ഇല ; ഹോബിയെ ബ്രാൻഡാക്കി മാറ്റിയ വിനിത റാഫേൽ മാജിക്

ആദ്യകാലത്ത് ഒരു ഹോബി എന്ന നിലയ്ക്കാണ് സാരികളിൽ പെയിന്റിംഗ് ചെയ്ത് തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് ഇല എന്ന പേരിൽ ഒരു ഓൺലൈൻ ബുട്ടീക് തുടങ്ങിയത്.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Vinitha Raphael

വളരെ ചെറിയ പ്രായം മുതൽക്ക് തന്നെ നിറങ്ങളോട് ചങ്ങാത്തം കൂടിയ ആളായിരുന്നു അങ്കമാലി സ്വദേശിനിയായ വിനിത റാഫേൽ. നിറങ്ങളും അക്ഷരങ്ങളുമായിരുന്നു വിനിതയുടെ കൂട്ട് എന്ന് പറയുന്നതാണ് കൂടുതൽ ശരി. ചിത്രങ്ങൾ വരിക്കുന്നതിലും കവിതകൾ എഴുതുന്നതിലും വിനിത എന്നും സന്തോഷം കണ്ടെത്തിയിരുന്നു. അധ്യാപികയായി ജോലി നോക്കിയിരുന്നപ്പോഴും വിനിതയ്ക്ക് താൻ അപൂർണയായ ഒരു വ്യക്തിയായി പലപ്പോഴും തോന്നിയത് വരകളുടെ ലോകത്ത് നിന്നും മാറി നിൽക്കേണ്ടി വന്നത് കൊണ്ട് മാത്രമാണ്. ഒടുവിൽ ഹാൻഡ്‌ലൂം സാരികൾ കാൻവാസാക്കി തന്റെ മനസിലുള്ള ചിത്രങ്ങൾ വരച്ചിട്ടപ്പോൾ വിനിത റാഫേൽ തന്നെ തന്നെ ആസ്വദിക്കുകയിരുന്നു. എന്തെന്നില്ലാത്ത സംതൃപ്തി നൽകിയ ആ വരികളാണ് ഇല ഹാൻഡ്‌പെയിന്റ്സ് എന്ന ബ്രാൻഡിന്റെയും വിനിത റാഫേൽ എന്ന സംരംഭകയുടെയും പിറവിക്ക് ആധാരം.

ഇഷ്ടമുള്ള ചിത്രങ്ങൾ, മനസ്സിൽ തെളിയുന്ന ഭാവങ്ങൾ അതെല്ലാം ഇലകളും പൂക്കളും, കവിത ശകലങ്ങളും അക്ഷരങ്ങളും കഥകളിലെ കഥാപാത്രങ്ങളും മനുഷ്യരൂപങ്ങളും നവരസഭാവങ്ങളു മൊക്കെ ഹാൻഡ് മെയ്ഡ് ഫാബ്രിക് ഡിസൈനുകളായി വസ്ത്രങ്ങളിൽ ആവിഷ്കരിക്കുകയാണ് ഈ കലാകാരി. ഇല എന്ന ബ്രാൻഡിലൂടെ വിനിതയൊരുക്കുന്ന ഓരോ ഡിസൈനുകളും യൂണിക് ആന്‍റ് പെർഫക്റ്റ് എന്നാണ് ഉപഭോക്താക്കൾ വിലയിരുത്തുന്നത്.കസ്റ്റമൈസ്ഡ് വസ്ത്രങ്ങളുടെ ഒരു നീണ്ട നിരതന്നെ വിനിത ഒരുക്കിയിരിക്കുന്നു.

ആദ്യകാലത്ത് ഒരു ഹോബി എന്ന നിലയ്ക്കാണ് സാരികളിൽ പെയിന്റിംഗ് ചെയ്ത് തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിന്റെ പിൻബലത്തിലാണ് ഇല എന്ന പേരിൽ ഒരു ഓൺലൈൻ ബുട്ടീക് തുടങ്ങിയത്. വിനിത സ്വയം സാരികളും സെറ്റുമുണ്ടുകളും തെരഞ്ഞെടുത്ത് അതിൽ ഡിസൈൻ ചെയ്ത് തൻറെ ഫേസ്‌ബുക്ക് പേജുവഴി വില്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. താൻ വരയ്ക്കുന്ന ഓരോ ഡിസൈനിലും തന്‍റെ കയ്യൊപ്പ് പതിഞ്ഞിരിക്കണമെന്നത് വനിതയ്ക്ക് അത്രമേൽ നിർബന്ധമുള്ള കാര്യമാണ്. അത്രയേറെ നിഷ്ഠയോടെയും അർപ്പണത്തോടെയുമാണ് വിനിത വസ്ത്രങ്ങളിൽ ഹാൻഡ് മെയ്ഡ് ഡിസൈനുകൾ ഒരുക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഫാബ്രിക് പെയിന്റിങ് രംഗത്ത് സജീവമാണ് വിനിത റാഫേൽ.പലപ്പോഴും എക്സിബിഷനുകളിലൂടെ തന്റെ ഡിസൈനുകൾ വിപണിയിൽ എത്തിക്കാനും വിനിത ശ്രമിച്ചിട്ടുണ്ട്.

ഓരോ ഡിസൈനുകളും വ്യത്യസ്തം

താൻ പെയിന്റ് ചെയ്‌തൊരുക്കുന്ന ഓരോ വസ്ത്രങ്ങളും ഒന്നിനൊന്നു വേറിട്ട് നിൽക്കണമെന്ന ആഗ്രഹം വിനിതയ്ക്കുണ്ട്. അതിനാൽ തന്നെ ടൈപ്പോഗ്രാഫി, മലയാള അക്ഷരങ്ങൾ, ഇല്യുസ്ട്രേഷൻ, പുസ്തകങ്ങളുടെ കവർ പേജ് ഇല്യുസ്ട്രേഷൻ, ഡൂഡിൽ ആർട്ട്, സൂഫി സ്കെച്ച് ഡിസൈൻ എന്നിങ്ങനെ ഹാൻഡ് പെയിന്‍റഡ് ഡിസൈനുകളിൽ നവീനങ്ങളായ ആശയങ്ങളും വിനിത തന്റെ പെയിന്റിംഗിൽ ഉൾപ്പെടുത്തുന്നു. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന ടിഡി രാമ കൃഷ്ണന്‍റെ പ്രശസ്ത നോവലിന്‍റെ കവർ ഇല്യുസ്ട്രേഷൻ ആലേഖനം ചെയ്‌ത ഫാബ്രിക്ക് ഹാൻഡ് പെയിന്‍റിംഗ് ഏറെ ശ്രദ്ധേയമാണ്.ഒട്ടേറെ ആവശ്യക്കാർ വന്ന വർക്കുകളാണവ.

സാരിയിലും കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലും ചെയ്യുന്ന പോർട്രെയിറ്റ് ഡിസൈനുകളാണ് വിനിതയുടെ മറ്റൊരു പരീക്ഷണം. പ്രിയപ്പെട്ടവർക്കോ കൂട്ടുകാർക്കോ സമ്മാനമായി നൽകാൻ ആവശ്യപ്പെട്ട് വരുന്നവർക്കാണ് വിനിത ഇത്തരത്തിൽ കസ്റ്റമൈസ്ഡ് ഡിസൈനുകൾ ചെയ്‌ത് കൊടുക്കുന്നത്.ഇത് കൂടാതെ പുരുഷന്മാർക്കായുള്ള ഷർട്ടുകൾ, കുർത്തകൾ ,കുട്ടികളാക്കായുള്ള പാട്ടുപാവാടകൾ എന്നിവയിലെല്ലാം വിനിത ചിത്രങ്ങൾ വരയ്ക്കാറുണ്ട്. ഒരേ പാറ്റേണിലുള്ള പെയിന്റഡ് വസ്ത്രങ്ങൾക്കിടയിൽ വിനിതയുടെ ഹാൻഡ് പെയിന്റുകൾ എന്നും വ്യത്യസ്തമായി നിൽക്കുന്നു.

ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഉപഭോക്താക്കൾ ഇല ഹാൻഡ് പെയിന്റസിനുണ്ട്. കസ്റ്റമൈസ്ഡ് ഡിസൈനുകൾ ആവശ്യമുള്ളവർ മുൻകൂട്ടി ഓർഡർ നൽകേണ്ടതാണ്.ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഇല ഹാൻഡ്‌പെയിന്റഡ് വസ്ത്രങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. ഒരിക്കൽ ഉപയോഗിച്ചവർ ഇലയുടെ ആരാധകരാകുന്നു എന്നതും ഓണം, വിഷു , പിറന്നാൾ , വിവാഹം തുടങ്ങിയ ട്രഡീഷണൽ അവസരങ്ങൾ വിനിതയുടെ യൂണിക് സ്റ്റൈൽ വസ്ത്രങ്ങൾ തേടി എത്തുന്നു എന്നതുമാണ് ഈ സംരംഭകയുടെ വിജയം.

വരയുടെ ലോകത്ത് സജീവമായതിങ്ങനെ

ടിടിസി കഴിഞ്ഞ് അദ്ധ്യാപികയായി ജോലി ചെയ്‌ത് കൊണ്ടിരിക്കുന്നതിനിടെയാണ് നടുവേദന വില്ലനായി കടന്നു വരുന്നത്. ദീർഘനേരം നിന്നു കൊണ്ട് കുട്ടികളെ പഠിപ്പിക്കലും ഇരുപ്പും വേദനയുടെ കാഠിന്യം കൂട്ടി. ഒടുവിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോഴാണ് നട്ടെല്ലിലെ ഡിസ്കിന് പ്രശ്നമുള്ളതായി കണ്ടെത്തിയത്. സ്ട്രെയിൻ കൂടുമ്പോൾ നട്ടെല്ലിന് പ്രശ്നമാകും. കഠിനമായ വേദനയുണ്ടാവും. അതുകൊണ്ട് അദ്ധ്യാപന ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലാതെയായി.ഇഷ്ടപ്പെട്ട ജോലിയിൽ ഇനി തുടരാനാവില്ലല്ലോയെന്ന സങ്കടം തീർത്തത് ചിത്രരചനയിൽ അഭയം പ്രാപിച്ചുകൊണ്ടായിരുന്നു. തന്നിലൊരു കലാകാരി ഒളിഞ്ഞിരുപ്പുണ്ടെന്ന തിരിച്ചറിവിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അവിടെ നിന്നുമാണ്.

“ടിടിസിയ്ക്ക് പഠിക്കുന്ന സമയത്ത് ഒരു പെയ്ന്‍റിംഗ് വർക്ക്ഷോപ്പിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം കിട്ടിയതാണ് ജീവിതത്തിൽ ഇത്രയും പോസിറ്റിവ് ആയ മാറ്റമുണ്ടാക്കിയ കാര്യം.എന്‍റെയും അമ്മയുടെയും സാരിയിലായിരുന്നു ഫാബ്രിക്ക് പെയ്ന്‍റിംഗ് പരീക്ഷണങ്ങളത്രയും ഞാൻ തുടങ്ങിവച്ചത് . പെയ്ന്‍റ് ചെയ്‌ത് കുറേ സാരി നശിപ്പിച്ചു. എന്നാൽ പിന്നീട് ആത്മവിശവസം വർധിച്ചു. ഇക്കാര്യത്തിൽ വേണ്ട ഗൈഡൻസ് തരാൻ ആരുമുണ്ടായിരുന്നില്ല എന്നതായിരുന്നു പ്രധാന പോരായ്മ. വീട്ടിൽ ബന്ധുക്കളും അച്‌ഛനും സഹോദരൻ വിപിൻ റാഫേലുമൊക്കെ ചിത്രരചനയിൽ താൽപര്യമുള്ളവരായിരുന്നു.ആദ്യത്തെ സാരി ശ്രദ്ധിക്കപ്പെട്ടതോടെ തുടർച്ചയായി ഓർഡറുകൾ വരാൻ തുടങ്ങി. അങ്ങനെയാണ് ഈ മേഖലയിൽ സജീവമാകുന്നത്.” വിനിത റാഫേൽ പറയുന്നു.

ഹാൻഡ്‌ലൂം സാരികളിൽ ഉത്സവമേളം

ഇല ഹാൻഡ്‌പെയിന്റ് വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയെത്തുന്നത് ഓണം , വിഷു പോലുള്ള വിശേഷ അവസരങ്ങളിലാണ്.പുളിയിലക്കര കസവുമുണ്ടും അഞ്ചുവിരൽ വീതിയുള്ള സ്വർണ്ണപാവ് നെയ്ത കസവ് വേഷ്ടിയും വെള്ളിക്കരയുള്ള കസവ് സാരികളും ഒക്കെ ട്രെൻഡ് ആയിരുന്ന ഒരു വിഷുക്കാലം ഇന്ന് പഴങ്കഥയായി.ഫാഷനിൽ വരുന്ന അനുദിന മാറ്റങ്ങൾക്ക് അനുസൃതമായി മലയാളിയുടെ പ്രിയപ്പെട്ട വസ്ത്രമായ കസവ് വേഷ്ടിയിലും ഒരു ന്യൂ ജെനറേഷൻ ടച്ച് വന്നിരിക്കുകയാണ്. ബുദ്ധനും മ്യൂറൽ ചിത്രങ്ങളും തെയ്യവും ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്ന ഫാബ്രിക് പെയിന്റിംഗുകളോട് കൂടിയ സെറ്റുമുണ്ടുകളാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്. മ്യൂറൽ ചിത്രങ്ങൾ പ്രിന്റ് ചെയ്ത് എത്തുന്ന വസ്ത്രങ്ങളെ അപേക്ഷിച്ച് ഹാൻഡ് പെയിന്റിംഗ് ചെയ്യുന്ന ഇത്തരം വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. അതിനാൽ തന്നെ ഉത്സവകാലം ഇല ഹാൻഡ്‌പെയിന്റ് സ്റ്റുഡിയോയിൽ തിരക്കിൻറെ കാലമാണ്.

സാരികളുടെയും സെറ്റ് മുണ്ടുകളുടെയും മുന്താണി , ചെസ്റ്റ് പോർഷൻ, ബോർഡർ , പ്ലീറ്റ്‌സ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഡിസൈനുകൾ സ്ഥാനം പിടിക്കുന്നത്. സാധാരണയായി ഇത്തരം വിശേഷാവസരങ്ങളിൽ , കൃഷ്ണരൂപം , ഗണപതി , താമരകൾ , തെയ്യം , മ്യൂറൽ ആർട്ടുകൾ എന്നിവയാണ് ഇത്തരത്തിൽ ഡിസൈൻ ചെയ്യുന്നത്. എന്നാൽ, വിഷു അടുത്തതോടെ വിഷു സ്‌പെഷ്യൽ പുടവകളിൽ കണിക്കൊന്ന ഡിസൈനുകൾക്കാണ് ആവശ്യക്കാർ ഏറെ. വിഷുക്കാലം മുന്നിൽക്കണ്ട് രണ്ടു മാസം മുൻപ് തന്നെ കണിക്കൊന്നകൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ വിപണിയിൽ എത്തിക്കഴിഞ്ഞിരുന്നു. കണിക്കൊന്ന മൊട്ടുകൾ പ്രധാനമായും സാരിയുടെ മുന്താണിയിലാണ് ഡിസൈൻ ചെയ്യുന്നത്.

ചെസ്റ്റ് പോർഷനിൽ തെയ്യത്തിന്റെ മുഖം വരുന്ന ഡിസൈൻ ആണ് വിപണിയിൽ ഏറെ പ്രിയപ്പെട്ട മറ്റൊന്ന്. ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തുന്ന ഒന്നാണിത്. ഏതു സീസണിലും ധരിക്കാവുന്ന ഡിസൈനാണിത്. ലാളിത്യത്തിന്റെ പര്യായമായിരുന്നു കസവ് വേഷ്ടികൾക്ക് ആഡംബരത്തിന്റെ ചന്തമേകുകയാണ് ഇത്തരം പെയിന്റിംഗുകൾ. സാരിയിൽ ഡിസൈനുകൾ ഒന്നും തന്നെ ചെയ്യാതെ ബ്ലൗസിൽ മാത്രം ഡിസൈനുകൾ ചെയ്യുന്ന രീതിയും ഇപ്പോൾ വ്യാപകമാണ്.

” ചേന്ദമംഗലം ,കൂത്താമ്പള്ളി കൈത്തറി സാരികളിലും വസ്ത്രങ്ങളിലുമാണ് ഞാൻ കൂടുതൽ പെയിൻഗുകളും ചെയ്യുന്നത്. പിന്നെ നമ്മൾ പറയുന്ന രീതിയിൽ അവർ വീവ് ചെയ്തു തരുന്നതുകൊണ്ട് നല്ല ഉപകാരമാണ്.ഓൺലൈനായും ഓഫ്‌ലൈനായും സെയിൽസ് നടക്കുന്നുണ്ട്. കസ്റ്റമൈസേഷൻ ചെയ്യാനും ആളുകൾ ധാരാളമായി എത്തുന്നുണ്ട്. ഓർഗൻസ, ഷിഫോൺ ജോർജറ്റ്, പിന്നെ സിൽക്ക് മെറ്റീരിയൽസ് എന്നിവയിലെല്ലാം നിലവിൽ പെയിന്റിംഗ് ചെയ്യുന്നുണ്ട്. താമസിയാതെ വെബ്‌സൈറ്റ് മുഖാന്തിരം സെയിൽസ് വ്യാപകമാകുക എന്നതാണ് ലക്ഷ്യമിടുന്നത്. പെയിന്റഡ് ഹാൻഡ്‌ലൂം കാഷ്വൽസ് വസ്ത്രങ്ങളും നിലവിൽ ചെയ്യുന്നുണ്ട്” വിനിത പറയുന്നു.

പെയിന്റിംഗുകൾ ചെയ്ത വസ്ത്രങ്ങൾ വിശേഷ ദിനങ്ങൾക്കായി തെരഞ്ഞെടുക്കുന്നതിൽ പുരുഷന്മാരും ഒട്ടും പിന്നിലല്ല. കോട്ടൺ, സിൽക്ക് , ഷർട്ടുകളിലും കുർത്തകളിലുമാണ് പ്രധാനമായും ഇത്തരം ഡിസൈനുകൾ ചെയ്യുന്നത് . ചുവപ്പ്, നീല , കറുപ്പ് തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഇതിനായി കൂടുതലും തെരഞ്ഞെടുക്കുന്നത്. ഡിസൈൻ ചെയ്ത ഷർട്ടിനും കുർത്തയ്ക്കും ഒപ്പം അതെ നിറത്തിലുള്ള കര വരുന്ന മുണ്ടുകളാണ് പുരുഷന്മാർ തെരഞ്ഞെടുക്കുന്നത്. ഉത്സവ സീസണുകൾ മുൻനിർത്തിയാണ് പ്രധാനമായും ഇത്തരം വസ്ത്രങ്ങൾ വിറ്റു പോകുന്നത് . ചെയ്യുന്ന വർക്കിനെടുക്കുന്ന സമയം, വരയ്ക്കാനുള്ള ബുദ്ധിമുട്ട് എന്നിവ കണക്കാക്കിയാണ് വസ്ത്രങ്ങൾക്ക് വില വരുന്നത്.

രണ്ടു മുതൽ മൂന്നു ദിവസം വരെയാണ് ഒരു സാരി നല്ല രീതിയിൽ ഡിസൈൻ ചെയ്യുന്നതിന് ആവശ്യമായി വരുന്നത്. വരയിൽ തെറ്റ് പറ്റിയാൽ ആ വസ്ത്രം പിന്നെ ഉപയോഗശൂന്യമാകും എന്നതിനാൽ അതീവ ശ്രദ്ധയോടെ വേണം വരയ്ക്കാൻ. 3000 രൂപ മുതൽക്കാണ് മ്യൂറൽ ഡിസൈനുകൾ ചെയ്ത സാരിയുടെ വിലവരുന്നത്. ഉയർന്ന ഗുണമേന്മയുള്ള ആക്രലിക് പെയിന്റ് ആണ് ഡിസൈനിംഗിനായി ഉപയോഗിക്കുന്നത് എന്നതിനാൽ, മാഞ്ഞു പോകുമെന്നോ മങ്ങിപ്പോകുമെന്നോ ഉള്ള പേടി വേണ്ട. ലാഭം വർദ്ധിപ്പിക്കുന്നതിനായി തൻ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും വിനിത തയ്യാറല്ല, അത് തന്നെയാണ് ഇലയുടെ വിജയവും

English Summary

Vinitha Raphael, an artist from Angamaly, turned her lifelong passion for colors and creativity into a successful brand named “Ila Handpaints.” From a young age, she was deeply connected with colors, art, and writing poetry. Even while working as a teacher, Vinitha often felt incomplete because she had distanced herself from her artistic side. Eventually, she began painting her own designs on handloom sarees, transforming them into unique pieces of wearable art. What started as a personal expression soon evolved into a fulfilling entrepreneurial journey. The satisfaction she found in those brushstrokes became the foundation for both her brand “Ila Handpaints” and her new identity as an entrepreneur-artist.
Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version