പ്രതിരോധ ഉല്‍പ്പാദനത്തില്‍ കേരളത്തിന് വന്‍ സാധ്യതകള്‍

പ്രതിരോധ ഉൽപ്പാദന രംഗത്ത് കേരളത്തിന് മികച്ച മുന്നേറ്റം നടത്താൻ കഴിയുമെന്ന് കെഎസ്‌ഐഡിസി ചെയർപേഴ്‌സൺ സി. ബാലഗോപാൽ നിരീക്ഷിക്കുന്നു. സ്ഥലപരിമിതിയും തൊഴിലാളി ക്ഷാമവും കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് വെല്ലുവിളിയാണെങ്കിലും, കൂടുതൽ വൈദഗ്ധ്യം ആവശ്യമുള്ളതും (High Complexity) എന്നാൽ കുറഞ്ഞ അളവിൽ മാത്രം നിർമ്മിക്കേണ്ടതുമായ (Medium Volume) പ്രതിരോധ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് കേരളം അനുയോജ്യമാണ്. കെൽട്രോൺ, ടെൽക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനവും പ്രതിരോധ മേഖലയിൽ സജീവമാകുന്ന സ്റ്റാർട്ടപ്പുകളും ഈ രംഗത്ത് കേരളത്തിന്റെ കരുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധമേഖലയ്ക്ക് വേണ്ടിയുള്ള പ്രാദേശികമായ ഉല്‍പ്പാദനം നടക്കാന്‍ തുടങ്ങിയിട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളുവെന്ന ചിന്ത പൊതുവായിട്ടുണ്ട്. പക്ഷേ സ്വാതന്ത്ര്യാനന്തര കാലം തൊട്ട് ഈ മേഖലയില്‍ ഇന്ത്യ പ്രാദേശികമായ ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച് കപ്പല്‍ നിര്‍മ്മാണ കമ്പനി, കൊച്ചിന്‍ ഷിപ്യാര്‍ഡ് എന്നീ സ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ നേവിയുടെ ആവശ്യാര്‍ത്ഥം സ്ഥാപിതമായ കമ്പനികളാണ്. അതുപോലെ വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കായി സ്ഥാപിതമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് പോലുള്ള കമ്പനികളും കാലങ്ങളായി പ്രതിരോധ മേഖലയുടെ ഉല്‍പ്പന്ന ആവശ്യങ്ങള്‍ സാധിച്ചുകൊടുന്നു. ഡിആര്‍ഡിഒ രാജ്യത്തെ വളരെ ശക്തമായ പ്രതിരോധ സ്ഥാപനമാണ്. എല്ലാതരം മിസൈലുകളും അവര്‍ നിര്‍മ്മിക്കുന്നു. ആദ്യകാലങ്ങളില്‍ പ്രതിരോധ മേഖലയ്ക്കായുള്ള നിര്‍മ്മാണത്തില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ദശാബ്ദമായി സ്വകാര്യമേഖലയും ബഹിരാകാശ, പ്രതിരോധ മേഖലകള്‍ക്ക് വേണ്ടിയുള്ള നിര്‍മ്മാണത്തില്‍ കാര്യമായ പങ്കാളിത്തം വഹിക്കുന്നു. ചുരുക്കത്തില്‍ ഇപ്പോള്‍ത്തന്നെ പ്രതിരോധ ഉല്‍പ്പാദനത്തില്‍ പ്രാദേശിക പങ്കാളിത്തം മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഡിഫന്‍സ് ടെക്‌നോളജി രംഗത്ത് കേരളത്തിനും കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ സാധ്യതയാണുള്ളത്.

കേരളത്തെ സംബന്ധിച്ച് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിന് വലിയ സാധ്യതകളുണ്ട്. കാരണം വലിയ രീതിയിലുള്ള ഉല്‍പ്പാദനം ആവശ്യമില്ലാത്തതിനാല്‍ കേരളത്തിന്റെ സ്ഥലപരിമിതിയും തൊഴിലാളി ക്ഷാമവും തടസ്സമായി വരുന്നില്ല. എന്നാല്‍ ഹൈമിക്‌സ്, മീഡിയം വോളിയം, ഹൈ കോംപ്ലെക്‌സിറ്റി സ്വഭാവത്തിലുള്ള പ്രതിരോധ മേഖലയുടെ ആവശ്യങ്ങള്‍ സാധിക്കുന്നതിനാവശ്യമായ തൊഴിലാളി വൈദഗ്ധ്യവും സപ്പോര്‍ട്ട് എക്കോസിസ്റ്റവും കേരളത്തിലുണ്ടുതാനും. കെല്‍ട്രോണ്‍ പോലുള്ള കമ്പനികള്‍ ഇതിനകം തന്നെ പ്രതിരോധമേഖലയ്ക്ക് വേണ്ടിയുള്ള ഉല്‍പ്പാദനത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കര, നാവിക, വ്യോമ സേനകള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളാണ് കെല്‍ട്രോണ്‍ നിര്‍മ്മിച്ചുനല്‍കുന്നത്. സമാനമായി പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെല്‍ക് (ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് കേരള) പോലുള്ള കമ്പനികളും പ്രതിരോധ മേഖലയ്ക്ക് വേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു. അവരുടെ ഉയര്‍ന്ന കപ്പാസിറ്റിയുള്ള ട്രാന്‍സ്‌ഫോമറുകളും ട്രാന്‍സ്മിഷന്‍ ഉപകരണങ്ങളും മറ്റ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സങ്കീര്‍ണ്ണമായ ഡിഫന്‍സ് സംവിധാനങ്ങള്‍ക്ക് വളരെ ആവശ്യമുള്ളവയാണ്. പൊതുമേഖല കമ്പനികള്‍ മാത്രമല്ല, സ്വകാര്യ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളും ഡിഫന്‍സ് ടെക്നോളജി രംഗത്ത് മുന്നേറ്റം കാഴ്ചവെക്കുന്നു. സമീപകാലത്തായി കൂടുതല്‍ റിസര്‍ച്ച് സ്ഥാപനങ്ങളും, സ്റ്റാര്‍ട്ടപ്പുകളും പ്രതിരോധ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ശുഭസൂചനയാണ്.

അതേസമയം ഈ രംഗത്തേക്ക് വരാനാഗ്രഹിക്കുന്ന കമ്പനികള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രതിരോധ മേഖല വ്യവസായങ്ങളുടെ ആവശ്യകതകള്‍ സാധാരണ വ്യവസായിക ഉല്‍പ്പാദന മേഖലകളുടേതില്‍ നിന്നും വ്യത്യസ്തമാണ്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം പ്രത്യേക ആവശ്യങ്ങളില്‍ ഊന്നിയുള്ളതാണ്. യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍), സമുദ്രാന്തര്‍ ഡ്രോണുകള്‍, രാത്രികാല കാഴ്ചയ്ക്കുള്ള നൈറ്റ് വിഷന്‍ ഉപകരണങ്ങള്‍, അതിര്‍ത്തിയിലെ ചലനങ്ങള്‍ നിരീക്ഷണത്തിനുള്ള സെന്‍സറുകള്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളായിരിക്കും ഡിഫന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍മ്മിക്കുക. മാത്രമല്ല, അവിടെ വലിയ തോതിലുള്ള ഉല്‍പ്പാദനം നടന്നുകൊള്ളണമെന്നില്ല. വളരെ നിയന്ത്രിത അളവിലുള്ള ഉല്‍പ്പാദമായിരിക്കും പ്രതിരോധ രംഗത്ത് വേണ്ടിവരിക. അങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ പൊതുവിപണിയില്‍ വില്‍ക്കാന്‍ സാധിക്കുന്നതുമായിരിക്കില്ല. പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സേനകള്‍ക്കും മാത്രമായിരിക്കും അവ വേണ്ടിവരിക. ഉല്‍പ്പന്നങ്ങള്‍ മറ്റാര്‍ക്കും വില്‍ക്കരുത് എന്നിങ്ങനെ അവയുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് പല നിയന്ത്രണങ്ങളും കമ്പനികള്‍ക്ക് മേല്‍ ഉണ്ടായിരിക്കുകയും ചെയ്യും. പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് അവ. എല്ലാ കമ്പനികള്‍ക്കും വ്യവസായ സ്ഥാനങ്ങള്‍ക്കും ഇത്തരത്തിലുള്ള നിര്‍മ്മാണം നടത്താനും സാധിക്കില്ല.

English Summary

Kerala is uniquely positioned to excel in the defense production sector by leveraging its skilled workforce and existing industrial ecosystem. While the state faces constraints in land and labor volume, its strengths in high-complexity, medium-volume manufacturing align perfectly with the specialized needs of the defense industry. With public sector units like Keltron and TELK already proving their mettle, the rise of private startups in "Defense Tech" signals a promising future for the state.
Share This Article
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version