AI കാലത്തും അക്ഷരം അറിയാത്ത പത്താം ക്ലാസുകാര്‍; ആകാശം മുട്ടുന്ന ആശങ്ക

സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

പണ്ടൊക്കെ പത്തില്‍ 210 മാര്‍ക്ക് ലഭിക്കാന്‍ പോലും അത്യാവശ്യം നന്നായി പ്രയത്‌നിക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളസിലബസില്‍ ഗ്രേഡിംഗ് രീതി വന്നതോടെ മാര്‍ക്കിന് പ്രസക്തി നഷ്ടപ്പെട്ടു. സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കാര്യങ്ങള്‍ മനസിലാക്കി തന്നെ കുട്ടി പഠിക്കുമായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്ക് അക്ഷരം എഴുതാനറിയില്ല എന്ന് കഴിഞ്ഞമാസമാണ് മന്ത്രി സജിചെറിയാന്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചത്. ഒരു എഡ്യുപ്ലാറ്റ്‌ഫോമിന്റെ സിഇഒ എന്ന നിലയില്‍ എനിക്ക് മന്ത്രി പറഞ്ഞതില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം അടിസ്ഥാനവിവരം പോലുമില്ലാതെയാണ് പല കുട്ടികളും പത്താംതരത്തിലേക്ക് എത്തുന്നത്.

പണ്ടൊക്കെ പത്തില്‍ 210 മാര്‍ക്ക് ലഭിക്കാന്‍ പോലും അത്യാവശ്യം നന്നായി പ്രയത്‌നിക്കണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളസിലബസില്‍ ഗ്രേഡിംഗ് രീതി വന്നതോടെ മാര്‍ക്കിന് പ്രസക്തി നഷ്ടപ്പെട്ടു. സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കാര്യങ്ങള്‍ മനസിലാക്കി തന്നെ കുട്ടി
പഠിക്കുമായിരുന്നു.

എന്നാല്‍ എസ്എസ്എയുടെ അന്തസത്തനഷ്ടപ്പെട്ടതിന്റെ തെളിവ് കൂടിയാണ് പത്താംതരത്തിലെ കുട്ടിയ്ക്ക് അക്ഷരമറിയാതെ പോകുന്ന അവസ്ഥ. എസ്എസ്എയുടെ തുടക്കബാച്ചിലെ ഒരാളെന്ന നിലയില്‍ പറയട്ടേ, എസ്എസ്എ വിദ്യാഭ്യാസമ്പ്രദായം ഊന്നല്‍ നല്‍കിയത് കാര്യങ്ങള്‍ മനസിലാക്കിയുള്ള പഠനരീതിയായിരുന്നു. ആ രീതി എന്റെ തുടര്‍വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. എന്നാല്‍ പത്താംക്ലാസില്‍ വിജയശതമാനം ഉയര്‍ത്താനായി എല്ലാ വിദ്യാര്‍ഥികളെയും ജയിപ്പിക്കുന്ന രീതി വന്നതോടെയാണ് എസ്എസ്എ വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം കാണാതെ പോകുന്നത്. ചുക്ക് ഏത് ചുണ്ണാമ്പേതെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുട്ടികള്‍ പത്താംക്ലാസിലേക്ക് എത്തുന്നത്.

പണ്ടൊക്കെ അക്ഷരത്തെറ്റിന് മാര്‍ക്ക് കുറയ്ക്കുമായിരുന്നു. എന്നാലിന്ന് കുട്ടി മനസ്സില്‍ ഒരു കാര്യം വിചാരിച്ചിട്ടുണ്ട്, അത് പകുതിയെങ്കിലും ഉത്തരക്കടലാസിലേക്ക് പകര്‍ത്തുന്നതിനാണ് മാര്‍ക്ക്. അക്ഷരം പൂര്‍ണ്ണമായി എഴുതിയില്ലെങ്കില്‍ പോലും മാര്‍ക്ക് ലഭിക്കും. അക്ഷരപഠനം തുടങ്ങേണ്ടത് പത്താം തരത്തില്‍ അല്ലെന്ന് ഏവര്‍ക്കും അറിയാമല്ലോ? പഴയ കാലവുമായി പുതിയ കാലം താരതമ്യം ചെയ്യുന്നത് കാലത്തിന് ചേര്‍ന്നതല്ലെന്ന് അറിയാം. എങ്കിലും പഴമയിലെ ചില നല്ല ശീലങ്ങള്‍ മാറ്റങ്ങളോടെ പുതിയ കാലത്തും സ്വീകരിക്കാവുന്നതാണ്. അതിലൊന്നാണ് അക്ഷരപഠനം.

പണ്ടുകാലത്ത് ആശാന്‍പള്ളിക്കൂടത്തില്‍ ചേര്‍ന്നാണ് അക്ഷരം പഠിക്കുന്നത്. മണ്ണില്‍ എഴുതുന്ന അക്ഷരങ്ങള്‍ മനസിലാണ് പതിയുന്നത്. അതിന്റെ തുടര്‍ച്ചയായി സ്‌കൂളുകളില്‍ എത്തുമ്പോള്‍ അക്ഷരമെഴുത്ത് കോപ്പി ബുക്കിലേക്ക് മാറും. ഇരട്ടവരയും നാലുവരയുമുള്ള ബുക്കില്‍ അക്ഷരം നിര്‍ബന്ധമായും എഴുതിയിരിക്കണം. അതിന് ശേഷമാണ് പാഠപുസ്തകത്തിലേക്ക് കടക്കുന്നത്. പുസ്തകത്തില്‍ വിരല്‍വെച്ച് വായിക്കുന്ന രീതി അക്ഷരങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ കൂടുതല്‍ സഹായിച്ചിരുന്നു. ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ഏറ്റ് പറയുകയും ചെയ്യുന്നതോടെ അക്ഷരങ്ങള്‍ ഒരിക്കലും മാറക്കാത്ത രീതിയില്‍ തലച്ചോറില്‍ പതിയും.

എന്നാല്‍ ഇന്ന് സിലബസ് പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തില്‍ അക്ഷരം പഠിപ്പിക്കാനുള്ള ക്ഷമ പുതിയ അധ്യാപകര്‍ കാണിക്കാറില്ല. കുട്ടിയെ അക്ഷരം പഠിപ്പിക്കാനുള്ള ചുമതല രക്ഷകര്‍ത്താക്കളുടെ മാത്രം ചുമതലയായി മാറി. നൂറൂകൂട്ടം ജോലികളുടെ ഇടയ്ക്ക് അവര്‍ക്കും വേണ്ടത്ര സമയം ലഭിക്കാറില്ല. ഇതോടെ കുട്ടിയുടെ അക്ഷരപഠനം അനിശ്ചിതത്തിലാകും. അടിത്തറയില്ലാത്ത കുട്ടി എങ്ങനെയൊക്കെയോ പത്താംതരം എത്തും. കതിരിന്മേല്‍കൊണ്ട് വളം വെയ്ക്കുന്നത് പോലെയാണ് മുതിര്‍ന്നശേഷമുള്ള അക്ഷരപഠനം. അക്ഷരം അറിയാത്തതിന് കുട്ടിയെ കുറ്റം
പറയുന്നതില്‍ അര്‍ത്ഥമില്ല. മാറേണ്ടത് വിദ്യാഭ്യാസരീതിയാണ്.

പഴമയിലേക്ക് പോകണമെന്ന് പറയുകയല്ല. മണ്ണില്‍ എഴുതി പഠിക്കുന്നതൊന്നും പ്രായോഗികമല്ല. എന്നാല്‍ അനിവാര്യമായ മാറ്റം ഈ രംഗത്ത് ആവശ്യമാണ്. സ്‌ളേറ്റിന് പകരം വൈറ്റ്‌ബോര്‍ഡായി, ആശാന്‍ പള്ളിക്കൂടത്തിന് പകരം വിദ്യാഭ്യാസം ഓണ്‍ലൈനായി. കുട്ടികളെക്കൊണ്ട് എഴുതിച്ചും പറയിപ്പിച്ചുമുള്ള രീതി അക്ഷരം ഉറപ്പിക്കാന്‍ അനുയോജ്യമാണെന്ന് ഇതിനോടകം തന്നെ ഞങ്ങള്‍ മനസിലാക്കികഴിഞ്ഞു. കുട്ടികള്‍ക്ക് അക്ഷരം ഉറയ്ക്കുന്നതോടെ തുടര്‍ന്നുള്ള ക്ലാസുകള്‍ സുഗമമായി നടത്താന്‍ സാധിക്കുന്നുണ്ട്. അതല്ലാതെ അറിയാത്ത കുഞ്ഞുങ്ങള്‍ കടുക്കട്ടി പാഠങ്ങള്‍ വെറുതെ വായിച്ച് പറഞ്ഞുകൊടുക്കുന്നത് കൊണ്ട് പ്രയോജനമില്ല. അടിസ്ഥാനം ഉറച്ചുതന്നെ പോകണം. അതിപ്പോള്‍ എഴുത്തുകളരിയിലാണെങ്കിലും ഓണ്‍ലൈന്‍ കളരിയിലാണെങ്കിലും.

മേല്‍പറഞ്ഞ പ്രശ്‌നം സ്റ്റേറ്റ് സിലബസില്‍ മാത്രമാണ് എന്ന് കരുതരുത്. കോവിഡ് മഹാമാരി വിദ്യാഭ്യാസമേഖലയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നുള്ളതിന്റെ കൂടി ദൃഷ്ടാന്തമാണ് കുട്ടികള്‍ക്ക് അക്ഷരമെഴുതാന്‍ അറിയാത്തത്. അടിസ്ഥാനം ഉറപ്പിക്കേണ്ട പ്രായത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കാതെ വന്നത് കുറച്ചൊന്നുമല്ല അവരെ ബാധിച്ചിരിക്കുന്നത്. രണ്ടുവര്‍ഷത്തെ വിദ്യാഭ്യാസവിടവ് കുട്ടികളുടെ ബൗദ്ധികവളര്‍ച്ചയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. 3 മുതല്‍ 4 വയസുവരെയുള്ള കാലയളവില്‍ അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങും. 5 മുതല്‍ 6 വയസ് വരെയുള്ള കാലയളവില്‍ അക്ഷരങ്ങള്‍ പഠിച്ച് എഴുതാനാരംഭിക്കുന്നതായിരുന്നു പതിവ്. എന്നാലിന്ന് നാലാം ക്ലാസിലും അഞ്ചാം ക്ലാസിലുമുള്ള കുട്ടികള്‍ക്ക് പോലും അക്ഷരങ്ങള്‍ തിരിച്ചറിയാനോ കൂട്ടിവായിക്കാനോ സാധിക്കാത്ത അവസ്ഥ പരിതാപകരമാണ്.

ഇതിന് ഒരു പരിഹാരം വേണ്ടേ? അതല്ലാതെ കുട്ടികളെ മാത്രം പഴിചാരിയത് കൊണ്ട് കാര്യമുണ്ടോ? വിജയശതമാനം ഉറപ്പിക്കാന്‍ All pass രീതിയാണ് അവസാനിപ്പിക്കേണ്ടത്. 2024ലെ കണക്കനുസരിച്ച് 96.2% സാക്ഷരതയാണ് കേരളത്തിലുള്ളത്. അത്തരമൊരു സംസ്ഥാനത്തിലാണ് പത്താംക്ലാസിലെത്തിയ കുട്ടിയ്ക്ക് അക്ഷരമറിയാത്ത അവസ്ഥയുള്ളത്. ഇത് വിരല്‍ചൂണ്ടുന്നത് ആശങ്കാവഹമായ വസ്തുതളിലേക്കാണ്. കേരളത്തില്‍ തൊഴിലില്ലായ്മനിരക്ക് ഓരോ വര്‍ഷവും കൂടുകയാണ്.

അതിനോടൊപ്പം നിരക്ഷരരായ കുട്ടികളുടെ എണ്ണവും വര്‍ധിച്ചാല്‍ തകിടം മറിയുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനകൂടിയായിരിക്കും. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും അക്ഷരമറിയേണ്ടതിന്റെ പ്രാധാന്യം ആകാശത്തോളം വലുതാണ്. എവിടെയാണ് നാം മാറേണ്ടത്. ആദ്യം മാറ്റം വരേണ്ടത് അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസരീതിക്കാണ്. കുട്ടികള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസില്‍ ഓരോരുത്തരെ
യും ശ്രദ്ധിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കില്ല. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഐടി കേന്ദ്രീകൃത വിദ്യാഭ്യാസം തുടങ്ങിയത്.

മള്‍ട്ടിമീഡിയയുടെ സഹായത്തോടെ Interactive പഠനരീതി എന്ന ആശയം മുന്നില്‍കണ്ടുകൊണ്ടാണ് 2012ല്‍ ഐടി. വിദ്യാഭ്യാസം തുടങ്ങിയത്. എന്നാല്‍ അതിന്റെ ലക്ഷ്യം 25 ശതമാനം പോലും ലക്ഷ്യം കണ്ടിട്ടില്ല. സ്മാര്‍ട്ട്ക്ലാസ്‌റൂമുകളുടെ ഇന്നത്തെ അവസ്ഥ എന്താണെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അധ്യാപകരെ ഐടി നിപുണരാക്കുകയെന്നതായിരുന്നു ഐടി @ സ്‌കൂളിന്റെ ആദ്യത്തെ അഞ്ചുവര്‍ഷത്തെ ലക്ഷ്യം. അതിനുശേഷം ആവശ്യമായ പഠനവിഭവ സിഡികളും വിക്ടേഴ്‌സ് ചാനലും ഉപയോഗിച്ച് ഭാഷയും ശാസ്ത്രവും പഠിപ്പി
ക്കുക എന്ന ബൃഹത്തായ പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്.

എന്നാല്‍ ആദ്യം ലക്ഷ്യം ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഇന്ററാക്ടീവ് പ്രത്യേകത പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ട് തന്നെയാണ് കോവിഡ് വരുത്തിയ വിദ്യാഭ്യാസവിടവ് വലുതായിക്കൊണ്ടിരിക്കുന്നത്. ഈ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രസക്തിയേറുന്നതും ഇതുകൊണ്ടാണ്. പഠനം ആയാസകരമല്ലാത്ത രസകരമായ അനുഭവമാക്കി മാറ്റാന്‍ ഈ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് സാധിക്കാറുണ്ട്.

AI പോലെയുള്ള സാധ്യതകളുള്ള ഈ കാലത്ത് നമ്മുടെ കുട്ടികള്‍ക്ക് അക്ഷരം എഴുതാന്‍ അറിയില്ല എന്ന് പറയുന്നത് ആശങ്കാവഹമായ കാര്യമാണ്. കുട്ടികളുടെ ഉച്ചാരണം പോലും മെച്ചപ്പെടുത്താന്‍ AI സാങ്കേതികവിദ്യയുടെ സഹായം നമുക്ക് തേടാവുന്നതാണ്. ഓരോ സ്‌കൂളുകളിലും ലാംഗ്വേജ് ലാബുകള്‍ തുടങ്ങാവുന്നതാണ്. നമ്മുടെ കുട്ടികള്‍ക്ക് വേണ്ടത് കാണാപാഠം പഠിക്കുന്ന രീതിയല്ല. Life Oriented Skill Training ആണ്. അതില്‍ ഭാഷയുടെയും അക്ഷരങ്ങളുടെയും പങ്ക് വലുതാണ്. പശുവേത് പോത്തേതെന്ന് കുട്ടികള്‍ക്ക് അറിയില്ലെന്നാണ് മന്ത്രി കുറ്റപ്പെടുത്തിയത്. അറിയില്ലെങ്കില്‍ പഠിപ്പിച്ച് കൊടുക്കേണ്ട ബാധ്യത വിദ്യാലയങ്ങള്‍ക്കുണ്ട്. കാലാനുസൃതമായ മാറ്റങ്ങള്‍ അക്ഷരപഠനത്തിന്റെ കാര്യത്തില്‍ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

(സൂര്യ വിജയകുമാര്‍ : RIGHT BOARD – E-LEARN എഡ്യു പ്ലാറ്റ്ഫോം CEO ആണ് ലേഖിക.)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version