2030-ഓടെ നാല് ദശലക്ഷം തൊഴിലുകള്‍! 5 വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലുകള്‍ ഏതെല്ലാം?

ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണ്‍ വെബ് സര്‍വ്വീസും ഓപ്പണ്‍ എഐയുമടക്കമുള്ള വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ എഐ വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ ജോലികള്‍ ഇല്ലാതുകോ, സൃഷ്ടിക്കപ്പെടുമോ എന്നുള്ള സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യത്തില്‍ എന്താണ് സര്‍ക്കാരും കണക്കുകളും സൂചിപ്പിക്കുന്നത് എന്നുനോക്കാം.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: Freepik

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് QA റോളുകള്‍ AI മൂലം ഇല്ലാതാക്കുമെന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇന്‍ഫോപാര്‍ക്കിലെ ഒരു കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ നീതു ഒന്ന് ഞെട്ടി. ഇരുപത് വര്‍ഷത്തോളമായി ഈ ജോലി ചെയ്യുന്നു. നല്ല ശമ്പളമുണ്ട്, പക്ഷേ ഇഎംഐ, മക്കളുടെ പഠനം, വീട്ടുചിലവുകള്‍.. ജോലി ഇല്ലാതായാല്‍ എന്തുചെയ്യും.

അടുത്ത ദിവസങ്ങളില്‍ തന്നെ കേട്ട മറ്റൊരു വാര്‍ത്ത നീതുവിന് പ്രതീക്ഷ നല്‍കി, 2030ഓടെ AI മൂലം ഇന്ത്യയില്‍ നാല് ദശലക്ഷം ജോലികള്‍ സൃഷ്ടിക്കപ്പെടുമത്രേ. പക്ഷേ, തന്നെ പോലുള്ള മിഡ്-ലെവല്‍ എഞ്ചിനീയര്‍മാര്‍ക്കും ടെസ്റ്റര്‍മാര്‍ക്കും മറ്റ് ഓപ്പറേഷണല്‍ ജോലികളില്‍ ഉള്ളവര്‍ക്കും അവസരങ്ങള്‍ ഉണ്ടാകുമോ, അതോ 4 ദശലക്ഷം ജോലി എന്നൊക്കെയുള്ളത് വെറുമൊരു പറച്ചില്‍ മാത്രമായിരിക്കുമോ. നീതുവിന്റെ മാത്രമല്ല, ഐടി മേഖലയില്‍ ഉള്ള നിരവധി പേര്‍ ഇന്ന് AI യുടെ കടന്നുകയറ്റത്തെ ഭയത്തോടെയും പ്രതീക്ഷയോടെയും കാണുന്നുണ്ട്.

ഗൂഗിളും മൈക്രോസോഫ്റ്റും ആമസോണ്‍ വെബ് സര്‍വ്വീസും ഓപ്പണ്‍ എഐയുമടക്കമുള്ള വന്‍കിട മള്‍ട്ടിനാഷണല്‍ കമ്പനികള്‍ എഐ വിപുലീകരണം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ ജോലികള്‍ ഇല്ലാതുകോ, സൃഷ്ടിക്കപ്പെടുമോ എന്നുള്ള സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യത്തില്‍ എന്താണ് സര്‍ക്കാരും കണക്കുകളും സൂചിപ്പിക്കുന്നത് എന്നുനോക്കാം.

ആര്‍ക്കൊക്കെ ജോലി പോകും, ആര്‍ക്കെല്ലാം കിട്ടും

2025 ഒക്ടോബര്‍ 1-ന് നീതി ആയോഗ് AI യുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു-” Roadmap for Job Creation in the AI Economy’. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ AI സാങ്കേതിക സേവന മേഖലകളെ ഉടച്ചുവാര്‍ക്കുന്നത് എങ്ങനെയാണെന്നാണ് പ്രധാനമായും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നത്. 2031-ഓടെ സാങ്കേതിക സേവന മേഖലകളില്‍ AI കാരണം വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അടുത്ത 5 വര്‍ഷത്തില്‍ 4 ദശലക്ഷം പുതിയ ജോലികള്‍ക്കുള്ള സാധ്യതകളും AI തുറന്നിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജോലി നഷ്ടപ്പെടലില്‍ നിന്നും സാധ്യതകളിലേക്ക് നടന്നുകയറുന്നതിനായി തൊഴില്‍ നൈപുണ്യവും ശേഷികളും നവീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യാനാണ് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. ഇതിനായി ദേശീയ AI ടാലന്റ് മിഷന്‍ ആരംഭിക്കാനും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യക്കാരെ AI ജോലികള്‍ക്കായി ഒരുക്കിയെടുക്കുക എന്നതാണ് ലക്ഷ്യം.

ടെക്, ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ 2031ഓടെ വലിയ രീതിയിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 245 ബില്യണ്‍ ഡോളറിന്റെ ടെക്, കസ്റ്റമര്‍ സര്‍വ്വീസ് മേഖലകള്‍ ഇപ്പോള്‍ തന്നെ AI മൂലം തൊഴില്‍ പ്രതിസന്ധി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ശരിയായ രീതിയില്‍ ഈ അവസ്ഥയെ നേരിടുകയും പുതിയ അവസരങ്ങള്‍ക്കായി ഒരുങ്ങുകയും ചെയ്താല്‍ ഇന്ത്യക്കാര്‍ക്ക് AI വെല്ലുവിളിയാകില്ല.

വിദ്യാഭ്യാസത്തില്‍ AI ഉള്‍പ്പെടുത്തുക, ജീവനക്കാര്‍ക്ക് പുതിയ മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും കഴിവുകള്‍ വികസിപ്പിക്കുന്നതിനുമായി റീസ്‌കില്ലിംഗ് സംവിധാനങ്ങള്‍ ആരംഭിക്കുക, അങ്ങനെ AI നൈപുണ്യത്തിന്റെ കേന്ദ്രമായി ഇന്ത്യയെ വളര്‍ത്തിയെടുത്ത് ലോകത്തെ ആകര്‍ഷിക്കുക എന്നുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നു.

റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് എത്തിക്കല്‍ AI സ്പെഷ്യലിസ്റ്റുകള്‍, AI പരിശീലകര്‍, AI DevOps എഞ്ചിനീയര്‍മാര്‍, സെന്റിമെന്റ് അനലിസ്റ്റ് തുടങ്ങിയ പുതിയ റോളുകള്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഉരുത്തിരിഞ്ഞുവരും. ഈ മേഖലകളില്‍ വൈദഗ്ധ്യം നേടാനായാല്‍ മികച്ച തൊഴിലവസരങ്ങള്‍ നേടാനാകും.

AI വ്യാപകമാകുന്നതിന്റെ ഫലമായി ഏതെല്ലാം ജോലികളാണ് ഇല്ലാതാകുകയെന്നും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നുണ്ട്. QA (Quality Assurance)എഞ്ചിനീയര്‍മാര്‍, L1 സപ്പോര്‍ട്ട് ഏജന്റുമാര്‍, കസ്റ്റമര്‍ സര്‍വ്വീസ് തുടങ്ങിയ ചില റോളുകള്‍ അപ്രത്യക്ഷമാകാനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്.

അതിനാല്‍, നാല് ദശലക്ഷം ജോലികള്‍ എന്ന മോഹനവാഗ്ദാനത്തോടൊപ്പം തന്നെ അതിന്റെ റിസ്‌കുകളും ഭീഷണികളും മനസ്സിലാക്കേണ്ടതുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ക്കായിരിക്കും അവസരങ്ങള്‍ ലഭിക്കുക.

നീതി ആയോഗിന്റെ പ്രതീക്ഷകള്‍

റിപ്പോര്‍ട്ട് പുതിയതായത് കൊണ്ട് അത് മുന്നോട്ടുവെക്കുന്ന പ്രതീക്ഷകളും കണക്കുകളും എത്രത്തോളം സുതാര്യമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. AI-യിലൂടെ നാല് ദശലക്ഷം തൊഴിലവസരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് നീതി ആയോഗ് പ്രധാനമായും മൂന്ന് വഴികളാണ് മുന്നോട്ടുവെക്കുന്നത്.

1) വിദ്യാഭ്യാസത്തിലും അടിസ്ഥാന നൈപുണ്യ വികസനത്തിലും AI ഒരു ഭാഗമാക്കുക.

2) നിലവിലെ ടെക്, കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കി റീസ്‌കില്ലിംഗും അപ്സ്‌കില്ലിംഗും നടപ്പിലാക്കുക.

3) ആഗോള AI പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക, ഒപ്പം തന്നെ പ്രാദേശിക ഉദ്യോഗവൃന്ദത്തെ നിലനിര്‍ത്തുക.

ഇതിനൊപ്പം തന്നെ മറ്റുചില സാധ്യതകളും കൂടി പരിഗണിക്കാം. ഇപ്പോള്‍ തന്നെ കാര്യമായ തീരുമാനമെടുക്കലോ, വൈദഗ്ധ്യമോ ആവശ്യമില്ലാത്ത നിത്യജോലികള്‍ ഓട്ടോമേഷനിലേക്ക് നീങ്ങിത്തുടങ്ങി. ആ രീതിയില്‍ ജോലിയില്‍ നിന്ന് പുറത്താകുന്നവരെ AI മൂലം ഉണ്ടാകുന്ന പുതിയ ജോലികള്‍ക്ക് പരിഗണിക്കാനാകും.

കൃത്യസമയത്ത് ആളുകള്‍ക്ക് പരിശീലനം നല്‍കുകയും പുതിയ ശേഷികള്‍ അവരില്‍ വളര്‍ത്തിയെടുക്കുകയും സ്വകാര്യമേഖലയും പൊതുമേഖലയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണ ഉണ്ടാകുകയും ചെയ്തെങ്കിലേ നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ വലിയ തൊഴിലവസരങ്ങള്‍ AI-യുമായി ബന്ധപ്പെട്ട് ഉണ്ടാകുകയുള്ളു. അതിനാല്‍ തന്നെ 4 ദശലക്ഷം ജോലികള്‍ എന്നത് തീര്‍ച്ചയായും സംഭവിക്കുന്ന ഒരു കാര്യമായി കരുതാതെ, അതിനെ ഒരു സാധ്യതയായി വേണം കാണാന്‍.

ജോലി ഇല്ലാതാകുകയും സൃഷ്ടിക്കപ്പെടുകയും ഒന്നിച്ച് സംഭവിക്കും

AI വ്യാപകമാകുന്നതോടെ ടെക് രംഗത്തെ തൊഴിലുകളില്‍ ചില വിടവുകളും മാറ്റങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നുണ്ട്. QA, ടെസ്റ്റിംഗ്, സപ്പോര്‍ട്ട്, ഓഫീസില്‍ എന്നും ഒരേ ജോലികള്‍ ചെയ്യുന്ന ആളുകള്‍ എന്നിവര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യത.

AI, ML (മെഷീന്‍ ലേണിംഗ്), ഡാറ്റ അനോട്ടേഷന്‍ ആന്‍ഡ് ക്ലീനിംഗ്, മോഡല്‍ ഓവര്‍സൈറ്റ്, ഹ്യൂമണ്‍ ഇന്‍ ദ ലൂപ്പ് സിസ്റ്റം, AI എത്തിക്സ്, AI ഓപ്പറേഷന്‍സ്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, AI പരിശീലനം എന്നീ മേഖലകളിലാണ് പുതിയ അവസരങ്ങള്‍ വരാന്‍ പോകുന്നത്. പുതിയതായി സൃഷ്ടിക്കപ്പെടുന്ന റോളുകള്‍ക്ക് നൂതനമായ, അവരവരുടെ മേഖളകള്‍ക്ക് ആവശ്യമായ കഴിവുകള്‍ വേണ്ടതുണ്ട്. അതിനാല്‍ തന്നെ AI കാരണം ജോലി പോയവര്‍ക്ക് ആ റോളുകളിലേക്ക് എത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. അല്ലെങ്കില്‍ അവര്‍ വലിയ രീതിയിലുള്ള പരിശീലനം നേടേണ്ടിവരും. എത്ര വേഗത്തില്‍ AI ശേഷികള്‍ നേടുന്നു, AI പരിശീലനം എത്രത്തോളം കാര്യക്ഷമമാണ് എന്നിവ അനുസരിച്ച് മാത്രമേ AI കാരണം ഉണ്ടാകാന്‍ പോകുന്ന തൊഴില്‍ സാധ്യതകളെ വിലയിരുത്താനാകൂ. വളരെ പതുക്കെ മാത്രമേ AI കേന്ദ്രീകൃത പരിതസ്ഥിതിയിലേക്ക് മാറാന്‍ കഴിയുന്നുള്ളുവെങ്കില്‍ അതുമൂലം ഉണ്ടാകുമെന്ന് പറയുന്ന സാധ്യതകളും മങ്ങും.

AI- പുതിയ തൊഴില്‍ സാധ്യതകള്‍

AI വ്യാപകമാകുമ്പോള്‍ പുതിയതായി സൃഷ്ടിക്കപ്പെടുന്ന ജോലികള്‍ ഏതെല്ലാമായിരിക്കുമെന്നും ഏതെല്ലാം തൊഴില്‍മേഖലകള്‍ നേട്ടമുണ്ടാക്കുമെന്നും നോക്കാം.

സാങ്കേതിക, എഞ്ചിനീയറിംഗ് മേഖല

സാങ്കേതികം, എഞ്ചിനീയറിംഗ് മേഖലകളിലാണ് AI കൂടുതല്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക. AI ആപ്ലിക്കേഷനുകള്‍ക്ക് വേണ്ട ടൂളുകളും പ്രക്രിയകളും വികസിപ്പിക്കുന്ന AI എഞ്ചിനീയര്‍, മനുഷ്യനെ പോലെ പ്രവര്‍ത്തിക്കാന്‍ AI-യെ അനുവദിക്കുന്നതിനുള്ള മോഡലുകള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന മെഷീന്‍ ലേണിംഗ് എഞ്ചിനീയര്‍ എന്നീ റോളുകള്‍ക്ക് സാധ്യതയേറും.

ഡാറ്റകള്‍ വിശകലനം ചെയ്യുന്ന ഡാറ്റ സൈന്റിസ്റ്റ്, വലിയ തോതിലുള്ള ഡാറ്റ പ്രൊസസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന ഡാറ്റ എഞ്ചിനീയര്‍, റോബോട്ടിക് എഞ്ചിനീയര്‍, കംപ്യൂട്ടര്‍ വിഷന്‍ എഞ്ചിനീയര്‍, നാച്ചുറല്‍ ലാന്‍ഗുവേജ് പ്രൊസസ്സിംഗ് എഞ്ചിനീയര്‍ എന്നീ ജോലികള്‍ പുതിയതായി ഉയര്‍ന്നുവരും.

എത്തിക്സ്, ട്രെയിനിംഗ് മേഖലകള്‍

AI അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിരവധി പുതിയ തൊഴില്‍ വിഭാഗങ്ങള്‍ വരുമെന്നാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. AI മോഡലുകളെ വഴികാട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രോംപ്റ്റ് എഞ്ചിനീയര്‍മാര്‍, AI സംവിധാനങ്ങള്‍ സദുദ്ദേശ്യപരമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പാക്കുന്നതിന് AI എത്തിക്സ് സ്പെഷ്യലിസ്റ്റുകള്‍, മെഷീന്‍ പ്രവര്‍ത്തമനം മെച്ചപ്പെടുത്തുന്നതിനുള്ള മികവുറ്റ ഡാറ്റസെറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള AI പരിശീലകര്‍ എന്നിങ്ങനെയുള്ള റോളുകളും ഭാവിയില്‍ ഉണ്ടാകും.

AI പ്രോഡക്ട് മാനേജര്‍, AI കസ്റ്റമര്‍ എക്സിപീരിയന്‍സ് സ്പെഷ്യലിസ്റ്റ്, AI സാക്ഷരത പരിശീലകര്‍ തുടങ്ങിയ തൊഴില്‍മേഖലകളും ഇനിയങ്ങോട്ട് വരും. ആരോഗ്യമേഖലയിനും സൈബര്‍ സെക്യൂരിറ്റി രംഗത്തും AI നടപ്പിലാക്കുന്നതിനുള്ള ആളുകള്‍ക്കും ഡിമാന്‍ഡ് കൂടും.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 4 ദശലക്ഷം AI ജോലികള്‍ ഉണ്ടാകുമെന്നത് വളരെ പ്രതീക്ഷാര്‍ഹമായ ഒരു അനുമാനം തന്നെയാണ്. പക്ഷേ കണ്ണടച്ച് അത് വിശ്വസിക്കുകയും, തനിക്കും എന്തെങ്കിലും ജോലി ലഭിക്കുമെന്ന് കരുതുകയും ചെയ്യുന്നത് അബദ്ധമാണ്. കൃത്യമായി, നടപ്പിലാക്കിയാല്‍ AI യിലൂടെ ലക്ഷക്കണക്കിന് ജോലികള്‍ സൃഷ്ടിക്കപ്പെടും. പക്ഷേ, അതിനുവേണ്ട പരിശീലനം ആളുകള്‍ക്ക് നല്‍കുകയും നിക്ഷേപം ഉണ്ടാകുകയും, മനോഭാവങ്ങളില്‍ മാറ്റമുണ്ടാകുകയും വേണം.

നീതുവിനെ പോലെയുള്ളവര്‍ക്ക് 4 ദശലക്ഷം പേരില്‍ ഒരാളാകാന്‍ സാധിക്കുമോ എന്നല്ല, അതിനുള്ള ശേഷി അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ടോ എന്ന ചോദ്യമാണ് പ്രസക്തം.

 

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version