ഇറാനുമായി ചര്‍ച്ചകള്‍ തുടരുന്നത് ‘വേസ്റ്റ് ഓഫ് ടൈം’; സമാധാന കരാര്‍ അവസാനിപ്പിച്ച് ട്രംപ്, എണ്ണ വില കുതിക്കുന്നു, വിപണികളില്‍ കനത്ത ഇടിവ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ എണ്ണ വില കുതിച്ചു തുടങ്ങി. ബ്രെന്റ് ക്രൂഡ് വില 6 ശതമാനത്തിലേറെ ഉയര്‍ന്ന് 79 ഡോളറിലേക്കെത്തി

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor
Image: AI-generated

ഇറാന്‍ ക്യാന്‍സര്‍! മുറിച്ചു മാറ്റണമെന്ന് ട്രംപ്

ആഗോള വിപണികളിലാകെ വീണ്ടും ആശങ്കയുയര്‍ത്തി ഇറാനുമായുള്ള സമാധാന കരാര്‍ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ഇനി ഇറാനുമായി ചര്‍ച്ചകള്‍ തുടരുന്നത് സമയം പാഴാക്കല്‍ മാത്രമാണെന്ന് തുര്‍ക്കിയിലെ അങ്കാറയില്‍ നാറ്റോ ഉച്ചകോടിക്കെത്തിയ ട്രംപ് പറഞ്ഞു. ഇറാന്‍ ലോകത്തെ ബാധിച്ച ക്യാന്‍സറാണെന്നും എത്രയും വേഗം അത് മുറിച്ചുമാറ്റണമെന്നും ട്രംപ് പറഞ്ഞു. ഇറാനെ ആണവ രഹിത രാജ്യമാക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയുടെ ഒരാഴ്ച നീളുന്ന സംസ്‌കാര പരിപാടികള്‍ നടക്കവെയാണ് പൊടുന്നനെ സംഘര്‍ഷം രൂക്ഷമായത്. ഹോര്‍മുസില്‍ ഒമാനോട് ചേര്‍ന്നുള്ള പാതയില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുകയും യുഎസ് ഇതിന് ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

കുതിച്ച് എണ്ണ; വിപണികള്‍ ഇടിഞ്ഞു

ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ എണ്ണ വില കുതിച്ചു തുടങ്ങി. ബ്രെന്റ് ക്രൂഡ് വില 6 ശതമാനത്തിലേറെ ഉയര്‍ന്ന് 79 ഡോളറിലേക്കെത്തി. ലോകമാകെ ഓഹരി വിപണികളിലും കനത്ത പ്രഹരമാണ് ട്രംപിന്റെ പ്രസ്താവന ഏല്‍പ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ സെന്‍സെക്‌സ് 1677 പോയന്റ് ഇടിഞ്ഞ് 76,503 ല്‍ എത്തി. നിഫ്റ്റി 516 പോയന്റ് നഷ്ടത്തോടെ 23,882 ല്‍ വ്യാപാരം അവസാനിപ്പിച്ചു. എല്ലാ മേഖലകള്‍ക്കും പ്രഹരമേറ്റു. ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി 5.4 ശതമാനവും ജപ്പാന്‍ വിപണിയായ നിക്കെയ് 2 ശതമാനത്തിലേറെയും ഇടിഞ്ഞു. യുഎസില്‍ നാസ്ഡാക്, ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 100 ഫ്യൂച്ചേഴ്‌സുകള്‍ 1.5%  വരെ ഇടിഞ്ഞു. 

ഇന്ത്യന്‍ എണ്ണക്കപ്പല്‍ തിരിച്ചയച്ച് ഇറാന്‍

ഹോര്‍മുസ് കടലിടുക്കിലെ ഒമാന്‍ തീരത്തെ യുഎസ് പിന്തുണയുള്ള താല്‍ക്കാലിക ഷിപ്പിങ് ഇടനാഴി ഉപയോഗിക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ എണ്ണക്കപ്പലിനെ ഇറാന്‍ തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകള്‍. പകരം, ഇറാന്‍ നിര്‍ദേശിച്ച ഷിപ്പിങ് പാതയിലൂടെ മാത്രമേ കപ്പലുകള്‍ സഞ്ചരിക്കാവൂവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് റേഡിയോ സന്ദേശങ്ങളിലൂടെ നിര്‍ദേശിച്ചു. അടുത്തിടെ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അമേരിക്ക-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്കിനെ വീണ്ടും ആഗോള ഊര്‍ജവ്യാപാരത്തിലെ പ്രധാന സംഘര്‍ഷകേന്ദ്രമാക്കിയിരിക്കുകയാണ്.

ഇ20 ഉപയോഗിച്ച് കേടായ കാര്‍ കാണിക്കാമോ: വെല്ലുവിളിച്ച് ഗഡ്കരി

ഇ20 എഥനോള്‍ കലര്‍ത്തിയ പെട്രോളിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടെ പദ്ധതിയെ ശക്തമായി ന്യായീകരിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ഇ20 പെട്രോള്‍ ഉപയോഗിച്ചതിനാല്‍ കേടായ ഒരു കാറെങ്കിലും കാണിക്കാമോയെന്ന് അദ്ദേഹം വിമര്‍ശകരെ വെല്ലുവിളിച്ചു. ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 22 ലക്ഷം കോടി രൂപ ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍, എഥനോള്‍ മിശ്രിത ഇന്ധനം ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കാനും കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാനുമുള്ള നിര്‍ണായക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എഥനോള്‍ ഉല്‍പാദനം, വാഹനങ്ങളുടെ എന്‍ജിന്‍, ഇന്‍ഷുറന്‍സ്, പരിസ്ഥിതി എന്നിവയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. 

മഹേഷ് മുരളീധര്‍ പൈ എസ്‌ഐബിയുടെ തലപ്പത്തേക്ക് 

തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കാനറ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജരായ മഹേഷ് മുരളീധര്‍ പൈ ചുമതലയേല്‍ക്കും. ഒക്ടോബര്‍ 1 മുതല്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ബാങ്കിന്റെ നിലവിലെ എംഡിയും സിഇഒയുമായ പി ആര്‍ സേഷാദ്രി സെപ്റ്റംബര്‍ 30 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നായകന്‍ എത്തുന്നത്. 

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version