ഇന്ത്യ നയിക്കുമോ ഡീ-ഡോളറൈസേഷനെ?

കരുതല്‍ ധനമായും പരസ്പര വ്യാപാര ഇടപാടുകള്‍ക്കുമായി ദശാബ്ദങ്ങളായി ലോകം ഉപയോഗിച്ചു വരുന്ന ഡോളറിന്റെ ശക്തി ക്ഷയിച്ചു വരികയാണോ? യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്ന ഡീ-ഡോളറൈസേഷന്‍, സമീപ വര്‍ഷങ്ങളില്‍ സിദ്ധാന്തത്തില്‍ നിന്ന് പ്രയോഗത്തിലേക്ക് മാറിയിരിക്കുന്നു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യുഎസ് ആധിപത്യത്തിന് പകരം സാമ്പത്തിക ബദലുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, ഇന്ത്യ പരസ്യമായ ഡീ-ഡോളറൈസേഷനു പകരം പ്രാദേശിക കറന്‍സി സെറ്റില്‍മെന്റ് സംവിധാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജാഗരൂകവും പ്രായോഗികവുമായ പാത തിരഞ്ഞെടുത്തിരിക്കുന്നു. ഡോളറിന്റെ രാജപദവിക്ക് ആഗോള തലത്തില്‍ ഉയരുന്ന വെല്ലുവിളികളെക്കുറിച്ച് യുഎസിന് നന്നേ ബോധ്യമുണ്ട്. ഉപരോധങ്ങളും പരസ്പര താരിഫുകളും അതും കടന്ന് സൈനിക നടപടികളിലേക്കുമെത്തിയാണ് പലപ്പോഴും വാഷിംഗ്ടണ്‍ ഇതിനെതിരെ പ്രതികരിക്കുന്നത്. മാറിയ ലോക സാഹചര്യങ്ങളില്‍ ഡീ-ഡോളറൈസേഷന്റെ സാധ്യതകള്‍ എത്രത്തോളമാണ്? യുഎസിന്റെ അപ്രിയതയ്ക്ക് പാത്രമാകാതെ ഡോളറിന്‍മേലുള്ള ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കുമാവുമോ? ഡിജിറ്റല്‍ രൂപയുമായി ഇന്ത്യ തുടങ്ങിവെച്ചിരിക്കുന്ന വിപ്ലവത്തിന് ആഗോള സ്വീകാര്യത ലഭിക്കുമോ?

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer

സൈനികമായും സാമ്പത്തികമായും ലോകം ഭരിക്കുന്ന അമേരിക്ക, ഏറ്റവും വിശുദ്ധമായി കാണുന്ന വസ്തു ഡോളറാണ്. സാമ്പത്തികമായി ലോകത്തെ തങ്ങളുടെ പിടിയില്‍ നിര്‍ത്താന്‍ യുഎസിനെ സഹായിക്കുന്ന കറന്‍സി. അതിനാല്‍ തന്നെ ഡോളറിനെതിരെയുള്ള ഏതു നീക്കത്തെയും കടുത്ത ശത്രുതാ മനോഭാവത്തോടെയും ആശങ്കയോടെയുമാണ് വാഷിംഗ്ടണ്‍ കാണുന്നത്.

ഡോളറിനെ തൊട്ടുകളിക്കുന്നവരെ തട്ടിയ ചരിത്രമാണ് യുഎസിനുള്ളത്. ഡോളറിനെയും യുഎസിന്റെ അപ്രമാദിത്യത്തെയും പരസ്യമായും രഹസ്യമായും വെല്ലുവിളിച്ചവരെയെല്ലാം അമേരിക്ക ഒതുക്കിയിട്ടുണ്ട്. ആദ്യം തട്ടു കിട്ടിയത് സാക്ഷാല്‍ സദ്ദാം ഹുസൈനാണ്. ഇറാന്‍ യുദ്ധത്തിന് ശേഷം ഉപരോധം നേരിട്ടതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലേക്കാണ് ഇറാഖ് വീണത്. പട്ടിണിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ യുഎന്നിന്റെ ‘എണ്ണക്ക് പകരം ഭക്ഷണം’ പരിപാടിയാണ് തുണയായത്. 2000 ല്‍ ഈ പദ്ധതിയുടെ സാമ്പത്തിക ഇടപാട് ഡോളറില്‍ നിന്ന് യൂറോയിലേക്കാക്കിയ സദ്ദാമിന്റെ നടപടിയാണ് അമേരിക്കയെ യഥാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചത്. ആണവായുധമുണ്ടെന്ന പേരില്‍ ഇറാഖില്‍ അധിനിവേം നടത്തിയ പെന്റഗണ്‍, സദ്ദാമിനെ വധിച്ചു.

ലിബിയയിലെ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി, സ്വര്‍ണത്തിന്റെ പിന്തുണയുള്ള ഒരു ആഫ്രിക്കന്‍ പൊതു കറന്‍സിക്കു വേണ്ടി പ്രവര്‍ത്തനമാരംഭിച്ചതോടെയാണ് യുഎസിന്റെ കണ്ണിലെ കരടായത്. എണ്ണ വ്യാപാരത്തിനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപാടിനും ഒരു ആഫ്രിക്കന്‍ ദിനാറായിരുന്നു ഗദ്ദാഫിയുടെ സ്വപ്നം. 2011 ല്‍ നാറ്റോ ലിബിയയില്‍ ഇടപെടുകയും ഗദ്ദാഫി കൊല്ലപ്പെടുകയും ചെയ്തു.

യുഎസിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ലോകത്തെ ഏറ്റവും എണ്ണ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായ വെനസ്വേല കണ്ട മാര്‍ഗം ഡോളറിലുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കുകയെന്നതായിരുന്നു. 2018 ല്‍ യൂറോ, ചൈനീസ് യുവാന്‍, റഷ്യന്‍ റൂബിള്‍ തുടങ്ങിയ കറന്‍സികളില്‍ എണ്ണ വ്യാപാരം നടത്താനുള്ള ശ്രമങ്ങള്‍ വെനസ്വേല ആരംഭിച്ചു. വരിഞ്ഞു മുറുക്കുന്ന യുഎസ് ഉപരോധമായിരുന്നു പിന്നീട് നേരിടേണ്ടി വന്നത്. ജനുവരി ആദ്യം വെനസ്വേലയിലിറങ്ങിയ യുഎസ് കമാന്‍ഡോകള്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയയെയും പിടിച്ചുകെട്ടി വാഷിംഗ്ടണിലേക്ക് പറന്നു. വെനസ്വേല ഇപ്പോള്‍ യുഎസിന്റെ നിയന്ത്രണത്തിലാണ്. ഡോളര്‍ നേരിടുന്ന വെല്ലുവിളികളെ അടിച്ചമര്‍ത്താന്‍ ഏതറ്റം വരെ പോകാനും യുഎസ് സന്നദ്ധമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഡീഡോളറൈസേഷന്‍ എന്ന ആശയം ഏറെ അപകടം പിടിച്ചതാണെന്നു സാരം.

പതിറ്റാണ്ടുകളായി ആഗോള വ്യാപാരത്തെയും വിദേശ നാണ്യ ശേഖരങ്ങളെയും നിയന്ത്രിക്കുന്ന ഡോളറിനെ വെല്ലുവിളിക്കുന്നത് യുഎസിന്റെ ശത്രുത വിളിച്ചുവരുത്തുന്ന നടപടിയാകും. എന്നിരുന്നാലും സമീപകാലത്ത് വര്‍ധിച്ചിരിക്കുന്ന ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസിന്റെ ഉപരോധങ്ങളുമെല്ലാം ഡോളറിന്റെ അപ്രമാദിത്യത്തില്‍ നിന്നും കൂടുതല്‍ സ്വതന്ത്രമായ ഒരു സാഹചര്യത്തെക്കുറിച്ചുള്ള ആഗോള അഭിവാഞ്ഛ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെട്ട, ആഗോള ജിഡിപിയുടെ 32% വരുന്ന ബ്രിക്‌സ് കൂട്ടായ്മയാണ് ഇത്തരമൊരു ബദലിന്റെ സാധ്യതകള്‍ തേടുന്നത്. സാമ്പത്തികവും തന്ത്രപരവുമായ കാരണങ്ങള്‍ ഈ നീക്കത്തിന് പിന്നിലുണ്ട്.

ബ്രിക്സ് ഡിജിറ്റല്‍ കറന്‍സി

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുള്‍പ്പെടുന്ന, ഇപ്പോള്‍ സൗദി അറേബ്യയടക്കം 15 രാജ്യങ്ങളിലേക്ക് വികസിപ്പിച്ച ബ്രിക്‌സ് കൂട്ടായ്മയില്‍ പരസ്പര വ്യാപാരത്തിന് ഒരു ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കണമെന്ന ശുപാര്‍ശയാണ് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞ വര്‍ഷം കൈമാറിയത്. കറന്‍സി വൈവിധ്യവല്‍ക്കരണത്തിന്റെയും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ഭാഗമായാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കപ്പെട്ടത്. യൂറോ പോലെ ഒരു പൊതു കറന്‍സിയല്ല, ഒരു പൊതു ഡിജിറ്റല്‍ സെറ്റില്‍മെന്റ് സംവിധാനമാണിത്. ഇന്ത്യയുടെ ഡിജിറ്റല്‍, സാമ്പത്തിക തന്ത്രങ്ങള്‍ക്ക് ഇത്തരമൊരു പേമെന്റ് സംവിധാനം ഗുണകരമാകുമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റല്‍ പൊതുസേവന സംവിധാനങ്ങളുടെ ആഗോള നേതൃത്വത്തില്‍ ഇന്ത്യക്ക് എന്നും താല്‍പ്പര്യമുണ്ട്. യുപിഐ, ആധാര്‍, ഡിജിറ്റല്‍ രൂപ എന്നിവയെല്ലാം ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിലെ നായകരാണ്. വളരെ കുറഞ്ഞ ചെലവില്‍ അതിവേഗ സാമ്പത്തിക സേവനങ്ങള്‍ എന്ന ലക്ഷ്യമാണ് ഇവയിലൂടെ ഇന്ത്യ മുന്നോട്ടു വെക്കുന്നത്.

ഇ-രൂപയുടെ സാധ്യതകള്‍

ഇന്ത്യയുടെ അന്താരാഷ്ട്ര സാമ്പത്തിക പദ്ധതികളുടെ കേന്ദ്ര സ്ഥാനത്തേക്ക് ഇ-രൂപ കടന്നു വന്നുകഴിഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്ന് മുഴുവന്‍ പേര്. ഒരു ഇ-വാലറ്റില്‍ ശേഖരിച്ചിരിക്കുന്ന ഡിജിറ്റല്‍ കാഷ് പോലെ തന്നെയാണ് ഇ-രൂപ പ്രവര്‍ത്തിക്കുന്നത്. സിബിഡിസിയുടെ പൈലറ്റ് പദ്ധതി ആര്‍ബിഐ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭൗമരാഷ്ട്രീയ പദ്ധതികളുടെ ഭാഗമാണ് ഇ-രൂപ.

നിലവിലെ അന്താരാഷ്ട്ര പേമെന്റ് സംവിധാനം, അതാത് ബാങ്കുകളുടെ നെറ്റ്വര്‍ക്കിനെയും യുഎസ് ഡോളറുമായി ബന്ധിപ്പിച്ച സംവിധാനങ്ങളെയുമാണ് ആശ്രയിക്കുന്നത്. നിരവധി ബാങ്കുകള്‍ ഉള്‍പ്പെട്ടതിനാല്‍ ഇത് വളരെയധികം സമയം ചെലവഴിക്കുന്ന, ചെലവേറിയ ഒരു പ്രക്രിയയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും നടപ്പാക്കാനുള്ള ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത് ഈ ഘട്ടത്തിലാണ്. ഇ-രൂപയെ മറ്റ് രാജ്യങ്ങളുടെ, വിശേഷിച്ച് ബ്രിക്സ് രാജ്യങ്ങളുടെ സിബിഡിസികളുമായി ലിങ്ക് ചെയ്യാനാണ് ആര്‍ബിഐ ശുപാര്‍ശ. വ്യാപാരം, ടൂറിസം തുടങ്ങിയ മേഖലകളിലാവും ഇതിന്റെ ഗുണം ഏറ്റവുമധികം ദൃശ്യമാവുക.

ബ്രിക്‌സ് അംഗരാഷ്ട്രമായ ദക്ഷിണാഫ്രിക്കയിലേക്ക് ഒരു ഇന്ത്യന്‍ വ്യാപാരി ചരക്ക് കയറ്റിയയക്കുന്നെന്നിരിക്കട്ടെ. ഇതിനുള്ള പേമെന്റ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ റാണ്ടിനെ ആദ്യം ഡോളറിലേക്കും പിന്നീട് രൂപയിലേക്കും മാറ്റിയാണ് വ്യാപാരിക്ക് ലഭിക്കുക. പുതിയ സംവിധാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ റാണ്ട്, ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറ്റുകയും സുതാര്യമായ രീതിയില്‍ അപ്പോള്‍ത്തന്നെ രൂപയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്യും. ഒരു ഘട്ടത്തിലും യുഎസ് ഡോളറിന്റെ ഇടപെടലില്ല. പണം ട്രാന്‍സാക്ഷന്റെ ചെലവ് കുറയുമെന്നതാണ് ഇതിന്റെ ആദ്യത്തെ നേട്ടം. ഇടപാടിലുള്‍പ്പെടുന്ന ബാങ്കുകളുടെ എണ്ണം കുറയുന്നതോടെ പണം കൈമാറ്റത്തിന്റെ വേഗം കൂടും. ഏറ്റവുമുപരി ഡോളറിന്റെ മേലുള്ള അമിത ആശ്രിതത്വം കുറയും.

ഏഷ്യയിലും മധ്യേഷ്യയിലും ആഫ്രിക്കയിലും നിരവധി രാജ്യങ്ങളുമായി ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് കരാറുകള്‍ (എല്‍സിഎസ്) ഇന്ത്യ ഒപ്പിട്ടിട്ടുണ്ട്. 30 രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്പെഷ്യല്‍ റുപ്പീ വോസ്ട്രോ അക്കൗണ്ടുകളുണ്ട്. ഡോളര്‍ ഉപയോഗിക്കാതെ രൂപയില്‍ വ്യാപാരം നടത്താന്‍ ഇത് സഹായിക്കുന്നു.

ഡോളറിനെതിരെ റഷ്യ-ചൈന അച്ചുതണ്ട്

ഡോളറിനെതിരെ റഷ്യക്കും ചൈനക്കുമുള്ള തീവ്ര നിലപാട് ഇന്ത്യയ്ക്കില്ല. ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ന്യൂഡെല്‍ഹിക്കുള്ളത്. എന്നാല്‍ റഷ്യയും ചൈനയും കുറച്ചുകൂടി കടന്ന് യുഎസിന്റേതിന് സമാനമായ സാമ്രാജ്യത്വ മോഹങ്ങള്‍ ഉള്ളില്‍ പേറുന്നു. ഡോളറിന്റെ സ്ഥാനത്ത് തങ്ങളുടെ കറന്‍സി ലോകം വാഴണമെന്ന ചിന്തയാണ് ഈ രണ്ട് രാജ്യങ്ങള്‍ക്കുമുള്ളത്. ഉക്രെയ്ന്‍ യുദ്ധത്തിന് ശേഷം യുഎസ് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. 2022 ല്‍ റഷ്യയുടെ 300 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് യുഎസും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് മരവിപ്പിച്ചത്. ഇതൊരു മുന്നറിയിപ്പായാണ് ചൈനയടക്കമുള്ള രാജ്യങ്ങള്‍ കണ്ടത്. റഷ്യ-ചൈന വ്യാപാരം ഇപ്പോള്‍ ചൈനീസ് കറന്‍സിയായ യുവാനിലാണ് നടക്കുന്നത്. 2021 ല്‍ ഇറക്കുമതിയുടെ 4% യുവാനില്‍ നല്‍കിയ റഷ്യ 2023 ല്‍ ഇത് 44 ശതമാനത്തിലേക്കാണ് വര്‍ധിപ്പിച്ചത്. പണം കൈമാറ്റത്തിനുള്ള അന്താരാഷ്ട്ര സംവിധാനമായ സ്വിഫ്റ്റ് സിസ്റ്റത്തില്‍ നിന്ന് റഷ്യയിലെയും ഇറാനിലെയും ബാങ്കുകളെ ഒഴിവാക്കിയ നടപടിയും ഡോളറിനെതിരെ ബദല്‍ കണ്ടെത്താനുള്ള ഈ രാജ്യങ്ങളുടെ നീക്കത്തിന് ആക്കം പകര്‍ന്നിട്ടുണ്ട്.

സമീപകാലത്ത് ബ്രിക്സിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ത്യ, വളരെ കരുതലോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. യുഎസിനെ പിണക്കാതെ രൂപയുടെ സ്ഥിതി മെച്ചപ്പെടുത്താനും തടസമില്ലാത്ത വ്യാപാരം നടത്താനുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സര്‍വശക്തിയുമെടുത്ത് ഒരു ഡീ-ഡോളറൈസേഷന്‍ ദൗത്യത്തിന് അതിനാല്‍ ഇന്ത്യ തയാറല്ല. എന്നാല്‍ ഡോളറിന്റെ മേധാവിത്വമുണ്ടാക്കുന്ന അമിതാശ്രയത്വവും സ്വീകാര്യമല്ല.

ഡോളര്‍ നേതാവായ കാലം

രണ്ടാം ലോക മഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് രാജ്യങ്ങളെ കരകയറാനും ദീര്‍ഘകാല ആഗോള വളര്‍ച്ചയെ പരിപോഷിപ്പിക്കാനും സഹായിക്കുന്ന ഒരു സാമ്പത്തിക ക്രമമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി 1944 ജൂലൈയില്‍ ന്യൂ ഹാംഷെയറിലെ ബ്രെട്ടണ്‍ വുഡ്‌സില്‍ ഇന്ത്യയടക്കം 44 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഒത്തുകൂടി. സ്വര്‍ണവുമായി ബന്ധിപ്പിച്ച ഡോളറിനെ അടിസ്ഥാനമാക്കിയ പുതിയ അന്താരാഷ്ട്ര പണ വ്യവസ്ഥ രൂപപ്പെടുത്തിയത് ഈ യോഗമാണ്. സ്ഥായിയായ നിരക്കുള്ള ഒരു വിനിമയ സംവിധാനം ഇതോടെ രൂപപ്പെട്ടു. അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും സ്ഥാപിക്കപ്പെട്ടത് ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്.

1971 ല്‍ വിയറ്റ്നാം യുദ്ധത്തിന് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുത്തനെ ഉയര്‍ന്നു. ഇതിന് പ്രതിവിധിയായി പ്രസിഡന്റ് നിക്സണ്‍ യുഎന്‍ അംഗരാജ്യങ്ങളോട് കൂടിയാലോചിക്കാതെ ബ്രെട്ടണ്‍ വുഡ്‌സ് സംവിധാനത്തെ അട്ടിമറിച്ചു. ഡോളറിന്റെ സ്ഥിര വിനിമയ നിരക്ക് ഒഴിവാക്കി ഫ്ളോട്ടിംഗ് നിരക്കുകള്‍ കൊണ്ടുവന്നു. ഡോളറിന്റെ തേരോട്ടം ആരംഭിച്ചത് ഇതിന് ശേഷമാണ്. സ്വര്‍ണവുമായുള്ള ഡോളറിന്റെ ബന്ധമാണ് നിക്സണ്‍ റദ്ദാക്കിയത്. 1974 ല്‍ പെട്രോ ഡോളര്‍ സംവിധാനം വന്നതോടെ ഡോളര്‍ കരകയറി. പിന്നീട് യുഎസിന്റെ ഭൗമരാഷ്ട്രീയ സ്വാധീനവും കൂറ്റന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും യുഎസ് ട്രഷറി നിക്ഷേപങ്ങളുമടക്കമുള്ള ഘടകങ്ങളാണ് ഡോളറിന്റെ നിരക്ക് നിശ്ചയിച്ചത്. ഡോളര്‍ അനിഷേധ്യ നേതാവായത് അതോടെയാണ്.

പതിയെ പണത്തിന്റെ വികേന്ദ്രീകരണത്തിലേക്ക്

പല ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും ഡോളറിന്റെ കരുത്തിനും മേധാവിത്തത്തിനും തെല്ലും ക്ഷതമില്ല. ആഗോള സാമ്പത്തിക വിപണികളുടെയെല്ലാം അടിസ്ഥാനമായി അത് തുടരുന്നു. വിശ്വാസ്യതയുള്ള, സുരക്ഷിത ആസ്തിയായും അത് ചുവടുറപ്പിച്ചു നില്‍ക്കുന്നു. അന്താരാഷ്ട്ര വിദേശനാണ്യ ഇടപാടുകളുടെ 88% ഡോളറിലാണ്. എന്നാല്‍ ആഗോള തലത്തില്‍ കറന്‍സി റിസര്‍വുകളില്‍ ഡോളറിന്റെ വിഹിതത്തിന് കുറവ് വന്നിട്ടുണ്ട്. മറ്റ് സുസ്ഥിര കറന്‍സികള്‍ ഈ സ്ഥാനത്തേക്ക് കടന്നു വരുന്നുണ്ട്. ഉദാഹരണത്തിന്, 2021 ല്‍ ആഗോള കറന്‍സി റിസര്‍വുകളില്‍ 58.8% ഉണ്ടായിരുന്ന ഡോളറിന്റെ വിഹിതം 2024 എത്തിയപ്പോള്‍ 57.8% ലേക്ക് താഴ്ന്നു. ഇതേ കാലയളവില്‍ ആഗോള കരുതല്‍ ശേഖരങ്ങളില്‍ ജാപ്പനീസ് യെന്നിന്റെ സാന്നിധ്യം 5.52% ല്‍ നിന്ന് 5.82 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും വ്യാപാരത്തില്‍ യുഎസ് ഡോളറിന്റെ ഉപയോഗം താഴ്ന്നിരിക്കുന്നു. ആഗോള തലത്തില്‍ വ്യാപാരത്തിന്റെ 54 ശതമാനമാണ് ഇപ്പോള്‍ ഡോളറില്‍ നടക്കുന്നത്.

നേരിയതോതില്‍ ഡോളറിന്റെ കരുത്ത് കുറയുന്നത് യുഎസിന്റെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ചെറിയ വെല്ലുവിളികളെപ്പോലും വമ്പന്‍ ഉപരോധം കൊണ്ടും മറ്റും യുഎസ് നേരിടാന്‍ ശ്രമിക്കുന്നത് അതിനാലാണ്. 2000 ല്‍ ഏകദേശം 900 ഉപരോധങ്ങളാണ് യുഎസ് വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്നത്. 2024 എത്തിയപ്പോള്‍ ഇത് 11,000 ല്‍ ഏറെ ഉപരോധങ്ങളായി ഉയര്‍ന്നു. ലോകത്തെ നാലിലൊന്ന് രാജ്യങ്ങള്‍ ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഉപരോധം നേരിടുന്നുണ്ട്.

ട്രംപിന്റെ പരസ്പര താരിഫുകളുടെ പിന്നിലും ഇത്തരമൊരു ഭീഷണിയുണ്ടായിരുന്നു. ഡോളറിനെതിരെ തിരിഞ്ഞാല്‍ കടുത്ത താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു. വരും കാലത്തും ഡോളര്‍ പ്രതാപശാലിയായി തുടരുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളില്‍ കൂടുതല്‍ തദ്ദേശീയ കറന്‍സികള്‍ ഉപയോഗിക്കപ്പെടും. പേമെന്റ് സംവിധാനം കൂടുതല്‍ വികേന്ദ്രീകൃതവും ഡിജിറ്റലുമാക്കപ്പെടും. രാജ്യങ്ങള്‍ക്ക് മുന്നില്‍ പണമിടപാടിന് വിവിധ ഓപ്ഷനുകളുണ്ടാവും. ഡോളറിനെ ഒഴിവാക്കി ഒരു ബദല്‍ കൊണ്ടുവരിക എന്നതല്ല ഇന്ത്യയുടെ ലക്ഷ്യവും താല്‍പ്പര്യവും. കൂടുതല്‍ എളുപ്പമുള്ള ഓപ്ഷനുകള്‍ കൊണ്ടുവരികയെന്നതാണ്. കൂടുതല്‍ വൈവിധ്യമുള്ളതും പ്രതിരോധ ശേഷിയുള്ളതും സാങ്കേതിക ശേഷിയുള്ളതുമായ ഒരു ആഗോള ഡിജിറ്റല്‍ പരിതസ്ഥിതിയാണ് ഇന്ത്യയുടെ ഉത്തമ താല്‍പ്പര്യം.

English Summary

The global dominance of the US Dollar, established since the 1944 Bretton Woods Agreement, is facing unprecedented challenges as nations seek to insulate themselves from US sanctions and geopolitical leverage. While radical shifts led to the downfall of leaders like Saddam Hussein and Muammar Gaddafi in the past, the current movement is led by major economies like the BRICS bloc. India is adopting a pragmatic "middle path"—not seeking to dismantle the dollar, but rather diversifying through Local Currency Settlement (LCS) systems, Special Rupee Vostro Accounts, and the Digital Rupee (e-Rupee). While China and Russia push for a more aggressive exit from the dollar, India focuses on reducing transaction costs and enhancing financial sovereignty without alienating the US, its largest trading partner.
Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version