വനിതാ സംരംഭകത്വം ഇന്നലെ, ഇന്ന്, നാളെ !

കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വനിതാ ശാക്തീകരണത്തിനുള്ള ഏറ്റവും മികച്ച ഉപാധികളില്‍ ഒന്നായാണ് സംരംഭകത്വത്തെ വിലയിരുത്തുന്നത്. സാമൂഹികമായും സാമ്പത്തികമായും ഉണ്ടാകുന്ന നേട്ടങ്ങള്‍ക്കപ്പുറം നേതൃബോധത്തിന്ററെയും സംഘാടന മികവിന്റെയും ആത്മവിശ്വാസത്തിന്റെയും ഘടകങ്ങള്‍ വനിതകളില്‍ വേരുറപ്പിക്കുന്നതിനു സംരംഭകത്വം സഹായിക്കുന്നു. വനിതാസംരംഭകത്വം എന്നത് പെട്ടന്നുണ്ടായ ഒന്നല്ല, കാലങ്ങളുടെ പരിശ്രമഫലമായി വികസിപ്പിച്ചെടുത്ത നേതൃനിരയാണത്.

അതിനാല്‍ തന്നെ വനിതാ സംരംഭകത്വം ചര്‍ച്ച ചെയ്യുമ്പോള്‍ സംഭരംഭകത്വ വഴികളുടെ ഇന്നലകളെയും ഇന്നിനെയും നാളെയുടെ സാധ്യതകളെയും കുറിച്ച് കൂടി സംസാരിക്കേണ്ടിയിരിക്കുന്നു. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍…

-ലേഖ ബാലചന്ദ്രന്‍, എംഡി, റെസിടെക്ക് ഇലെക്ട്രിക്കല്‍സ്

സംരംഭകത്വത്തില്‍ സ്ത്രീ – പുരുഷ വ്യത്യാസങ്ങള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മികച്ച ആശയങ്ങള്‍ എന്നും എപ്പോഴും ശ്രദ്ധിക്കപ്പെടും. നമുക്ക് മുന്നിലുള്ള അവസരങ്ങളും വെല്ലുവിളികളും സ്ത്രീക്കും പുരുഷനും ഒരു പോലെത്തന്നെയാണ്. പിന്നെ, സ്ത്രീകളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഉത്തരവാദിത്വങ്ങള്‍ കൂടുതലാണെന്ന് പറയാം. കുടുംബത്തിനും പ്രൊഫഷനും തുല്യ പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന ധാരാളം സ്ത്രീകളുണ്ട്. വനിതാ സംരംഭകത്വത്തിലെ വിജയമെന്നത് അത്തരത്തില്‍ പടവെട്ടി നേടിയത് കൂടിയാണെന്ന് പറയാം.

സാങ്കേതിക വിദ്യയുടെയും മറ്റും വളര്‍ച്ച ഇന്നലെകളെ അപേക്ഷിച്ച് സംരംഭകത്വ രംഗത്തിന് ഒരു കുതിപ്പ് നല്‍കിയിട്ടുണ്ട്. കൃത്യമായ അവസരങ്ങള്‍ മനസിലാക്കുക, ശരിയായ നടപടികള്‍ കൈക്കൊള്ളുക, ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് വനിതാ സംരംഭകത്വത്തില്‍ ഏറ്റവും നിര്‍ണായകമായ കാര്യം.

മുന്നില്‍ ഏതെങ്കിലും തരത്തിലുള്ള പ്രൊഫഷണലോ, പേഴ്സണാലോ ആയ പ്രതിസന്ധികള്‍ വരുമ്പോള്‍, അതോടെ എല്ലാം തീര്‍ന്നു എന്ന് ചിന്തിക്കാതെ നാളെ എന്ന ശുഭപ്രതീക്ഷയോടെ മുന്നേറാന്‍ കഴിയുന്നിടത്താണ് വനിതാ സംരംഭകത്വത്തിലെ യഥാര്‍ത്ഥ സ്പിരിറ്റ് നിലനില്‍ക്കുന്നത്. ഇപ്പോഴുള്ള തലമുറ അക്കാര്യത്തില്‍ ഏറെ മികവ് കാണിക്കുന്നുണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്. കാര്യങ്ങളെ കൂടുതല്‍ പോസിറ്റിവ് ആയി കാണുന്നതോടെ സംരംഭകത്വം അടുത്ത തലത്തിലേക്ക് വളരുന്നു.

-പര്‍വീണ്‍ ഹഫീസ്, എംഡി, സണ്‍റൈസ് ഹോസ്പിറ്റല്‍സ്

സ്ത്രീകള്‍ അധികം കടന്ന് ചെല്ലാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത ആതുരശുശ്രൂഷ മേഖലയിലേക്ക് രണ്ട് പതിറ്റാണ്ട് മുമ്പ് സംരംഭകയായി കടന്നുവരാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ഞാന്‍. അതിനെന്നെ പ്രാപ്തയാക്കിയത് എന്റെ കുടുംബമാണ്. കുട്ടിക്കാലം മുതലേ എന്റെ ചോരയില്‍ ബിസിനസ് അലിഞ്ഞ് ചേര്‍ന്നിരുന്നു. വീട്ടില്‍ അമ്മാവനും ബന്ധുക്കളുമൊക്കെ വ്യത്യസ്തമായ നിരവധി ബിസിനസുകള്‍ നടത്തുന്നത് കണ്ടും അവരുടെ ചര്‍ച്ചകള്‍ കേട്ടുമാണ് ഞാന്‍ വളര്‍ന്നത്. അതായിരിക്കണം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഞാന്‍ ഒരിക്കലും എന്റെ ആഗ്രഹങ്ങളെ ഒളിച്ചു വച്ചില്ല എന്നതാണ് എന്റെ വളര്‍ച്ചക്ക് ആധാരം. ഈ നാടിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പഠനകാലത്ത് ഞാന്‍ കൂടുതലും ആലോചിച്ചിരുന്നത്.

1996 ഒക്‌ടോബറില്‍ കാക്കനാട് സണ്‍റൈസ് എന്ന ആശുപത്രി ശൃംഖലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. 20 വര്‍ഷത്തിനുള്ളില്‍ 20 ആശുപത്രി എന്ന വലിയ സ്വപ്നത്തിലേക്ക് ആണ് അന്ന് ഞങ്ങള്‍ നടന്ന് കയറിയത്. 21 വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി 14 പ്രോജക്ടുകളിലേക്ക് ആ സ്വപ്നം വളര്‍ന്നു. നിരന്തരം സ്വപ്നങ്ങള്‍ കാണുക, ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുക അതാണ് വനിതാ സംരംഭകത്വത്തിനു ഞാന്‍ കാണുന്ന മാനം. ചിലപ്പോള്‍ മടുപ്പുണ്ടാകുന്ന, തളര്‍ന്നു പോകുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ അതിലൊന്നും തന്നെ പിന്തിരിയരുത്. പ്രതിസന്ധികള്‍ നല്‍കുന്ന ഊര്‍ജ്ജം, അതിലൂടെ നേടുന്ന വിജയം ഇതിനു രണ്ടിനും മധുരം ഏറെയാണെന്ന് മനസിലാക്കണം.

സ്വയം സ്‌നേഹിക്കുക, നമ്മള്‍ നമ്മളെതന്നെ വിശ്വസിക്കുക, താന്‍ തെരെഞ്ഞെടുക്കുന്ന വഴികള്‍ ശരിയാണ് എന്ന് ഉറച്ചു വിശ്വസിക്കുക. ഓരോ കാര്യം ചെയ്യുമ്പോഴും എന്താകും അതിന്റെ റിസള്‍ട്ട് എന്ന് മനസ്സില്‍ കാണണം, ഇതിനെല്ലാം ഒപ്പം വ്യക്തിപരമായ വികസനത്തിനും പ്രാധാന്യം നല്‍കണം. ഇത്രയൊക്കെ ചെയ്താല്‍ തന്നെ സംരംഭകത്വം എന്നത് കൈപ്പിടിയില്‍ ഒതുങ്ങും.

-ആഷ സെബാസ്റ്റ്യന്‍ മട്ടത്തില്‍, കോ -ഫൗണ്ടര്‍, എം ഓ ഡി സിഗ്‌നേച്ചര്‍ ജ്വല്ലറി

പൊതുവെ വനിതകള്‍ കൈ വയ്ക്കാത്ത ജ്വല്ലറി ഡിസൈനിങ് രംഗത്ത് നീണ്ട നാല് പതിറ്റാണ്ടുകളായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക, അത് നയിക്കുക എന്നൊക്കെയുള്ള എന്റെ സ്വപ്നങ്ങള്‍ക്ക് എന്നും കരുത്തായത് തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ്. പിന്തിരിക്കാന്‍ ആളുകള്‍ ചുറ്റും നിന്നേക്കാം, പിന്തിരിയാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഉണ്ടായേക്കാം പക്ഷെ തന്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന ഉറപ്പോടെ മുന്നോട്ട് പോകാന്‍ സാധിക്കുകയാണെങ്കില്‍ ഉറപ്പായും വിജയം കൈ പിടിയില്‍ ഒതുക്കാം. ആ വിജത്തിനായി എടുക്കേണ്ടി വരുന്ന ഓരോ ബുദ്ധിമുട്ടുകളും പിന്നീട് മധുരമുള്ളതായി മാറും.

എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, കോണ്‍ഫിഡന്‍സ്, കറേജ്, ഡെഡിക്കേഷന്‍ ഈ മൂന്നു കാര്യങ്ങള്‍ക്കാണ് സംരംഭക ജീവിതത്തില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. ഏത് മേഖലയില്‍ സംരംഭം തുടങ്ങിയാലും നൂറു ശതമാനം ഡെഡിക്കേറ്റഡ് ആയി കാര്യങ്ങള്‍ ചെയ്യുക. പഠിച്ചുകൊണ്ടിരിക്കുക, മാറ്റങ്ങളെ ഉള്‍ക്കൊള്ളുക, മാറ്റങ്ങള്‍ക്കൊത്ത് മാറാനുള്ള മനസുണ്ടാകുക എന്നതാണ് പ്രധാനം. റിസ്‌ക് എടുക്കാനുള്ള മനസ് കൂടി കൈമുതലായുണ്ടെങ്കില്‍ വിജയം ഉറപ്പാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version