ഭൂമിക്ക് പുറത്തുള്ള ബഹിരാകാശ വിഭവങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് പണം, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മുഴുവൻ സാമ്പത്തിക പ്രവർത്തനങ്ങളെയുമാണ് സ്പേസ് എക്കോണമി എന്ന് പറയുന്നത്.
കോടിക്കണക്കിനു ഡോളറിന്റെ ബിസിനസ്
മുൻപ് ബഹിരാകാശ ഗവേഷണങ്ങൾ കേവലം രാജ്യങ്ങളുടെ ശാസ്ത്രീയ നേട്ടങ്ങൾ മാത്രമായിരുന്നെങ്കിൽ, ഇന്നത് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സ് മേഖലയാണ്. ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കുക, ഇന്റർനെറ്റ്-ആശയവിനിമയ സേവനങ്ങൾ നൽകുക, ബഹിരാകാശ വിനോദസഞ്ചാരം , ഉപഗ്രഹ ചിത്രങ്ങളും ഡാറ്റയും ബിസിനസ്സുകൾക്ക് വിൽക്കുക, ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ധാതുക്കൾ ഖനനം ചെയ്യുക എന്നിവയെല്ലാം ഈ സാമ്പത്തിക മേഖലയുടെ ഭാഗമാണ്. പ്രമുഖ സാമ്പത്തിക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ കണക്കുകൂട്ടൽ അനുസരിച്ച്, 2040-ഓടെ സ്പേസ് എക്കോണമിയുടെ മൂല്യം 1000 ബില്യൺ യു.എസ് ഡോളറിലധികം വർദ്ധിക്കുമെന്നാണ് കരുതുന്നത്.
പ്രമുഖ കമ്പനികൾ
ധനകാര്യ വീക്ഷണകോണിൽ നോക്കുമ്പോൾ, സ്വകാര്യ കമ്പനികളുടെ കടന്നുവരവാണ് ഈ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചത്. നിലവിൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ആണ് ഈ രംഗത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. വീണ്ടും ഉപയോഗിക്കാവുന്ന റോകറ്റുകൾ നിർമ്മിച്ച് വിക്ഷേപണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാൻ സ്പേസ് എക്സിന് കഴിഞ്ഞു. അവരുടെ സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രൊജക്ട് വഴി കോടിക്കണക്കിന് ഡോളറിന്റെ വാർഷിക വരുമാനമാണ് കമ്പനി നേടുന്നത്. ഇവർക്ക് പുറമെ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ , ബഹിരാകാശ വിനോദസഞ്ചാര രംഗത്തുള്ള വിർജിൻ ഗാലക്റ്റിക് , തത്സമയ ഭൂപട ചിത്രീകരണ ഡാറ്റ നൽകുന്ന പ്ലാനറ്റ് ലാബ്സ് എന്നീ സ്വകാര്യ കമ്പനികളും ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ തുടങ്ങിയ പ്രതിരോധ തന്ത്രപ്രധാന കമ്പനികളും വലിയ ഓഹരി മൂല്യവുമായി ഈ രംഗത്ത് മുന്നിൽ നിൽക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക സാധ്യതകൾ
രാജ്യങ്ങളുടെ കണക്കെടുത്താൽ അമേരിക്കയുടെ നാസ , ചൈനയുടെ സി.എൻ.എസ്.എ , യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവയാണ് ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ബഹിരാകാശ ഗവേഷണങ്ങൾക്കായി മാറ്റിവെക്കുന്നത്. എന്നാൽ ഒരു സാമ്പത്തിക നിക്ഷേപകന്റെ കാഴ്ചപ്പാടിൽ ഏറ്റവും ആകർഷകമായ രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ ഐ.എസ്.ആർ.ഒ ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്ന സ്ഥാപനമാണ്. കേന്ദ്ര ഗവൺമെന്റ് സ്പേസ് മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതോടെ , പിക്സൽ , സ്കൈറൂട്ട് എയറോസ്പേസ് , അഗ്നികുൽ കോസ്മോസ് തുടങ്ങിയ നൂറുകണക്കിന് ഇന്ത്യൻ സ്പേസ്-സ്റ്റാർട്ടപ്പുകളാണ് കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപം ആകർഷിക്കുന്നത്. ഭാവിയിൽ കുറഞ്ഞ ചെലവിൽ വലിയ ബഹിരാകാശ സേവനങ്ങൾ നൽകുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്.
English Summary
The global space economy is rapidly shifting from government-led scientific exploration to a lucrative trillion-dollar commercial industry. Beyond satellite manufacturing and launches, the sector now encompasses satellite internet services, Earth observation data analytics, space tourism, and long-term deep-space mining prospects. Companies like SpaceX, Blue Origin, and Planet Labs are driving down cost barriers, transforming space infrastructure into a high-growth financial frontier projected to cross $1 trillion by 2040.India is uniquely positioned to capture a significant market share in this expanding ecosystem.
