തൂത്തുക്കുടിയില്‍ 20,800 കോടിയുടെ സൂപ്പര്‍ ക്രിട്ടിക്കല്‍ താപനിലയം; ഊര്‍ജ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി വിജയ് സര്‍ക്കാര്‍

കാഞ്ചീപുരം ജില്ലയില്‍ 175 കോടി രൂപ ചെലവില്‍ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കും

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: Wikimedia Commons/AI-generated

തമിഴ്‌നാട്ടിലെ വൈദ്യുതി ആവശ്യകതയും വിതരണശേഷിയും ശക്തിപ്പെടുത്താന്‍ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്. തൂത്തുക്കുടിയില്‍ 20,800 കോടി രൂപ ചെലവില്‍ 1,600 മെഗാവാട്ടിന്റെ പുതിയ സൂപ്പര്‍ക്രിട്ടിക്കല്‍ താപവൈദ്യുത നിലയം സ്ഥാപിക്കും. 800 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റുകളായിരിക്കും പദ്ധതിയിലുണ്ടാകുക. സംസ്ഥാനത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനൊപ്പം സ്ഥിരതയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  

വിജയ് സര്‍ക്കാരിന്റെ വൈദ്യുതി മേഖലയിലെ നീക്കം തൂത്തുക്കുടിയിലെ ഒരു പുതിയ താപനിലയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉല്‍പ്പാദനം, ട്രാന്‍സ്മിഷന്‍, വിതരണം, സംഭരണം എന്നിങ്ങനെ വൈദ്യുതി മേഖലയിലെ വിവിധ തലങ്ങളില്‍ ഒരേസമയം നിക്ഷേപം നടത്താനുള്ള ശ്രമമാണ് പ്രഖ്യാപനങ്ങളില്‍ വ്യക്തമാകുന്നത്. വൈദ്യുതി ഉല്‍പ്പാദനം കൂട്ടുന്നതിനൊപ്പം അധിക വൈദ്യുതി സംഭരിച്ച് ആവശ്യകത കൂടുന്ന സമയത്ത് ഉപയോഗിക്കാനുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പുനരുപയോഗ ഊര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതി സംഭരണശേഷി വര്‍ധിപ്പിക്കുന്നത് ഗ്രിഡിന്റെ സ്ഥിരതയ്ക്ക് നിര്‍ണായകമാകും. എന്നാല്‍ ബാറ്ററി സ്റ്റോറേജ് പദ്ധതിയുടെ കൃത്യമായ നിക്ഷേപത്തുകയോ ശേഷിയോ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ല. 

നിക്ഷേപങ്ങള്‍ ഇങ്ങനെ

തൂത്തുക്കുടിയിലെ 1,600 മെഗാവാട്ട് പദ്ധതി മാത്രം 20,800 കോടിയുടെ നിക്ഷേപമാണ്. ഇതിന് പുറമെ രണ്ട് വൈദ്യുതി കോറിഡോറുകള്‍ക്കായി ആകെ 3,312 കോടിയും ചെന്നൈയിലെ അടിസ്ഥാനസൗകര്യ നവീകരണത്തിന് 1,200 കോടിയും നിക്ഷേപിക്കും. കാഞ്ചീപുരം ജില്ലയില്‍ 175 കോടി രൂപ ചെലവില്‍ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 2,000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാനും 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പാര്‍ക്കിന് കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതായത് വൈദ്യുതി അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ അടിസ്ഥാനവും ഒരുക്കാനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നത്. 

ചെന്നൈക്കും നേട്ടം

താപവൈദ്യുത നിലയത്തിന് പുറമെ ചെന്നൈയിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 1,762 കോടി രൂപ ചെലവില്‍ പുതിയ വൈദ്യുത ഇടനാഴി സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു വൈദ്യുതി കോറിഡോര്‍ പദ്ധതിക്കായി 1,550 കോടി രൂപയും നീക്കിവെക്കും. നഗരത്തിലെ വൈദ്യുതി മുടക്കം കുറയ്ക്കുന്നതിനും പ്രത്യേകിച്ച് വെള്ളപ്പൊക്ക സമയത്ത് വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പദ്ധതികള്‍. 

വൈദ്യുതി മേഖലയിലെ ഈ പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. പുതിയ വ്യവസായങ്ങളും ഇലക്ട്രോണിക്സ്, സെമികണ്ടക്ടര്‍ മേഖലകളിലെ നിക്ഷേപങ്ങളും കൂടുമ്പോള്‍ വൈദ്യുതി ആവശ്യകതയും ഉയരും. അതിനാല്‍ പുതിയ ഉല്‍പ്പാദനശേഷിക്കൊപ്പം ട്രാന്‍സ്മിഷനും വിതരണശൃംഖലയും സംഭരണശേഷിയും വികസിപ്പിക്കാനുള്ള ദീര്‍ഘകാല നീക്കമായാണ് വിജയ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വിലയിരുത്തപ്പെടുന്നത്.  

English Summary

Vijay Government Announces Rs 20,800-Crore Power Plant and Major Energy Infrastructure Projecst
Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version