കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ജലസംഭരണത്തിലേക്ക് വന്ന മൂന്നു കൂട്ടുകാർ

എംബിഎ ബിരുദധാരികളായ ഈ മൂവര്‍ സംഘം മികച്ച ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി വേണ്ടെന്നു വച്ചുകൊണ്ടാണ് രേതസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

Lakshmi Narayanan
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and...
- Coordinating Editor
Photo Credit: Facebook

ഹരിയാനയിലെ ഗുരുഗ്രാം എന്ന പ്രദേശത്ത് മഴവെള്ള സംഭരണമെന്ന ആശയം പ്രവര്‍ത്തികമാക്കുന്നതിനായി രേതസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍. എംബിഎ ബിരുദധാരികളായ ഈ മൂവര്‍ സംഘം മികച്ച ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി വേണ്ടെന്നു വച്ചുകൊണ്ടാണ് രേതസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഗുരുഗ്രാമിലെ സഞ്ചരിക്കുകയായിരുന്നു സുഹൃത്തുക്കളായ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍. ട്രാഫിക്കില്‍ ബ്ലോക്കില്‍ കുടുങ്ങി വാഹനം കിടക്കുമ്പോഴാണ് പെട്ടന്ന് തീര്‍ത്തും അവിചാരിതമായി മഴ പെയ്തത്. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം മൂവര്‍ക്കും വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കേണ്ടതായി വന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മഴ പെയ്ത വെള്ളം റോഡില്‍ തളംകെട്ടിക്കിടക്കാന്‍ തുടങ്ങി.

തൊട്ടു മുന്‍പുള്ള ദിവസം വരെ കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെട്ടിരുന്ന നാട്ടിലാണ് മഴവെള്ളം ഇങ്ങനെ മലിനമായ ഓടകളിലും റോഡുകളിലും തങ്ങി നിന്ന് നഷ്ടപ്പെടുന്നത്. ഈ കാഴ്ചകണ്ട അങ്കിത് ആണ് എന്തുകൊണ്ട് മഴവെള്ളം സംഭരിക്കപ്പെടുന്നില്ല എന്ന ചോദ്യം ചോദിച്ചത്. ആ ചോദ്യം പതുക്കെ വലിയൊരു ചര്‍ച്ചയിലേക്ക് വഴിമാറി. കൃത്യമായ ഒരു സംവിധാനത്തിന്‍റെ അഭാവം മൂലമാണ് മഴവെള്ള സംഭരണത്തില്‍ ഗുരുഗ്രാം ഒരു പരാജയ മാതൃകയാകുന്നതെന്നു മൂവരും മനസിലാക്കി. തങ്ങളുടെ നാടിനു ചേരുന്ന രീതിയിലുള്ള ഒരു മഴവെള്ള സംരംഭരണ മാതൃക വികസിപ്പിച്ചെടുക്കാന്‍ തന്നെ മൂവരും തീരുമാനിച്ചു.

മഴവെള്ള സംഭരണത്തിന്‍റെ ചരിത്രം പഠിച്ചപ്പോള്‍ അങ്കിതിന് ഒരു കാര്യം മനസിലായി. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ മഴവെള്ള സംഭരണം വളരെ കൃത്യതയോടെ നടത്തിയിരുന്നു. ഭൂഗര്‍ഭ ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ജലം ടാങ്കുകളിലും മറ്റും സംരക്ഷിക്കുകയെന്നതും. ഇത് മനസിലാക്കിയ മൂവര്‍സംഘം ഗുരുഗ്രാമിന് ചേരുന്ന ഒരു ജലസംരക്ഷണരീതി വികസിപ്പിക്കുന്നതിനായി തീരുമാനിച്ചു. അത് വരെ സംരംഭകത്വം എന്ന ഒരാശയം മനസ്സില്‍ പോലും ഇല്ലാതിരുന്ന വ്യക്തികള്‍ക്ക്, സമൂഹത്തെ ബാധിക്കുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം എന്ന ആഗ്രഹം വന്നപ്പോള്‍ സംരംഭകത്വം എന്ന ആശയം മനസിലുറച്ചു.

Photo Credit: Facebook

വിപണി പഠനത്തിന് ശേഷം തുടക്കം

ജലസംരംഭരണത്തിനായി വാട്ടര്‍ റീചാര്‍ജിംഗ്, മഴ വെള്ളസംരംഭരണി തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാനമായും പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഇതേ മാര്‍ഗം തന്നെ പിന്തുടരാതെ സമൂഹത്തിന്‍റെ അടിസ്ഥാനപരമായ നിലനില്‍പ്പിന് തടസം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് മഴവെള്ള സംരക്ഷണം സാധ്യമാക്കുക എന്ന രീതിയായിരുന്നു മൂവരും ആഗ്രഹിച്ചത്. അങ്ങനെയാണ് പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന മലിനീകരണത്തെപ്പറ്റി പഠിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയും അത് പ്രോസസ്സ് ചെയ്ത് മഴവെള്ള സംഭരണിയുടെ നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെപ്പറ്റിയായി പിന്നീടുള്ള ചിന്ത.

എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കോര്‍പ്പറേറ്റ് ജോലികളില്‍ വ്യാപൃതരായിരുന്നുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ മൂവരും ജോലി ഉപേക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. തുടർന്ന് ജലസംഭരണിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്ക് തിരിഞ്ഞു. സംസ്കൃതത്തില്‍ നീരുറവ എന്നര്‍ത്ഥം വരുന്ന രേതസ് എന്നപേരാണ് മൂവര്‍ സംഘം തങ്ങളുടെ സ്ഥാപനത്തിന് നല്‍കിയത്.

പരമ്പരാഗത ജലസംഭരണികൾ പോലെ ഭൂമിക്കടിയില്‍ വലിയ കുഴികള്‍ കുഴിച്ച് അതില്‍ ടൈലുകള്‍ നിരത്തിയശേഷമാണ് രേതസ് സംഭരണി നിര്‍മിക്കുന്നത്. മറ്റ് ജലസംഭരണികളില്‍ ഉള്ളപോലെതന്നെ കെട്ടിടങ്ങളുടെ മുകളില്‍ വരുന്ന വെള്ളമാണ് ഭൂഗര്‍ഭ ടാങ്കുകളില്‍ സീകരിക്കപ്പെടുന്നത്. ഭിത്തിയില്ലാത്ത ഈ ടാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന ജലം ഭൂഗര്‍ഭ ജലസ്രോതസ്സിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തീര്‍ത്തും വ്യത്യസ്തമായ ഒരാശയമാണ് രേതസ്സിലൂടെ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍ നടപ്പാക്കിയത്.

വീടുകള്‍ , കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി ഏത് കെട്ടിടത്തിനും ഏറെ പ്രയോജനകരമായ ഒരു രീതിയാണിത്. അതിനാല്‍ തന്നെ നാട്ടിലെ ഓരോ കെട്ടിട ഉടമകളും രേതസ്സിന്‍റെ ഉപഭോക്താക്കളാണ്. എന്നാല്‍ സംരംഭകര്‍ എന്ന നിലക്ക് ചെറുകിട ഉപഭോക്താക്കള്‍ക്കായി പ്രവര്‍ത്തിക്കാതെ കോര്‍പ്പറേറ്റുകളെയാണ് അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍ ലക്ഷ്യം വച്ചത്. തങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ എങ്ങനെയാണ് ജലസംഭരണം എന്ന് നോക്കി.

അവിടെ ജലസംഭരണം ഇല്ല എന്ന് മനസിലാക്കിയപ്പോള്‍ അതിനുള്ള സാധ്യതകള്‍ ആരാഞ്ഞു. അങ്ങനെ പല സ്ഥാപനങ്ങളെയും നേരില്‍ക്കണ്ട് സംസാരിച്ചു. ഒടുവില്‍ മൂന്നുമാസത്തെ പ്രയത്നത്തിന് ശേഷം രേതസ്സിന് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചു. പിന്നീടങ്ങോട്ടുള്ള യാത്ര വളരെ എളുപ്പമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപനത്തിന് നൂറോളം മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഉപഭോക്താക്കളായി കിട്ടി. ഇതില്‍ സീമെന്‍സ്, ടാറ്റ, ഐബിഎം തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാരും ഉള്‍പ്പെടുന്നു. പ്രസ്തുത കോര്‍പ്പറേറ്റ് കാമ്പസുകളില്‍ പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ സംരക്ഷിച്ചു വിനിയോഗിക്കുന്നു. ഇപ്പോള്‍ വ്യത്യസ്തമായ ആശയത്തെ മുന്‍നിര്‍ത്തി മികച്ച വരുമാനം നേടുന്ന സ്ഥാപനങ്ങളില്‍ ഒന്നായി രേതസ്സ് മാറിക്കഴിഞ്ഞു.

Share This Article
Coordinating Editor
Lakshmi Narayanan is a contributor to The Profit News, writing on business, economy, and current affairs. Her work reflects a keen eye for emerging trends and analysis.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version