കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശനിരക്ക്‌ വെട്ടിക്കുറച്ചു

ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ നിരക്കിളവുകള്‍ ഉണ്ടായേക്കുമെന്ന് ജെറോം പവല്‍

The Profit Desk
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy...
Photo Credit: Flickr

തൊഴിലില്ലായ്മയെ നേരിടാന്‍ ഒടുവില്‍ അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ഇടപെടല്‍. ഡിസംബറിന് ശേഷം ആദ്യമായി കേന്ദ്രബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചു. തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍വിപണിയെ സംരക്ഷിക്കാന്‍ ഇനിയും നിരക്കിളവുകള്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന. പ്രതികൂല സാമ്പത്തിക സാഹചര്യവും തൊഴില്‍ സാഹചര്യവും കണക്കിലെടുത്ത് പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ്വിന് ഏറെക്കാലമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു.

അതേസമയം ട്രംപ് ആവശ്യപ്പെട്ടതുപോലെ ആഴത്തിലുള്ള പലിശ വെട്ടിക്കുറയ്ക്കലിന് ഫെഡറല്‍ റിസര്‍വ്വ് തയ്യാറായിട്ടില്ല. എന്നാല്‍ ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ നിരക്കിളവുകള്‍ ഉണ്ടായേക്കുമെന്ന് നിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ അറിയിച്ചു. നിലവില്‍ തൊഴില്‍വിപണിയെ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷിക്കുന്നതിനാണ് താനും മറ്റ് നയരൂപകര്‍ത്താക്കളും മുന്‍ഗണന നല്‍കുന്നതെന്നും പവല്‍ വ്യക്തമാക്കി.

രണ്ട് ദിവസം നീണ്ട നയയോഗത്തിന് ശേഷമാണ് പലിശനിരക്ക് കുറച്ചുകൊണ്ടുള്ള തീരുമാനം വന്നത്. അപകടം ഇല്ലാത്ത വഴികളില്ലെന്നും ശരിയായ വഴിയെന്നൊന്ന് മുന്നിലില്ലെന്നും പവല്‍ പറഞ്ഞു. പണപ്പെരുപ്പത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്, പരമാവധി തൊഴില്‍ നിയമനങ്ങളും അവഗണിക്കാനാകില്ല. തൊഴിലില്ലായ്മ നിരക്ക് സ്ഥിരമായി നിലനിര്‍ത്തുന്നതിന് വേണ്ട രീതിയില്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നാണ് താന്‍ കരുതുന്നതെന്നും പവല്‍ കൂട്ടിച്ചേര്‍ത്തു. ബിസിനസുകള്‍ വളരെ കുറച്ച് നിയമനങ്ങളേ നടത്തുന്നുള്ളു. പിരിച്ചുവിടല്‍ കൂടിയാല്‍ തൊഴിലില്ലായ്മ നിരക്ക് കൂടുമെന്നും അദ്ദേഹം പറഞ്ഞു.

നാടകങ്ങള്‍ക്കൊടുവില്‍

ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കുകള്‍ കുറച്ചിരിക്കുന്നത്. ചൊവ്വാഴ്ച ധനനയയോഗം ആരംഭിക്കുന്നതിന് മുമ്പാണ് ട്രംപ് അനുയായിയായ സ്റ്റീഫന്‍ മിരാന്‍ ഫെഡ് ഗവര്‍ണറായി സ്ഥാനമേറ്റത്. ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കി ഫെഡറല്‍ റിസര്‍വ്വ് ബോര്‍ഡില്‍ തന്റെ അനുയായിയെ കൊണ്ടുവരാനായിരുന്നു ട്രംപിന്റെ ശ്രമം. എന്നാലത് വിജയിക്കാതെ വന്നതോടെ തിങ്കളാഴ്ച വൈകുന്നേരം നടത്തിയ സെനറ്റ് വോട്ടിംഗിലൂടെ 12 പേര്‍ അടങ്ങുന്ന ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി (FOMC)യില്‍ മിരാനെ കൊണ്ടുവരികയായിരുന്നു.

ഫെഡറല്‍ റിസര്‍വ്വില്‍ എത്തുന്നതിന് മുമ്പ് വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേഷ്ടക സമിതി മേധാവി ആയിരുന്നു മിരാന്‍. ചൊവ്വാഴ്ചത്തെ യോഗത്തില്‍ നയ തീരുമാനത്തിന് എതിരെ നിലകൊള്ളുകയും കൂടുതല്‍ ആഴത്തിലുള്ള, അരശതമാനം നിരക്കിളവിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു മിരാന്‍. വരും യോഗങ്ങളിലും അരശതമാനം നിരക്ക് വെട്ടിക്കുറയ്ക്കല്‍ മിരാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും വര്‍ഷാവസാനത്തോടെ നിരക്ക് 3 ശതമാനത്തിലേക്ക് കൊണ്ടുവരുന്ന രീതിയിലുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിവ്.

ഇതോടെ കേന്ദ്രബാങ്കില്‍ ട്രംപിന്റെ ഇടപെടലും സ്വാധീനവും വര്‍ധിക്കുകയാണെന്ന് തീര്‍ച്ചയായി. ഫെഡിന്റെ ധനനയങ്ങളെ സ്ഥിരമായി വിമര്‍ശിക്കുകയും അവധിയിലുള്ള വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനെ ചെയര്‍മാനാക്കുകയും എതിരെ നില്‍ക്കുന്ന ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ട്രംപ് ഫെഡറല്‍ റിസര്‍വ്വില്‍ രാഷ്ട്രീയം കൊണ്ടുവരികയാണെന്ന് വ്യക്തമാണ്.

Share This Article
The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version