ഒറിജിനല്‍ പൂവും ഇലയും കൊണ്ടുള്ള പ്രിന്റുകള്‍; എക്കോപ്രിന്റ് ക്ലോത്തിംഗില്‍ വിസ്മയമായി ഇലപ്പച്ച

ആളുകള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് ഡ്രെസ്സ് കസ്റ്റമൈസ് ചെയ്യാം. സ്‌റ്റോളുകള്‍ മുതല്‍ ഷര്‍ട്ട്, കുര്‍ത്ത, സാരി, ബ്രൈഡല്‍ വസ്ത്രങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള എക്കോപ്രിന്റ് ഉല്‍പ്പന്നങ്ങള്‍ ഇലപ്പച്ചയിലുണ്ട്. ഓര്‍ഡര്‍ നല്‍കി 10-20 ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാറുണ്ട്.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer

ഒരു വര്‍ഷം മുമ്പാണ് ഇടുക്കിയിലെ പീരുമേട് സ്വദേശിനിയായ സൗമ്യ തോമസ് ഇലപ്പച്ചയെന്ന സംരംഭം ആരംഭിക്കുന്നത്. ബുട്ടീക്കുകളും കസ്റ്റമൈസ്ഡ് ക്ലോത്തിംഗ് ബ്രാന്‍ഡുകളും കൂണുപോലെ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍ മറ്റൊരു ക്ലോത്തിംഗ് ബ്രാന്‍ഡ് എന്ന് നിസ്സാരമായി എഴുതിത്തള്ളാനാകില്ല ഇലപ്പച്ചയെ. സൗമ്യ തോമസ് എന്ന കലാകാരിയുടെ ആറുവര്‍ഷത്തെ പരിശ്രമമാണ് ആ സംരംഭം. ഇലയുടെയും പൂവിന്റെയും തണ്ടിന്റെയുമെല്ലാം നിറങ്ങളും ഡിസൈനും അതേപടി വസ്ത്രങ്ങളിലേക്ക് പകര്‍ത്താനുള്ള സൗമ്യയുടെ സ്വപ്‌നത്തിന് വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ സൗമ്യ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. കേരളത്തിലെ ആദ്യത്തെ എക്കോപ്രിന്റ് ബ്രാന്‍ഡായി. ഒരു കലാകാരി സംരംഭകയാകുമ്പോഴാണ് ഇലപ്പച്ച പോലെ മനോഹരമായ ബ്രാന്‍ഡുകള്‍ പിറവിയെടുക്കുന്നത്.

പ്രകൃതിയെ കൂട്ടുപിടിച്ച ബ്രാന്‍ഡ്

ചിത്രരചന സൗമ്യയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഉപരിപഠനത്തിന് ഫൈന്‍ ആര്‍ട്‌സ് തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. പക്ഷേ വസ്ത്രങ്ങളോടും അതുപോലെ ഇഷ്ടമുണ്ടായിരുന്നു സൗമ്യയ്ക്ക്. കുട്ടിക്കാലം തൊട്ടെ ആരും പഠിപ്പിക്കാതെ തന്നെ ഡ്രസ്സ് തയ്ക്കാനും ഡിസൈന്‍ ചെയ്യാനുമെല്ലാം ഇഷ്ടമായിരുന്നു. പക്ഷേ ഇഷ്ടങ്ങളെല്ലാം ഒരു ബ്രാന്‍ഡില്‍ ഒന്നുചേര്‍ന്നതിന് നിമിത്തമായത് യാത്രകളാണ്. പഠനകാലത്ത് ഇടുക്കിയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ വഴിയരുകില്‍ കാണുന്ന പ്രകൃതിയുടെ നിറങ്ങളില്‍ സൗമ്യയുടെ കണ്ണുടക്കി. പൂക്കളുടെയും ഇലകളുടെയും തണ്ടിന്റെയുമെല്ലാം നിറങ്ങളും ആ ഡിസൈനും വസ്ത്രങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലെന്ന് ചിന്തിക്കുന്നത് അങ്ങനെയാണ്. അന്നാണ് ഇലപ്പച്ചയെന്ന ആശയം സൗമ്യയെ ആവേശിക്കുന്നത്.

പരീക്ഷണകാലം

എക്കോപ്രിന്റ് എന്ന വാക്ക് പോലും അന്ന് സൗമ്യ കേട്ടിരുന്നില്ല. പക്ഷേ വിദേശത്ത് കാലങ്ങളായി പ്രചാരമുള്ള ഒരാശയമാണ് അത്. എക്കോപ്രിന്റിംഗ് പഠിപ്പിക്കാന്‍ പലരെയും സമീപിച്ചെങ്കിലും ആരും സൗമ്യയെ സഹായിച്ചില്ല. അങ്ങനെ സൗമ്യ സ്വന്തമായി പരീക്ഷണങ്ങള്‍ ആരംഭിച്ചു. 2016-ലായിരുന്നു അത്. നല്ല നിറമുള്ളതും വ്യത്യസ്തമായ ഡിസൈനുള്ളതുമായ പൂക്കളും ഇലകളുമെല്ലാം ശേഖരിച്ചുതുടങ്ങി. പക്ഷേ നിറപ്പകിട്ടാര്‍ന്ന എല്ലാ ഇലകളും പൂക്കളും തുണിയിലേക്ക് നിറം പകര്‍ത്തില്ല. ടാനിന്‍ എന്ന ഘടകത്തിന്റെ സാന്നിധ്യമാണ് നിറം പകര്‍ത്താനുള്ള കഴിവ് നിര്‍ണ്ണയിക്കുന്നത്. ഇതിനിടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി സൗമ്യ ചിത്രരചന അധ്യാപികയായി. പക്ഷേ എക്കോപ്രിന്റിംഗ് പരീക്ഷണങ്ങള്‍ അപ്പോഴും തുടര്‍ന്നു. ഏതൊക്കെ ഇലകളിലും പൂക്കളിലുമാണ് ടാനിന്‍ ഉള്ളത്, അത് തുണിയിലേക്ക് പകര്‍ത്താനുള്ള പ്രക്രിയ എന്താണ് എന്നിവയെ കുറിച്ചെല്ലാം സൗമ്യ വിശദമായി പഠിച്ചു. പലതവണ പരാജയപ്പെട്ടു. പക്ഷേ ഒടുവില്‍ വിജയിച്ചു. പ്രകൃതിയില്‍ നിന്നുള്ള നിറം ആദ്യമായി തുണിയിലേക്ക് പകര്‍ത്തിയപ്പോള്‍ അത് സൗമ്യയ്ക്ക് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. 2022ലായിരുന്നു അത്.

എക്കോപ്രിന്റിംഗ്

എക്കോപ്രിന്റിംഗ് ഒട്ടും എളുപ്പമല്ല. പൂര്‍ണ്ണമായും മനുഷ്യാധ്വാനം വേണ്ടിവരുന്ന പ്രക്രിയയാണത്. ഒരു ഘട്ടത്തിലും മെഷീന്‍ ഉപയോഗിക്കുന്നില്ല. ഗുണനിലവാരം കൂടിയ, എക്കോപ്രിന്റിംഗിന് യോജിക്കുന്ന തുണിത്തരം തിരഞ്ഞെടുക്കുന്നത് മുതല്‍ നിരന്തരമായ അധ്വാനവും ക്ഷമയും വേണം. എക്കോപ്രിന്റിംഗില്‍ കാലാവസ്ഥയും പ്രധാനമാണ്. തീ കത്തിക്കാനും വെയിലത്ത് തുണി ഉണക്കാനുമെല്ലാം കഴിയുന്ന കാലാവസ്ഥയിലാണ് എക്കോപ്രിന്റിംഗ് നല്ലരീതിയില്‍ നടക്കുക.

പരീക്ഷിച്ചറിഞ്ഞാല്‍ മാത്രമേ ഓരോ ഇലയുടെയും പൂവും നല്‍കുന്ന നിറവും പ്രിന്റും മനസ്സിലാക്കാന്‍ സാധിക്കൂ. ഒരേ മരത്തിന്റെ ഇല പല പ്രായത്തില്‍ പല നിറങ്ങള്‍ നല്‍കും. അതുപോലെ ഒരേ ചെടിയുടെ പല ഇലകള്‍ ചിലപ്പോള്‍ പല നിറങ്ങളും നല്‍കാം. പ്രിന്റിംഗിനുള്ള ഇവയുടെ കൂട്ടും വ്യത്യസ്തമാകാം. വിജയിച്ച കൂട്ടുകള്‍ എഴുതിവെച്ചാണ് പിന്നീട് പ്രിന്റ് ചെയ്യുന്നത്.

തുണികളില്‍ വേണ്ട ഡിസൈനില്‍ ഇലകളും പൂക്കളുമെല്ലാം നിരത്തിവെക്കുന്നതും വളരെ ശ്രദ്ധ വേണ്ടുന്ന കാര്യമാണ്. നീളത്തില്‍ തുണി വിരിച്ചിട്ടാണ് ഇത് ചെയ്യുന്നത്. അതിനുശേഷം ശ്രദ്ധാപൂര്‍വ്വം ചുളിവില്ലാതെ തുണി മടക്കി കെട്ടാക്കണം. പിന്നീട് ആവിയില്‍ തുണി പുഴുങ്ങിയെടുക്കും. ഇലയുടെയും തുണിയുടെയും പ്രത്യേകത അനുസരിച്ച് ആവിയില്‍ വെക്കുന്ന സമയം വ്യത്യസ്തമായിരിക്കും. അതിനുശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് കെട്ട് അഴിച്ച് പ്രിന്റ് നോക്കുക. എല്ലാം തികച്ചും വ്യത്യസ്തമായ ഡിസൈനുകള്‍ ആയതുകൊണ്ട് ഏറ്റവും ആവേശത്തോടെയാണ് ഓരോ തവണയും കെട്ട് അഴിച്ചുനോക്കുകയെന്ന് സൗമ്യ പറയുന്നു. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അധ്വാനത്തിന്റെ ക്ഷീണമെല്ലാം ആ ഡിസൈന്‍ നല്‍കുന്ന സന്തോഷത്തില്‍ മായും. പിന്നെയും നിരവധി തവണ കഴുകിയതിന് ശേഷമാണ് എക്കോപ്രിന്റെ ക്ലോത്ത് തയ്യാറാകുന്നത്.

നിരവധി ആവശ്യക്കാര്‍

ഇലപ്പച്ചയെന്ന ബ്രാന്‍ഡ് കഴിഞ്ഞ ഒരു വര്‍ഷമായി വിപണിയിലുണ്ട്. നിലവില്‍ വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് ഓര്‍ഡറുകള്‍ എടുക്കുന്നത്. കൊച്ചിയില്‍ ലുലു സെലിബ്രേറ്റില്‍ ഇലപ്പച്ചയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. വേറെങ്ങും കാണാത്ത ഡിസൈന്‍, ഗുണനിലവാരം, എക്കോപ്രിന്റിംഗ് എന്നിവ കൊണ്ടെല്ലാം ഇലപ്പച്ചയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. വിദേശത്ത് നിന്നും ഇന്ത്യയില്‍ ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ നിന്നും നിരവധി ഓര്‍ഡറുകളാണ് വരുന്നത്.

ആളുകള്‍ക്ക് അവരുടെ ആവശ്യമനുസരിച്ച് ഡ്രെസ്സ് കസ്റ്റമൈസ് ചെയ്യാം. സ്‌റ്റോളുകള്‍ മുതല്‍ ഷര്‍ട്ട്, കുര്‍ത്ത, സാരി, ബ്രൈഡല്‍ വസ്ത്രങ്ങള്‍ എന്നിങ്ങനെ പലതരത്തിലുള്ള എക്കോപ്രിന്റ് ഉല്‍പ്പന്നങ്ങള്‍ ഇലപ്പച്ചയിലുണ്ട്. ഓര്‍ഡര്‍ നല്‍കി 10-20 ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യാറുണ്ട്. ഓര്‍ഡറുകളുടെ ബാഹുല്യം കാരണം നിലവില്‍ ഒന്നും സ്‌റ്റോക്ക് ചെയ്യാന്‍ സാധിക്കാറില്ലെന്ന് സൗമ്യ പറയുന്നു. കെട്ടുകണക്കിന് വസ്ത്രങ്ങള്‍ ഒന്നിച്ച് പ്രിന്റ് ചെയ്യാവുന്ന ഒന്നല്ല എന്നതിനാലും സാധാരണ ക്ലോത്തിംഗ് ബ്രാന്‍ഡുകളെ പോലെ കുറേ വസ്ത്രങ്ങള്‍ ഒരുമിച്ച് പുറത്തിറക്കാന്‍ സാധിക്കില്ല. പക്ഷേ എക്കോപ്രിന്റ് വസ്ത്രങ്ങളുടെ ഈ മൂല്യം തിരിച്ചറിഞ്ഞ് ഉപഭോക്താക്കളില്‍ നിന്ന് മികച്ച രീതിയിലുള്ള സഹകരണവും പ്രോത്സാഹനവും ഉണ്ടാകുന്നുവെന്നത് സന്തോഷമാണെന്ന് സൗമ്യ കൂട്ടിച്ചേര്‍ക്കുന്നു.

സൗമ്യയെ എക്കോപ്രിന്റിംഗ് പഠിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ലെങ്കിലും സൗമ്യ ഇന്ന് നിരവധി പേരെ എക്കോപ്രിന്റിംഗ് പഠിപ്പിക്കുന്നു. പലരും പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കിത്തുടങ്ങി. വിദേശത്ത് നിന്നടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ട് ഇപ്പോള്‍.

ഇലകള്‍ തേടി ഹിമാലയം വരെ

എക്കോപ്രിന്റിന് വേണ്ടിയുള്ള ഇലകളും പൂക്കളും തേടി തമിഴ്‌നാട് മുതല്‍ ഹിമാലയം വരെ നീളുന്ന യാത്രകളുണ്ട് സൗമ്യയ്ക്ക്. ജപ്പാന്‍ മേപ്പിള്‍ ഇലകള്‍ക്ക് വേണ്ടി കുറച്ചുനാളുകള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ പോയി. അവിടെ വെച്ച് തന്നെ എക്കോപ്രിന്റ് ചെയ്തുനോക്കി. ഓരോ തവണ പ്രിന്റ് ചെയ്യുമ്പോഴും ഫ്രഷ് ഇലകളും പൂക്കളുമെല്ലാം വേണം. തേക്കിന്റെയും കാറ്റാടിയുടെയും മേപ്പിളിന്റെയുമെല്ലാം ഇലകളാണ് കൂടുതലായി ഉപയോഗിക്കുക. ചിലപ്പോള്‍ വിദേശികളായ വിദ്യാര്‍ത്ഥികള്‍ അവിടെയുള്ള ഇലകളും പൂക്കളുമെല്ലാം സൗമ്യയ്ക്ക് അയച്ചുകൊടുക്കാറുണ്ട്.

കേരളത്തിന് എക്കോപ്രിന്റ് എന്ന ആശയം പരിചയപ്പെടുത്തിക്കൊടുത്ത ബ്രാന്‍ഡ് ആണ് ഇലപ്പച്ച. ഓരോ തവണയും എക്കോപ്രിന്റ് ചെയ്യുമ്പോള്‍ തുണികളില്‍ പ്രകൃതി വരച്ച ചിത്രം കാണാന്‍ സൗമ്യ ആദ്യ എക്കോപ്രിന്റ് കണ്ട അതേ ആവേശത്തില്‍ കാത്തിരിക്കാറുണ്ട്. എക്കോപ്രിന്റിംഗിനോടുള്ള സൗമ്യയുടെ സ്‌നേഹവും ആവേശവും തന്നെയാണ് ഇലപ്പച്ചയുടെ വിജയം.

English Summary

Ilappacha is Kerala’s first eco-print clothing brand, founded by artist Soumya Thomas from Idukki. Using real leaves and flowers, the brand creates handcrafted, sustainable garments through a fully manual eco-printing process, blending art, nature, and slow fashion.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version