‍ഷിപ്പും താമസം മാറ്റുന്നതിനുള്ള പിന്തുണയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വൈസ്, കനേഡിയന്‍ നിയോബാങ്ക് നിയോ ഫിനാന്‍ഷ്യല്‍ എന്നിവയും തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version