രൂപയുടെ മൂല്യം ഇടിയുന്നത് എന്തുകൊണ്ട്, അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും

2025-ലുടനീളം രൂപയുടെ മൂല്യം അസ്ഥിരമായിരുന്നു. 2025 ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 3.1 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. യൂറോയ്‌ക്കെതിരെ 15 ശതമാനം മൂല്യത്തകര്‍ച്ചയും ബ്രിട്ടീഷ് പൗണ്ടിനെതിരെ 9 ശതമാനം മൂല്യത്തകര്‍ച്ചയും ജാപ്പനീസ് യെന്നിനെതിരെ 6 ശതമാനം തകര്‍ച്ചയും രൂപയ്ക്കുണ്ടായിട്ടുണ്ട്.

Veena M A
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to...
- Senior Content Writer
Photo Credit: Freepik / AI-generated

ഓരോ തവണയും അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുമ്പോള്‍ അതൊരു വാര്‍ത്തയാണ്. രൂപയുടെ മൂല്യം ഡോളറൊന്നിന് 84 രൂപ, 85 രൂപ എന്നെല്ലാം കേള്‍ക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്ക് അത് തങ്ങളെ ബാധിക്കാത്ത ഒരു കാര്യമായിട്ടാണ് തോന്നുക. സാമ്പത്തിക വിദഗ്ധരെയോ, വ്യാപാരികളെയോ അതല്ലെങ്കില്‍ വിദേശത്ത് ജോലി ചെയ്യുന്നവരെയോ ആണ് അത് ബാധിക്കുക എന്നവര്‍ കരുതുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ രൂപയുടെ മൂല്യം എല്ലാവരെയും ബാധിക്കും. രൂപയുടെ മൂല്യമിടിയുമ്പോള്‍ അതിന്റെ ആഘാതം നിത്യജീവിതത്തില്‍ പ്രതിഫലിക്കും. പെട്രോളടിക്കുന്നത് മുതല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുന്നത് വരെ പല കാര്യങ്ങളിലും രൂപയുടെ മൂല്യത്തിലുള്ള മാറ്റമറിയും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപ സമ്മര്‍ദ്ദത്തിലാണ്. പ്രത്യേകിച്ച് 2025-ലുടനീളം രൂപയുടെ മൂല്യം അസ്ഥിരമായിരുന്നു. 2025 ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 3.1 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. യൂറോയ്‌ക്കെതിരെ 15 ശതമാനം മൂല്യത്തകര്‍ച്ചയും ബ്രിട്ടീഷ് പൗണ്ടിനെതിരെ 9 ശതമാനം മൂല്യത്തകര്‍ച്ചയും ജാപ്പനീസ് യെന്നിനെതിരെ 6 ശതമാനം തകര്‍ച്ചയും രൂപയ്ക്കുണ്ടായിട്ടുണ്ട്.

കരുത്താര്‍ജ്ജിക്കുന്ന ഡോളര്‍

മറ്റ് കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യമുയരുമ്പോഴാണ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നു എന്ന് പറയുന്നത്. ക്രൂഡ് ഓയിലിന് വില ഉയരുന്നത്, അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തി, സ്ഥിരതയുള്ള വിദേശഫണ്ടുകളുടെ ഒഴുക്ക് എന്നിങ്ങനെയുള്ള പല ആഭ്യന്തര, അന്താരാഷ്ട്ര ഘടകങ്ങളുടെ സ്വാധീനം കൊണ്ടാണ് ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നത്. ഈ സ്ഥിതിവിശേഷം ഇന്ത്യ ഉള്‍പ്പടെയുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകളിലെ കറന്‍സികളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഡോളര്‍ ശക്തിപ്പെടുകയെന്നാല്‍, വിദേശത്ത് നിന്നും മുമ്പ് വാങ്ങിച്ച അതേ തോതില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ കൂടുതല്‍ രൂപ മുടക്കേണ്ടിവരുമെന്നാണ് അര്‍ത്ഥമാക്കുന്നത്. എണ്ണ, ഇലക്ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളും ഉള്‍പ്പടെ നിരവധി വസ്തുക്കള്‍ക്ക് ഇപ്പോഴും ഇന്ത്യ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നു എന്നതുകൊണ്ട് അത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയില്‍ ഉപഭോക്തൃവിലയെ സ്വാധീനിക്കുന്നു.

ഇന്ത്യയുടെ വളര്‍ച്ച ഗുണകരമാകാത്തതെന്ത്

രൂപയുടെ മൂല്യം ഇടിയുന്നത് ദുര്‍ബലമായ സമ്പദ് വ്യവസ്ഥയുടെ ലക്ഷണമാണ്. പക്ഷേ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യം ശക്തമാണ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 7.8 ശതമാനം വികസിച്ചു. വര്‍ഷം മുഴുവന്‍ 6.5 ശതമാനം വളര്‍ച്ച ജിഡിപിയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പവും ആര്‍ബിഐ ലക്ഷ്യം വെച്ചിട്ടുള്ള നാല് ശതമാനത്തില്‍ താഴെയാണ്. ധനക്കമ്മി ജിഡിപിയുടെ ഒരു ശതമാനമാണ്. 700 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഇന്ത്യയ്ക്കുണ്ട്. 11 മാസത്തെ ഇറക്കുമതിയ്ക്ക് ഇത് മതിയാകും. ഇന്ത്യയുടെ വായ്പാബാധ്യതയും ജിഡിപിയുടെ 19 ശതമാനത്തില്‍ താഴെയാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒരു വസ്തുതയിലേക്കാണ് – രൂപയുടെ മൂല്യത്തകര്‍ച്ച സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച കൊണ്ടല്ല.

ശരിക്കും പ്രശ്‌നമെന്താണ്

ആഗോളധനത്തിന്റെ നീക്കവും നിക്ഷേപകരുടെ വിശ്വാസവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികമുന്നേറ്റത്തിലൂടെ വലിയ രീതിയില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും 2 ശതമാനം മുതല്‍ 2.5 ശതമാനം വരെ കാപ്പിറ്റല്‍ അക്കൗണ്ട് സര്‍പ്ലസ് (മൂലധന അക്കൗണ്ട് മിച്ചം, മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ ധനം രാജ്യത്തെത്തുക) ഇന്ത്യയില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 2025ല്‍ ഇതില്‍ കാര്യമായ കുറവുണ്ടായി. 2025 ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 2.25 ബില്യണ്‍ ഡോളറിന്റെ വിദേശമൂലധനമാണ് രാജ്യത്ത് എത്തിയിട്ടുള്ളത്. ജിഡിപിയുടെ 0.1 ശതമാനം വരുമിത്.

നേരിട്ടുള്ള വിദേശനിക്ഷേപം, ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ ഉള്‍പ്പെടുന്ന വിദേശ ഇക്വിറ്റി കാപ്പിറ്റല്‍ ഒഴുക്കിലുള്ള ഇടിവാണ് കാപ്പിറ്റല്‍ അക്കൗണ്ട് സര്‍പ്ലസ് കുറയാനുള്ള പ്രധാനകാരണം. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വലിയ ഇടിവാണ് മൂന്നുവര്‍ഷത്തിനിടെ സംഭവിച്ചിരിക്കുന്നത്. വിദേശമൂലധനത്തിലെ ഈ ഇടിവ് രൂപയുടെ മൂല്യം തകരാനുള്ള ഒരു പ്രധാനകാര്യമായി കണക്കാക്കപ്പെടുന്നു.

കൂടാതെ ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വ്യാപാര പ്രശ്‌നങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇന്ത്യയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ്, H1B വിസ നിയന്ത്രണങ്ങള്‍, HIRE ആക്ട് എന്നിവ ഇന്ത്യ-അമേരിക്ക വ്യാപാരത്തിലെ പ്രതിസന്ധികളാണ്. ഇത് വിപണിയിലെ ആത്മവിശ്വാസം കെടുത്തുകയും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുകയും ചെയ്തിരിക്കാം.

രൂപയുടെ തകര്‍ച്ച ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ

ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പാസ്‌പോര്‍ട്ടായി രൂപയെ സങ്കല്‍പ്പിക്കാം. രൂപ ദുര്‍ബലപ്പെടുമ്പോള്‍, ആ പാസ്‌പോര്‍ട്ടിന്റെ മൂല്യം കുറയും, അപ്പോള്‍ വിദേശ ഇടപാടുകളെല്ലാം കൂടുതല്‍ ചിലവേറിയതാകും. രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഒരു സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചെടുത്തോളം അവരുടെ കറന്‍സിയുടെ മൂല്യം തകര്‍ന്നാല്‍ അപ്പോള്‍ത്തന്നെ അത് ഇന്ധനവിലയില്‍ പ്രതിഫലിക്കും. ഇന്ധനവില ഉയര്‍ന്നാല്‍ യാത്രാച്ചിലവ് കൂടും. യാത്രാച്ചിലവ് ചരക്ക്‌നീക്കത്തിനുള്ള ചിലവ് വര്‍ധിപ്പിക്കും. അത് പച്ചക്കറി, പലചരക്ക് വിലക്കയറ്റത്തിനും ഇ-കൊമേഴ്‌സ് ഡെലിവറിക്കുള്ള ചാര്‍ജ് വര്‍ധനയ്ക്കും കാരണമാകും.

അവിടെയും തീരുന്നില്ല, സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ലാപ്‌ടോപ്പ്, കുക്കിംഗ് ഓയില്‍, മരുന്ന് എന്നിങ്ങനെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതോ അല്ലെങ്കില്‍ വിദേശത്ത് നിന്നും ഏതെങ്കിലും ഭാഗം ഇറക്കുമതി ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. രൂപ-ഡോളര്‍ വിനിമയ നിരക്കിലെ ചെറിയ മാറ്റം പോലും റീട്ടെയ്ല്‍ വിലകളില്‍ പ്രതിഫലിക്കും. ഇത് സാധാരണക്കാരുടെ ജീവിതച്ചിലവുകളെ വലിയ രീതിയില്‍ സ്വാധീനിക്കും.

നിത്യജീവിതത്തിലെ പ്രതിഫലനം

ഇന്ധനവില, യാത്രാച്ചിലവ്

രൂപ ദുര്‍ബലപ്പെടുന്നത് ഏറ്റവും പ്രകടമായി അറിയാനാകുക ഇന്ധനവിലയിലാണ്. ഇന്ത്യ രാജ്യത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ഭൂരിഭാഗവും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് രൂപയുടെ മൂല്യത്തില്‍ ചെറിയൊരു താഴ്ചയുണ്ടായാല്‍ പോലും ഇന്ധന ഇറക്കുമതിയുടെ ചിലവ് കൂടും. മുമ്പ് ഇറക്കുമതി ചെയ്ത അതേ അളവില്‍ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ കൂടുതല്‍ പണം ചിലവഴിക്കേണ്ട സ്ഥിതി വന്നാല്‍ ഇന്ധനവില കൂടിയേക്കും. ചെറിയ വിലക്കയറ്റങ്ങളെ പ്രതിരോധിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെങ്കിലും വലിയ വ്യത്യാസങ്ങള്‍ സമ്പദ് വ്യവസ്ഥയെ ഉലയ്ക്കും. ചരക്കുകൂലി, ബസ് നിരക്ക്, ഡെലിവറി ചാര്‍ജ് എന്നിവയെല്ലാം കൂടും. ഇതോടെ സാധനങ്ങള്‍ക്ക് വിലകയറും.

വീട്ടുചിലവുകള്‍

നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല സാധനങ്ങളും ഇറക്കുമതി ചെയ്യുന്നവയായിരിക്കും. അല്ലെങ്കില്‍ ഇറക്കുമതി ചെയ്ത എന്തെങ്കിലും ഘടകങ്ങള്‍ അതില്‍ ഉണ്ടായിരിക്കും. പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പാക്ക് ചെയ്ത ഭക്ഷണം, ചില മരുന്നുകള്‍ എന്നിങ്ങനെ പലതും വിദേശത്ത് നിന്ന് വരുന്നതാകാം. രൂപ ദുര്‍ബലപ്പെടുമ്പോള്‍, ഈ വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് വേണ്ടിവരുന്ന ചിലവ് കൂടും. പെട്ടെന്നൊന്നും അതിന്റെ സ്വാധീനം അറിയില്ല. പക്ഷേ ആഴ്ചകള്‍ കഴിയുമ്പോള്‍ റീട്ടെയ്‌ലുകാര്‍ അവരുടെ ചിലവ് നികത്തുന്ന രീതിയില്‍ വില മാറ്റും. ഇതിലൂടെ സാധാരണക്കാര്‍ക്ക് ജീവിതച്ചിലവ് വര്‍ധിക്കും.

വിദ്യാഭ്യാസം, വിദേശയാത്ര

വിദേശത്ത് ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശ യാത്രകള്‍ നടത്തുന്നവര്‍ക്കും വിനിമയ നിരക്കിലെ മാറ്റം അവരെ നേരിട്ട് ബാധിക്കും. ട്യൂഷന്‍ ഫീസ് ഉയരും, താമസച്ചിലവ് കൂടും, നിത്യജീവിതത്തിലെ ചെറിയ ചിലവുകള്‍ പോലും അവരില്‍ വലിയ ആഘാതമുണ്ടാക്കും. രൂപ ദുര്‍ബലപ്പെടുമ്പോള്‍, വിദേശത്ത് നടത്തേണ്ട പേയ്‌മെന്റുകള്‍ ചിലവേറിയതാകും. വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസിലും വിദേശയാത്രകളിലും ലക്ഷങ്ങളുടെ മാറ്റമുണ്ടാകും.

സ്വര്‍ണ്ണം, ആഡംബര വസ്തുക്കള്‍

രൂപ ദുര്‍ബലപ്പെടുമ്പോള്‍ സ്വര്‍ണ്ണവില വര്‍ധിക്കുന്നു, കാരണം സ്വര്‍ണ്ണവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. നിക്ഷേപകര്‍ക്കും വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കും സ്വര്‍ണ്ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് പണം കൂടുതല്‍ ചിലവാകുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബരക്കാറുകള്‍, പെര്‍ഫ്യൂമുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം ചിലവേറിയതാകുന്നു.

രൂപ ദുര്‍ബലപ്പെടുമ്പോള്‍ നേട്ടമാര്‍ക്ക്

രൂപ ദുര്‍ബലപ്പെടുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും ഒരു മോശം വാര്‍ത്തയല്ല. വിദേശ വിപണികളെ ആശ്രയിക്കുന്ന ഇന്ത്യന്‍ കമ്പനികളാണ് രൂപയുടെ തകര്‍ച്ചയില്‍ സന്തോഷിക്കുക. ഐടി സേവനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍സ് എന്നീ മേഖലകളിലുള്ളവര്‍ക്ക് രൂപ ദുര്‍ബലപ്പെടുന്നത് നേട്ടമാണ്. കാരണം അവര്‍ ഡോളറില്‍ വരുമാനം നേടുകയും രൂപയില്‍ ചിലവഴിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഡോളര്‍ ശക്തിപ്പെടുമ്പോള്‍, അവര്‍ നാട്ടിലെത്തിക്കുന്ന ഓരോ ഡോളറും കൂടുതല്‍ രൂപ നല്‍കുന്നു.

ഇന്ത്യയിലെ 250 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി മേഖല പ്രത്യേകിച്ച് രൂപയുടെ ഇടിവിലൂടെ നേട്ടമുണ്ടാക്കുന്നവരാണ്. അതുപോലെ ഇന്ത്യന്‍ ഫാര്‍മ രംഗവും വിദേശ വിപണികളില്‍ നിന്ന് ധാരാളം വരുമാനം നേടുന്നവരാണ്. ഈ മേഖലകളിലുള്ള വന്‍കിട കമ്പനികള്‍ക്ക് ലാഭം കുതിച്ചുയരാനും വരുമാനത്തില്‍ ഹ്രസ്വകാല നേട്ടമുണ്ടാക്കാനും രൂപയുടെ മൂല്യത്തകര്‍ച്ചയിലൂടെ സാധിക്കും.

പക്ഷേ എല്ലാവര്‍ക്കും ഇത് ബാധകമല്ല. വിദേശത്തേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന എല്ലാവര്‍ക്കും ഡോളര്‍ ശക്തിപ്പെടുന്നത് മുതലാക്കാന്‍ ഉല്‍പ്പാദനം വര്‍ധിക്കാന്‍ സാധിച്ചെന്ന് വരില്ല. മറ്റുചില ചെറുകിട കമ്പനികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന വകയില്‍ കൂടുതല്‍ പണം ചിലവാകും. അത് അവരുടെ ലാഭം കുറയ്ക്കും.

എങ്ങനെ പ്രതിരോധിക്കാം

രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവുണ്ടാകുമ്പോള്‍ അതുകൊണ്ടുള്ള ആഘാതങ്ങള്‍ ചെറുക്കാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. വിദേശ നാണയ ശേഖരത്തില്‍ നിന്നുള്ള ഡോളറുകള്‍ വില്‍ക്കുന്നതാണ് ഒരു രീതി. ഇത് രാജ്യത്ത് രൂപയുടെ ലഭ്യത വര്‍ധിപ്പിക്കുകയും മൂല്യശോഷണം കുറയ്ക്കുകയും ചെയ്യും. അതുപോലെ പലിശനിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയും നയങ്ങളില്‍ മാറ്റം വരുത്തിയും ആര്‍ബിഐ പണപ്പെരുപ്പത്തെ നിയന്ത്രിക്കുകയും സമ്പദ് വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും.

പക്ഷേ ഇത്തരം ഇടപെടലുകള്‍ ഒരു പരിധി വരെയേ ഫലം ചെയ്യൂ. എണ്ണവില, ആഗോള വ്യാപാര സാഹചര്യങ്ങള്‍, മൂലധന ഒഴുക്ക്, നിക്ഷേപകരുടെ ആത്മവിശ്വാസം തുടങ്ങിയ പല ഘടകങ്ങള്‍ രൂപയുടെ മൂല്യം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്.

സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. പക്ഷേ ചെറിയ ചില കാര്യങ്ങളിലൂടെ അവര്‍ക്ക് അതിന്റെ ആഘാതം കുറയ്ക്കാനാകും. ഇറക്കുമതി ചെയ്തവയെ അപേക്ഷിച്ച് പ്രാദേശികമായി നിര്‍മ്മിച്ച സാധനങ്ങള്‍ തിരഞ്ഞെടുക്കുക, ഇന്ധനം സൂക്ഷിച്ച് ഉപയോഗിക്കുക, വിനിമയ നിരക്കുകള്‍ സന്തുലിതമാകുമ്പോള്‍ വിദേശ പേയ്‌മെന്റുകള്‍ നടത്തുക എന്നിങ്ങനെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആഘാതത്തെ ചെറുക്കാം. വിദേശത്ത് ചിലവുകള്‍ ഉള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ഫോറെക്‌സ് കാര്‍ഡുകളോ ഹെഡ്ജിംഗ് രീതികളോ ഉപയോഗിച്ച് കറന്‍സി വിനിമയം നടത്തിയാല്‍ മെച്ചപ്പെട്ട നിരക്കുകള്‍ ഉറപ്പിക്കാം.

വിശാലമായി നോക്കിയാല്‍, ഇറക്കുമതി ഉല്‍പ്പന്നങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നതാണ് ഇന്ത്യയുടെ ദീര്‍ഘകാല സ്ട്രാറ്റെജി. പുനരുപയോഗ ഊര്‍ജത്തില്‍ നിക്ഷേപം നടത്തുക, പ്രാദേശിക നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്തുക, ഉന്നത മൂല്യമുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ദീര്‍ഘാകാലാടിസ്ഥാനത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ പ്രതിരോധിക്കാന്‍ നമ്മെ സഹായിക്കും. പ്രത്യേകിച്ച് ഇന്ത്യയില്‍ നിര്‍മ്മാണം ശക്തിപ്പെട്ടാല്‍ ഡോളറിന് അത്ര കാര്യമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കാന്‍ കഴിയില്ല.

Share This Article
Senior Content Writer
Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
Leave a Comment

Recipe Rating




Please Login to Comment.

Translate »
×
Exit mobile version