വിഴിഞ്ഞം പോര്‍ട്ട്; ലഘു സംരംഭകര്‍ക്ക് സമാനതകളില്ലാത്ത അവസരങ്ങള്‍

സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ഇത് ചെറു സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു നല്‍കുന്നത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വിഴിഞ്ഞം പോര്‍ട്ട് ഏറെക്കുറെ പ്രവര്‍ത്തനസജ്ജമായിരിക്കുന്നു. നിരവധി ഷിപ്പുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. എം എസ് സി കമ്പനികളുടെ ഷിപ്പുകളാണ് ഇപ്പോള്‍ തീരം തൊട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ബിസിനസ് സാധ്യതകളാണ് കേരളീയര്‍ക്ക് മുന്നില്‍ തുറന്നു കിട്ടുന്നത്. സിംഗപ്പൂര്‍ പോലെ മാതൃകാപരമായ പോര്‍ട്ടില്‍ ഉള്ള സൗകര്യങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ വിഴിഞ്ഞം പോര്‍ട്ടിലും ഉണ്ടാകേണ്ടതുണ്ട്. വലിയ തോതിലുള്ള നിക്ഷേപ സാധ്യതകളാണ് ഇത് ചെറു സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നു നല്‍കുന്നത്.

സിംഗപ്പൂര്‍ പോര്‍ട്ടിലെ എല്ലാ അനുബന്ധ (ആന്‍സിലറി) പ്രവര്‍ത്തികളെക്കുറിച്ചും പഠിച്ചാല്‍ അവ എല്ലാം തന്നെ വിഴിഞ്ഞത്തേക്കും കൊണ്ടുവരാനാകും എന്ന് മനസ്സിലാകും. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാവുകയും ചിലവ് വളരെ കുറയുകയും ചെയ്യും എന്നുള്ളതാണ് വിഴിഞ്ഞം പോര്‍ട്ടിന്റെ പ്രധാന സവിശേഷത. സിംഗപ്പൂര്‍ പോര്‍ട്ടിനെക്കാള്‍ മികച്ച രീതിയിലേക്ക് വിഴിഞ്ഞം മാറും എന്നുള്ളതാണ് വാണിജ്യ ലോകത്തിന്റെ പ്രതീക്ഷ. അതുകൊണ്ടുതന്നെ വലിയ സാധ്യതകളും അവസരങ്ങളും ആണ് വിഴിഞ്ഞം പോര്‍ട്ട് ചെറുകിട ബിസിനസുകാര്‍ക്ക് തുറന്നു നല്‍കുന്നത്.

ഡ്രൈ സ്റ്റോറുകള്‍ എന്ന് മൊത്തമായി അറിയപ്പെടുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വലിയ സാഹചര്യം ഇവിടെ ഒരുങ്ങുകയാണ്. പ്രൊവിഷന്‍ സാധനസാമഗ്രികള്‍, മാംസം, പച്ചക്കറികള്‍, ഡ്രൈഫ്രൂട്ട്സ്, ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍, വെജിറ്റബിള്‍സ്, പഴങ്ങള്‍ അങ്ങനെ നിരവധി ആയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിഴിഞ്ഞം കേന്ദ്രീകരിച്ച് വില്‍ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തുറക്കുകയാണ്. സ്വകാര്യ വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കും ഇവിടെ വലിയ തോതിലുള്ള അവസരങ്ങളാണ് വരാന്‍ പോകുന്നത്. ഇവ സ്റ്റോക്ക് ചെയ്യുന്നതിനും, പ്രിസര്‍വ് ചെയ്യുന്നതിനും ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നതിനും ഒക്കെയുള്ള സൗകര്യങ്ങള്‍ ഇതിനോട് അനുബന്ധിച്ച് ഉണ്ടാകേണ്ടതുണ്ട്. ഇവിടെയെല്ലാം തന്നെ ലഘു സംരംഭകര്‍ക്ക് ധാരാളമായ നിക്ഷേപ സാധ്യതകള്‍ ഉണ്ട്.

സേഫ്റ്റി എക്യുമെന്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണ് ഈ പ്രദേശം കേന്ദ്രീകരിച്ച് ഉണ്ടാകാന്‍ പോകുന്നത്. ഹെല്‍മറ്റുകള്‍, എയര്‍ മട്സ്, ബോയിലര്‍ സ്യൂട്സ്, (ഓവറോള്‍ സ്യൂട്സ്) ഗൗണുകള്‍, ഗ്ലൗസുകള്‍ അങ്ങനെ അങ്ങനെ നിരവധി ആയിട്ടുള്ള സേഫ്റ്റി എക്യുമെന്റുകള്‍ വില്‍ക്കുന്നതിനും ആയത് എത്തിച്ചു നല്‍കുന്നതിനും കഴിയുന്ന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് വ്യാപാര മേഖലയ്ക്ക് വലിയ അവസരമാണ്.

ഒരു ഷിപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായിട്ടുള്ള നിരവധി എന്‍ജിനീയറിംഗ് പാര്‍ട്സുകള്‍ക്ക് വന്‍ സാധ്യതകളാണ് ഉള്ളത്. ഷിപ്പ് പാര്‍ട്സുകള്‍, എന്‍ജിന്‍ പാര്‍ട്സുകള്‍, മെക്കാനിക്കല്‍ പാര്‍ട്സുകള്‍ അങ്ങനെയങ്ങനെ നീളുന്ന നിരവധി എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ സാധ്യതകളുണ്ട്. ചെറിയ എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ക്ക് പോലും വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാഴ്ചവയ്ക്കാന്‍ കഴിയും. ആധുനികവല്‍ക്കരിച്ച മെഷിനറികളില്‍ അധിഷ്ഠിതമായിട്ടുള്ള എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് ഇത്തരം മെക്കാനിക്കല്‍ വര്‍ക്കുകളും ഏറ്റെടുത്ത് ചെയ്യാനാകും.

എന്‍ജിന്‍ പ്രവര്‍ത്തനം, ഫയര്‍ ഫൈറ്റിംഗ് എക്യുപ്മെന്റുകളുടെ പ്രവര്‍ത്തനം, അവയുടെ സര്‍വ്വേ, അവയുടെ ത്രൈമാസ – വാര്‍ഷിക മെയിന്റനന്‍സുകള്‍ ഇവയ്ക്കെല്ലാം തന്നെ സ്ഥിരം കോണ്‍ട്രാക്ടര്‍മാരെയും സ്ഥിരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളെയും ആവശ്യമായി വരുന്നു. ഇത് സമയാസമയങ്ങളില്‍ നടത്തേണ്ടത് ഷിപ്പ് കമ്പനികളുടെ ഉത്തരവാദിത്വം കൂടിയാണ്.

ഷിപ്പിംഗ് ഏജന്‍സി സര്‍വീസസ്, ഷിപ്പ് മാനേജ്മെന്റ് എന്നീ ഘടകങ്ങളിലും സംരംഭസാധ്യതകള്‍ ഉണ്ട്. വിസ, ഫ്ളൈറ്റ്, റിപ്പര്‍കഷന്‍ മാനേജ്മെന്റ് (പകരക്കാരെ നല്‍കല്‍), മെഡിക്കല്‍ സേവനങ്ങള്‍, വിവരസാങ്കേതികവിദ്യ ലഭ്യമാക്കല്‍ തുടങ്ങി നൂറുകണക്കിന് ഷിപ്പ് മാനേജ്മെന്റ് സേവനങ്ങള്‍ നല്‍കുന്നതിന് സംരംഭങ്ങള്‍ക്ക് വന്‍ സാധ്യതകള്‍ ഉണ്ട്. സൈന്‍ ഓണ്‍ (ഷിപ്പില്‍ കയറ്റല്‍) സൈന്‍ ഓഫ് (ഷിപ്പില്‍ ഇറക്കല്‍) ഇതിനിടയില്‍ വരുന്ന ക്രൂ സംബന്ധിച്ച മാറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് കൃത്യമായ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ട്.

ഇന്ധനങ്ങള്‍, ഡീസല്‍, ഓയില്‍/ലൂബ്രിക്കേറ്റിംഗ് ഓയില്‍, ഹൈ ഫ്ളൂയിഡ് ഓയില്‍, ഫ്രഷ് വാട്ടര്‍ സപ്ലൈ തുടങ്ങി നിരവധി ആയിട്ടുള്ള ബംഗര്‍ സര്‍വീസ് സേവനങ്ങള്‍ക്ക് ഇവിടെ സാധ്യതകളുണ്ട്. കൂടുതല്‍ കമ്പനികള്‍ ഇതുമായി ബന്ധപ്പെട്ട് രംഗപ്രവേശനം ചെയ്യേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വിഴിഞ്ഞം തുറമുഖം സുഖമുഖമായി സുഗമമായി പ്രവര്‍ത്തിക്കുകയുള്ളൂ.

ബംഗര്‍ സര്‍വ്വേ എന്നാല്‍ ഇന്ധനം സംബന്ധിച്ച വിലയിരുത്തല്‍ റിപ്പോര്‍ട്ട് ആണ്. ഒരു ഷിപ്പില്‍ എത്ര ഇന്ധനം ഉണ്ട്, എത്ര ഉപയോഗിച്ചു, എത്ര നല്‍കി, ഇനിയെത്ര വേണം ഇതിന്റെ കാല്‍ക്കുലേഷനുകള്‍ സമയാസമയങ്ങളില്‍ എടുത്ത് നല്‍കുക എന്നത് മികച്ച ഒരു പ്രൊഫഷണല്‍ സര്‍വീസാണ്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന പഥത്തില്‍ വരുമ്പോള്‍ മുതല്‍ ഇത്തരം സര്‍വീസുകള്‍ ഒഴിച്ചുകൂടാന്‍ ആകില്ല. നിരവധി സാങ്കേതിക/പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ക്ക് ഈ രംഗത്ത് സാധ്യതകള്‍ ഉണ്ട്.

ഡ്രാഫ്റ്റ് സര്‍വെയര്‍ എന്നത് പ്രൊഫഷണല്‍ കമ്പനികളുടെ പ്രവര്‍ത്തിയാണ്. ഇത് ചരക്കുമായി ബന്ധപ്പെട്ട് കിടക്കുന്നു. കപ്പലിലെ ചരക്കിന്റെ അളവ് നോക്കുക എന്നുള്ളതാണ് ഇതിന്റെ ഒരു പ്രവര്‍ത്തനരീതി. എത്ര കയറ്റി, എത്ര ഇറക്കി, ഇനിയെത്ര, എത്ര ഏരിയ ഉപയോഗിക്കുന്നു, എത്ര ഏരിയ ബാക്കി കിടക്കുന്നു, ഇന്‍വോയ്സില്‍ പറയുന്ന അളവ് ഉറപ്പുവരുത്തിയിട്ടുണ്ടോ ഇത്തരം കാര്യങ്ങളൊക്കെ വിലയിരുത്തുന്നത് ഡ്രാഫ്റ്റ് സര്‍വേയര്‍മാരാണ്. പ്രൊഫഷണല്‍ യോഗ്യതയുള്ള ഇത്തരം സര്‍വ്വേ സ്ഥാപനങ്ങള്‍ക്ക് വലിയ സാധ്യതകളാണ് വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട് തുറക്കാന്‍ പോകുന്നത്. വിലയിരുത്തലുകള്‍ മാത്രമല്ല അവയുടെ സര്‍ട്ടിഫിക്കേഷനുകളും ഒഴിച്ചുകൂടാനാവാത്തതാണ്.

അന്താരാഷ്ട്ര തലത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന് നിരവധിയായ സംവിധാനങ്ങള്‍ ആവശ്യമുണ്ട്. മണി എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ ബാങ്കിംഗ് സേവനങ്ങള്‍, വിദൂരങ്ങളിലേക്ക് പണം അയക്കല്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിന്റെ ഭാഗമായി പ്രത്യേകം ഉണ്ടാകേണ്ടതുണ്ട്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ട അനുബന്ധ സേവനങ്ങളും നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇവിടെയും ചാര്‍ട്ടേഡ് അക്കൗണ്ടര്‍മാര്‍ പോലുള്ള വിദഗ്ദരുടെ സേവനങ്ങള്‍ കൂടുതലായി വേണ്ടിവരും.

ഏതൊരു പ്രദേശത്തെയും പോലെ തന്നെ തുറമുഖ രംഗത്തും വലിയ സാധ്യതകളുള്ള ഒന്നാണ് മെഡിക്കല്‍ സേവനം. ആയുര്‍വേദം, അലോപ്പതി എന്നിവയ്ക്ക് എല്ലാം തന്നെ ഇവിടെ സാധ്യതകളുണ്ട്. വന്‍കിട ഹോസ്പിറ്റലുകള്‍ മാത്രമല്ല ചെറിയ ചെറിയ നേഴ്സിങ് ഹോമുകള്‍, ഡോക്ടര്‍/ഫാര്‍മസിസ്റ്റ്/എക്സ് റേ ടെക്നീഷ്യന്മാര്‍ അവരുടെ സേവനങ്ങള്‍, എന്നീ മേഖലകളിലെല്ലാം തന്നെ അവസരങ്ങളുണ്ട്. ചെറിയ അസുഖങ്ങള്‍ക്ക് വേഗത്തില്‍ വന്നു കണ്ടു ചികിത്സിച്ച് തിരിച്ചു പോകാന്‍ കഴിയുന്ന സംവിധാനങ്ങളാണ് കൂടുതലായി കൊടുക്കേണ്ടി വരിക. ആരോഗ്യ സേവന രംഗത്ത് പുതു സാധ്യതകള്‍ വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നുചേരുകയാണ്. ഇങ്ങനെ നോക്കിയാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരേയും പ്രൊഫഷണല്‍/കണ്‍സള്‍ട്ടന്‍സി മുതല്‍ എന്‍ജിനീയറിംഗ് യൂണിറ്റുകള്‍ വരേയും നിരവധി ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് സാധ്യതകള്‍ തുറന്നു നല്‍കുകയാണ് വിഴിഞ്ഞം പോര്‍ട്ട്.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version