2024 സെപ്റ്റംബര്‍ 27 നാണ് ഇന്ത്യന്‍ ഓഹരി വിപണി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. നിഫ്റ്റി 26,277 ലും സെന്‍സെക്സ് 85,978.25 ലും എത്തിയത് അന്നേ ദിവസമാണ്. ലാഭമെടുപ്പിന് ശേഷം താഴേക്ക് പോയ വിപണി 14 മാസത്തിന് ശേഷം വീണ്ടും ഈ ഓള്‍ടൈം ഹൈക്ക് അരികെയെത്തിയിരിക്കുന്നു. എന്നാല്‍ അതിശക്തമായ സമ്മര്‍ദ്ദം മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളില്‍ പ്രകടമാണ്.
എന്നാല്‍ ഈ ഇരുട്ടിനപ്പുറം വെളിച്ചമുണ്ടെന്നാണ് ഓഹരി വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. പ്രശ്നങ്ങളൊക്കെ അവസാനിച്ച്, 2026 ഡിസംബറോടെ സെന്‍സെക്സ് സൂചിക 1,07,000 എന്ന നിലയിലെത്തിയേക്കാമെന്ന് ആഗോള ധനകാര്യ സേവന സ്ഥാപനമായ മോര്ഗന് സ്റ്റാന്‍ലിയുടെ പ്രവചനം. മികച്ച ബുള്‍ റണ്ണില്‍ ഇത്തരമൊരു ലക്ഷ്യം സാധ്യമാവുമെന്നാണ് ബ്രോക്കറേജ് നിരീക്ഷിക്കുന്നത്. അതേസമയം നിഫ്റ്റി 2026 കലണ്ടര്‍ വര്‍ഷത്തിന്റെ അന്ത്യത്തോടെ 29,500 ല്‍ എത്തുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് അനുമാനിക്കുന്നു. ’12 മാസത്തേക്കുള്ള ഞങ്ങളുടെ കണക്കുകൂട്ടല്‍ നിഫ്റ്റി 29,500 തൊടുമെന്നാണ്,’ ഐസിഐസിഐ സെക്യൂരിറ്റീസ് ഗവേഷണ മേധാവിയായ പങ്കജ് പാണ്ഡെ പറയുന്നു.
വളര്‍ന്നു വരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ 31 വര്‍ഷത്തെ ഏറ്റവും മോശം പ്രകടനമാണ് ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി നടത്തിയിരിക്കുന്നത്. ഇതിനെ അപേക്ഷിച്ച് 2026 പ്രതീക്ഷാ നിര്‍ഭരമാണെന്ന് ഏജന്‍സി നിരീക്ഷിക്കുന്നു. 2026 ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് വരാനിരിക്കെ മൊമന്റം നിലനിര്‍ത്താന്‍ വിപണികള്‍ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പൊതുവെ പ്രവചിക്കുന്നത്. 2026 മാര്‍ച്ച് മാസത്തോടെ നിഫ്റ്റി 26,140 എന്ന ഓള്‍ടൈം ഹൈയിലെത്തുമെന്ന് ജപ്പാന് ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ നോമുറയും കണക്കാക്കുന്നു.
ആഗോള സൂചനകള്‍
ആഗോള സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണിയിലെ കുതിപ്പിനും ഇതുവരെ വിഘാതമായി നിന്നത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച് മൂന്നു വര്‍ഷം പിന്നിട്ട റഷ്യ-ഉക്രെയ്ന് യുദ്ധത്തില്‍ അയവ് വരാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നതായാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. വെടിനിര്‍ത്തല്‍ സംബന്ധിച്ചുണ്ടാകുന്ന ഏത് തീരുമാനവും വിപണിക്ക് ചിറകുകള് നല്‍കും. ഇതോടൊപ്പം ഡിസംബറില്‍ യുഎസ് ഫെഡും ഇന്ത്യയില്‍ ആര്‍ബിഐയും പലിശ നിരക്കുകള്‍ താഴ്ത്തിയേക്കുമെന്നുള്ള സൂചനകളും വിപണിക്ക് താല്‍ക്കാലിക ഉന്മേഷം പകരുന്നുണ്ട്. യുഎസ് ഫെഡ് പലിശ നിരക്കുകള്‍ കുറച്ചാല്‍ ഡോളറിന്റെ മൂല്യം താഴുകയും ഇന്ത്യയടക്കം വികസ്വര വിപണികളിലേക്ക് കൂടുതല്‍ നിക്ഷേപം ഒഴുകുകയും ചെയ്യും ആര്‍ബിഐ വീണ്ടും നിരക്കുകള്‍ താഴ്ത്തിയാല്‍ സമ്പദ് വ്യവസ്ഥക്ക് അത് കൂടുതല്‍ ഉത്തേജനമുണ്ടാക്കും.
ന്യായമായ മൂല്യം
ഇന്ത്യന്‍ വിപണിയുടെയും ഓഹരികളുടെയും ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് അമിത മൂല്യമാണ്. ചൈനയടക്കം ഏഷ്യയിലെ മറ്റ് വിപണികളിലെ വാല്യുവേഷന് ഇന്ത്യയെക്കാള്‍ വളരെ കുറവാണ്. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന ഒരു ഘടകവുമാണിത്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലെ വാല്യുവേഷന് ഇപ്പോള്‍ നീതീകരിക്കാവുന്ന നിലയിലേക്ക് തിരുത്തപ്പെട്ടെന്നും 2025 ഒക്ടോബറില്‍ മൂല്യം ഏറ്റവും അടിസ്ഥാനപരമായ നിലയിലെത്തിയെന്നും മോര്ഗന് സ്റ്റാന്‍ലിയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) സാന്നിധ്യം ഇപ്പോള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അതേസമയം ആഭ്യന്തര നിക്ഷേപകരുടെ സാന്നിധ്യം വര്ധിച്ചുകൊണ്ടുമിരിക്കുന്നു. എന്നിരുന്നാലും എഫ്ഐഐകള്‍ നേരിയതോതില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയിട്ടുണ്ട്.
ആഭ്യന്തര നിക്ഷേപകര്‍ കരുത്തു കാട്ടുന്നു
വിപണി കുതിക്കാനും പുതിയ ഉയരങ്ങള്‍ കീഴടക്കാനും എഫ്പിഐകളുടെ സാന്നിധ്യം കൂടിയേ തീരൂ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള വിറ്റൊഴിയലിലും തളരാതെ പിടിച്ചുനില്ക്കാന് ഇന്ത്യന്‍ വിപണികള്‍ക്ക് സാധിച്ചിട്ടുണ്ട്. മ്യൂച്വല്‍ ഫണ്ടുകളടക്കം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെയും റീട്ടെയ്ലര്‍മാരുടെയും പിന്തുണയിലാണത്. ഇത് തീര്‍ച്ചയായും ഇന്ത്യന്‍ വിപണിക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. 2025 ജൂലൈ മാസത്തിന് ശേഷം മാത്രം ഒരു ലക്ഷം കോടിയിലേറെ രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. എന്നാല്‍ ഇതിനെ കവച്ചുവെക്കുന്ന വാങ്ങലാണ് ആഭ്യന്തര നിക്ഷേപകര്‍ (ഡിഐഐ) നടത്തിയത്.
തീര്‍ച്ചയായും ഇന്ത്യന്‍ വിപണിക്ക് അസാധ്യമായ നേട്ടമല്ല മോര്ഗന് സ്റ്റാന്‍ലി പ്രവചിക്കുന്നത്. 2026 അവസാനം 1,07,000 പോയന്റെന്നത് ഇപ്പോഴത്തെ 85,000 ലെവലില്‍ നിന്ന് ഏകദേശം 25% മുന്നേറ്റമാണ്. അനുകൂല സാഹചര്യങ്ങളില്‍ ഇത്തരം വമ്പന്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിവുണ്ടെന്ന് കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ വിപണി തെളിയിച്ചിട്ടുമുണ്ട്. റിപ്പോ നിരക്ക് 100 ബേസിസ് പോയന്റും കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 150 പോയന്റും കുറച്ച ആര്‍ബിഐ നടപടിയും ഒരു ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും ചേര്‍ന്ന മതിയായ ധനം വിപണിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. ജിഎസ്ടി കുറച്ച നടപടി ഉപഭോക്തൃ വികാരത്തെ പോസിറ്റീവാക്കിയിരിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ പാതയില്‍ ശക്തമായ ആക്കം തിരികെയെത്തിക്കാന്‍ ഈ സാഹചര്യത്തിന് സാധിക്കുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ നിരീക്ഷിക്കുന്നു.
എന്നാല്‍ റീട്ടെയ്ലര്മാര് വളരെ കരുതലോടെ ഈ സാഹചര്യത്തെ കാണുകയും വേണം. തീര്‍ച്ചയായും പണം സമ്പാദിക്കാന്‍ അവസരം നല്കുന്ന വര്‍ഷം തന്നെയാവും വരാന്‍ പോകുന്നത്. എന്നാല്‍ എവിടെ നിക്ഷേപിക്കുക എന്നത് പ്രധാനമാണ്. ഒരു വര്‍ഷത്തേക്ക് മികച്ച വളര്‍ച്ച ഉറപ്പു നല്കുന്ന നല്ല ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാം. തീര്‍ച്ചയായും ഒരു ഫിനാന്‍ഷ്യന്‍ അഡൈ്വസറുടെ ഉപദേശം ഇക്കാര്യത്തില്‍ തേടുകയും വേണം. പ്രമുഖ ബ്രോക്കറേജുകള്‍ ദീപാവലിയോടനുബന്ധിച്ച് ശുപാര്‍ശ ചെയ്ത ഓഹരികള്‍ തീര്‍ച്ചയായും ഒരു വര്‍ഷത്തേക്ക് ദീര്‍ഘകാല നിക്ഷേപ സ്വഭാവത്തോടെ പരിഗണിക്കാവുന്നതാണ്. നോമുറയും മോത്തിലാല്‍ ഓസ്വാളും ഒക്ടോബറില്‍ ശുപാര്‍ശ ചെയ്ത 10 ഓഹരികളാണ് ഇവിടെ നല്‍കുന്നത്. പുതിയ സാഹചര്യത്തില്‍ ഈ ഓഹരികളുടെ ക്ഷ്യവിലയും സപ്പോര്‍ട്ടും പരിശോധിക്കാം.
ഡിക്സണ്‍ ടെക്നോളജീസ്
മള്‍ട്ടിബാഗര്‍ ഓഹരിയായ ഡിക്സണ്‍ ടെക്നോളജീസ്, 21,574 എന്ന ലക്ഷ്യവിലയിട്ട് വാങ്ങാനാണ് നോമുറയുടെയും സെന്‍ട്രത്തിന്റെയും ശുപാര്‍ശ. നിലവില്‍ 14800-15600 എന്ന റേഞ്ചിലാണ് ഡിക്സണ്‍ ടെക്നോളജീസിന്റെ ഓഹരിവില. ഇലക്ട്രോണിക്സ് കരാര്‍ നിര്‍മാതാക്കളായ ഡിക്സന്റെ ഓര്‍ഡര്‍ ബുക്ക് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 15% വര്‍ധന കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിവോയുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിന് ഡിക്സണ്‍ ടെക്നോളജീസ് ഒരു സംയുക്ത സംരംഭം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍തോതിലുള്ള മൊബൈല്‍ ഫോണ്‍ നിര്‍മാണം സാധ്യമാകും. വലിയ വളര്‍ച്ചാ സാധ്യതയാണ് ഡിക്സണില്‍ നോമുറ കാണുന്നത്.
ആസാദ് എഞ്ചിനീയറിംഗ്
എന്‍ജിനീയറിംഗ്, മെഷീന് ഘടക നിര്‍മാതാക്കളായ ആസാദ് എന്‍ജിനീയറിംഗാണ് നോമുറയുടെ മറ്റൊരു ശുപാര്‍ശ. നിലവില്‍ 1600-1690 എന്ന റേഞ്ചിലാണ് ഓഹരിവില. 2,145 എന്ന ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദേശം. 6,000 കോടി രൂപയുടെ ശക്തമായ ഓര്‍ഡര്‍ ബുക്കാണ് കമ്പനിക്കുള്ളത്.
സിര്‍മ എസ്ജിഎസ് ടെക്നോളജി
ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈനിംഗിലെ കരുത്തുള്ള കമ്പനിയായ സിര്‍മ എസ്ജിഎസ് 1035 എന്ന ലക്ഷ്യവിലയോടെ നോമുറയുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ 780-900 എന്ന റേഞ്ചിലാണ് ഓഹരി വില. ശക്തമായ അപ്ട്രെന്‍ഡിലാണ് 2025 മാര്‍ച്ച് മുതല്‍ ഓഹരി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പിഎടി (നികുതിക്ക് ശേഷമുള്ള വരുമാനം) 7% ആയി സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സ്
ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് & ഫിനാന്‍സിന് ഹ്രസ്വകാല വെല്ലുവിളികളെ മറികടക്കാനും 20% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനും കഴിയുമെന്ന് നോമുറ വിശ്വസിക്കുന്നു. നിലവിലെ ഓഹരിവില 1650-1750 റേഞ്ചിലാണ്. അടുത്ത ഒരു വര്‍ഷത്തെ ലക്ഷ്യവില 1,935 രൂപയാണ് നല്‍കിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് മോത്തിലാല്‍ ഓസ്വാളിന്റെ പ്രധാന ശുപാര്‍ശ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ക്ക് ആഭ്യന്തര ബ്രോക്കറേജ് 1,100 രൂപ എന്ന പുതുക്കിയ ലക്ഷ്യ വിലയാണ് നല്‍കുന്നത്. ഇത് ഓഹരിയുടെ ഇപ്പോഴത്തെ റേഞ്ചായ 980-950 രൂപയില്‍ നിന്ന് ഏകദേശം 13 ശതമാനം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു. ജിഎസ്ടി 2.0, ആദായനികുതി പരിഷ്കാരങ്ങള്‍, ആര്‍ബിഐയുടെ ലിക്വിഡിറ്റി ഇന്‍ഫ്യൂഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പരിഷ്കാരങ്ങളില്‍ നിന്നുള്ള ഘടനാപരമായ പിന്തുണ, ശക്തമായ ക്രെഡിറ്റ് വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ബാങ്കിംഗ്, ധനകാര്യ മേഖലയില്‍ ലാഭക്ഷമതയെ പിന്തുണയ്ക്കുമെന്നും മോത്തിലാല്‍ പറയുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര
വാഹന മേഖലയിലെ ലാര്‍ജ് കാപ് ഓഹരിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് (എം ആന്‍ഡ് എം) മോത്തിലാല്‍ ഓസ്വാള്‍ 4,091 രൂപ എന്ന ലക്ഷ്യ വിലയാണ് നല്‍കുന്നത്. ഇത് നിലവിലെ 3650-3750 രൂപ റേഞ്ചില്‍ നിന്ന് ഏകദേശം 10 ശതമാനത്തോളം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു. 2026 കലണ്ടര്‍ വര്‍ഷം മുതല്‍ 2030 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ ഏഴ് ഐസിഇ എസ്യുവികള്, അഞ്ച് ബിഇവികള്‍, അഞ്ച് എല്‍സിവികള്‍ എന്നിവ പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുവെന്ന് മോത്തിലാല്‍ ഓസ്വാള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഐസിഇ, ഇവി വിഭാഗങ്ങളില്‍ മഹീന്ദ്രയെ ശക്തമായ സ്ഥാനത്തെത്തിക്കും.
ഭാരത് ഇലക്ട്രോണിക്സ്
പ്രതിരോധ മേഖലയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി ഉയര്‍ന്നിരിക്കുന്ന ഭാരത് ഇലക്ട്രോണിക്സിന്റെ (ബിഇഎല്‍) ഓഹരികള്‍ക്ക് മോത്തിലാല്‍ ഓസ്വാള്‍ 490 രൂപയുടെ ലക്ഷ്യ വില നിലനിര്‍ത്തുന്നു. ഇത് നിലവിലെ ഓഹരി വിലയായ 405-424 റേഞ്ചിനേക്കാള്‍ ഏകദേശം 17 ശതമാനം ഉയര്‍ച്ചാ സാധ്യതയെ സൂചിപ്പിക്കുന്നു. ‘അനന്ത് ശാസ്ത്ര’ പദ്ധതിക്കായി ഇന്ത്യന്‍ സൈന്യം സമര്‍പ്പിച്ച 30,000 കോടി രൂപയുടെ ടെന്‍ഡര്‍, ബിഇഎല്ലിന്റെ ഓര്‍ഡര്‍ ബുക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുകയും തന്ത്രപരമായ പ്രതിരോധ പദ്ധതികളില്‍ അതിന്റെ നേതൃത്വം അടിവരയിടുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനം പറയുന്നു.
സ്വിഗ്ഗി
സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ഇന്‍സ്റ്റമാര്‍ട്ട് വേഗത്തില്‍ ലാഭം കൈവരിക്കുമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ പ്രതീക്ഷിക്കുന്നത്. മത്സരം ലഘൂകരിക്കുന്നതിലൂടെയും ഏറ്റെടുക്കല്‍ ചെലവുകള്‍ കുറയ്ക്കുന്നതിലൂടെയും ഇത് സാധ്യമാകുമെന്ന് മോത്തിലാല്‍ ചൂണ്ടിക്കാട്ടുന്നു. സ്വിഗ്ഗിയുടെ ഓഹരികള്‍ക്ക് മോത്തിലാല്‍ 550 രൂപ എന്ന ലക്ഷ്യ വില നിശ്ചയിച്ചിട്ടുണ്ട്. ഇത് ഓഹരിയുടെ ഇപ്പോഴത്തെ റേഞ്ചായ 380-400 നേക്കാള്‍ ഏകദേശം 37 ശതമാനം വര്‍ദ്ധന സൂചിപ്പിക്കുന്നു. രണ്ടാം പാദ ഫലങ്ങള്‍ക്ക് ശേഷം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച വാങ്ങല്‍ അവസരം ഇപ്പോള്‍ ഓഹരിയിലുണ്ട്.
ഇന്ത്യന്‍ ഹോട്ടല്‍സ്
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഓഹരികള്‍ക്ക് ആഭ്യന്തര ബ്രോക്കറേജ് 880 രൂപ എന്ന ലക്ഷ്യ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഹരിയുടെ നിലവിലെ റേഞ്ചായ 700-750 നേക്കാള്‍ 20 ശതമാനം ഉയര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായം 2026 സാമ്പത്തിക വര്‍ഷത്തില്‍ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നു. സാസ്കാരിക പരിപാടികളും ആഭ്യന്തര ടൂറിസവും മികച്ച വിവാഹ സീസണും പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ബ്രോക്കറേജ് പറഞ്ഞു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)


