നിര്‍മാണത്തൊഴിലാളിയില്‍ നിന്ന് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇത് ഷമാര്‍ ജോസഫിന്റെ അസാധാരണ കഥ

നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

ജൈമെക്കയിലെ വിദൂര ഗ്രാമമായ ബരാക്കരയിലേക്കെത്താന്‍ രണ്ടു ദിവസത്തെ ബോട്ട് യാത്ര വേണ്ടിയിരുന്നു. പുറം ലോകത്തുനിന്ന് അത്രയും ഒറ്റപ്പെട്ട ഗ്രാമം. വൈദ്യുതി എത്തിയിട്ട് പോലും അധികകാലം ആയിട്ടില്ല. 350 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ആകെയുള്ളത് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി.

അവിടെ നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്. പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലനമൊന്നും കിട്ടിയിട്ടില്ല. നിര്‍മാണത്തൊഴിലാളിയായും സെക്യൂരിറ്റിയായും ജോലി ചെയ്ത് കുടുംബം പോറ്റാന്‍ മാതാപിതാക്കളെ സഹായിച്ചു ഷമാര്‍. അതിനായി ഗ്രാമം വിട്ട് ന്യൂ ആംസ്റ്റര്‍ഡാമിലേക്ക് കുടിയേറി.

ക്രിക്കറ്റ് കളി സീരിയസാക്കാന്‍ നിര്‍ബന്ധിച്ചത് കാമുകിയാണ്. 2023 ന്റെ തുടക്കത്തില്‍ വിന്‍ഡീസ് ക്രിക്കറ്റര്‍ റൊമാരിയോ ഷെപ്പേഡിന്റെ സഹായത്തോടെ ഗയാനയുടെ കോച്ച് എസ്വാന്‍ ക്രാന്‍ഡണെ പരിചയപ്പെട്ടത് നിര്‍ണായകമായി. 23 കാരന്‍ പയ്യന്റെ പേസും സ്‌കില്ലും തിരിച്ചറിഞ്ഞ ക്രാന്‍ഡണ്‍ അവന് ബാര്‍ബഡോസിനെതിരെ ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരം കളിക്കാന്‍ അവസരമൊരുക്കി. വിന്‍വാര്‍ഡ് ഐലന്‍ഡിനെതിരെ ആദ്യ 5 വിക്കറ്റ് നേട്ടം.

ഇതിനിടെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടി-20 യില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് ഷമാര്‍ ജോസഫിനെ നെറ്റ് ബൗളറായി ഉള്‍പ്പെടുത്തി. കീമോ പോളിന് പരിക്കേറ്റതോടെ ടീമിലേക്ക്. ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവത്തോടെ എടുക്കാന്‍ ടീമിന്റെ കോച്ചിംഗ് സംഘാംഗമായ പ്രസന്ന അഗോരം പ്രോല്‍സാഹിപ്പിച്ചു. ജോസഫ് ഉള്‍പ്പെട്ട ടീം 2023 ലെ സിപിഎലില്‍ കിരീടം ചൂടി.

നവംബറില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരമ്പരയില്‍ വിന്‍ഡീസ് എ ടീമിലേക്ക് ക്ഷണം. 12 വിക്കറ്റുമായി 3 മല്‍സരങ്ങളുടെ പരമ്പരയില്‍ സെലക്റ്റര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ചു ജോസഫ്. കരിയറിലെ ആദ്യ ഫസ്റ്റ് ക്ലാസ് മല്‍സരം കളിച്ച് ഒരു വര്‍ഷം തികയ്ക്കും മുന്‍പ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരില്‍ വിന്‍ഡീസിനു വേണ്ടി കളിക്കാന്‍ അവസരം. പിന്നീട് പിറന്നത് ചരിത്രം!

അഡലെയ്ഡ് ഓവലില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റെടുത്ത് തുടക്കം. അരങ്ങേറ്റത്തില്‍ തന്നെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ഷമാര്‍. മല്‍സരം ഓസീസ് 10 വിക്കറ്റിന് ജയിച്ചെങ്കിലും ഷമാര്‍ ജോസഫെന്ന താരപ്പിറവി ശ്രദ്ധയാകര്‍ഷിച്ചു.

ബ്രിസ്ബെയ്ന്‍ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ പരമ്പര സമനിലയിലാക്കാന്‍ വിന്‍ഡീസിന് വിജയം അനിവാര്യമായിരുന്നു. വിട്ടുകൊടുക്കാതെ പൊരുതി വിന്‍ഡീസ്. നാലാം ദിനത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന നിലയില്‍ വിന്‍ഡീസ് ഇന്നിംഗ്സ് നില്‍ക്കുമ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ യോര്‍ക്കര്‍ ഷമാറിന്റെ ബൂട്ടിന്റെ മുന്‍വശത്ത് പതിച്ചു. വേദനയാല്‍ ഷമാര്‍ പുളഞ്ഞു. പെരുവിരല്‍ പൊട്ടി രക്തമൊഴുകി. വിന്‍ഡീസ് ഇന്നിംഗ്സിന് തിരശീല.

നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്. പ്രൊഫഷണലായി ക്രിക്കറ്റ് പരിശീലനമൊന്നും കിട്ടിയിട്ടില്ല. നിര്‍മാണത്തൊഴിലാളിയായും സെക്യൂരിറ്റിയായും ജോലി ചെയ്ത് കുടുംബം പോറ്റാന്‍ മാതാപിതാക്കളെ സഹായിച്ചു ഷമാര്‍

ടീം ഡോക്ടറുടെയും സഹതാരം കെവിന്‍ സിന്‍ക്ലെയറിന്റെയും തോളില്‍ തൂങ്ങിയാണ് മൈതാനത്തു നിന്ന് ഷമാര്‍ മടങ്ങിയത്. വിന്‍ഡീസിന്റെ ലീഡ് അപ്പോഴേക്കും 215 റണ്‍സിലെത്തിയിരുന്നു. ഷമാര്‍ ഇതോടെ കളിയില്‍ നിന്ന് പുറത്തായെന്ന് എല്ലവരും കരുതി. വിന്‍ഡീസിന് കനത്ത തിരിച്ചടിയായിരുന്നു ഈ സാഹചര്യം. ടീമിലെ ഏറ്റവും ഫോമിലുള്ള ബൗളറെ നിര്‍ണായക സമയത്ത് നഷ്ടപ്പെടുന്ന അവസ്ഥ.

60 ന് 2 എന്ന നിലയില്‍ ഓസീസ് നാലാം ദിനം അവസാനിപ്പിച്ചു. അഞ്ചാം ദിനം ജയിക്കാന്‍ വേണ്ടിയിരുന്നത് 8 വിക്കറ്റ് ശേഷിക്കെ 146 റണ്‍സ് മാത്രം.

അഞ്ചാം ദിനം ആരംഭിച്ചത് അതിശക്തമായ കാറ്റും മഴയുമായാണ്. കളി തടസപ്പെടുമെന്ന ലക്ഷണങ്ങള്‍. എന്നാല്‍ വരാനിരുന്ന ഷമാര്‍ ചുഴലിയുടെ ലക്ഷണങ്ങളണിതെന്ന് ആരും കരുതിയില്ല. മഴ വേഗം തോര്‍ന്നു. ഇതിനിടെ ഡ്രസിംഗ് റൂമിലും ചില അത്ഭുതങ്ങള്‍ നടന്നു. വിന്‍ഡീസ് ടീം ഡോക്ടറായ ഡോ. ബ്യോമിന്റെ മരുന്നുകള്‍ ഷമാറിന്റെ പരിക്കുകളെ വേഗം ഭേദപ്പെടുത്തി. വേദനയെ അവഗണിച്ച് ടീമിനായി പോരാടാനിറങ്ങാന്‍ ഷമാര്‍ തയാറായി.

ഒന്നിനു പിറകെ ഒന്നായി ഓസ്ട്രേലിയയുടെ ശേഷിക്കുന്ന എട്ടില്‍ ഏഴ് വിക്കറ്റുകളും എറിഞ്ഞിട്ട് ഷമാര്‍ വിജയം ആഘോഷിച്ചു. 68 റണ്‍സിനായിരുന്നു ഏഴ് വിക്കറ്റ് നേട്ടം. മറുവശത്ത് ഇതിഹാസതാരം സ്റ്റീവ് സ്മിത്ത് 91 റണ്‍സുമായി ഓസീസിന്റെ കണ്ണീരായി. ഒന്നര വര്‍ഷം മുന്‍പുവരെ ഒരു സെക്യൂരിറ്റി ജിവനക്കാരന്‍ മാത്രമായിരുന്ന 24 കാരന്‍ ലോക ക്രിക്കറ്റിന്റെ നെറുകയില്‍. പരമ്പരയിലെയും മല്‍സരത്തിലെയും താരമായി ഷമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ലോക ക്രിക്കറ്റിലെ പഴയ പടക്കുതിരകളായ വിന്‍ഡീസ് 27വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മല്‍സരം ജയിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അത്ഭുതാവഹമായ ജീവിത കഥകളിലൊന്നുമായി ഷമാര്‍ ജോസഫെന്ന ഗ്രാമീണന്‍ ആ വിജയത്തെ മുന്നില്‍ നിന്നു നയിച്ചു.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version