ബജറ്റിനെ സ്വാഗതം ചെയ്ത് കേരളത്തിലെ വ്യവസായ ലോകം; സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള ബജറ്റെന്ന് തോമസ് ജോണ്‍ മുത്തൂറ്റ്; ആത്മവിശ്വാസം നല്‍കുന്ന ബജറ്റെന്ന് വികെസി റസാഖ്, ധാതു ഇടനാഴി നേട്ടമാകുമെന്ന് ശ്രീനാഥ് വിഷ്ണു

ബജറ്റിലെ സെമികണ്ടക്ടറുകള്‍, നിര്‍ദ്ദിഷ്ട അപൂര്‍വ ധാതു ഇടനാഴി, ഉള്‍നാടന്‍ ജലപാതകള്‍, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിന് മികച്ച അവസരങ്ങള്‍ നല്‍കുന്നു

K S Sreekanth
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched...
- News Editor

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ കേരളത്തിലെ വ്യവസായ ലോകം സ്വാഗതം ചെയ്തു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള ബജറ്റാണിതെന്ന് ുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പ്രതികരിച്ചു. ആത്മവിശ്വാസം നല്‍കുന്ന ബജറ്റാണിതെന്ന് സിഐഐ കേരള ചെയര്‍മാനായ വികെസി റസാഖ് പ്രതികരിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച ധാതു ഇടനാഴി കേരളത്തിന് നേട്ടമാകുമെന്ന് വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയര്‍മാനും സിഐഐ കേരള മുന്‍ ചെയര്‍മാനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള ബജറ്റ്

ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയും ഭാവിയും ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര ബജറ്റെന്ന് സിഐഐ ദക്ഷിണ മേഖലാ ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പ്രതികരിച്ചു. 2026 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള സന്തുലിതമായ സമീപനമാണ് സൂചിപ്പിക്കുന്നത്. ഉല്‍പ്പാദനം, എംഎസ്എംഇ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളെ ശക്തിപ്പെടുത്തുന്നതിലൂടെ, ബജറ്റിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. മാത്രമല്ല, ഒരു വികസിത ഭാരതത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നു. ഉല്‍പ്പാദനക്ഷമത, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി മത്സരക്ഷമത എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നത് സുസ്ഥിരമായ വളര്‍ച്ചയ്ക്ക് സഹായകരമാകും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് മാറ്റുരക്കാനുമാകും. ദക്ഷിണേന്ത്യയ്ക്കും പ്രയോജനം ലഭിക്കും.

മെച്ചപ്പെട്ട വായ്പാ ലഭ്യത, ബാങ്കിങ് രംഗത്തെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരങ്ങള്‍ എന്നിവ എന്‍ബിഎഫ്സികളെ ശക്തിപ്പെടുത്തും. സാമ്പത്തിക പരിതസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സംരംഭകത്വത്തെയും ഉപഭോഗത്തെയും പിന്തുണയ്ക്കും. നടപടികള്‍ മേഖലയിലെ സുസ്ഥിര വളര്‍ച്ചയ്ക്ക് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യ വികസനം, പണ ലഭ്യത തുടങ്ങിയവക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ദക്ഷിണേന്ത്യക്കും അഭിലഷണീയമാണെന്നും സംരംഭങ്ങളെ പിന്തുണക്കുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും ദീര്‍ഘകാലത്തില്‍ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം നല്‍കുന്ന ബജറ്റ്

2026-27 ലെ കേന്ദ്ര ബജറ്റ് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണെന്ന് സിഐഐ കേരള ചെയര്‍മാന്‍ വികെസി റസാഖ് പ്രതികരിച്ചു. സാമ്പത്തിക അച്ചടക്കത്തോടെ വളര്‍ച്ച ലക്ഷ്യം വെച്ചുള്ളതാണ് പരിഷ്‌കാരങ്ങള്‍. സാമ്പത്തിക രംഗത്തെ സ്ഥിരതയും വളര്‍ച്ചയും ഉറപ്പാക്കുന്ന നടപടികള്‍ രാജ്യത്തെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ മേഖലകളെ പിന്തുണക്കുന്നതിനൊപ്പം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പിന്തുണ നല്‍കുന്നു. വികസിത ഭാരതം എന്ന സ്വപ്നത്തിലേക്കുള്ള ശക്തമായ അടിത്തറയാണ് ബജറ്റ്. അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ടൂറിസം, ബയോഫാര്‍മ, കൃഷി, അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ നിര്‍മ്മാണം, മെഡിക്കല്‍ ടൂറിസം, സമുദ്ര മേഖല എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെയും, എംഎസ്എംഇകളെയും സേവന മേഖലയെയും പിന്തുണയ്ക്കുന്നതിലൂടെയും ബജറ്റ് കേരളത്തിനും ഗണ്യമായ നേട്ടം നല്‍കും. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

വമ്പന്‍ പ്രഖ്യാപനങ്ങളേക്കാള്‍ അടിസ്ഥാന ജനതയെ മുന്നില്‍ കണ്ടുള്ള ബജറ്റ്

വമ്പന്‍ പ്രഖ്യാപനങ്ങളേക്കാള്‍ അടിസ്ഥാന ജനവിഭാഗത്തിന്, കര്‍ഷകര്‍ക്ക്, തൊഴിലാളികള്‍ക്ക് ഗുണകരമായ ബജറ്റാണിതെന്ന് വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയര്‍മാനും സിഐഐ കേരള മുന്‍ ചെയര്‍മാനുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. ബജറ്റിലെ സെമികണ്ടക്ടറുകള്‍, നിര്‍ദ്ദിഷ്ട അപൂര്‍വ ധാതു ഇടനാഴി, ഉള്‍നാടന്‍ ജലപാതകള്‍, തീരദേശ ചരക്ക് വികസനം എന്നീ മേഖലകളിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിന് മികച്ച അവസരങ്ങള്‍ നല്‍കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വ്യവസായ ലോകവും പൊതുജനങ്ങളും ഒരുമിച്ചുനിന്ന് ബജറ്റിലെ പ്രഖ്യാപനങ്ങളുടെ നേട്ടമെടുക്കുകയും രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചക്ക് സംഭാവന ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കര്‍ഷകര്‍ക്ക് നേട്ടം

ഉയര്‍ന്ന മൂല്യമുള്ള ഹൈടെക് കൃഷി പ്രോത്സാഹിപ്പിക്കാനുള്ള നീക്കം കര്‍ഷകര്‍ക്ക് നേട്ടമാകുമെന്ന് സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് & സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ശിവദാസ് ബി മേനോന്‍ പറഞ്ഞു. ഇന്ത്യ-യൂറോപ്പ് വ്യാപാര കരാറിന്റെ പശ്ചാത്തലത്തില്‍ നാളികേരം, കശുവണ്ടി എന്നിവയിലുള്ള ഊന്നല്‍, കയറ്റുമതി വിപണിയില്‍ ഗുണമാകുമെന്നും കേരളത്തിന് മികച്ച പ്രാതിനിധ്യം ലഭിക്കുമെന്നും സിഐഐ കേരള മുന്‍ ചെയര്‍മാനും സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് & സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ശിവദാസ് ബി മേനോന്‍ പറഞ്ഞു.

ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍

ടൂറിസത്തിലൂടെയും സേവന മേഖലയിലൂടെയും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് സിഐഐ കേരള മുന്‍ ചെയര്‍മാന്‍ ജോസ് ഡൊമിനിക് അഭിപ്രായപ്പെട്ടു.

റബറില്‍ നിരാശ, ചന്ദനത്തില്‍ അവസരം

പ്ലാന്റേഷന്‍ മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് സിഐഐ കേരള അഗ്രി, ഫുഡ് & പ്ലാന്റേഷന്‍ പാനല്‍ കണ്‍വീനറും ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാര്‍ ചൂണ്ടിക്കാട്ടി. റബര്‍ കൃഷിക്കായുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകാഞ്ഞത് നിരാശപ്പെടുത്തി. അതേസമയം കൊക്കോ, ചന്ദനം തുടങ്ങിയ കൃഷികളിലെ അവസരങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. ആഗോള വിപണികളില്‍ കേരളത്തിന് സാന്നിധ്യം ശക്തിപ്പെടുത്താന്‍ സഹായകരമാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

നികുതി സമ്പ്രദായത്തിലെ ഡീക്രിമിനലൈസേഷന്‍ സ്വാഗതാര്‍ഗം

നികുതി വ്യവസ്ഥ ലളിതമാക്കിയത് സ്വാഗതം ചെയ്ത് വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സിന്റെ സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്. നികുതി സമ്പ്രദായത്തിലെ പ്രൊഫഷണലൈസേഷന്‍, ഡീക്രിമിനലൈസേഷന്‍ എന്നിവയെയും അദ്ദേഹം സ്വാഗതം ചെയ്തു. ഏപ്രില്‍ ഒന്നിന് പുതിയ നികുതി നിയമം വരുന്നതിനാലാണ് സ്ലാബുകളും മറ്റും സംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടാവാഞ്ഞതെന്നും അദ്ദേഹം നിരീക്ഷിച്ചു.

ബയോഫാര്‍മ മേഖലയില്‍ മികച്ച അവസരം

ആണവോര്‍ജ്ജത്തിനായുള്ള പ്രോത്സാഹനത്തില്‍ നിന്നും ബയോഫാര്‍മ പോലുള്ള മേഖലകളില്‍ നിന്നും കേരളത്തിന് നേട്ടമുണ്ടാകുമെന്ന് സിഐഐ കൊച്ചി സോണല്‍ കൗണ്‍സില്‍ ചെയര്‍മാനും മെഡിവിഷന്‍ സ്‌കാന്‍ & ഡയഗ്‌നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറുമായ ബെര്‍ലി സിറിയക് നെല്ലുവേലില്‍ ചൂണ്ടിക്കാട്ടി. ഐടി മേഖലയിലും മികച്ച സാധ്യതകള്‍ ബജറ്റ് തുറന്നിടുന്നുണ്ട്. സെമികണ്ടക്റ്റര്‍ മിഷനിലേക്ക് ആവശ്യമായ ധാതുക്കള്‍ ലഭ്യമാക്കാന്‍ കേരളത്തിന് സാധിക്കും. ക്ലൗഡ് ഹോസ്റ്റിംഗിനായി ഡാറ്റ സെന്ററുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ നികുതി ഇളവ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി പാര്‍ക്കുകള്‍ സജീവമായ കേരളത്തിലടക്കം വന്‍ ഡാറ്റ സെന്ററുകള്‍ വരാന്‍ സാധ്യതയുണ്ട്. ഡാറ്റ നമ്മുടെ സമീപം തന്നെ സ്റ്റോര്‍ ചെയ്യാനാവുന്നെന്നത് നിക്ഷേപകരുടെയും സംരംഭകരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മെഡിക്കല്‍ ടൂറിസം ഹബ്ബായി കേരളം മാറും

പുതിയ ഓള്‍ ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, നവീകരിച്ച ആയുഷ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുള്‍പ്പെടെ ആയുര്‍വേദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് തൈക്കാട്ട് മൂസ് വൈദ്യരത്‌നം ഔഷധശാലയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. യദു നാരായണന്‍ മൂസ്. നടപടികളിലൂടെ മെഡിക്കല്‍ ടൂറിസത്തിന്റെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നായി കേരളം ഉയര്‍ന്നുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മെഡിക്കല്‍ മേഖലയില്‍ തൊഴില്‍ ലഭ്യത വര്‍ധിക്കും

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് സിഐഐ കേരള ഹെല്‍ത്ത്‌കെയര്‍ പാനലിന്റെ കണ്‍വീനറും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. പി വി ലൂയിസ്. തൊഴില്‍ ലഭ്യതയെ മികച്ച രീതിയില്‍ പ്രോല്‍സാഹിപ്പിക്കുന്ന തീരുമാനമാണിത്. മെഡിക്കല്‍ ടൂറിസം വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നത് ഈ മേഖലയെ ഏറെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷീ-മാര്‍ട്ട് സ്ത്രീ സംരംഭകര്‍ക്ക് ഗുണകരമാവും

എംഎസ്എംഇകള്‍, സ്ത്രീകള്‍ നയിക്കുന്ന സംരംഭങ്ങള്‍, ഇക്വിറ്റി ഫണ്ടിംഗ്, കോര്‍പ്പറേറ്റ് മിത്ര, ഷീ-മാര്‍ട്ട് എന്നിവയ്ക്കുള്ള സര്‍ക്കാരിന്റെ ശക്തമായ പിന്തുണയെ അഭിനന്ദിക്കുന്നെന്ന് സിഐഐ കൊച്ചി സോണല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്സണും റെസിടെക് ഇലക്ട്രിക്കല്‍സിന്റെ മാനേജിംഗ് പാര്‍ട്ണറുമായ ലേഖ ബാലചന്ദ്രന്‍ പറഞ്ഞു. ഉല്‍പ്പന്ന നിര്‍മാണത്തില്‍ മികവുണ്ടെങ്കിലും വനിതാ സംരംഭകര്‍ മാര്‍ക്കറ്റിംഗിന്റെ കാര്യത്തില്‍ പലപ്പോഴും പിന്നിലാണ്. ഇതിന് പരിഹാരമാകാന്‍ ഷീ-മാര്‍ട്ടിന് സാധിക്കും. അടുത്ത തലത്തിലേക്ക് വളരാന്‍ സ്ത്രീ സംരംഭകരെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും എന്ന് കരുതാം.

Share This Article
News Editor
Senior Media Professional & News Editor – The Profit With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs. His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version