പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഇപ്പോഴും മെല്ലെപ്പോക്ക്!

വിദ്യാഭ്യാസത്തിന്റെ സമഗ്രത വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ പുതിയ കാലത്ത് ഇ-ലേണിംഗിലൂടെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...

വിദ്യാസമ്പന്നരായ ഭാവിതലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ അടിത്തറ ഉറപ്പിച്ച് തന്നെ പോകണം. വിദ്യാഭ്യാസത്തിന്റെ സമഗ്രത വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ പുതിയ കാലത്ത് ഇ-ലേണിംഗിലൂടെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണല്ലോ ഇന്ത്യ. അതിനാല്‍ നമ്മളെപ്പോലൊരു രാജ്യത്ത് വിദ്യാഭ്യാസത്തിന്റെ പങ്ക് പരമപ്രധാനമാണ്. പ്രത്യേകിച്ച്, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥാനം വളരെ വളരെ വലുതാണ്. വിദ്യാസമ്പന്നരായ ഭാവിതലമുറയെ വാര്‍ത്തെടുക്കണമെങ്കില്‍ അടിത്തറ ഉറപ്പിച്ച് തന്നെ പോകണം. അടിസ്ഥാനം നന്നായാല്‍ മാത്രമേ വിദ്യാഭ്യാസം കൊണ്ടുള്ള വളര്‍ച്ച പൂര്‍ണ്ണമാകൂ. ഉന്നതവിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന നമ്മള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് എന്ത് പ്രാധാന്യം നല്‍കുന്നുണ്ടെന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട വസ്തുതയാണ്.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് 6 മുതല്‍ 14 വയസ് വരെയുള്ള കാലയളവാണ് പ്രാഥമിക വിദ്യാഭ്യാസത്തിന് നല്‍കിയിരിക്കുന്നത്. ഈ കാലഘട്ടത്തെ തന്നെ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഒരു കുട്ടിയുടെ അടിത്തറ ഉറപ്പിക്കേണ്ട സമയമാണ് 3 മുതല്‍ 8 വരെയുള്ളത്. ആ കാലയളവില്‍ പഠിക്കുന്ന കാര്യങ്ങളായിരിക്കും മുന്നോട്ടുള്ള ജീവിതത്തില്‍ മുതല്‍ക്കൂട്ട്. മനഃശാസ്ത്ര വിദഗ്ധരുള്‍പ്പടെ ഈ ഘട്ടത്തെ കുട്ടിയുടെ ഏറ്റവും പ്രാധാന്യമേറിയ ഘട്ടമെന്നാണ് വിലയിരുത്തുന്നത്. സ്വഭാവരൂപീകരണമുള്‍പ്പടെ സംഭവിക്കുന്ന കാലമാണിത്. അതിന് ശേഷം വരുന്ന നാലുവര്‍ഷക്കാലം 8 മുതല്‍ 11 വരെയുള്ള ഘട്ടം, അക്ഷരങ്ങള്‍ എല്ലാം ഉറപ്പിച്ച് അടുത്ത ഘട്ട വിദ്യാഭ്യാസത്തിന് തയാറെടുപ്പിക്കുന്ന പ്രിപ്പറേറ്ററി സ്റ്റേജാണ്.

കുട്ടിയുടെ ഐക്യുവും ഇക്യൂവും ഒരുപോലെ വളരുന്ന ഘട്ടം കൂടിയാണിത്.എന്നാല്‍ നമ്മുടെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കണ്ടു വരുന്ന ഒരു പ്രവണത പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടത്ര ഗൗരവം നല്‍കുന്നില്ല എന്നതാണ്. ഇത് കുട്ടികളുടെ ഭാവി ജീവിതത്തെയും കാഴ്ചപ്പാടുകളെയും പലവിധത്തില്‍ ബാധിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസരംഗം പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളികള്‍ വെട്ടിലാക്കുന്നത് കുട്ടികളുടെ ഭാവിജീവിതത്തെയാണ്.

1. ശരിയായ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാകുന്നില്ല

വിദ്യാഭ്യാസം ഒരു കുട്ടിയുടെ മൗലികാവകാശമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇന്നും നമ്മുടെ രാജ്യത്ത് പല സ്ഥലങ്ങളിലും വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. കേരളത്തിലെ സാഹചര്യം ഇക്കാര്യത്തില്‍ വിഭിന്നമാണ് എന്ന് പറയാം. എന്നാല്‍ അതുപോലെയല്ല മറ്റുപല സംസ്ഥാനങ്ങളിലെ അവസ്ഥ. അംഗനവാടികള്‍ പോലും അടുത്തെങ്ങും ഇല്ലാത്ത അവസ്ഥയില്‍ എത്രയോ ഗ്രാമങ്ങളെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഈ ഗ്രാമങ്ങളിലെല്ലാം കഴിവുള്ള അനേകം കുട്ടികള്‍ അവരുടെ ബാല്യം ഹോമിച്ചു കൊണ്ടിരിക്കുകയാണ്.

2. മികച്ച അധ്യാപകരുടെ അഭാവം

പ്രാഥമിക വിദ്യാഭ്യാസം പോലും നല്‍കാന്‍ പരിശീലനം ലഭിച്ചിട്ടില്ലാത്ത അധ്യാപകര്‍ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിയാണ്. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നു. ഇതുമൂലം എഴുത്ത്, വായന, സംഖ്യകള്‍ എന്നിവയില്‍ വേണ്ട ജ്ഞാനം കുട്ടികള്‍ക്ക് ലഭിക്കാതെ
പോകുന്നുണ്ട്. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും അധ്യാപക-വിദ്യാര്‍ഥി അനുപാതം 30:1 എന്ന രീതിയിലാണ്. ഇത് ദേശീയവിദ്യാഭ്യാസത്തില്‍ പ്രതിപാതിക്കുന്ന അനുപാതത്തിലും കൂടുതലാണ്. അമിതജോലിഭാരം അധ്യാപകരെ സമര്‍ദ്ദത്തിലാക്കുകയും തല്‍ഫലമായി ഓരോ കുട്ടിയ്ക്കും വേണ്ട ശ്രദ്ധ നല്‍കാന്‍ സാധിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു.

3. പഠനം ഉപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രാഥമികവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. എന്നാല്‍ സാമ്പത്തിക-സാമൂഹിക കാരണങ്ങള്‍ കൊണ്ട് പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്ത്‌കൊണ്ട് ഈ കൊഴിഞ്ഞു പോക്ക് തടയുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന് ചര്‍ച്ച ചെയ്യപ്പെടണം.

ഈ വെല്ലുവിളികള്‍ മറികടക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതില്‍ മുന്‍പന്തിയിലുള്ളതാണ് ഇ-ലേണിംഗ് സംവിധാനങ്ങള്‍. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യം നേടാന്‍ ഇ-ലേണിംഗ് സംവിധാനങ്ങള്‍ സഹായകമാണ്. ഓണ്‍ലൈന്‍ക്ലാസുകള്‍, ഡിജിറ്റല്‍ ലൈബ്രറി, അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ എന്നിവ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സഹായകമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നഗര-ഗ്രാമ വിടവ് ഇല്ലാതെയാക്കാനും എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസം നേടാനാകും സാധിക്കും.

പബ്ലിക്ക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സ്വകാര്യ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ മികച്ച വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കാനുള്ള മാര്‍ഗമാണ് തെളിഞ്ഞു വരിക. നൂതന അധ്യാപനരീതിയും പഠനോപകരണങ്ങളുമൊക്കെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന ഒരു തലമുറയിലേക്ക് എത്തിക്കാന്‍ സ്വകാര്യ പങ്കാളിത്തം കൊണ്ട് സാധ്യമാകും.

ആകാംഷ ഫൗണ്ടേഷന്‍, ടീച്ച് ഫോര്‍ ഇന്ത്യ എന്നിവ ഉത്തമ ഉദാഹരണങ്ങളാണ്. ഇതോടൊപ്പം ഓരോ പ്രദേശത്തെയും കൂട്ടായ്മയുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്തിയാല്‍ വിദ്യാഭ്യാസ വിടവെന്ന പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും. പഠനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പോലെയുള്ള കാര്യങ്ങള്‍ അവലംബിച്ചാല്‍ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനാകും.

സര്‍ക്കാര്‍ ഇതര സംഘടനകളുടെ സഹായത്തോടെ ആണ്‍പെണ്‍ ഭേദമന്യേയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാകും. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കുറച്ചുവര്‍ഷങ്ങളായി സമൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇനിയും ഒരുപാട് മുന്നേറേണ്ടതുണ്ട്. ശോഭനമായ ഒരു ഭാരതത്തിനായി ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കാം.

(റൈറ്റ് ബോര്‍ഡ് ഇ-ലേര്‍ണിംഗ് സിഇഒയും മുന്‍ മാധ്യമ പ്രവര്‍ത്തകയുമാണ് ലേഖിക)

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version